Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവ്; സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്, കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത്; കേരളം സാമ്പത്തിക പ്രതിസന്ധിയിൽ തന്നെ

കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവ്; സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്, കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത്; കേരളം സാമ്പത്തിക പ്രതിസന്ധിയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി പുതിയ കണക്കും. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ മുൻവർഷത്തെക്കാൾ 10,302 കോടി രൂപയുടെ ഇടിവെന്ന് അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത്. ലോട്ടറി, ജിഎസ്്ടി, മദ്യം, വിൽപ്പന നികുതി തുടങ്ങിയവയിൽനിന്നുള്ള വരുമാനം വർധിച്ചെങ്കിലും കേന്ദ്ര ഗ്രാന്റുകളും സംസ്ഥാനസർക്കാർ പിരിച്ചെടുക്കുന്ന സ്റ്റാംപ് ഡ്യൂട്ടിയും കുറഞ്ഞു. കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. ഇതെല്ലാം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ജിഎസ്ടി വരുമാനം 2071 കോടി വർധിച്ചെങ്കിലും ലക്ഷ്യമിട്ടതിന്റെ 84% മാത്രമാണിത്. ലോട്ടറി അടക്കമുള്ള നികുതി ഇതര വരുമാന സ്രോതസ്സുകളിൽ 1197 കോടിയുടെ വർധനയുണ്ട്. എന്നാൽ, ഭൂമിയുടെ ന്യായവിലയിൽ 20% വർധന വരുത്തിയതുകാരണം സ്റ്റാംപ് ഡ്യൂട്ടിയിൽനിന്നും രജിസ്റ്റ്രേഷൻ ഫീസിൽ നിന്നുമുള്ള വരുമാനം 522 കോടി കുറഞ്ഞു. ഓരോ വർഷവും വരുമാനം വർധിച്ചുവരുന്ന രീതിക്കാണു ന്യായവില വർധന തടസ്സമായത്. തിരിച്ചടി തിരിച്ചറിഞ്ഞ് ഈ വർഷം ബജറ്റിൽ ന്യായവില വർധന ഒഴിവാക്കിയിരുന്നു. കേന്ദ്രം വൻതോതിൽ കടമെടുപ്പു വെട്ടിക്കുറച്ചെന്നു സർക്കാർ പരാതിപ്പെടുമ്പോഴും മുൻവർഷത്തെക്കാൾ 7389 കോടി രൂപ കൂടുതൽ കഴിഞ്ഞവർഷം കടമെടുത്തു.

2022-23ൽ 25,587 കോടിയും കഴിഞ്ഞ വർഷം 32,976 കോടിയുമാണു സംസ്ഥാന സർക്കാർ കടമെടുത്തത്. ചെലവ് മുൻവർഷത്തെക്കാൾ 3103 കോടി രൂപ കുറയ്ക്കാനായി. സർക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരം 32,976 കോടിയാണ്. അത്സമയം രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിലെത്തിയെന്ന റിപ്പോർട്ടും കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ മാസമായ ഏപ്രിലിൽ, മൊത്തം ചരക്ക് സേവന നികുതി വരുമാനം ആദ്യമായി 2 ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇത്തവണ ജിഎസ്ടി 12.4 ശതമാനം വർധിച്ച് 2.1 ലക്ഷം കോടി രൂപയായി.

കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇക്കാലയളവിൽ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 8.3 ശതമാനം വർധിച്ചപ്പോൾ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി പിരിവിൽ 13.4 ശതമാനം വർധനയുണ്ടായി. എന്നാൽ ഇന്റഗ്രേറ്റഡ് ജിഎസ്ടിയിൽ ലഭിച്ച തുക കഴിഞ്ഞ വർഷം ഏപ്രിലിൽ 38,593 കോടിയായിരുന്നത് 2 ശതമാനം കുറഞ്ഞ് 37,826 കോടി രൂപയായി. 2024 മാർച്ചിൽ ഇറക്കുമതി സെസിൽ നിന്ന് സർക്കാരിന് 1,008 കോടി ലഭിച്ചു, ഇത് കഴിഞ്ഞ വർഷം മാർച്ചിലെ 984 കോടി രൂപയേക്കാൾ 2.4 ശതമാനം കൂടുതലാണ്. ഈ വർഷം ഏപ്രിലിലെ അറ്റ ??ജിഎസ്ടി കളക്ഷൻ (റീഫണ്ടിന് ശേഷം) 17.1 ശതമാനം വർധിച്ച് 1.92 ലക്ഷം കോടി രൂപയായി.

കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് കേന്ദ്ര ജിഎസ്ടി കളക്ഷൻ 27.8 ശതമാനം വർധിച്ച് 94,153 കോടി രൂപയായും സംസ്ഥാന ജിഎസ്ടി കളക്ഷൻ 25.9 ശതമാനം വർധിച്ച് 95,138 കോടി രൂപയായും ഉയർന്നു. ജമ്മു കശ്മീർ, ലക്ഷദ്വീപ്, ആൻഡമാൻ, സിക്കിം, നാഗാലാൻഡ്, മേഘാലയ എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെയും ജിഎസ്ടി വരുമാനം ഈ വർഷം ഏപ്രിലിൽ ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് വർദ്ധിച്ചു.

അതേസമയം കേരളത്തിലെ ജിഎസ്ടി വരുമാനത്തിലെ വളർച്ച 9 ശതമാനമാണ്. എയർ കണ്ടീഷണർ, റഫ്രിജറേറ്റർ തുടങ്ങിയ ഉപഭോക്തൃ ഉൽപന്നങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചതും സ്‌കൂൾ, കോളജ് അവധികൾ കാരണം ടൂറിസം വർധിച്ചതുമാണ് ഏപ്രിലിൽ ജിഎസ്ടി വരവ് വർധിക്കാൻ കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP