Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

മലബാറിലെ അതിവിശ്വസ്തൻ ഈ മാസം വിരമിക്കും; സദാനന്ദന് പകരക്കാരനെ കണ്ടെത്തുക സിപിഎമ്മിനും പിണറായി സർക്കാരിനും അസാധ്യമാകും; ക്രൈംബ്രാഞ്ച് എസ് പിയുടെ വിരമിക്കലിൽ നഷ്ടമാകുക ഏകോപന മിടുക്കനെ; പൊലീസിൽ വൻ അഴിച്ചുപണിക്ക് സാധ്യത; മുഖ്യമന്ത്രിയുടെ യോഗം നിർണ്ണായകം

മലബാറിലെ അതിവിശ്വസ്തൻ ഈ മാസം വിരമിക്കും; സദാനന്ദന് പകരക്കാരനെ കണ്ടെത്തുക സിപിഎമ്മിനും പിണറായി സർക്കാരിനും അസാധ്യമാകും; ക്രൈംബ്രാഞ്ച് എസ് പിയുടെ വിരമിക്കലിൽ നഷ്ടമാകുക ഏകോപന മിടുക്കനെ; പൊലീസിൽ വൻ അഴിച്ചുപണിക്ക് സാധ്യത; മുഖ്യമന്ത്രിയുടെ യോഗം നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിൽ അടിമുടി അഴിച്ചു പണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാറിലെ പൊലീസ് ഏകോപനത്തിന് പുതിയ സംവിധാനം കൊണ്ടു വരും. ഗുണ്ടാവേട്ട അടക്കമുള്ള കാര്യങ്ങളിലെ പൊലീസിന്റെ വീഴ്ചകൾ ചർച്ചയാകുന്നതിനിടെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നതും വരാൻ പോകുന്ന മാറ്റത്തിന്റെ സൂചനയാണ്.

എസ്‌പി. റാങ്കിലുള്ളവർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. 'പൊലീസിനു പുതിയ നയം' എന്ന ലക്ഷ്യത്തോടെയാണ് ഉന്നതതല യോഗം. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പല വീഴ്ചകളും വിനയാകുന്നതു സർക്കാരിനാണ്. അടുത്ത കാലത്ത് ഇത്തരം സംഭവങ്ങൾ പലതുണ്ടായി. പൊലീസ്- ക്രിമിനൽ ബന്ധവും ഗുണ്ടാപ്രവർത്തനവും ഉൾപ്പെടെയുള്ള വിമർശനശരങ്ങൾ സർക്കാരിനുനേരേയുണ്ട്. പൊലീസിന്റെ വീഴ്ചകൾ ഉയർത്തി പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം ഈ യോഗത്തിൽ ചർച്ചയാകും. ഇതിനൊപ്പം സർക്കാരിന് പുതിയ വിശ്വസ്തരെ കണ്ടെത്തേണ്ടതുമുണ്ട്.

പിപി സദാനന്ദൻ കണ്ണൂർ ചെങ്ങളായി സ്വദേശിയാണ്. 2020 ൽ പി പി സദാനന്ദന് എസ്‌പിയായി നിയമനം നൽകുന്നതിനായി ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്തിരുന്നുവെങ്കിലും തലശേരിയിലെ ഫസൽ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പ്രതികൂല പരാമർശം തിരിച്ചടിയാവുകയായിരുന്നു. അല്ലാത്ത പക്ഷം സദാനന്ദനും ഐപിഎസ് കിട്ടുമായിരുന്നു. അതുണ്ടായിരുന്നുവെങ്കിൽ അറുപതു വയസ്സുവരെ സർവ്വീസിൽ തുടരാനും കഴിയുമായിരുന്നു. സർക്കാരിന്റെ വിശ്വസ്തനായിട്ടും ഐപിഎസ് കിട്ടാതെ വിരമിക്കേണ്ടി വരുന്ന അപൂർവ്വം ഉദ്യോഗസ്ഥരിൽ ഒരാളാണ് സദാനന്ദൻ. 

പൊലീസ്തലപ്പത്തെ 17 പേർ ഈ മാസാവസാനം വിരമിക്കും. എസ്‌പി. റാങ്കിലുള്ള 15 പേരാണ് റിട്ടയർ ചെയ്യുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്‌പിയായ പി.പി. സദാനന്ദനും ഇവരിൽ ഉൾപ്പെടും. വടക്കൻ കേരളത്തിൽ സിപിഎമ്മിന്റെ അതിവിശ്വസ്തനാണ് സദാനന്ദൻ. കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ച സദാനന്ദനാണ് ഈ മേഖലയിൽ പൊലീസിലെ എല്ലാ കാര്യങ്ങളും പ്രധാനമായും ഏകോപിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായും നല്ല ബന്ധം സദാനന്ദനുണ്ടായിരുന്നു. സദാനന്ദൻ വിരമിക്കുമ്പോൾ അതുപോലൊരു വിശ്വസ്തനെ പൊലീസിൽ വാർത്തെടുക്കുക സിപിഎമ്മിനും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിനു പ്രാധാന്യം ഏറെയാണ്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പൊലീസ് ആസ്ഥാനത്ത് യോഗത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.

മലബാറിൽ പൊലീസിലെ മധ്യനിരയിൽ വലിയ അഴിച്ചു പണിക്ക് സാധ്യതയുണ്ട്. സദാനന്ദന് പുതിയ ഉത്തരവാദിത്തങ്ങൾ നൽകാനും സാധ്യത ഏറെയാണ്. സദാനന്ദൻ അടക്കമുള്ളവരുടെ വിരമിക്കൽ പശ്ചാത്തലത്തിൽ കൂടിയാണ് ആഭ്യന്തരമന്ത്രിയെന്ന നിലയിൽ പൊലീസ് സേനയുടെ ഉന്നതതല യോഗം മുഖ്യമന്ത്രി വിളിച്ചത്. ക്രിമിനലുകളോടു വിട്ടുവീഴ്ചയില്ലാത്ത സമീപനം ഉണ്ടാകണമെന്നു യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു കടുത്ത വിമർശനങ്ങൾക്കും സാധ്യതയുണ്ട്. വിദേശസന്ദർശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ഭരണത്തിൽ സജീവമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറുമ്പോൾ പൊലീസ് സേനയിൽ വലിയ മാറ്റങ്ങൾ വരും

മുതിർന്ന ഉദ്യോഗസ്ഥരുടെ വിരമിക്കലുമായി ബന്ധപ്പെട്ട്, പൊലീസിൽ അടിമുടി അഴിച്ചുപണിയിലേക്കും സർക്കാർ കടക്കും. മുതിർന്ന ഐ.പി.എസുകാരിലും മാറ്റത്തിനു സാധ്യതയേറെ. എട്ടു ജില്ലാ പൊലീസ് മേധാവിമാരെ മാറ്റുന്ന കാര്യവും ആലോചനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP