Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

കാരവൻ സംസ്‌കാരം വന്നപ്പോൾ ചിത്രീകരണ സമയത്തെ രസകരമായ സൗഹൃദ കൂട്ടായ്മ ഇല്ലാതായി': തന്റെ അഭിപ്രായങ്ങൾ പേടിയില്ലാതെ തുറന്നുപറയുന്നതിന് ഒപ്പം കാലാനുസൃതമായി മാറിയ സംവിധായകൻ; ഹരികുമാർ വിടവാങ്ങുമ്പോൾ

കാരവൻ സംസ്‌കാരം വന്നപ്പോൾ ചിത്രീകരണ സമയത്തെ രസകരമായ സൗഹൃദ കൂട്ടായ്മ ഇല്ലാതായി': തന്റെ അഭിപ്രായങ്ങൾ പേടിയില്ലാതെ തുറന്നുപറയുന്നതിന് ഒപ്പം കാലാനുസൃതമായി മാറിയ സംവിധായകൻ; ഹരികുമാർ വിടവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമയിൽ പുതിയ തലമുറയുടെ തള്ളിക്കയറ്റത്തിൽ, കാലാനുസൃതം സ്വയം പുതുക്കാത്ത കലാകാരന്മാർ, സംവിധായകരായാലും, എഴുത്തുകാരായാലും പിന്തള്ളപ്പെട്ടുപോകാറുണ്ട്. എന്നാൽ, തിങ്കളാഴ്ച അന്തരിച്ച സംവിധായകൻ ഹരികുമാർ അങ്ങനെയല്ലായിരുന്നു. എപ്പോഴും താൻ സിനിമയെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സിനിമ ജനങ്ങൾ കാണുക എന്ന ലക്ഷ്യത്തോടെയാണ് താൻ പടമെടുക്കുന്നതെന്ന് 2022 ൽ തന്റെ ഒടുവിലത്തെ ചിത്രമായ 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ' റിലീസ് ചെയ്യുന്ന സമയത്തും അദ്ദേഹം പറഞ്ഞു.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ: 'ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പുതിയ സിനിമ കാണുന്ന ആൾ ആണ് ഞാൻ.നല്ല സിനിമ കാണുക എന്ന ലക്ഷ്യത്തോടെ ആണ് പല ജൂറികളിലും അംഗമാകുന്നത്.ഇപ്പോഴും ഞാൻ സിനിമയെക്കുറിച്ചു പഠിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങൾ സംവിധാന രംഗത്തു വന്ന കാലത്തെ സിനിമ അല്ല ഇന്ന് ഉള്ളത്.നിർമ്മാണ രീതിയും സാങ്കേതിക വിദ്യയും മാറി.കഥ പറയുന്ന രീതിയും അഭിനയ ശൈലിയും മാറി. ഞാൻ 'ആമ്പൽപൂവ്','ഒരു സ്വകാര്യം' ഒക്കെ എടുക്കുന്ന കാലത്തെക്കാൾ കാര്യമായ മാറ്റം 'സുകൃതം' എടുക്കുമ്പോൾ ഉണ്ടായിരുന്നു.'സുകൃത'ത്തിന്റെ കാലത്തു നിന്ന് ഇപ്പോൾ വലിയ മാറ്റങ്ങൾ വന്നു.സംവിധായകൻ ജോഷിയെ പോലുള്ളവർ കാലാനുസൃതമായി മാറി. അദ്ദേഹം പുതിയ അവതരണ ശൈലിയിലാണ് പടം ചെയ്യുന്നത്.''

സിനിമയിൽ ഫിലിം ഇല്ലായതിനെ കുറിച്ചും ഡിജിറ്റൽ വന്നപ്പോൾ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും എല്ലാം അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കിട്ടിരുന്നു. സ്‌പോട്ട് ഡബ്ബിങ് ചെയ്യുമ്പോൾ സംഭാഷണങ്ങൾ വളരെ സ്വാഭാവികമായി തോന്നുമെങ്കിലും, കൂടുതൽ സമയം എടുക്കുമെന്നതിൽ അദ്ദേഹം അസൗകര്യം കണ്ടു. 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ' പഴയ രീതിയിലുള്ള ഡബ്ബിങ് ഉപയോഗിച്ച് 40 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാരവൻ സംസ്‌കാരം വന്നതിന്റെ ദോഷങ്ങളെയും അദ്ദേഹം വിമർശിച്ചിരുന്നു. കാരവൻ, സിനിമാ സെറ്റിൽ കലാകാരന്മാർക്ക് വലിയ സൗകര്യമാണെങ്കിലും, അത് പഴയകാലത്തെ സൗഹൃദ കൂട്ടായ്മ ഇല്ലാതാക്കി എന്നായിരുന്നു ഹരികുമാറിന്റെ വിമർശനം.

'കാരവൻ വന്നതോടെ പലർക്കും രഹസ്യമായി ലഹരി ഉപയോഗിക്കാം. കാരവൻ സംസ്‌കാരം വന്നപ്പോൾ ചിത്രീകരണ സമയത്തെ രസകരമായ സൗഹൃദ കൂട്ടായ്മ ഇല്ലാതായി. എന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി,നെടുമുടി,ജഗതി എന്നിവർ മാറിയിരുന്നു തമാശ പറയുകയും ലോകത്തുള്ള സകല കാര്യങ്ങളും സംസാരിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ ഓരോരുത്തർക്കും പ്രത്യേകം കാരവൻ ആണ്. ചിത്രീകരണം കഴിഞ്ഞാൽ ഉടൻ എല്ലാവരും കാരവനിലെക്ക് പോകുന്നു.''-ഹരികുമാർ അഭിമുഖത്തിൽ പറഞ്ഞു.

മടിയനായ ഓട്ടോ റിക്ഷക്കാരന്റെ ജീവിതത്തിലേക്ക് അയാളുട സ്വഭാവത്തെക്കുറിച്ച് അറിയാതെ കടന്നു വരുന്ന ഭാര്യയും തുടർന്നുള്ള സംഭവങ്ങളുമാണ് ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്ന ഹരികുമാറിന്റെ ഒടുവിലത്തെ ചിത്രത്തിന്റെ പ്രമേയം. എം മുകുന്ദന്റെ നാടായ മാഹിയിലായിരുന്നു ഷൂട്ടിങ്. മുകുന്ദൻ മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തിട്ടുണ്ട്.

സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപന്തൽ, എഴുന്നള്ളത്ത് എന്നിവ ഹരികുമാറിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. നാല് പതിറ്റാണ്ടോളം സിനിമാ രംഗത്ത് സജീവമായിരുന്ന ഹരികുമാർ 18 ഓളം സിനിമകൾ സംവിധാനം ചെയ്തു.

1981ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. 1994-ൽ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം.മമ്മൂട്ടി, ഗൗതമി എന്നിവർ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. ലോഹിതദാസിന്റെ തിരക്കഥയിൽ ഉദ്യാനപാലകനും സംവിധാനം ചെയ്തിട്ടുണ്ട്.

സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങൾ, പുലർവെട്ടം, സ്വയംവരപന്തൽ, ഉദ്യാനപാലകൻ, സുകൃതം, എഴുന്നള്ളത്ത്, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂർവം മീര. ആമ്പൽ പൂവ്, ക്ലിന്റ്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP