Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202418Tuesday

വാട്‌സ്ആപ് സന്ദേശത്തിലെ ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാൻ ചണ്ഡിഗഡിലെ നാഷണൽ ലാബിൽ പരിശോധിക്കും; എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാത്തതിന് കാരണം ഇഡി പേടി; കേന്ദ്ര ഏജൻസികളെ അകറ്റാൻ കരുതലോടെ ക്രൈംബ്രാഞ്ച്; അനിമോന്റെ മൊഴി എടുക്കും; ബാർ കോഴയിൽ സഭ തുടങ്ങും മുമ്പ് എല്ലാം രാജിയാക്കും!

വാട്‌സ്ആപ് സന്ദേശത്തിലെ ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാൻ ചണ്ഡിഗഡിലെ നാഷണൽ ലാബിൽ പരിശോധിക്കും; എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാത്തതിന് കാരണം ഇഡി പേടി; കേന്ദ്ര ഏജൻസികളെ അകറ്റാൻ കരുതലോടെ ക്രൈംബ്രാഞ്ച്; അനിമോന്റെ മൊഴി എടുക്കും; ബാർ കോഴയിൽ സഭ തുടങ്ങും മുമ്പ് എല്ലാം രാജിയാക്കും!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനിൽ നിന്ന് ഇന്ന് ക്രൈംബ്രാഞ്ച് മൊഴി എടുത്തേക്കും. ഒന്നാം തീയതിയിലെ ഡ്രൈ ഡെ സർക്കാർ ഒഴിവാക്കാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന അനിമോന്റെ ശബ്ദ സന്ദേശമാണ് കേസിന് ആധാരം. ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. 

ജൂൺ 10ന് നിയമസഭാ സമ്മേളനം തുടങ്ങും മുൻപ് പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം. എ.കെ.ജി സെന്റർ പടക്കം ഏറ് അടക്കം അന്വേഷിച്ച എസ്‌പി മധുസൂദനന്റെ മേൽനോട്ടത്തിലാണ് അന്വേഷിക്കുന്നത്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അനിമോൻ, ശനിയാഴ്ച വൈകിട്ടോടെ നിലപാട് മാറ്റിയിരുന്നു. സംഘടനയ്ക്ക് തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനാണ് പണം പിരിച്ചതെന്നാണ് മാറ്റി പറഞ്ഞത്. ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സുനിൽകുമാർ, ഇടുക്കിയിലെ ബാറുടമകൾ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. സർക്കാരിനെ വെട്ടിലാക്കുന്ന മൊഴി ആരും കൊടുക്കില്ല. അനിമോന്റെ മൊഴിയിൽ കേസ് അന്വേഷണം അവസാനിപ്പിക്കാനും സാധ്യതയുണ്ട്. കേസ് കടുപ്പിച്ചാൽ ബാറുടമകൾ സർക്കാരിനെതിരെ മൊഴി നൽകാൻ സാദ്ധ്യത ഏറെയാണ്.

വാട്‌സ്ആപ് സന്ദേശത്തിലെ ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാൻ ചണ്ഡിഗഡിലെ നാഷണൽ ലാബിൽ പരിശോധിക്കും. കേസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചാൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം ഏറ്റെടുക്കാനാവും. അതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരിക്കാനാവും ശ്രമം. ഇതും അനിമോന് തുണയാണ്. അല്ലാത്ത പക്ഷം അനിമോനെ പ്രതിയാക്കി പൊലീസ് കേസെടുക്കുമായിരുന്നു. ഇതൊഴിവാക്കാനാണ് ക്രൈംബ്രാഞ്ചിന് മന്ത്രിയുടെ പരാതി കൈമാറിയത്. ഡൽഹി മദ്യ നയക്കേസിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലാണ് മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലെത്തിച്ചത്.

ആരോപണത്തിൽ നിന്ന് അനിമോൻ മലക്കംമറിഞ്ഞിരുന്നു. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തിൽ അനിമോൻ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീർഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഓഡിയോ എൽഡിഎഫിനും സർക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. താൻ ഒളിവിലല്ലെന്നും അനിമോൻ വ്യക്തമാക്കി. രണ്ട് ദിവസമായി ഓഫ് ചെയ്തിരുന്ന മൊബൈൽ ഫോണും ഓൺ ചെയ്തിട്ടുണ്ട്. ബാർ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സുനിൽകുമാറിന്റെ വാദങ്ങളെ അനിമോൻ അംഗീകരിക്കുകയാണ്. കേന്ദ്ര ഏജൻസി അന്വേഷണത്തിലേക്ക് കാര്യങ്ങളെത്താതിരിക്കാനുള്ള ഒത്തുതീർപ്പായിരുന്നു ഇതെല്ലാം.

ബാർ കോഴയിൽ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്ന ശബ്ദരേഖയ്ക്ക് പിന്നിലുള്ളത് ഫെഡറേഷൻ കേരള ഹോട്ടൽ അസോസിയേഷന്റെ ഇടുക്കിയിലെ പ്രധാന നേതാവ്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് അനിമോൻ തൊടുപുഴ. ഇടുക്കി ജില്ലാ പ്രസിഡന്റും. അതുകൊണ്ടാണ് പുറത്തു വന്ന ശബ്ദരേഖയ്ക്ക് പ്രസക്തി കൂട്ടുന്നത്.മുമ്പ് യുഡിഎഫ് ഭരണ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരേയും ബാർ കോഴ ആരോപണം ഉയർന്നിരുന്നു. അന്ന് വിജിലൻസിന് അടക്കം മൊഴി കൊടുത്ത വ്യക്തികൂടിയാണ് അനിമോൻ. എന്നാൽ വിവാദം കൊണ്ട് തനിക്ക് ദോഷമേ ഉണ്ടാകൂവെന്ന് അനിമോൻ തിരിച്ചറിഞ്ഞു. ഇതുകൊണ്ടാണ് എല്ലാം അബദ്ധമെന്ന് വ്യക്തമാക്കി പുതിയ സന്ദേശം ബാറുടമകൾക്ക് അയച്ചത്. വാശി തീർക്കലായിരുന്നു ആ സന്ദേശമെന്ന് വിശദീകരിച്ച് ക്രൈംബ്രാഞ്ചിനും കേസൊഴിവാക്കാം.

തൊടുപുഴ മാർക്കറ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന വൈശാലി എന്ന ബാറിന്റെ ഉടമയായിരുന്നു അനിമോൻ. വൈശാലി പൂട്ടിയെങ്കിലും സംസ്ഥാനത്ത് പല ജില്ലകളിലെ ബാറുകളിൽ ഷെയർ അദ്ദേഹത്തിനുണ്ട്. ബാർ ഉടമകളുടെ സംഘടനയിൽ വ്യക്തമായ പിന്തുണയും അനിമോന് ഉണ്ട്. മോഹൻലാലിന്റെ ഒടിയന്റെ സഹനിർമ്മാതാവുമായിരുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിലെ ബാറുകളിലും ഓഹരിയുണ്ട്. 2.5 ലക്ഷം രൂപ നൽകിയെന്ന് ശബ്ദരേഖയിൽ പറയുന്ന അണക്കര സ്പൈസ് ഗ്രോവ് ഹോട്ടലിന്റെ പ്രധാന ഓഹരിക്കാരിൽ ഒരാളാണ്. അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മദ്യവ്യാപാരത്തിലേക്കു കടക്കാൻ ശ്രമിക്കവേയാണ് അനിമോനെ കുടുക്കി വിവാദമെത്തുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസി അന്വേഷണം വെല്ലുവിളിയാകുമെന്ന് അനിമോനും തിരിച്ചറിയുന്നുണ്ട്.

പച്ചമീൻ ഹോൾസെയിൽ വിൽപനയിലൂടെയാണ് കച്ചവട തുടക്കം. തന്റെ കടയിൽ നിന്നു മീൻ വാങ്ങുന്ന വ്യാപാരികൾക്ക് വായ്പ അടിസ്ഥാനത്തിൽ സ്‌കൂട്ടർ നൽകിയാണ് കച്ചവടം പിടിച്ചത്. പിന്നീട് നീരാളി ഫിഷ് മാർക്കറ്റ് എന്ന സ്ഥാപനം തുടങ്ങി. തുടർന്നാണ് ബാർ മേഖലയിലേക്കു തിരിഞ്ഞത്. തൊടുപുഴയിൽ ആദ്യകാല പ്രമുഖ വ്യവസായിയുടെ പിന്മുറക്കാരനാണ്. അച്ഛൻ കെ എസ് ഇ ബി ജീവനക്കാരനായിരുന്നു. തൊടുപുഴയ്ക്ക് പുറത്തും ബിസിനസ് താൽപ്പമുള്ള വ്യക്തിയാണ് അനിമോൻ. ഒറ്റപ്പാലം അരമന ഹോട്ടലും നീരാളി ഫിഷ് തൊടുപുഴയും അനിമോന്റെ നേതൃത്വത്തിലുള്ളതാണ്. പെരുമ്പാവൂരിലെ വിൻസ് പാർക്കിലും പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പാൻ ഷോറിലും പങ്കാളിത്തമുണ്ടായിരുന്നു. കേരളത്തിലുടനീളം വിവിധ ഹോട്ടൽ സംരംഭങ്ങളുടെ സാരഥിയാണ്.

മോഹൻലാലിന്റെ ശതകോടി മുടക്കമുതൽ ചെലവാക്കിയ ആദ്യ ചിത്രമായ ഒടിയന്റെ സഹനിർമ്മതാവുമായിരുന്നു അനിമോൻ. ജയകൃഷ്ണൻ എന്നാണ് പേരെങ്കിലും അനിമോൻ എന്ന് തന്നെയാണ് എല്ലാവരും ഈ ഹോട്ടൽ സംരഭകനെ വിളിച്ചിരുന്നത്. തൊടുപുഴയിൽ പെട്രോൾ പമ്പ് അടക്കം നിരവധി സ്ഥാപനങ്ങൾ അനിമോനുണ്ട്. തൊടുപുഴക്കാരുടെ സിങ്കം എന്നാണ് അനിമോനെ സോഷ്യൽ മീഡിയയിൽ അടുപ്പക്കാർ വിശേഷിപ്പിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP