Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

ഹരിയാനയിൽ നാടകീയ നീക്കങ്ങൾ; ആടിയുലഞ്ഞ് ബിജെപി സർക്കാർ; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ദുഷ്യന്ത് ചൗട്ടാല; ഗവർണർക്ക് കത്തയച്ചു; തൽക്കാലം അവിശ്വാസ പ്രമേയ നോട്ടീസ് നൽകില്ലെന്ന് കോൺഗ്രസ്

ഹരിയാനയിൽ നാടകീയ നീക്കങ്ങൾ; ആടിയുലഞ്ഞ് ബിജെപി സർക്കാർ; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ദുഷ്യന്ത് ചൗട്ടാല; ഗവർണർക്ക് കത്തയച്ചു; തൽക്കാലം അവിശ്വാസ പ്രമേയ നോട്ടീസ് നൽകില്ലെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഢ്: ഹരിയാണ നിയമസഭയിൽ വിശ്വസ വോട്ടെടുപ്പ് നടത്തണമെന്ന് അഭ്യർത്ഥിച്ച് ഗവർണർ ബന്ദാരു ദത്താത്രേയക്ക് ജെ.ജെ.പി. അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല കത്തയച്ചു. ഏഴ് സ്വതന്ത്ര എംഎ‍ൽഎമാരുടെ പിന്തുണയോടെയാണ് സംസ്ഥാനത്തെ ബിജെപി. സർക്കാർ ഭരണം നിലനിർത്തിയിരുന്നത്. ഇതിൽ മൂന്നുപേർ പിന്തുണ പിൻവലിച്ചതോടെയാണ് നയാബ് സിങ് സൈനി സർക്കാരിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലായത്. അതേ സമയം ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ തല്ക്കാലം അവിശ്വാസ പ്രമേയ നോട്ടീസ് നല്കില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. കൂടുതൽ എംഎംൽഎമാർ പുറത്ത് വരാൻ കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് സൂചിപ്പിച്ചു.

അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്താനും ഭൂരിപക്ഷം തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നപക്ഷം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നും ദുഷ്യന്ത് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എംഎ‍ൽഎമാരായ സോംബീർ സാങ്വാൻ, രൺധീർ സിങ് ഗൊല്ലെൻ, ധരംപാൽ ഗോണ്ടർ എന്നിവരാണ് ബിജെപി. സർക്കാരിനുള്ള പിൻവലിച്ച് കോൺഗ്രസ് പാളയത്തിലെത്തിയത്.

2019-ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജെ.ജെ.പിയുമായി ചേർന്നാണ് ബിജെപി. സർക്കാർ രൂപവത്കരിച്ചത്. അന്നത്തെ മനോഹർ ലാൽ ഘട്ടർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. 2024 മാർച്ചിലാണ് ബി.ജെപി.-ജെ.ജെ.പി. സഖ്യംപിരിയുന്നത്. പിന്നാലെ ഘട്ടർ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയും നയാബ് സിങ് സൈനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയുമായിരുന്നു. 90 അംഗ ഹരിയാണ നിയമസഭയിൽ പത്ത് അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്.

നിലവിൽ 88 എംഎൽഎമാരുള്ള നിയമസഭയിൽ ബിജെപിയുടെ സംഖ്യ 40 ആണ്. മറ്റ് മൂന്ന് എംഎൽഎമാരുടെ പിന്തുണ കൂടി ബിജെപിക്കുണ്ട്. കേവല ഭൂരിപക്ഷം ഇല്ലാത്ത ബിജെപിയെ താഴെ ഇറക്കാൻ എന്നാൽ കോൺഗ്രസിന് തല്ക്കാലം കഴിഞ്ഞേക്കില്ല. മാർച്ചിലാണ് നിലവിലെ നായബ് സിങ് സയിനി സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. ഇനി ആറുമാസത്തേക്ക് അവിശ്വാസ നോട്ടീസ് അംഗീകരിക്കേണ്ട കാര്യം സ്പീക്കർക്കില്ല.

അതിനാൽ നോട്ടീസ് തല്ക്കാലം നല്‌കേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. 30 എംഎൽഎമാരുള്ള കോൺഗ്രസിന് മൂന്ന് സ്വതന്ത്രർ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. പത്ത് എംഎൽഎമാരുള്ള ജെജെപി- കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണ്. സർക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയും ആവർത്തിച്ചു.

എന്നാൽ ജെജെപിയിലെ അഞ്ച് എംഎൽഎമാർ ബിജെപിയിലേക്ക് ചാടാനുള്ള സാധ്യതയുള്ളതിനാൽ കരുതലോടെ നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. ജാട്ട് വിഭാഗത്തിൽ നിന്നുള്ള ബിജെപി എംഎൽഎമാർ അതൃപ്തരാണ്. ഇവരെ ഒപ്പം കൂട്ടാൻ കോൺഗ്രസ് നീക്കം തുടരുന്നുവെന്നാണ് സൂചന.

ലോക്‌സഭയിലേക്ക് ശക്തമായ പോരാട്ടം നടക്കുന്ന ഹരിയാനയിലെ ഈ നാടകീയ നീക്കങ്ങൾ ബിജെപിക്ക് കാര്യങ്ങൾ അനുകൂലമല്ലെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നാണ് കോൺഗ്രസ് കരുതുന്നത്. സംസ്ഥാന സർക്കാർ ആടി നിൽക്കുകയാണെങ്കിലും ലോക്‌സഭ ഫലം വരുന്നത് വരെ സർക്കാർ താഴെ വീഴാൻ ഇടയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP