Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

മദ്യനയ ആരോപണം മന്ത്രി റിയാസിലേക്ക് നീണ്ടതോടെ പ്രതിരോധിക്കാൻ നീക്കം തകൃതി; മദ്യനയം ചർച്ച ചെയ്യാനല്ല യോഗം വിളിച്ചത്; ഇൻഡസ്ട്രി കണക്റ്റിന്റെ ഭാഗമായി നടത്തിയ മീറ്റിന്റെ ഭാഗമെന്ന് ടൂറിസം ഡയറക്ടറുടെ വിശദീകരണം; മറ്റു വകുപ്പുകളിൽ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്നത് തെറ്റായ പ്രചരണമെന്നും വാദം

മദ്യനയ ആരോപണം മന്ത്രി റിയാസിലേക്ക് നീണ്ടതോടെ പ്രതിരോധിക്കാൻ നീക്കം തകൃതി; മദ്യനയം ചർച്ച ചെയ്യാനല്ല യോഗം വിളിച്ചത്; ഇൻഡസ്ട്രി കണക്റ്റിന്റെ ഭാഗമായി നടത്തിയ മീറ്റിന്റെ ഭാഗമെന്ന് ടൂറിസം ഡയറക്ടറുടെ വിശദീകരണം; മറ്റു വകുപ്പുകളിൽ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്നത് തെറ്റായ പ്രചരണമെന്നും വാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യനയ ആരോപണം മന്ത്രി മുഹമ്മദ് റിയാസിലേക്ക് നീണ്ടതോടെ പ്രതിരോധിക്കാൻ നീക്കം സർക്കാർ തലത്തൽ തകൃതി. ഇതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് ഡയറക്ടർ വിശദീകരിച്ചുകൊണ്ട് വാർത്താക്കുറിപ്പ് ഇറക്കിയത്. മദ്യനയം ചർച്ച ചെയ്യാവല്ല യോഗം വിളിച്ചതെന്നാണ് ടൂറിസം ഡയറക്ടർ വിശദീകരിച്ചത്. ടൂറിസം വകുപ്പു വിളിച്ച യോഗത്തിൽ മന്ത്രിയുടെ ഇടപെടൽ ഇല്ലെന്ന വരുത്താനുള്ള ശ്രമവും വലിയ തോതിൽ വ്യക്തമാകുന്നണ്ട്.

ഇൻഡസ്ട്രി കണക്റ്റിന്റെ ഭാഗമായി നടത്തിയ മീറ്റിങ്ങിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പരക്കുന്നതെന്ന് ടൂറിസം ഡയറക്ടർ വ്യക്തമക്കി. ടൂറിസം മേഖലയുടെ വികസനത്തിൽ റിസോർട്ടുകൾ, ഹോട്ടലുകൾ ,ഹൗസ് ബോട്ടുകൾ, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ എന്നിവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ ടൂറിസം മേഖലയിലെ സ്റ്റേക് ഹോൾഡേഴ്‌സിന്റെ പ്രതിനിധികളുടെ മീറ്റിങ്ങുകൾ കൃത്യമായ ഇടവേളകളിൽ ടൂറിസം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വിളിച്ചു ചേർക്കാറുണ്ട്. കേരള ട്രാവൽ മാർട്ട് സൊസൈറ്റി അടക്കമുള്ള ഈ മേഖലയിലെ സംഘടനകൾ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് സ്റ്റേക് ഹോൾഡേഴ്‌സിന്റെ യോഗമാണ് ഈമാസം21ന് വിളിച്ച് ചേർത്തത്. ഇപ്രകാരം യോഗം വിളിച്ചു ചേർത്തത് ബഹുമാനപ്പെട്ട ടൂറിസം മന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് ടൂറിസം ഡയറക്ടർ വ്യക്തമാക്കി..

യോഗത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളിൽ നിന്ന് തന്നെ ഇത് ബാർ ഉടമകളുടെ മാത്രമായതോ ,സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നത് വളരെ വ്യക്തമാണെന്നും ടൂറിസം ഡയറക്ടർ പറഞ്ഞു. വെഡിങ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ ഉയർത്തുന്നതിന് നേരിടുന്ന തടസ്സങ്ങൾ, എം.ഐ.സി.ഇ ടൂറിസത്തിന് നേരിടുന്ന പ്രശ്‌നങ്ങൾ, ദീർഘകാലമായി ടൂറിസം ഇൻഡസ്ട്രി നേരിടുന്ന പ്രശനങ്ങൾ തുടങ്ങിയവയാണ് യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ച വിഷയങ്ങൾ.

ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് നൽകിയിട്ടില്ല. ടൂറിസം വകുപ്പിന്റെ ഡയറക്ടർ എന്ന നിലയിൽ മേഖലയിലെ വിഷയങ്ങൾ പഠിക്കാൻ ഡയറക്ടറുടെ തലത്തിൽ യോഗങ്ങൾ കൂടുന്ന പതിവുണ്ട്. അത്തരം യോഗങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ നടത്തുകയാണ് പതിവ്. അപ്രകാരം ഒരു സ്റ്റേക് ഹോൾഡർ മീറ്റിങ് മാത്രമാണ് 21-ന് കൂടിയിട്ടുള്ളത്. യോഗ നോട്ടീസിൽ വിഷയം ചുരുക്കി പരാമർശിക്കേണ്ടത് ഉള്ളതിനാൽ വിവിധ സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ ഒന്ന് ഉൾപ്പെടുത്തിയിരുന്നു.

ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് മറ്റു വകുപ്പുകളിൽ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്ന തരത്തിൽ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനം ഇല്ല. ഉയർന്നുവന്ന വിഷയങ്ങൾ ടൂറിസം വ്യവസായമായവുമായി ബന്ധപ്പെട്ട സംഘടനകൾ ദീർഘകാലമായി ഉന്നയിച്ചു വരുന്നതാണ്. എന്നാൽ ഇക്കാര്യങ്ങളിൽ ഒരു നിലപാടും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. കൂടാതെ, മദ്യനയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റു വാർത്തകളുമായോ, ചില വ്യക്തികൾ നടത്തിയ പരാമർശങ്ങളുമായോ ടൂറിസം ഡയറക്ടറേറ്റിന് യാതൊരുവിധ ബന്ധവുമുള്ളതല്ലെന്നും ടൂറിസം ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിയാതെ മദ്യനയത്തിൽ യോഗം വിളിക്കുന്ന ഉദ്യോഗസ്ഥരെന്ന വാദവും സർക്കാറിന് തിരിച്ചടിയാണ്. ഇതോടെ ഭരണത്തിൽ നിയന്ത്രണം സർക്കാറില്ലെന്ന വാദമാണ് ഉയരുന്നത്. കേരളത്തിൽ നയിക്കാൻ ആളില്ലെന്നതിന് തെളിവാകുകയാണ് മദ്യനയത്തിലെ ഉദ്യോഗസ്ഥ തല ചർച്ച. മദ്യനയത്തിൽ ടൂറിസം വകുപ്പ് വിളിച്ചു ചേർത്ത യോഗം മന്ത്രിതലത്തിൽ അല്ലെന്ന് വിശദീകരണം. ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകാനുള്ള അഭിപ്രായ സ്വരൂപണ യോഗമാണ് നടന്നത്. മദ്യനയത്തിൽ ടൂറിസം മേഖലയിൽ അഭിപ്രായത്തിനാണ് യോഗം ചേർന്നതെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം.

ബാർകോഴ കേസിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. മെയ് 21ന് മദ്യനയത്തിൽ ടൂറിസം വകുപ്പ് സൂം മീറ്റിങ് നടത്തിയിട്ടുണ്ടെന്നും അതിൽ ബാർ ഉടമകളും പങ്കെടുത്തതായും മീറ്റിങ്ങിന്റെ ലിങ്ക് തന്റെ പക്കലുണ്ടെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ടൂറിസം വകുപ്പ് രംഗത്ത് വരുന്നത്.

ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ചും സമയപരിധി നീട്ടുന്നതിനെക്കുറിച്ചും മെയ് 21ലെ യോഗത്തിൽ ചർച്ചയുണ്ടായി. അതിനെത്തുടർന്നാണ് ബാർ ഉടമകൾ പണപ്പിരിവിനുള്ള നിർദ്ദേശം നൽകുകയും ഇക്കാര്യം ഇടുക്കി ജില്ലാ പ്രസിഡന്റിലൂടെ പുറത്തുവരുകയും ചെയ്തത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. നയരൂപീകരണം രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമാണ്. എന്നാൽ അവർ അറിയാതെ ചീഫ് സെക്രട്ടറി നയത്തിന് രൂപം നൽകാൻ മുന്നിട്ടിറങ്ങിയെന്ന് വേണം പുതിയ വിശദീകരണം ചർച്ചയാക്കുന്നത്. ടൂറിസം മന്ത്രി അറിഞ്ഞുകൊണ്ടല്ല യോഗംവിളിച്ചു ചേർത്തത്.

സാധാരണരീതിയിൽ എല്ലാവർഷവും മദ്യനയവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ ഒരു യോഗം നടക്കാറുണ്ട്. അത് സാധാരണ നടപടിക്രമമെന്നാണ് ടൂറിസം വകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ മുമ്പൊന്നും ഇത്തരം യോഗങ്ങൾ വിളിച്ചതിന് തെളിവുകളുമില്ല. സാധാരണ മദ്യനയത്തിലെ യോഗങ്ങൾ എക്സൈസ് വകുപ്പാണ് വിളിക്കാറുമുള്ളത്. അതീവ ദുരൂഹമായ പലതും കേരളത്തിൽ നടക്കുന്നതിന് തെളിവാണ് ഇതെല്ലാം. സാധാരണ ഇടതു ഭരണമെത്തുമ്പോൾ നയങ്ങളെല്ലാം രാഷ്ട്രീയ തീരുമാനങ്ങളാകുകയാണ് പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP