Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

സിറ്റിങ് സീറ്റുകൾ കൈവിട്ട് പോകാൻ സാധ്യത ഉള്ളപ്പോഴും സിപിഎം കളത്തിൽ ഇറക്കിയിരിക്കുന്നത് കോൺഗ്രസ് കോട്ടകൾ പിടിച്ചെടുക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ തന്നെ; കൊല്ലവും പത്തനംതിട്ടയും ആലപ്പുഴയും എറണാകുളവും കോഴിക്കോടും വടകരയും എന്തുകൊണ്ടാണ് സവിശേഷ ശ്രദ്ധ അർഹിക്കുന്നത് ? സിപിഎം സ്ഥാനാർത്ഥികളുടെ ജയസാധ്യത വിലയിരുത്തുമ്പോൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

സിറ്റിങ് സീറ്റുകൾ കൈവിട്ട് പോകാൻ സാധ്യത ഉള്ളപ്പോഴും സിപിഎം കളത്തിൽ ഇറക്കിയിരിക്കുന്നത് കോൺഗ്രസ് കോട്ടകൾ പിടിച്ചെടുക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ തന്നെ; കൊല്ലവും പത്തനംതിട്ടയും ആലപ്പുഴയും എറണാകുളവും കോഴിക്കോടും വടകരയും എന്തുകൊണ്ടാണ് സവിശേഷ ശ്രദ്ധ അർഹിക്കുന്നത് ? സിപിഎം സ്ഥാനാർത്ഥികളുടെ ജയസാധ്യത വിലയിരുത്തുമ്പോൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിരിക്കുന്നു. യുഡിഎഫ് ഘടകകക്ഷികൾക്ക് എത്ര സീറ്റ് കൊടുക്കണമെന്ന് ആലോചിക്കുന്നതിനിടെ, 20 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഇടതുമുന്നണി പ്രഖ്യാപിച്ചുകഴിഞ്ഞു. നവോത്ഥാനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും പേരുപറയുമ്പോൾ തന്നെ, രണ്ടുസീറ്റുകളിൽ സ്ത്രീകളെ ഒതുക്കി എന്ന പരാതിയും, ആറ് എംഎൽഎമാരെ സ്ഥാനാർത്ഥികളായി കണ്ടെത്തി എന്ന പരാതിയും, ഒരുവശത്ത് ആവർത്തിക്കുമ്പോൾ തന്നെ, ഇതുരണ്ടും ഇതിനേക്കാൾ ഗുരുതരമായി യുഡിഎഫുകാർ ഉന്നയിക്കാൻ ഇടയുണ്ട് എന്നതുകൂടി കണക്കിലെടുത്തുകൊണ്ട് എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയത്തെ അവലോകനം ചെയ്യുകയാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പെയ്ഡ് സീറ്റുകൾ എന്നുപേരുകേൾപ്പിച്ച നാലുസീറ്റുകളെങ്കിലും, ഉണ്ടായിരുന്നെങ്കിൽ ഇക്കുറി അതാവർത്തിച്ചില്ല എന്നതിൽ സിപിഎമ്മിന് അഭിമാനിക്കാം. രണ്ടോ, മൂന്നോ സ്ഥാനാർത്ഥികളെ മാറ്റിനിർത്തിയാൽ ബാക്കിയുള്ളവർ വിജയസാധ്യത ഉള്ളവരെന്ന് പറയേണ്ടി വരും. യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളിൽ മത്സരിക്കാൻ ഇറങ്ങുന്നവർ ജയിക്കും എന്ന് പറയാനുള്ള മൗഢ്യമില്ല. എന്നാൽ, അങ്ങനെയുള്ള മണ്ഡലങ്ങളിൽ സിപിഎം കണ്ടെത്തിയിരിക്കുന്നത് ഏറ്റവും മികച്ചവരെന്ന് പറയേണ്ടി വരും. കോട്ടയത്തെ വി.എൻ.വാസവൻ, ഇടുക്കിയിലെ ജോയ്‌സ് ജോർജ്, ചാലക്കുടിയിലെ ഇന്നസെന്റ് എന്നിവരെ മാറ്റിനിർത്തിയാൽ, 17 മണ്ഡലങ്ങളിലും അവരവരുടെതായി രീതിയിൽ മികവുറ്റവരാണെന്ന കാര്യത്തിൽ സംശയമില്ല.

നാലുവിഭാഗങ്ങളായി സ്ഥാനാർത്ഥി നിർണയത്തെ വിലയിരുത്താം.

1.എൽഡിഎഫിന്റെ കൈയിൽ ഉള്ള സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിൽ അവ ഏതൊക്കെ?

2. യുഡിഎഫിന്റെ പക്കലുള്ള ചില സീറ്റുകൾ പിടിച്ചെടുക്കാൻ ഇടയുണ്ടെങ്കിൽ അവ ഏതൊക്കെ?

3. എൽഡിഎഫിന്റെ ഇളക്കം തട്ടാത്ത കുത്തക സീറ്റുകൾ?

4. ഈ മൂന്നുവിഭാഗത്തിലും പെടാത്ത മറ്റുസീറ്റുകൾ

ആദ്യം പരിഗണിക്കുന്നത് യുഡിഎഫിന്റെ കൈയിലുള്ള സീറ്റുകൾ എങ്ങനെ സിപിഎമ്മിന്റെ കൈയിലേക്ക് വരും എന്നുള്ളതാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, വടകര, കോഴിക്കോട് എന്നിവയാണ് ഈ 6 സീറ്റുകൾ. കേരളത്തിലെ ഏറ്റവും മികച്ച എംപി ആരെന്ന മറുനാടൻ മലയാളിയുടെ സർവേക്ക് പ്രേക്ഷകർ നൽകിയ ഏകപക്ഷീയമായ മറുപടി എൻ.കെ.പ്രേമചന്ദ്രൻ എന്നായിരുന്നു. യുഡിഎഫിന് കിട്ടാവുന്ന മികച്ച സ്ഥാനാർത്ഥിയാണ് പ്രേമചന്ദ്രനെങ്കിലും ഇത്തവണ സിപിഎമ്മിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയായ കെ.എൻ.ബാലഗോപാലിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും, സാമുദായിക പിന്തുണയും, സിപിഎമ്മിന് കൊല്ലം ജില്ലയിലുള്ള അസാധാരണമായ മുൻതൂക്കവും, ബാലകൃഷ്ണ പിള്ളയുടെ പിന്തുണയും ഒരുപക്ഷേ ഇക്കുറി കൊല്ലത്തെ സിപിഎമ്മിലേക്കും, ഇടതുപക്ഷത്തേക്കും അടുപ്പിച്ചേക്കാം. എല്ലാ, രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലവും അനുകൂലമായിട്ടും ജനവിധി ബാലഗോപാലിന് എതിരായാൽ, അത് പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടുമാത്രമായിരിക്കും. ആലപ്പുഴയിലേക്ക് പോയാൽ വെറും ജില്ലാ കമ്മിറ്റി അംഗമായ എ.എം.ആരിഫിനെ സിപിഎം തിരഞ്ഞെടുത്തത് സാമുദായിക പരിഗണനകൾ വച്ചുതന്നെ. കെ.സി.വേണുഗോപാൽ അല്ലാതെ മറ്റാര് വന്നാലും ആരിഫിനോട് വിയർക്കേണ്ടി വരും. വേണുഗോപാൽ മത്സരിച്ചാൽ പോലും ആരിഫിനാണ് വിജയസാധ്യത.

യുഡിഎഫിന് വലിയ മുൻതൂക്കമുള്ള മണ്ഡലമാണ് പത്തനംതിട്ടയെങ്കിലും സ്ഥാനാർത്ഥി നിർണയത്തിലൂടെ എൽഡിഎഫ് മേൽക്കൈ നേടിയിരിക്കുന്നു. പ്രാദേശിക എതിർപ്പുകൾ മറികടന്ന് ആറന്മുള എംഎൽഎ ആയ വീണ ജോർജിനെ നിർണയിച്ചത് സാമുദായിക ഘടകങ്ങൾ നോക്കിത്തന്നെയാണ് മുൻപിൽ നിൽക്കുന്നത്. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും സ്വാധീനമുള്ള പി.സി.ജോർജ്, പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് പറയുമ്പോൾ, സ്ഥാനാർത്ഥി നിർണയം പോലും കഴിയാത്ത യുഡിഎഫ് ഭയപ്പെടുക തന്നെ വേണം. ജോർജ് മത്സരിച്ചാൽ 50,000 വോട്ട് വരെ മാറിമറിയാമെന്നതുകൊണ്ട് തന്നെ യുഡിഎഫിന്റെ നില പരുങ്ങലിലാകും. എറണാകുളത്തും സമാനമാണ് സ്ഥിതി. കെ.വി.തോമസ് തന്നെയാണ് മത്സരിക്കുന്നതെങ്കിൽ, കട്ടായം പറയാം വിജയിക്കുന്നത് പി.രാജീവ് തന്നെയായിരിക്കും. രാഷ്ട്രീയ-സാമുദായിക ഘടകങ്ങളും ചുറുചുറുക്കുമൊക്കെ അനുകൂലഘടകങ്ങളാകുന്ന ഹൈബി ഈഡനെ കോൺഗ്രസ് തിരഞ്ഞെടുത്താൽ, എൽഡിഎഫ് സ്ഥാനാർത്ഥിയോട് ഇക്കുറി കിടനിൽക്കും.

വടകരയെ കുറിച്ചുള്ള പ്രതീക്ഷ ഇക്കുറി കോൺഗ്രസുകാർ കൈവിടുക. എന്തുസംഭവിച്ചാലും വടകര സിപിഎമ്മിന് തന്നെ. അൽപമെങ്കിലും സാധ്യത മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥിയായാലാണ്. എന്നാൽ, വീരേന്ദ്രകുമാറിന്റെ പാർട്ടി ഒപ്പമില്ലാത്തതും, സിപിഎമ്മിന്റെ പ്രിയ സഖാവിന്റെ സാന്നിധ്യവും കോൺഗ്രസിന്റെ അടിതെറ്റിക്കുന്നതാണ്. കോഴിക്കോട് എം.കെ.രാഘവനെ നേരിടാൻ എ.പ്രദീപ് കുമാർ എത്തുമ്പോൾ അവിടെയും സാധ്യത സിപിഎമ്മിന് തന്നെ. ഇരുമുന്നണികൾക്കും തുല്യശക്തിയുള്ള മണ്ഡലത്തിൽ ഇക്കുറി രാഘവേട്ടനെ വിട്ട് പ്രദീപേട്ടനെ കോഴിക്കോട്ടുകാർ സ്വീകരിച്ചാൽ അത്ഭുതപ്പെടാനില്ല. ഈ ആറ് യുഡിഎഫ് സിറ്റിങ് സീറ്റുകളുടെ സ്ഥിതി ഇങ്ങനെയെങ്കിൽ നാല് എൽഡിഎഫ് സീറ്റുകളുടെ സ്ഥിതി വ്യത്യസ്തമാണ്. ചാലക്കുടി, തൃശൂർ, ഇടുക്കി എന്നീ മൂന്നുമണ്ഡലങ്ങളിൽ, മികച്ച യുഡിഎഫ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചാൽ, അവ യുഡുഎഫിനാണെന്ന കാര്യത്തിൽ സംശയമില്ല. ചാലക്കുടിയിൽ ആരുനിന്നാലും യുഡിഎഫായിരിക്കും വിജയിക്കുക. ഇടുക്കിയിൽ സമാനസ്ഥിതിയാണെങ്കിൽ, തൃശൂരിൽ ഇരുമുന്നണികൾക്കും തുല്യസാധ്യതയാണ്. കണ്ണൂരിൽ പി.കെ.ശ്രീമതിയിൽ നിന്ന് കെ.സുധാകരൻ സീറ്റ് പിടിച്ചടക്കാൻ സാധ്യതയുണ്ടെങ്കിലും അവിടുത്തെ രാഷ്ട്രീയം അപ്രവചനീയമായതിനാൽ വിജയം അങ്ങനെ തന്നെ.

വർഷങ്ങളായി സിപിഎമ്മിന്റെ മൂന്നുകുത്തക സീറ്റുകളാണ് പാലക്കാടും ആലത്തൂരും, ആറ്റിങ്ങലും. പാലക്കാട് സിപിഎമ്മിന്റെ എം.ബി.രാജേഷ് ഒരുതർക്കവും വേണ്ടാ...വിജയിക്കും. ആലത്തൂരിൽ മുൻതൂക്കം സിപിഎമ്മിനാണെങ്കിലും, പി.കെ.ബിജുവിനെ കുറിച്ചുള്ള ചില അഭിപ്രായവ്യത്യാസങ്ങൾ യുഡിഎഫിന് അനുകൂലമാക്കാവുന്നതാണ്. ആറ്റിങ്ങലും സമാനസ്ഥിതിയാണ്. സമ്പത്ത് എന്ന ഒറ്റയാനെ തളയ്ക്കുക വിഷമമാണെങ്കിലും അടുർ പ്രകാശാണ് സ്ഥാനാർത്ഥിയെങ്കിൽ സ്ഥിതിഗതികൾ മാറിമറിഞ്ഞേക്കാം.

അവശേഷിക്കുന്നത് കാസർകോഡ്, വയനാട്, മലപ്പുറം, പൊന്നാനി, തിരുവനന്തപുരം, മാവേലിക്കര, കോട്ടയം മണ്ഡലങ്ങളാണ്. ഇതിൽ, വയനാടും, മലപ്പുറവും, മാവേലിക്കരയും, യുഡിഎഫ് സീറ്റുകൾ തന്നെയാണ്. കാസർകോഡ് സ്ഥാനാർത്ഥിയെ മാറ്റിയുള്ള സിപിഎമ്മിന്റെ പരീക്ഷണം ഒരുപക്ഷേ ഗുണം ചെയ്‌തേക്കാം. എന്നാൽ, മികച്ചൊരു കൊങ്കിണി സ്ഥാനാർത്ഥിയുമായി യുഡിഎഫ് വന്നാൽ, നേട്ടമുണ്ടാക്കാം. പൊന്നാനിയിൽ ലീഗിനാണ് അനുകൂലഘടകങ്ങളെങ്കിലും, പി.വി.അൻവറിന്റെ രാഷ്ട്രീയവും, സമ്പത്തും ശേഷിയും, ശേമുഷിയും എൽഡിഎഫിനെ അട്ടിമറിക്ക് സഹായിച്ചേക്കും. ഇനി കോട്ടയവും തിരുവനന്തപുരവും. മറുനാടൻ മലയാളി അടുത്തിടെ നടത്തിയ സർവേയിൽ യുഡിഎഫിന് ഏറ്റവും സാധ്യത കൽപിക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ ഒന്നാണ് കോട്ടയം. വയനാടും, മലപ്പുറവും, ചാലക്കുടിയും, ഇടുക്കിയുമാണ് മറ്റുനാലുമണ്ഡലങ്ങൾ.

കോട്ടയത്ത് മികച്ചൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ കേരള കോൺഗ്രസിന് സാധിച്ചാൽ 50,000 കോൺഗ്രസുകാർ വോട്ടുമാറി കുത്തിയാലും വിജയം കോൺഗ്രസിന് തന്നെയാണ്. പ്രത്യേകിച്ച് വി.എൻ.വാസവനെ പോലൊരു സിപഎമ്മുകാരൻ മത്സരിക്കുമ്പോൾ വിജയസാധ്യത എൽഡിഎഫിന് തീരെക്കുറവാണ്. ഒരുപക്ഷേ മാണിയുടെ സ്ഥാനാർത്ഥിയാവാം വി.എൻ.വാസവൻ എന്നുആരെങ്കിലും സംശയിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. തിരുവനന്തപുരത്ത് ആരുജയിക്കും എന്നത് വലിയ ചോദ്യമാണ്. തീപാറും പോരാട്ടമായിരിക്കും. ഒരുകാര്യം തീർച്ച , സി ദിവാകരൻ മൂന്നാം സ്ഥാനത്തായിരിക്കും. ഒരുചലനവും സൃഷ്ടിക്കാൻ ഈ സ്ഥാനാർത്ഥിക്ക് കഴിയില്ല. എന്നാൽ, എവിടെ നിന്നോ വന്ന് ബിജെപിയുടെ അദ്ധ്യക്ഷനാവുകയും, ഗവർണറാവുകയും ചെയ്ത കുമ്മനം തിരിച്ചുവരുമ്പോൾ, ബിജെപിയുടെ നേതാക്കാന്മാരും പ്രവർത്തകരും കുമ്മനത്തെ തോൽപിക്കണമെന്ന വിചാരിച്ചാൽ അവരെ തെറ്റുപറയാനാവില്ല. കുമ്മനം തോറ്റാൽ ബിജെപി നേതാക്കന്മാർക്ക് ഒരുതീരാതലവേദനയാണ് അവസാനിക്കുന്നത്. മാത്രമല്ല, കുമ്മനം ജയിക്കാൻ സാധ്യതയുണ്ട് എന്ന് വന്നാൽ സിപിഎമ്മുകാർ ശശി തരൂരിന് വേട്ടുചെയ്തുവെന്നും വരാം. സാധാരണഗതിയിൽ വോട്ടിങ് നടന്നാൽ, തരൂരിനും കുമ്മനത്തിനും തുല്യസാധ്യത ആണെങ്കിലും, ഇവിടെ അസാധാരണ സാഹചര്യമായതുകൊണ്ട് തരൂർ ജയിച്ചുകയറിയേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP