Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

അപായ സന്ദേശം കൈമാറാൻ പോലും പൈലറ്റിന് സാധിച്ചില്ല; ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായി; സാങ്കേതിക വിദ്യയിലെ അഗ്രഗണ്യരായ ഇസ്രയേലിലേക്ക് സംശയം നീളാൻ കാരണങ്ങളേറെ; അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ റഷ്യ

അപായ സന്ദേശം കൈമാറാൻ പോലും പൈലറ്റിന് സാധിച്ചില്ല; ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായി; സാങ്കേതിക വിദ്യയിലെ അഗ്രഗണ്യരായ ഇസ്രയേലിലേക്ക് സംശയം നീളാൻ കാരണങ്ങളേറെ; അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ റഷ്യ

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി അടക്കം എട്ടുപേർ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു എന്ന വിധത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ സൈബറിടത്തിൽ അടക്കം ബലപ്പെടുന്നത് അട്ടിമറി തിയറി. സാങ്കേതിര രംഗത്തെ അഗ്രഗണ്യന്മാരായ ഇസ്രയേലിന്റെ പങ്ക് അടക്കം പലരും സംശയിക്കുമ്പോഴും അത് പൂർണമായും ശരിവെക്കാൻ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ഇറാനും അത്തരമൊരു ആരോപണം ഇപ്പോൾ ഉന്നയിച്ചിട്ടില്ല.

എന്നാൽ ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടറിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നയായി വിമാന രംഗത്തെ വിദഗ്ധനായ കെയ്ൽ ബെയ്ലിയെ ഉദ്ധരിച്ച് 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു. അതുകൊണ്ടാകാം അപായ സന്ദേശം പോലും കൈമാറാൻ പൈലറ്റിന് സാധിക്കാതിരുന്നതെന്നും അൽജസീറ ചൂണ്ടിക്കാട്ടുന്നു. പറക്കലിനിടെ കോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായാൽ, പൈലറ്റിന്റെ ആദ്യ ദൗത്യം കോപ്റ്റർ പറത്തുകയെന്നതാണ്. ആശയവിനിമം രണ്ടാമത്തെ പരിഗണനയാണ്. ഈ കേസിൽ ആശയവിനിമമൊന്നും ലഭ്യമല്ല. പൈലറ്റ് കോപ്റ്റർ ലാന്റ് ചെയ്യിക്കാനോ പറത്താനോ വേണ്ടി ശ്രദ്ധ മുഴുവൻ നൽകിയതാകാം കാരണം.

പങ്ക തകർന്നത് പൈലറ്റ് ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോഴോ സാങ്കേതിക തകരാർ മൂലമോ ആകാം. അല്ലെങ്കിൽ പിൻഭാഗത്തെ പങ്ക പ്രവർത്തിക്കാതെ വന്നതും അപകടത്തിലേക്ക് നയിച്ചിരിക്കാം. ചുഴിയിൽപെട്ട പോലെ കോപ്റ്റർ കറങ്ങിയിട്ടുണ്ടെങ്കിൽ പിൻ ഭാഗത്തെ പങ്കയുടെ പ്രവർത്തനം നിലച്ചിട്ടുണ്ടാകും. മോശം കാലാവസ്ഥ, പർവത പ്രദേശത്തിന്റെ സവിശേഷ സ്വഭാവം തുടങ്ങിയവയും അപകടത്തിന് കാരണമാകാം. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമടക്കം എട്ടുപേർ സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിലെ ജുൽഫയിൽ വനമേഖലയിലെ മലമുകളിൽ തകർന്നുവീണതായി തിങ്കളാഴ്ച രാവിലെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

കനത്ത മഞ്ഞിൽ നിയന്ത്രണം നഷ്ടമായ യു.എസ് നിർമ്മിത ബെൽ 212 ഹെലികോപ്ടർ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ഇറാൻ അധികൃതരുടെ വിശദീകരണം. അതേസമയം എട്ടുപേർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഇറാനെ സഹായിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഹെലികോപ്ടർ തകർന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ മോസ്‌കോ തയ്യാറാണെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു പറഞ്ഞു.

റഷ്യയുടെ യഥാർഥ സുഹൃത്തായിരുന്നു ഇബ്രാഹിം റഈസിയെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് അയച്ച അനുശോചന സന്ദേശത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അനുസ്മരിച്ചിരുന്നു. റഷ്യയും തുർക്കിയയും അടക്കമുള്ള രാജ്യങ്ങൾ നൽകിയ സാങ്കേതിക സഹായം ഉപയോഗിച്ചാണ് കാണാതായ ഹെലികോപ്ടർ കണ്ടെത്തിയത്.

ഹെലികോപ്ടർ അപകടം അസ്വാഭാവികമെന്ന അഭ്യൂഹമുയർത്തി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷാവസ്ഥയുള്ള രാഷ്ട്രീയ പശ്ചാത്തലവും ഇസ്രയേലും അസർബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് പലരും സംശയം ഉന്നയിക്കുന്നത്.

ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാൻ കാരണങ്ങളുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് മുൻ അംഗം നിക്ക് ഗ്രിഫിൻ എക്‌സിൽ കുറിച്ചു. ഇറാനും അസർബൈജാനും വർഷങ്ങളായി നല്ല ബന്ധത്തിലായിരുന്നില്ല. സമീപകാലത്താണ് ബന്ധം നന്നാക്കിയത്. ഇറാൻ അസ്വാഭാവികതയിലേക്ക് വിരൽ ചൂണ്ടുന്ന പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാൽ, രാജ്യത്തിനകത്ത് സാധാരണക്കാരുടെ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലെ പ്രതികരണം ദുരൂഹ സാധ്യത തള്ളാതെയാണ്. അതേസമയം, അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രയേൽ അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ഞായറാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപെട്ടത്. തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു.

അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരികെ വരുംവഴിയാണ് അപകടം. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.

അപകടത്തിൽ ഇറാൻ പ്രസിഡന്റിനും വിദേശകാര്യ മന്ത്രിക്കും പുറമേ ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ഫൈ്ലറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും കൊല്ലപ്പെട്ടു.

ഇറാനിൽ രാജ്യത്ത് അഞ്ചുദിവസം ദുഃഖാചരണം പ്രഖ്യാപിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, ഇടക്കാല പ്രസിഡന്റായി വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. ഉപവിദേശകാര്യ മന്ത്രി അലി ബാഖിരി കനിക്ക് വിദേശകാര്യ മന്ത്രിയുടെ താൽക്കാലിക ചുമതല നൽകി. 50 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും. തിങ്കളാഴ്ച രാവിലെ അടിയന്തര മന്ത്രിസഭ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തബ്രീസ് നഗരത്തിലേക്ക് മാറ്റി. റഈസിയുടെ ഭൗതികദേഹം രാജ്യ തലസ്ഥാനത്തെത്തിച്ച് ജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരം നൽകിയശേഷം ജന്മദേശമായ മശ്ഹദിലേക്ക് കൊണ്ടുപോകും. അവിടെയാകും ഖബറടക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP