Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

ഇങ്ങനെ പേടിക്കല്ലേ മോദിജീ, ടെമ്പോയിലെ പണം സ്വന്തം അനുഭവമാണോ? എങ്കിൽ അദാനിയുടെയും അംബാനിയുടെയും അടുത്ത് ഇ.ഡിയെ അയക്കൂ; മുഴുവൻ കാര്യങ്ങളും അന്വേഷിക്കൂ. പെട്ടന്ന് തന്നെ ചെയ്യൂ; നരേന്ദ്ര മോദിക്കുള്ള രാഹുൽ ഗാന്ധിയുടെ മറുപടി വൈറൽ

ഇങ്ങനെ പേടിക്കല്ലേ മോദിജീ, ടെമ്പോയിലെ പണം സ്വന്തം അനുഭവമാണോ? എങ്കിൽ അദാനിയുടെയും അംബാനിയുടെയും അടുത്ത് ഇ.ഡിയെ അയക്കൂ; മുഴുവൻ കാര്യങ്ങളും അന്വേഷിക്കൂ. പെട്ടന്ന് തന്നെ ചെയ്യൂ; നരേന്ദ്ര മോദിക്കുള്ള രാഹുൽ ഗാന്ധിയുടെ മറുപടി വൈറൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മറുപടി വൈറൽ. അദാനിയും അംബാനിയും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകി എന്നും ടെമ്പോവാൻ നിറയെ കോൺഗ്രസിന് നോട്ടുകെട്ട് നൽകിയോ എന്നുമുള്ള മോദിയുടെ ചോദ്യത്തിനാണ് രാഹുൽ ഗാന്ധി ഒരു വീഡിയോയിലൂടെ മറുപടി നൽകിയത്. അവർ ടെമ്പോയിൽ പണം നൽകിയെന്ന് താങ്കൾക്ക് എങ്ങനെ അറിയാമെന്നും അത് സ്വന്തം അനുഭവം ആണോ എന്നും മോദിയോട് രാഹുൽ പരിഹസിച്ചു കൊണ്ട് ചോദിചച്ചു.

'നമസ്‌കാരം മോദിജി. താങ്കൾ പേടിച്ചു പോയോ? സാധാരണ അടച്ചിട്ട മുറികളിലാണ് താങ്കൾ അദാനി അംബാനി കാര്യങ്ങൾ സംസാരിക്കാറുള്ളത്. ഇതാദ്യമായി പൊതുയിടത്തിൽ താങ്കൾ അദാനി, അംബാനി എന്നൊക്കെ പറയുന്നു. ടെമ്പോയിലാണ് പൈസ എത്തിക്കുന്നത് എന്നൊക്കെ താങ്കൾക്ക് അറിയാം അല്ലേ..! താങ്കളുടെ സ്വന്തം അനുഭവമാണോ അത്?. ഒരു കാര്യം ചെയ്യൂ, സിബിഐയേയും ഇ.ഡിയേയും ഇവരുടെ (അദാനി- അംബാനി) അടുത്തേക്ക് അയക്കൂ. മുഴുവൻ കാര്യങ്ങളും അന്വേഷിക്കൂ. പെട്ടന്ന് തന്നെ ചെയ്യൂ.. ഇങ്ങനെ പേടിക്കല്ലേ മോദിജി' -രാഹുൽ മോദിയോട് പറഞ്ഞു. രാഹുലിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാണ്.

അംബാനിക്കും അദാനിക്കുമെതിരായ വിമർശനം രാഹുൽ നിർത്തിയത് പണം ലഭിച്ചതുകൊണ്ടാണന്നും അവരുമായി ഉണ്ടാക്കിയ 'ഡീൽ' വെളിപ്പെടുത്തണമെന്നും ഇന്ന് തെലങ്കാനയിലെ കരിംനഗറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മോദി പ്രസംഗിച്ചിരുന്നു.

'തെലങ്കാനയുടെ മണ്ണിൽ നിന്ന് ഞാൻ ചോദിക്കുകയാണ്: ഈ തെരഞ്ഞെടുപ്പിൽ അംബാനിയിൽനിന്നും അദാനിയിൽ നിന്നും ഷെഹ്സാദ (രാഹുൽ ഗാന്ധി) എത്ര വാങ്ങി? അയാൾക്ക് ഇവരിൽനിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകൾ നിറച്ച ടെമ്പോവാൻ കോൺഗ്രസിന്റെ അടുത്ത് എത്തിയോ? ഒറ്റരാത്രികൊണ്ട് അംബാനിയെയും അദാനിയെയും പറയുന്നത് നിർത്താൻ എന്ത് കരാറാണ് ഉണ്ടാക്കിയത്? അഞ്ച് വർഷമായി നിങ്ങൾ അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് ഇപ്പോൾ ഒറ്റരാത്രികൊണ്ട് നിർത്തി. അതിനർത്ഥം നിങ്ങൾക്ക് എന്തെങ്കിലും ലഭിച്ചു എന്നാണ്. ഇക്കാര്യത്തിൽ നിങ്ങൾ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും'' -എന്നായിരുന്നു മോദിയുടെ പ്രസംഗം.

മോദി 22 ശതകോടീശ്വരന്മാരെയാണ് സൃഷ്ടിച്ചതെങ്കിൽ, ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കോടിക്കണക്കിന് മനുഷ്യരെ ലക്ഷാധിപതികളാക്കുമെന്ന് രാഹുൽ വിഡിയോയിൽ തുടർന്നു. 'ഞാൻ രാജ്യത്തോട് ഉറപ്പിച്ച് പറയുന്നു: എത്ര പൈസ മോദിജി ഇവർക്ക് (കോടീശ്വരന്മാർക്ക്) നൽകിയോ, അത്രയും പണം ഞങ്ങൾ രാജ്യത്തെ പാവപ്പെട്ടവർക്ക് നൽകാൻ പോവുകയാണ്. മഹാലക്ഷ്മി യോജന, പെഹ്‌ലി നൗകരി യോജന എന്നിവയിലൂടെ കോടിക്കണക്കിന് ആളുകളെ ലക്ഷാധിപതികളാക്കും. ഇവർ 22 കോടിപതികളെ ഉണ്ടാക്കി, ഞങ്ങൾ കോടിക്കണക്കിന് ലക്ഷാധിപതികളെ ഉണ്ടാക്കും'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP