Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി

ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു;  ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി

സ്പോർട്സ് ഡെസ്ക്

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം കൂടി ഏൽപ്പിച്ചു നൽകിയ ബിസിസിഐ നടപടിക്കെതിരെ കടുത്ത വിമർശനം ഉയർത്തി ആരാധകർ. മുംബൈ ഇന്ത്യൻസ് നായകൻ എന്ന നിലയിലും വ്യക്തിഗത പ്രകടനത്തിലും എടുത്ത പറയത്തക്ക ഒരു ഇന്നിങ്‌സ് പോലുമില്ലാതെയാണ് ഹാർദിക് ടീമിൽ ഇടംപിടിച്ചത്. സീസണിൽ മികച്ച സ്‌ട്രൈക്ക് റേറ്റിൽ ബാറ്റിങ് മികവ് പുറത്തെടുത്ത സീനിയർ താരം കെ എൽ രാഹുലിനും ഫിനിഷർ എന്ന നിലയിൽ ഇന്ത്യക്കായി അഫ്ഗാനിസ്ഥാന് എതിരായ അവസാന ട്വന്റി 20 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച റിങ്കു സിംഗിനും അവസരം നിഷേധിച്ചപ്പോഴാണ് ഐപിഎല്ലിൽ ദയനീയ പ്രകടനം കാഴ്ചവച്ച ഹാർദികിന് കൈനിറയെ ബിസിസിഐയുടെ സമ്മാനം.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായുള്ള വരവിൽ ഓപ്പണിങ് ബൗളറായും ഡത്ത് ഓവറുകളിലും പന്തെറിഞ്ഞ് എതിരാളികളുടെ പ്രിയപ്പെട്ട ചെണ്ടയായി മാറുകയും ബാറ്റിങ്ങിൽ വളരെ ദയനീയമായ പ്രകടനം മാത്രം കാഴ്ച വയ്ക്കുകയും ചെയ്ത പാണ്ഡ്യ ലോകകപ്പ് ടീമിൽ ഇടംപിടിച്ചത് തന്നെ വലിയ അത്ഭുതമായി മാറുമ്പോഴാണ് വൈസ് ക്യാപ്റ്റൻ സ്ഥാനം കൂടി ബിസിസിഐ ഏൽപ്പിച്ചു നൽകുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ പാണ്ഡ്യയ്ക്ക് ഈ സീസണിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും എടുത്തു പറയത്തക്ക മികച്ച പ്രകടനമൊന്നുമില്ല. ഓൾ റൗണ്ടറായി തിളങ്ങാനാകാത്ത പാണ്ഡ്യ ലോകകപ്പ് കളിക്കില്ലെന്നു വരെ ഇടയ്ക്ക് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ പാണ്ഡ്യയുടെ കഴിവിൽ പൂർണ വിശ്വാസമുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ബിസിസിഐ വൈസ് ക്യാപ്റ്റൻ സ്ഥാനം കൂടി താരത്തിനു നൽകിയത്.

മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ അടക്കം പ്രമുഖർ പ്രഖ്യാപിച്ച സാധ്യതാ ടീമുകളിൽ പലതിലും ഇടം പിടിക്കാതിരുന്ന ഹാർദിക് പാണ്ഡ്യ എങ്ങനെ സിലക്ടർമാരുടെ വിശ്വാസം കാത്തുവെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ താരം ഒരു രാജ്യാന്തര മത്സരമോ, ആഭ്യന്തര മത്സരമോ കളിക്കാതെ, ഐപിഎല്ലിൽ ദയനീയ പ്രകടനം കാഴ്ചവച്ചിട്ടും വൈസ് ക്യാപ്റ്റൻ സ്ഥാനത്തോടെ ഇന്ത്യൻ ടീമിൽ എത്തിയതിന് പിന്നിൽ മുംബൈ ഇന്ത്യൻസ് അധികൃതരുടെ ഇടപെടലുണ്ടെന്ന സംശയമാണ് ആരാധകർ ഉന്നയിക്കുന്നത്.

2022 ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ തോൽവിക്കു പിന്നാലെ ഏറെക്കാലം രോഹിത് ശർമ ട്വന്റി20 ടീമിനെ നയിച്ചിരുന്നില്ല. രോഹിത് ശർമയും വിരാട് കോലിയും ട്വന്റി20യിൽനിന്ന് നീണ്ട അവധിയെടുത്തതോടെ ഹാർദിക് പാണ്ഡ്യയായിരുന്നു ഏതാനും മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. പിന്നീട് ജസ്പ്രീത് ബുമ്രയും സൂര്യകുമാർ യാദവും ട്വന്റി 20 ടീമിനെ നയിക്കുകയും മികച്ച വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്തു. സീനിയർ താരമായ ജസ്പ്രീത് ബുമ്ര അടക്കം ടീമിൽ ഉണ്ടെന്നിരിക്കെ ഹാർദികിന് ഉപനായക സ്ഥാനം ഏൽപ്പിച്ചു നൽകുക വഴി ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്തേക്ക് ഹാർദികിന് കൂടുതൽ പരിഗണന കിട്ടുമെന്നതാണ് ആരാധകരെ അതൃപ്തരാക്കുന്നത്.

രോഹിത് ശർമ തന്നെ ട്വന്റി20 ലോകകപ്പ് ക്യാപ്റ്റനാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഹാർദികിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകി മുംബൈ ഇന്ത്യൻസ് അധികൃതരെ തൃപ്തിപ്പെടുത്താനാണ് ബിസിസിഐ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ഇന്ത്യൻ ടീമിന്റെ താക്കോൽ സ്ഥാനങ്ങളിൽ മുംബൈ ഇന്ത്യൻ താരങ്ങളെ ഇരുത്താനുള്ള നീക്കങ്ങൾക്കെതിരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനിടെയാണ് ഹാർദിക് പാണ്ഡ്യയ്ക്കു കാലിനു പരുക്കേറ്റത്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ പാണ്ഡ്യയ്ക്കു ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായി. ഐപിഎല്ലിലാണ് പാണ്ഡ്യ പിന്നീടു കളിക്കാനിറങ്ങുന്നത്. തിരിച്ചുവരവിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തെങ്കിലും പ്രതീക്ഷിച്ച ഫലമല്ല തുടക്കത്തിൽ ലഭിച്ചത്.

തുടർച്ചയായി മുംബൈ ഇന്ത്യൻസ് തോൽവി വഴങ്ങിയതോടെ പാണ്ഡ്യയ്‌ക്കെതിരെ ആരാധക വിമർശനം ശക്തമായി. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽവച്ചുപോലും പാണ്ഡ്യയ്ക്ക് മുംബൈ ഇന്ത്യൻസ് ആരാധകരുടെ കൂക്കിവിളി നേരിടേണ്ടിവന്നു. ഐപിഎല്ലിൽ ഒമ്പതു മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈയ്ക്ക് ഇതുവരെ മൂന്നു വിജയം മാത്രമാണു നേടാൻ സാധിച്ചത്. ആറു തോൽവികളുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഉള്ളത്.

പരുക്കേറ്റ താരങ്ങൾ തിരിച്ചുവരുന്നതിന്റെ ഭാഗമായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബിസിസിഐ കർശന നിർദ്ദേശം വച്ചിരുന്നു. രഞ്ജി ട്രോഫിയിൽനിന്നു വിട്ടുനിന്നതിനു പിന്നാലെ യുവതാരം ഇഷാൻ കിഷനെ ബിസിസിഐ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഫോം കണ്ടെത്താനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ പാണ്ഡ്യയും തയാറായിരുന്നില്ല. നേരിട്ട് ഐപിഎല്ലിൽ ഇറങ്ങുന്നതിനായി സ്വന്തം നിലയിൽ പരിശീലിക്കുകയാണു പാണ്ഡ്യ ചെയ്തത്. പാണ്ഡ്യയ്‌ക്കെതിരെ നടപടി വേണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ അടക്കം വാദിച്ചെങ്കിലും ബിസിസിഐ അതിനു തയാറായില്ല. വൈസ് ക്യാപ്റ്റനായതോടെ പാണ്ഡ്യ ഓൾറൗണ്ടറായി ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ഇറങ്ങുമെന്ന് ഉറപ്പാണ്.

ഇതോടെ 15 അംഗ ടീമിലുണ്ടെങ്കിലും ശിവം ദുബെ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും കളിക്കാൻ അവസരം ലഭിച്ചേക്കില്ല. പാണ്ഡ്യ തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന ഓൾറൗണ്ടർ. ഐപിഎല്ലിൽ പാണ്ഡ്യയേക്കാളും ഫോമിലുള്ള താരമാണ് ശിവം ദുബെ. ഒൻപതു മത്സരങ്ങളിൽ മൂന്ന് അർധ സെഞ്ചറികൾ അടക്കം 350 റൺസുമായി ഒൻപതാം സ്ഥാനത്താണ് ശിവം ദുബെയുടെ സ്ഥാനം. 197 റൺസെടുത്ത പാണ്ഡ്യ റൺവേട്ടക്കാരിൽ 39ാം സ്ഥാനത്താണ്.

ഐപിഎല്ലിൽ ബോളിങ്ങിലും കാര്യമായി തിളങ്ങാൻ പാണ്ഡ്യയ്ക്കു സാധിച്ചിരുന്നില്ല. ഇതുവരെ 19 ഓവറുകളാണ് പാണ്ഡ്യ 2024 ഐപിഎൽ സീസണിൽ എറിഞ്ഞത്. 227 റൺസ് വഴങ്ങിയപ്പോൾ ആകെ നേടിയത് നാലു വിക്കറ്റുകൾ മാത്രം. പല മത്സരങ്ങളിലും നാല് ഓവറുകൾ പൂർത്തിയാക്കാൻ താരം തയാറായിരുന്നില്ല. ഐപിഎല്ലിൽ ശിവം ദുബെയെ ബോളറെന്ന നിലയിൽ ചെന്നൈ സൂപ്പർ കിങ്‌സ് അധികം ഉപയോഗിച്ചിട്ടില്ല. ഇംപാക്ട് പ്ലേയറായി ഇറങ്ങുന്ന താരം ബാറ്റിങ്ങിൽ കഴിവു തെളിയിച്ചിരുന്നു.

ഇന്ത്യൻ ടീം പ്രഖ്യാപനത്തിൽ ആരാധകരെ ഏറ്റവും നിരാശപ്പെടുത്തിയ മറ്റൊരു കാര്യം റിങ്കു സിംഗിനെ ഒഴിവാക്കിയതാണ്. ദേശീയ ടീമിൽ അവസരം ലഭിച്ചപ്പോഴെല്ലാം ഗംഭീര പുറത്തെടുത്ത താരമാണ് റിങ്കു. എന്നാൽ ഐപിഎല്ലിലേക്ക് വന്നപ്പോൾ റിങ്കുവിന് സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശാൻ സാധിച്ചില്ല. അതിനുമാത്രം അവസരവും താരത്തിന് ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ത്യക്കായി 11 ഇന്നിങ്സിൽ 356 റൺസാണ് ട്വന്റി 20 റിങ്കുവിന്റെ സമ്പാദ്യം. 89 ആവറേജ്. 176 സ്ട്രൈക്ക് റേറ്റ്. ഇതിൽ ഓസ്ട്രേലിയക്കെതിരെ ഒമ്പത് പന്തിൽ 31 റൺസും ദക്ഷിണാഫ്രിക്കയ്ക്കെതിരെ 39 പന്തിൽ 68 റൺസും നേടി. അതും ദക്ഷിണാഫ്രിക്കൻ പിച്ചിൽ. ഇന്ത്യ അവസാനം കളിച്ച അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി 20യിൽ 22-4 എന്ന നിലയിൽ ക്രീസിലെത്തി 39 ബോളിൽ 69 റൺസുമായി റിങ്കു പുറത്താവാതെ നിന്നിരുന്നു. നായകൻ രോഹിതിനൊപ്പം റൺമല ഉയർത്താൻ റിങ്കുവിന്റെ ഇ്ന്നിങ്‌സായിരുന്നു നിർണായകമായത്.

റിങ്കുവിനെ ഉൾപ്പെടുത്താൻ ഇടമുണ്ടായിരുന്നുവെന്നാണ് ആരാധകരുടെ വാദം. അവർ നിരത്തുന്ന കാരണങ്ങളിങ്ങനെ. നാല് സ്പിന്നർമാരാണ് ടീമിൽ. ഇതിൽ രവീന്ദ്ര ജഡേജയും അകസർ പട്ടേലും ഓൾറൗണ്ടർമാർ. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി യൂസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും. അക്സറിനേയും ജഡേജയേയും ഒരുമിച്ച് ടീമിലെടുക്കണമായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. അവരിൽ ഒരാൾക്ക് പകരം റിങ്കു ടീമിൽ വരണമായിരുന്നു എന്നാണ് വാദം.

എന്തായാലും അതുണ്ടായില്ല. ഇനി എങ്ങനെയാണ് റിങ്കു പുറത്തായതെന്ന് നോക്കാം. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ശിവം ദുബെ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ താരം ടീമിൽ സ്ഥാനമുറപ്പിച്ചിരുന്നു. റിങ്കുവിനെ മറികടക്കുന്ന രീതിയിലായിരുന്നു ദുബെയുടെ പ്രകടനം. ഇതോടെ മത്സരം ഹാർദിക്കും റിങ്കുവും തമ്മിലായി. എന്നാൽ സെലകറ്റർമാർക്ക് ഹാർദിക്കിനെ തിരഞ്ഞെടുക്കേണ്ടിവന്നു. ഓൾറൗണ്ടറെന്ന പരിഗണന നൽകിയാണ് ഹാർദിക്കിനെ എത്തിക്കുന്നത്.

രാഹുലും പുറത്ത്

രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ സീനിയർ താരങ്ങൾ ട്വന്റി20 ടീമിലെത്തിയപ്പോൾ കെ.എൽ. രാഹുലിനെ ബിസിസിഐ ഒഴിവാക്കി. കോലിക്കും രോഹിത്തിനുമൊപ്പം യുവതാരം യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് എന്നിവരുമുള്ളപ്പോൾ രാഹുലിനെ കളിപ്പിക്കാൻ ഇടമില്ലെന്നതാണു പ്രധാന പ്രശ്‌നം. ഐപിഎൽ സീസണിലെ റൺവേട്ടക്കാരിൽ 378 റൺസുമായി രാഹുൽ ഏഴാമതുണ്ട്. എന്നിട്ടും താരത്തെ ബിസിസിഐ മാറ്റിനിർത്തുകയായിരുന്നു. വിക്കറ്റ് കീപ്പറായി ലോകകപ്പ് കളിക്കാമെന്നതായിരുന്നു രാഹുലിന്റെ മുന്നിലുള്ള മറ്റൊരു സാധ്യത. പക്ഷേ തകർപ്പൻ ഫോമിൽ ഋഷഭ് പന്തും സഞ്ജു സാംസണും തിളങ്ങിയതോടെ കീപ്പറുടെ റോളിലും രാഹുലിനെ ആവശ്യമില്ലാതായി.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP