Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം

കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം

ടീം മറുനാടൻ

തിരുവനന്തപുരം: ഈ ലോക്‌സഭാ ഇലക്ഷനിൽ കേരളം ആർക്കൊപ്പം? കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പുകളിലും സർവേ നടത്തി കൃത്യമായി ഫലം പറഞ്ഞ മറുനാടൻ മലയാളി, യങ് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയുമായി ചേർന്ന് സംഘടിപ്പിച്ച, പ്രീ പോൾ ഇലക്ഷൻ സർവേയുടെ, ആദ്യഘട്ടത്തിലെ ഫലം ഇന്ന് പുറത്തുവിടുകയാണ്. ആദ്യഘട്ടത്തിൽ കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട് എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളിലെ ഫലമാണ് മറുനാടൻ പുറത്തുവിടുന്നത്. മലബാറിൽ തീപാറുന്ന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിലുള്ളവ. മലബാറിൽ ഇത്തവണ കടുത്ത പോരാട്ടമാണെന്ന് മറുനാടൻ സർവേ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 8,9,10,11, 12 തീയതികളിലായി, മറുനാടൻ ടീം കേരളത്തിലെ മുഴവൻ മണ്ഡലങ്ങിളിലുമെത്തി, നേരിട്ട് വോട്ടർമാരെ കണ്ടാണ് സർവേ നടത്തിയത്. ഒരു മണ്ഡലത്തിൽ നിന്ന് രണ്ടായിരത്തോളം സാമ്പിളുകൾ എടുക്കുന്ന മറുനാടൻ സർവേ, കേരളത്തിലെ തന്നെ ഏറ്റവും വലിയ റാൻഡം സർവേകളിൽ ഒന്നാണ്. മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ തൃശൂർ എന്നീ അഞ്ചു മണ്ഡലങ്ങളിലെ മറുനാടൻ സർവേ ഫലം നാളെ പുറത്തുവിടും. തുടർന്നുള്ള രണ്ടുദിവസങ്ങളിലായി മറ്റു മണ്ഡലങ്ങളിലെ ഫലവും അറിയാം.

മലയാളത്തിലെ മറ്റൊരു മാധ്യമത്തിനുമില്ലാത്ത കൃത്യതയാണ് മറുനാടൻ സർവേയെ വേറിട്ട് നിർത്തുന്നത്. കഴിഞ്ഞ ഏഴു തിരഞ്ഞെടുപ്പിലും മറുനാടന്റെ പ്രവചനം ശരിയായിരുന്നു. വിദേശ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ രീതിയായ, ഡബിൾ ബ്ലൈൻഡ് റാൻഡം സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡാണ്്, മറുനാടൻ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്.

ഏറ്റവും പ്രധാനം, ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നതാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. മാത്രമല്ല ഏത് സർവേകളും പ്രതിഫലിപ്പിക്കുന്നത്, ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ മനുഷ്യസഹജമായ തെറ്റുകളും ( ഹ്യൂമൻ എറർ) വരാം. ഇന്ത്യയിലും, കേരളത്തിലും, വിദേശ രാഷ്ട്രങ്ങളിലുമൊക്കെ എക്സിറ്റ്‌പോളുകൾ പോലും പല തവണ മാറിമറഞ്ഞ സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും വായനക്കാരെ അറിയിക്കുകയാണ്.

കാസർകോട് ഇടതിന് നേരിയ മുൻതൂക്കം

ബംഗാളിലേറ്റ തിരിച്ചടിപോലെ സിപിഎമ്മിനെ ഞെട്ടിക്കുന്നതായിരുന്നു, മൂന്ന് പതിറ്റാണ്ടായി അവർ കുത്തകയാക്കിയ കാസർകോട് ലോക്സഭാ സീറ്റിൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ തോൽവി. 1989-ൽ രാമണ്ണറെ എന്ന സിപിഎം നേതാവ് ജയിച്ചതിൽ പിന്നെ, 2019-ലാണ് രാജ്‌മോഹൻ ഉണ്ണിത്താനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിക്കുന്നത്. 91, 96, 98, 99, 2004, 2009, 2014 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പിലെല്ലാം ഇടതുമുന്നണിക്കുവേണ്ടി സിപിഎം സ്ഥാനാർത്ഥികൾ ഇവിടെ നിന്ന് ഡൽഹിയിലെത്തി. 2019-ൽ രാജ്‌മോഹൻ ഉണ്ണിത്താൻ, 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, സിപിഎമ്മിലെ കെ പി സതീഷ് ചന്ദ്രനെ അട്ടിമറിച്ചത്. ബിജെപിയിലെ രവീശ തന്ത്രി കുന്താർ മൂന്നാംസ്ഥാനത്തെത്തി. രാജ്‌മോഹൻ 4,74,961, സതീശ് ചന്ദ്രൻ 4,34,523, രവീശതന്ത്രി 1,76,049 എന്നിങ്ങനെയായിരുന്നു വോട്ട് നില.

ഇത്തവണ കോൺഗ്രസ് വീണ്ടും ഉണ്ണിത്താനെ രംഗത്തിറക്കുമ്പോൾ, തങ്ങളുടെ പഴയ കോട്ട പിടിച്ചെടുക്കാൻ സിപിഎം നിയോഗിച്ചിരിക്കുന്നത്, റിട്ട. അദ്ധ്യാപകനും മികച്ച പ്രഭാഷകനും, പാർട്ടി ജില്ലാ സെക്രട്ടറിയുമായ എം വി ബാലകൃഷ്ണനെയാണ്. എം എൽ അശ്വനി എന്ന വനിതാ നേതാവിനെയാണ് ഇവിടെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. മറുനാടൻ സർവേയിൽ കാസർകോട് ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

എൽഡിഎഫ്- 38

യുഡിഎഫ്- 36

എൻഡിഎ- 22

മറ്റുള്ളവർ- 1

നോട്ട-3

സർവേയിൽ, വെറും രണ്ടു ശതമാനം വോട്ടിന്റെ വ്യത്യാസമാണ്, മുന്നണികൾ തമ്മിലുള്ളത്. അതുകൊണ്ടുതന്നെ കാസർകോട്ട് കടുത്ത മത്സരമാണെന്ന് ഉറപ്പാണ്. ബിജെപിയും ഇവിടെ വോട്ട് വർധിപ്പിക്കുന്നുണ്ട്. പക്ഷേ 2019-ൽ 39.5 ശതമാനം വോട്ട് നേടിയ എൽഡിഎഫിന്റെ വിഹിതം ഇത്തവണ 38 ശതമാനമായി കുറയുകയാണ്. യുഡിഎഫിനും വോട്ട് കുറയുകയാണ്. എന്നാൽ 2019-ൽ 16.13 ശതമാനം വോട്ട് ലഭിച്ച എൻഡിഎ ഇക്കുറി 22 ശതമാനം വോട്ട് നേടുമെന്ന് മറുനാടൻ സർേവഫലം സൂചിപ്പിക്കുന്നു. അതായത് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും കുറയുന്ന വോട്ടുകൾ ഗുണം ചെയ്യുന്നത് ബിജെപിക്കാണ്.

കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കാസർകോട് ലോകസഭാ മണ്ഡലം. ഇതിൽ മഞ്ചേശ്വരവും, കാസർകോടും ഒഴികെയുള്ള ബാക്കി അഞ്ചു സീറ്റുകളും ഇടതിന്റെ കൈയിലാണ്. കാസർകോട്ടും, മഞ്ചേശ്വരത്തും ബിജെപിക്ക് പിന്നിൽ മൂന്നാമതാണ് ഇടതുപക്ഷം. പക്ഷേ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി, കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ എന്നീ പാർട്ടി കോട്ടകളിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

കണ്ണൂരിൽ സുധാകരന് വെല്ലുവിളി

മുഖ്യമന്ത്രി പിണറായി വിജയന്റെയും, പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെയും നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്നതായിട്ടും, കണ്ണൂരിന്റെ ചുവപ്പുകോട്ടയിൽ, പാർലിമെന്റിലേക്ക് ത്രിവർണ്ണ പതാകയാണ് ഏറെയും പാറിയത്. 84 മുതൽ മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി അഞ്ചുതവണ ജയിച്ച കണ്ണൂർ മണ്ഡലം, 99-ൽ യുവനേതാവ് എ പി അബുദുല്ലക്കുട്ടിയെ ഇറക്കിയാണ് സിപിഎം തിരിച്ചുപിടിച്ചത്. തുടർന്ന് 2004ലും അബ്ദുല്ലക്കുട്ടി 'അത്ഭുതക്കുട്ടിയായി'. 2009-ൽ യുഡിഎഫിനുവേണ്ടി കെ സുധാകരൻ മണ്ഡലം തിരിച്ചുപിടിച്ചപ്പോൾ, 2014-ൽ സുധാകരനെ മലർത്തിയടിച്ച് സിപിഎമ്മിലെ പി കെ ശ്രീമതി ജയിച്ചു. പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി കെ ശ്രീമതിയെ 94,559 വോട്ടിന് തറപറ്റിച്ച് സുധാകരൻ വീണ്ടും ലോക്സഭയിലെത്തി.

കെപിസിസി പ്രസിഡന്റും സിറ്റിങ് എംപിയുമായ കെ. സുധാകരന്, ഈ തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ നായകനെന്ന നിലയിൽ അഭിമാനപ്രശ്നമാണ്. മറുഭാഗത്ത് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമുണ്ട് ഇതേ പ്രശ്നം. അതുകൊണ്ടുതന്നെ എം വി ജയരാജനെന്ന മുതിർന്ന നേതാവിനെയാണ് പാർട്ടി ഇവിടെ രംഗത്തിറക്കിയത്. മുൻ കോൺഗ്രസ് നേതാവായ സി. രഘുനാഥ് ആണ് ബിജെപി സ്ഥാനാർത്ഥി. മറുനാടൻ സർവേയിൽ കെ സുധാകരനാണ് മൂൻതൂക്കം പ്രവചിക്കുന്നത്.

ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്- 44

എൽഡിഎഫ്- 41

എൻഡിഎ- 11

മറ്റുള്ളവർ- 2

നോട്ട-2

മറുനാടൻ സർവേയിൽ, യുഡിഎഫിന് മൂന്ന് ശതമാനത്തിന്റെ മാത്രമേ മുൻതൂക്കമുള്ളൂ. ഇത് കടുത്ത മത്സരം നടക്കുന്നതിന്റെ സൂചനയാണ്. 2019-ൽ യുഡിഎഫിന് 50.27 ശതമാനം വോട്ട് ലഭിച്ചിരുന്നു. അവിടെനിന്ന്, 6 ശതമാനം വോട്ടിന്റെ കുറവാണ് മറുനാടൻ സർവേ ഇത്തവണ യുഡിഎഫിന് പ്രവചിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻഡിഎ വോട്ടിൽ 4.5 ശതമാനത്തിന്റെ വലിയ വർധന കാണുന്നുണ്ട്. മൊത്തം 11 ശതമാനം വോട്ടാണ് എൻഡിഎക്ക് മറുനാടൻ സർവേയിൽ കാണാൻ കഴിയുന്നത്. മണ്ഡലത്തിന്റെ തളിപ്പറമ്പ്, ധർമ്മടം, മട്ടന്നൂർ, അഴീക്കോട്, കണ്ണൂർ എന്നീ അഞ്ച്് നിയസഭാമണ്ഡലങ്ങളിൽ എൽഡിഎഫും, ഇരിക്കൂറിലും, പേരാവൂരിലും യുഡിഎഫുമാണ് ജയിച്ചത്.

വടകരയിൽ ഫോട്ടോ ഫിനീഷ്!

ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ ഏറ്റവും ഉറച്ച സീറ്റായിരുന്നു വടകര. 71 മുതൽ 96വരെ തുടർച്ചയായി 25 വർഷം എംപിയായി റെക്കോർഡിട്ടത്, കെ പി ഉണ്ണികൃഷ്ണനാണ്. 1971, 1977 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും, 1980, 1984, 1989, 1991 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായും, ഉണ്ണിക്കൃഷ്ണൻ ജയിച്ചു. ഇതിൽ 91-ൽ കോൺഗ്രസും ബിജെപിയും ലീഗും സഖ്യമായി, ( കുപ്രസിദ്ധമായ കോലീബി സഖ്യം) എതിർത്തിട്ടും ഉണ്ണികൃഷ്ണനെ തോൽപ്പിക്കാനായില്ല. 1996-ൽ, ഇടത് തട്ടകം വിട്ട് കോൺഗ്രസിൽ ചേക്കേറിയ ഉണ്ണി, ഏഴാം തവണയും വടകരയിൽ നിന്ന് മത്സരിച്ചെങ്കിലും, സിപിഎമ്മിലെ ഒ. ഭരതനോട് പരാജയപ്പെട്ടു. പിന്നീട് 98ലും, 99ലും, 2004ലും ഇവിടെ സിപിഎം സ്ഥാനാർത്ഥികൾ തന്നെയാണ് ജയിച്ചത്. പക്ഷേ 2009-ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് മുന്നിൽ സിപിഎമ്മിന് അടിതെറ്റി. ടി പി വധത്തിനുശേഷം നടന്ന, ആദ്യതെരഞ്ഞെടുപ്പായ 2014ലും മുല്ലപ്പള്ളി വിജയം ആവർത്തിച്ചു.

പക്ഷേ 2019-ൽ കെ മുരളീധരന് മുല്ലപ്പള്ളി വഴിമാറി കൊടുത്തു. മുതിർന്ന സിപിഎം നേതാവ് പി. ജയരാജനായിരുന്നു എതിരാളി. എന്നിട്ടും, 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുരളി വിജയിച്ചു. ബിജെപിക്ക് 80,128 വോട്ടാണ് ലഭിച്ചത്. മുരളിയുടെ ഭൂരിപക്ഷത്തേക്കാൾ കുറവായിരുന്നു ബിജെപി വോട്ട്. ഇത്തവണ മുരളിയെ തൃശൂർക്ക് മാറ്റി, യുവനേതാവ് ഷാഫി പറമ്പിലിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. എൽഡിഎഫ് ആകട്ടെ തങ്ങളുടെ ഏറ്റവും ജനപ്രിയ നേതാവായ കെ കെ ശൈലജ ടീച്ചറെയും. യുവനേതാവ് പ്രഫുൽ കൃഷ്ണയെയാണ് ബിജെപി മത്സരിപ്പിക്കുന്നത്.

മറുനാടൻ സർവേ പ്രകാരം വടകരയിൽ ഇത്തവണ ഫോട്ടോ ഫിനീഷ് ആണ്. വെറും ഒരു ശതമാനം വോട്ടിന്, എൽഡിഎഫാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)


എൽഡിഎഫ്- 42

യുഡിഎഫ്- 41

എൻഡിഎ- 12

മറ്റുള്ളവർ- 2

നോട്ട-3

കഴിഞ്ഞ തവണത്തെവെച്ച് നോക്കുമ്പോൾ, യുഡിഎഫിന്റെ വോട്ടിൽ 7 ശതമാനത്തോളം ഇടിവുണ്ടാവാനിടയുണ്ടെന്ന് മറുനാടൻ സർവേ പ്രവചിക്കുന്നു. എന്നാൽ എൻഡിഎയുടെ വിഹിതത്തിൽ 5 ശതമാനം വർധനയാണ് സർവേ പ്രവചിക്കുന്നത്. യുഡിഎഫിന് നഷ്ടപ്പെടുന്ന വോട്ട് ബിജെപിയിലേക്ക് പോകുന്നതായാണ് കാണുന്നത്. എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി തുടരുകയാണ്.

ടി പി ചന്ദ്രശേഖരന്റെ ചോരവീണ മണ്ണിൽ ഇത്തവണയും, ആ നിഷ്ഠൂര രാഷ്ട്രീയ കൊലയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ചയാണ്. ഒപ്പം ബോംബ് നിർമ്മാണത്തിനിടെ യുവാവ് മരിച്ചത് അടക്കമുള്ള നിരവധി വിഷയങ്ങളും വടകരയിൽ ചർച്ചയാവുന്നുണ്ട്. കണ്ണൂർ ജില്ലയിലെ, തലശ്ശേരി, കൂത്തുപറമ്പ് എന്നീ അസംബ്ലി മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന മണ്ഡലമാണ് വടകര ലോക്സഭാ മണ്ഡലം. ഇതിൽ വടകരയിൽ ആർഎംപി നേതാവ് കെ കെ രമ ജയിച്ചത് ഒഴിച്ചാൽ മറ്റ് ആറ് മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിന്റെ കൈയിലാണ്.

കോഴിക്കോട്ട് രാഘവന് മുൻതൂക്കം

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനൊപ്പം. പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലത്തോട്ട് ചായും. കോഴിക്കോട് കഴിഞ്ഞ കുറേക്കാലമായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ 'പ്രതിഭാസം' ഇതാണ്. 96-ലും 2004-ലും ജനതാദൾ നേതാവ്, എം പി വീരേന്ദ്രകുമാർ ഇടതുമുന്നണിക്ക് വേണ്ടി ജയിച്ചത് ഒഴിച്ചാൽ, ഇവിടെ ഭൂരിഭാഗവും ജയിച്ചത് കോൺഗ്രസ് നേതാക്കൾ തന്നെയാണ്.

എന്നാൽ 2009-ൽ മണ്ഡല പുനർനിർണ്ണയത്തെ തുടർന്ന്, പഴയ മഞ്ചേരി പാർലിമെന്റ് മണ്ഡലത്തിന്റെ ഭാഗമായ ബേപ്പൂർ, കുന്ദമംഗലം മണ്ഡലങ്ങൾ കോഴിക്കോടിനോട് കൂട്ടിച്ചേർത്തതോടെ, ഇവിടെ ഇടതുമുന്നണിക്ക് എളുപ്പത്തിൽ ജയിക്കാം എന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ 2009-ൽ കണ്ണൂരിൽനിന്ന് എത്തിയ എം കെ രാഘവൻ എന്ന കോൺഗ്രസ് നേതാവ്, ഇന്നത്തെ മന്ത്രി മുഹമ്മദ് റിയാസിനെ വെറും 838 വോട്ടുകൾക്ക് തോൽപ്പിക്കയാണ് ഉണ്ടായത്. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ച്, കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പിലും വിജയിച്ച് ഹാട്രിക്ക് തികച്ച രാഘവൻ, ഇപ്പോൾ നാലാംതവണയും ജനവിധി തേടുകയാണ്. 2019-ലെ തിരഞ്ഞെടുപ്പിൽ എം കെ രാഘവൻ 85,225 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ എ പ്രദീപ് കുമാറിനെ പരാജയപ്പെടുത്തിയത്. ഇത്തവണ, ഇടതുമുന്നണി രംഗത്തിറക്കിയതാവട്ടെ, സിപിഎം കേന്ദ്ര കമ്മറ്റി അംഗവും, മൂൻ മന്ത്രിയുമായ എളമരം കരീമിനെയാണ്. ബിജെപിക്കുവേണ്ടി എം ടി രമേശും മത്സരിക്കുന്നു.

മറുനാടൻ സർവേ പ്രകാരം ഇവിടെ യുഡിഎഫ് സ്ഥാനാത്ഥി എം കെ രാഘവനാണ് മൂൻതൂക്കം. മൂന്ന് ശതമാനം വോട്ടാണ് യുഡിഎഫിന് അധികമുള്ളത്.


ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്- 39

എൽഡിഎഫ്-36

എൻഡിഎ-15

മറ്റുള്ളവർ- 2

നോട്ട-8

പക്ഷേ കഴിഞ്ഞ തവണത്തെ റിസൾട്ട് വെച്ചുനോക്കുമ്പോൾ യുഡിഎഫിനും എൽഡിഎഫിനും വോട്ട് കുറയുകയാണ്. യുഡിഎഫിന് ആറുശതമാനത്തോളം വോട്ട് കുറയുന്നു. എൽഡിഎഫിന് രണ്ടുശതമാനത്തോളവും. എൻഡിഎ വോട്ടിലും വർധനവില്ല. മറുനാടൻ സർവേയിൽ 8 ശതമാനത്തോളം വോട്ടുകൾ നോട്ടക്കാണ് കിട്ടിയത്. അതായത് മണ്ഡലത്തിൽ നിലവിലെ രാഷ്ട്രീയത്തോടുള്ള പ്രതിഷേധം ശക്തമാണെന്ന് ചുരുക്കം. പക്ഷേ സർവേയിൽ ഇങ്ങനെ പ്രതിഷേധിക്കുന്ന ആളുകളിൽ ഭൂരിഭാഗവും പോളിങ്ങ് ബൂത്തിൽ എത്തുമ്പോൾ നിലപാട് മാറ്റാറുണ്ട്. അത് അനുസരിച്ചായിരിക്കും, കോഴിക്കോട്ടെ അന്തിമഫലം.

കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തൂർ, കുന്ദമംഗലം, കൊടുവള്ളി, ബാലുശ്ശേരി, ബേപ്പുർ എന്നീ എഴ് നിയമസഭാ സീറ്റുകളിൽ, കൊടുവള്ളി ഒഴികെ എല്ലാം ഇടതുമുന്നണിയുടെ കൈയിലാണ്.

വയനാട്ടിൽ രാഹുൽ തരംഗം തന്നെ!

വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളും, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പുർ, വണ്ടുർ എന്നീ മൂന്ന് മണ്ഡലങ്ങളും ചേർത്ത്, 2009-ൽ ഉണ്ടാക്കിയ വയനാട് പാർലിമെന്റ് മണ്ഡലം, രൂപീകരിച്ച അന്നുമുതൽ യുഡിഎഫിന് നല്ല മേൽക്കെയുള്ള സ്ഥലമാണ്. കോൺഗ്രസ് നേതാവ് എം എ ഷാനവാസാണ് ഇവിടെ രണ്ടുതവണ ജയിച്ചത്.

കഴിഞ്ഞ തവണയാവട്ടെ, രാഹുൽഗാന്ധിയുടെ സ്ഥാനർത്ഥിത്വത്തോടെ വയനാട് ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. രാജ്യത്തെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന രാഹുൽ ഗാന്ധിയെ, കേരളത്തിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷം നൽകിയാണ് വയനാട്ടിലെ വോട്ടർമാർ ജയിപ്പിച്ചത്. 2019-ൽ ആകെ 10,89,999 വോട്ടുകളാണ് വയനാട് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ഇതിൽ രാഹുലിന് 7,06,367 വോട്ടുകൾ കിട്ടിയപ്പോൾ ഭൂരിപക്ഷം 4,31,770 എന്ന മാന്ത്രിക സംഖ്യ തൊട്ടു. 2014-ൽ മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കേരളത്തിൽ ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷം.

രാഹുൽ ഗാന്ധി തരംഗത്തിന് മുന്നിൽ പതറിപ്പോയ, പി.പി സുനീറിന് 2,74,597 വോട്ടുകൾ മാത്രം ലഭിച്ചപ്പോൾ എൻഡിഎയുടെ തുഷാർ വെള്ളാപ്പള്ളി 78,816 വോട്ടുകളിലൊതുങ്ങി. ആകെ വോട്ടിന്റെ 64.67 ശതമാനം വോട്ട് നേടിയാണ് രാഹുൽ വയനാട് കൈപ്പിടിയിൽ ഒതുക്കിയത്. ഇത്തവണ ആ മൃഗീയ ഭൂരിപക്ഷം ഉണ്ടാവില്ലെങ്കിലും, നല്ല മാർജിന് രാഹുൽ ഗാന്ധി ജയിക്കുമെന്നാണ് മറുനാടൻ സർവേ പറയുന്നത്. 20 ശതമാനം വോട്ടിന്റെ അതിശക്തമായ വ്യത്യാസമാണ്, എതിർ സ്ഥാനാർത്ഥിയായ സിപിഐയിലെ ആനിരാജയുമായി രാഹുലിന് ഉള്ളത്.


ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്- 52

എൽഡിഎഫ്-32

എൻഡിഎ-10

മറ്റുള്ളവർ- 3

നോട്ട-3

എന്നാൽ കഴിഞ്ഞ തവണയുമായി തട്ടിച്ചുനോക്കുമ്പോൾ 12 ശതമാനം വോട്ടാണ് ഇവിടെ യുഡിഎഫിന് കുറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25.14 ശതമാനം വോട്ട് നേടിയ ഇടതിന്റെ വോട്ട്, ഇത്തവണ 7 ശതമാനം വർധിക്കാൻ സാധ്യതയുണ്ടെന്ന് മറുനാടൻ സർവേ പറയുന്നു. ബിഡിജെഎസിൽ നിന്ന് മണ്ഡലം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ രംഗത്തിറക്കിയ ബിജെപി വോട്ട് വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിക്ക് 7.22 ശതമാനം വോട്ടാണ് ലഭിച്ചത്. ഇക്കുറി എൻഡിഎ വിഹിതം 10 ശതമാനമായി ഉയർന്നേക്കുമെന്ന് മറുനാടൻ സർവേ പറയുന്നു. പക്ഷേ ഇപ്പോഴും വയനാട്ടിൽ, സർവേ പ്രകാരം മുന്നണികൾ തമ്മിലുള്ള വ്യത്യാസം, 20 ശതമാനമാണ്. അതായത് കഴിഞ്ഞ തവണത്തെ നാലരലക്ഷത്തിന്റെ ഭൂരിപക്ഷം ഉണ്ടാവില്ലെങ്കിലും, രണ്ടുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുൽ ജയിക്കാനുള്ള സാധ്യതയാണ് സർവേ പ്രവചിക്കുന്നത്. മണ്ഡലത്തിലെ തിരുവമ്പാടി, നിലമ്പുർ, മാനന്തവാടി, എന്നീ മുന്ന് അസംബ്ലിസീറ്റുകൾ എൽഡിഎഫിനും, കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ എന്നീ നാല്മണ്ഡലങ്ങൾ യുഡിഎഫിനുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP