Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

തമ്മനം ഫൈസലിന്റെ വീട്ടിൽ റെയ്ഡിന് എത്തുമ്പോൾ പൊലീസുകാർക്ക് ഗൂണ്ടകളുടെ സൽക്കാരം പൊടിപൊടിക്കുന്നു; ശുചിമുറിയിൽ ഒളിച്ചിരുന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി; ഗൂണ്ടകളെ പൂട്ടാനുള്ള 'ഓപ്പറേഷൻ ആഗ്' പൊളിക്കുന്ന പൊലീസ്-ഗൂണ്ട കൂട്ടുകെട്ട് പുറത്ത്

തമ്മനം ഫൈസലിന്റെ വീട്ടിൽ റെയ്ഡിന് എത്തുമ്പോൾ പൊലീസുകാർക്ക് ഗൂണ്ടകളുടെ സൽക്കാരം പൊടിപൊടിക്കുന്നു; ശുചിമുറിയിൽ ഒളിച്ചിരുന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി; ഗൂണ്ടകളെ പൂട്ടാനുള്ള 'ഓപ്പറേഷൻ ആഗ്' പൊളിക്കുന്ന പൊലീസ്-ഗൂണ്ട കൂട്ടുകെട്ട് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരുവശത്ത് ഗൂണ്ടകളുടെ അഴിഞ്ഞാട്ടം. ആവേശം സിനിമ മോഡലിൽ പിറന്നാൾ ആഘോഷം. മറുവശത്ത് ഗൂണ്ടകളെ പിടിച്ച് അകത്തിടാൻ പൊലീസിന്റെ ഓപ്പറേഷൻ ആഗ്. ഇതിനിടയിൽ, ഗൂണ്ടകളുടെ വിരുന്ന് സ്വീകരിച്ച് പൊലീസിലെ ഒരുകൂട്ടർ. അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ പൊലീസുകാർക്ക് വിരുന്ന് നൽകിയതാണ് ഒടുവിലത്തെ വാർത്ത.

കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയടക്കം നാല് പൊലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പൊലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്‌പിയും സംഘവും കുടുങ്ങിയത്.

ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന 'ഓപ്പറേഷൻ ആഗ്' പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പൊലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്‌പിക്കും പൊലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്‌പി അടക്കമുള്ള പൊലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു.

ശുചിമുറിയിൽ കയറിയാണ് ഡിവൈഎസ്‌പി ഒളിച്ചത്. അങ്കമാലി പൊലീസ് വിവരം പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. റെയ്ഡിൽ കണ്ടെത്തിയ പൊലീസുകാരെ അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡിവൈഎസ്‌പിയെ കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടിലില്ല.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.ജി സാബുവാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് വിവരം. ഇദ്ദേഹമാണ് പൊലീസുകാരെ വിരുന്നിന് എത്തിച്ചതെന്നാണ് അറിയുന്നത്. ആലുവ റൂറൽ എസ്‌പി., ഡിവൈഎസ്‌പിയോട് വിശദീകരണം തേടിയിട്ടുണ്ട്. വിരുന്ന് സംബന്ധിച്ച കൂടുതൽ അന്വേഷണം നടക്കുകയാണ്. വിരുന്ന് സംഘടിപ്പിച്ചത് എന്തിന്റെ പേരിലാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

അങ്കമാലി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.ജി.സാബുവും മൂന്നു പൊലീസുകാരുമാണ് ഇന്നലെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്പോൾ അങ്കമാലിയിൽ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസലിന്റെ ആതിഥ്യം സ്വീകരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി അങ്കമാലി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.

ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നാലു പേർ ഒരു സ്വകാര്യ കാറിൽ ഫൈസലിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നായിരുന്നു റെയ്ഡ്. ഫൈസലിനെയും മറ്റൊരാളെയും കരുതൽ തടങ്കലിലാക്കി എന്നാണ് അറിയുന്നത്.

അങ്കമാലി പൊലീസ് റൂറൽ എസ്‌പിക്കും അദ്ദേഹം റേഞ്ച് ഐജിക്കും റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തുന്നത് പൂർത്തിയായ ശേഷം റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ഡിവൈഎസ്‌പിക്കും പൊലീസുകാർക്കുമെതിരെ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന.

കൊച്ചിയിൽ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസൽ. എറണാകുളം തമ്മനത്തെ വീട്ടിലെ വിളിപ്പേരായിരുന്നു ഫൈസൽ. പിന്നീട് അമ്മയുടെ നാടായ അങ്കമാലി പുളിയനത്തേക്ക് താമസം മാറ്റിയതോടെ തമ്മനം ഫൈസൽ എന്നറിയപ്പെട്ടു. തർക്കത്തെ തുടർന്ന് അച്ഛനെ തല്ലിയ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചാണ് 18ാം വയസ്സിൽ തമ്മനം ഫൈസൽ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. കൊച്ചി ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് തമ്മനം ഷാജിയുടെ എതിരാളിയായാണ് ഫൈസൽ പിന്നീട് വളർന്നു വന്നത്. മുപ്പതിലേറെ കേസുകളിൽ താൻ പ്രതിയായിരുന്നെന്നും ഇനി മൂന്നോ നാലോ കേസുകൾ മാത്രമേ ബാക്കിയുള്ളൂ എന്നുമാണ് ഫൈസൽ അടുത്തിടെ പറഞ്ഞത്.

താൻ കുറെ വർഷങ്ങളായി ഗുണ്ടാ പരിപാടികൾക്കൊന്നും പോകാറില്ലെന്നും സ്വന്തമായി ടിപ്പറുകളും മാലിന്യം ശേഖരിക്കുന്ന വണ്ടിയും മറ്റ് കുടുംബ ബിസിനസുകളും നോക്കി നടത്തുകയാണ് ചെയ്യുന്നതെന്നാണ് ഫൈസൽ ചില യൂട്യൂബ് അഭിമുഖങ്ങളിൽ അവകാശപ്പെട്ടിരുന്നത്. 2021ൽ മറ്റൊരു ഗുണ്ടാ സംഘത്തിൽപ്പെട്ട ജോണി ആന്റണി എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായ മർദിച്ച കേസാണ് ഫൈസലിനെതിരെ ഏറ്റവുമൊടുവിൽ രജിസ്റ്റർ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ ഫൈസലും സംഘവും തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. തന്നെ വാളുകളുമായി ജോണി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയതിന് പകരം ചോദിച്ചതാണ് ആ സംഭവമെന്ന് ഫൈസൽ പിന്നീട് പറഞ്ഞിട്ടുണ്ട്. കരാട്ടെ അദ്ധ്യാപകൻ കൂടിയാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP