Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

2019ൽ സാമ്പത്തിക ബുദ്ധിമുട്ടിൽ സ്വന്തം വൃക്ക വിൽക്കാനിറങ്ങി; അവയവ ദാനത്തിന് ഇറങ്ങി തിരിച്ചറിഞ്ഞത് കച്ചവടത്തിന്റെ അനന്ത സാധ്യത; ഇറാനിലെ ഫരീദ് ഖാൻ ആശുപത്രി വരെ നീളുന്ന ബന്ധം; സാബിത്ത് ആളു ചില്ലറക്കാരനല്ല; അവയവ കേസിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും

2019ൽ സാമ്പത്തിക ബുദ്ധിമുട്ടിൽ സ്വന്തം വൃക്ക വിൽക്കാനിറങ്ങി; അവയവ ദാനത്തിന് ഇറങ്ങി തിരിച്ചറിഞ്ഞത് കച്ചവടത്തിന്റെ അനന്ത സാധ്യത; ഇറാനിലെ ഫരീദ് ഖാൻ ആശുപത്രി വരെ നീളുന്ന ബന്ധം; സാബിത്ത് ആളു ചില്ലറക്കാരനല്ല; അവയവ കേസിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വിൽപന നടത്തുന്ന സംഘത്തിന്റെ ഏജന്റ് പിടിയിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അതീവ രഹസ്യമായാണ് അന്വേഷണം. തൃശ്ശൂർ സ്വദേശി സാബിത്താണ് കൊച്ചിയിൽ പിടിയിലായത്. ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിദേശത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന അവയവക്കച്ചവട റാക്കറ്റിന്റെ ഏജന്റാണ് സാബിത്ത്.

അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ദാതാവ് ആകാൻ സ്വയം ഇറങ്ങി പുറപ്പെട്ട് ഒടുവിൽ ഈ മാഫിയ സംഘത്തിലെ കണ്ണിയായെന്നാണ് സാബിത്ത് നാസർ. പിന്നീട് മാഫിയാ സംഘത്തിലെ പ്രധാനിയായി.

സാബിത്തിന്റെ ഫോണിൽനിന്ന് അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേരളത്തിലും സാബിത്തിന് ബന്ധങ്ങളുണ്ട്. ഇതു വഴി ദാതാക്കളെ കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്നാണ് സൂചന. സാധാരണക്കാരെ സമീപിച്ച് ചെറിയ തുകകൾ വാഗ്ദാനം ചെയ്ത് അവരെ വിദേശത്തുകൊണ്ടുപോകുകയാണ് ആദ്യം ചെയ്യുന്നത്. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും.

രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങി. പ്രതിയെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും. 2019ൽ വൃക്ക നൽകി പണം സാബിത്ത് കൈപ്പറ്റാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കൂടുതൽ ദാതാക്കളെ ബന്ധപ്പെടുത്തി നൽകിയാൽ തന്റെ കിഡ്‌നി രക്ഷിക്കാമെന്ന് മനസ്സിലാക്കി. ഇതോടെ മാഫിയാ സംഘത്തിന്റെ ഭാഗമായി. 2019ൽ തൃശൂർ വലപ്പാട് ഇടമുട്ടത്ത് പത്ത് ദിവസം മാത്രമാണ് സാബിത്ത് നാസർ താമസിച്ചത്. എന്നാൽ അവിടം നാട്ടിലെ മേൽവിലാസമാക്കി. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ വീട്ടിലും പലയിടങ്ങളിലായി വാടകവീടെടുത്തും കേരളത്തിൽ വന്നും പോയുമിരുന്നു.

കൂടുതൽ സമയവും ഇറാനിൽ താമസമാക്കി. അവിടെ ഫരീദിഖാൻ ആശുപത്രിയിൽ വൃക്ക മാറ്റി വയ്ക്കൽ നടപടികൾക്കായി 20 ദാതാക്കളെ വരെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്തുവെന്നാണ് പ്രതിയുടെ മൊഴി. മലയാളികളിൽ അല്ല അവയവം മാറ്റിവയ്ക്കൽ ഭൂരിഭാഗവും നടത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനക്കാരെയെന്നും പറയുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം വേണം. അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം വാഗ്ദാനം നൽകി ചൂഷണം ചെയ്ത് എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് ഇയാൾ അവയവകടത്ത് നടത്തിയത്. നാമം മാത്രമായ തുക ദാതാവിന് നൽകി സ്വീകർത്താവിൽ നിന്ന് പലഇരട്ടി തുക കൈപ്പറ്റിയാണ് ലാഭം കൊയ്യുന്നത്. തത്കാലത്തേക്ക് താമസിച്ചൊഴിഞ്ഞ മേൽവിലാസം വഴി ഇയാൾ എങ്ങനെ പാസ് പോർട്ട് നേടി എന്നതും പൊലീസ് അന്വേഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP