Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ട്വന്റി 20 ലോകകപ്പിനായി ഇന്ത്യൻ സംഘം യുഎസിൽ; ഐപിഎല്ലിന് പിന്നാലെ അവധിക്കാലം ആഘോഷിക്കാൻ ഹാർദിക് പാണ്ഡ്യ വിദേശത്ത്; ലോകകപ്പ് ടീമിനൊപ്പം ചേരാൻ വൈകും; വൈസ് ക്യാപ്റ്റന്റെ പിൻവാങ്ങൽ വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ

ട്വന്റി 20 ലോകകപ്പിനായി ഇന്ത്യൻ സംഘം യുഎസിൽ; ഐപിഎല്ലിന് പിന്നാലെ അവധിക്കാലം ആഘോഷിക്കാൻ ഹാർദിക് പാണ്ഡ്യ വിദേശത്ത്; ലോകകപ്പ് ടീമിനൊപ്പം ചേരാൻ വൈകും; വൈസ് ക്യാപ്റ്റന്റെ പിൻവാങ്ങൽ വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ

സ്പോർട്സ് ഡെസ്ക്

മുംബൈ: മുംബൈ ഇന്ത്യൻസ് നായകനായ ഹാർദ്ദിക് പാണ്ഡ്യയും ഭാര്യയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും തമ്മിലുള്ള വിവാഹ ബന്ധം ഉലയുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാതെ പാണ്ഡ്യ വിദേശ യാത്രയിൽ. ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വൈസ് ക്യാപ്റ്റനായ പാണ്ഡ്യ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ വൈകുമെന്നാണ് പുതിയ വിവരം.

ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം അവധിക്കാലം ആഘോഷിക്കാൻ ഹാർദിക് പാണ്ഡ്യ വിദേശത്തേക്കുപോയിരുന്നു. ഏതു രാജ്യത്തേക്കാണു പാണ്ഡ്യ പോയതെന്നു വ്യക്തമല്ല. ഒരാഴ്ചത്തെ യാത്രയ്ക്കായാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യ വിട്ടതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഒറ്റയ്ക്കാണ് പാണ്ഡ്യയുടെ അവധി ആഘോഷം.

പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇൻസ്റ്റഗ്രാമിൽനിന്ന് പാണ്ഡ്യയുടെ പേര് നടാഷ നീക്കിയതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഇക്കാര്യത്തിൽ പാണ്ഡ്യയോ, നടാഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇൻസ്റ്റഗ്രാമിൽ നടാഷയുടെ പേരിനൊപ്പമുണ്ടായിരുന്ന സർ നെയിം മാറ്റിയതും ഇൻസ്റ്റഗ്രാമിൽ ഹാർദ്ദിക്കിനൊപ്പമുള്ള പഴയ ചിത്രങ്ങൾ നീക്കം ചെയ്തതുമായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം. റെഡ്ഡിറ്റിൽ ഹാർദ്ദിക്-നടാഷ വിവാഹബന്ധം വേർപിരിയുന്നുവെന്ന ആരാധകന്റെ പോസ്റ്റും സമൂഹമാധ്യമങ്ങളിൽ ഇത് ആരാധകർ ഏറ്റെടുത്തതുമെല്ലാം ആഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു.

ഐപിഎൽ മത്സരങ്ങൾ കാണാൻ നടാഷ വരാതിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു റെഡ്ഡിറ്റ് ഉപയോക്താവിന്റെ പോസ്റ്റ്. ഇതിന് പുറമെ സമീപകാലത്തൊന്നും നടാഷ ഹാർദ്ദിക്കിനൊപ്പമുള്ള ഒറ്റ ചിത്രം പോലും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു. നടാഷയുടെ പിറന്നാളിന് പോലും ഹാർദ്ദിക് ആശംസ നേരാതിരുന്നതും ആരാധകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്ന് റെഡ്ഡിറ്റ് ഉപയോക്താവ് വ്യക്തമാക്കുന്നുണ്ട്.

ഈ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് നായകനായി അരങ്ങേറിയ ഹാർദ്ദിക്കിന് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികച്ച പ്രകടനം പുറത്തടെുക്കാനായിരുന്നില്ല. പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണു ഹാർദിക് പാണ്ഡ്യ. ഇന്ത്യൻ ടീമിന്റെ ആദ്യ സംഘം കഴിഞ്ഞ ദിവസം യുഎസിലെത്തിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ള താരങ്ങളാണ് ന്യൂയോർക്കിലെത്തിയത്. വിരാട് കോലി, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങളും യുഎസിലെത്താൻ വൈകും. ഇതോടെ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി ഈ താരങ്ങൾ കളിക്കില്ലെന്നു വ്യക്തമായി.

ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കാണ് കളി. പാക്കിസ്ഥാൻ, യുഎസ്, കാനഡ ടീമുകൾക്കെതിരെയും ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്കു മത്സരങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP