Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ലൂടെ ചരിത്രം തിരുത്തിയ പായൽ കപാഡിയയും കനിയും കൂട്ടരും; പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം ആദ്യമായി നേടുന്ന ഏഷ്യക്കാരാനായ സന്തോഷ് ശിവൻ; റിഗാർഡ് വിഭാഗത്തിൽ മികച്ച നടിയായ അനസൂയ സെൻഗുപ്ത; 2024 കാൻ ഫെസ്റ്റിവലിൽ ഇന്ത്യക്കാർക്ക് കിട്ടിയ പുരസ്‌ക്കാരങ്ങൾ ഇങ്ങനെ

'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ലൂടെ ചരിത്രം തിരുത്തിയ പായൽ കപാഡിയയും കനിയും കൂട്ടരും; പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം ആദ്യമായി നേടുന്ന ഏഷ്യക്കാരാനായ സന്തോഷ് ശിവൻ; റിഗാർഡ് വിഭാഗത്തിൽ മികച്ച നടിയായ അനസൂയ സെൻഗുപ്ത; 2024 കാൻ ഫെസ്റ്റിവലിൽ ഇന്ത്യക്കാർക്ക് കിട്ടിയ പുരസ്‌ക്കാരങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പാരിസ്: ഇന്ത്യൻ സിനിമയ അതിന്റെ ഏറ്റവും തിളക്കമേറിയ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒന്നും രണ്ടുമല്ല മൂന്ന് സുപ്രധാന പുരസ്‌കാരങ്ങളാണ് വിശ്വവിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ചുവപ്പ് പരവതാനി വിരിച്ച വേദിയിൽ ഇന്ത്യൻ സിനിമ സ്വന്തമാക്കിയത്.

അതിൽ ചില പുരസ്‌കാരം ആദ്യമായി ഏഷ്യയിൽ തന്ന എത്തിക്കുന്നുവെന്ന ഖ്യാതിയും ഇന്ത്യൻ നേട്ടത്തിന് തിളക്കമേറ്റുന്നു. ഗ്രാന്റ് പ്രി് പുരസ്‌കാരം നേടിയ പായൽ കപാഡിയയുടെ ഇന്ത്യൻ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, അൺ സേർട്ടൻ റിഗാഡ് വിഭാഗത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അനസൂയ, സന്തോഷ് ശിവന്റെ പിയർ അജെന്യൂ പുരസ്‌കാരം ഒക്കെത്തന്നെയും ലോക സിനിമാ ഭൂപടത്തിൽ ഇന്ത്യയുടെ പേര് എഴുതിച്ചേർത്തവ തന്നെയാണ്..

ഈ പുരസ്‌കാര ലബ്ദി മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നുണ്ട്. കാരണം സന്തോഷ് ശിവന് പുറമെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്.

ഗ്രാന്റ് പ്രി പുരസ്‌കാരവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും

കാൻ ഫിലിംഫെസ്റ്റിവലിവലിൽ മികച്ച ചിത്രത്തിനുള്ള മത്സരവിഭാഗത്തിൽ രണ്ടാം സ്ഥാനം നേടുന്ന ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് ഗ്രാന്റ് പ്രി. ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പാം ദെ ഓർ പുരസ്‌കാരത്തിലേക്ക് മത്സരിച്ച ഇന്ത്യൻ ചിത്രമാണ് രണ്ടാം സ്ഥാനം നേടി അഭിമാനർഹമായ നേട്ടം സ്വന്തമാക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഈ പുരസ്‌കാരത്തിന് അർഹമാകുന്നത്. 30 വർഷത്തെ ഇന്ത്യൻ സിനിമയുടെ കാത്തിരിപ്പ് കൂടിയാണ് ഇവിടെ സഫലമാകുന്നത്. ഷാജി എൻ. കരുണിന്റെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ സ്വം ആണ് ഇതിന് മുൻപ് ഇന്ത്യയിൽ നിന്ന് കാനിൽ മത്സരിക്കാൻ യോഗ്യത ലഭിച്ച ആദ്യ ചിത്രം.

മുംബൈ നഗരത്തിൽ ജോലി ജോലി ചെയ്യുന്ന രണ്ടു മലയാളി നഴ്സ്മാരാണ് പ്രഭയും അനുവും. വലിയ നഗരത്തിൽ അവർ അനുഭവിക്കുന്ന ഏകാന്തതയുടെയും അവർക്കുണ്ടാവുന്ന ബന്ധങ്ങളുടെയും കഥയാണ് 'ഓൾ വി ഇമാജിൻ ഈസ് ലൈറ്റ്.' 80 ശതമാനവും മലയാളഭാഷയിലുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ഡോക്ടർ മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് ചിത്രത്തിൽ അവതരിപ്പിച്ചത്.

ദയയും ക്രൂരതയും മാറി മാറി വരുന്ന വലിയ നഗര ജീവിതത്തിന്റെ വഴികൾ ഇവർ നിത്യേന താണ്ടുന്നു. ആ പ്രയത്‌നം വലിയ ഒരു വെല്ലുവിളിയായി നിലനിൽക്കുമ്പോൾ തന്നെ ആ സ്ത്രീകൾ മഹാനഗരം തരുന്ന അജ്ഞാതത്വവും സുരക്ഷിതത്വവും ആസ്വദിക്കുന്നതായും കാണാം. ഹൃദു ഹാറൂൺ അവതരിപ്പിക്കുന്ന മുസ്ലിം കഥാപാത്രമായ ഷിസുമായി രഹസ്യ ബന്ധത്തിലാണ് അനു. ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫുകൾക്കിടയിൽ ഇതൊരു' ഗോസിപ്പാണ്; പ്രഭ വിവാഹിതയാണ്, പക്ഷേ ഭർത്താവിന്റെ അവ്യക്തവും നീണ്ടതുമായ അഭാവത്തെ അവൾക്ക് നേരിടേണ്ടി വരുന്നു.

പ്രഭയിലെയും അനുവിലെയും അടിച്ചമർത്തപ്പെട്ട ആഗ്രഹത്തിന്റെ ഉറവിടങ്ങൾ സിനിമ അന്വേഷിക്കുന്നത്, വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും പാരസ്പര്യത്തോടെയാണ്. അനുവിന്റെ സ്വതന്ത്രമായ വഴികളോട് വിയോജിപ്പുള്ള പ്രഭ, പാർവതിക്കൊപ്പം സമയം ചിലവഴിക്കുന്നു. ഛായ കദം എന്ന നടിയാണ് പാർവതിയായി എത്തുന്നു. തന്റെ വീട്ടിൽ താമസിച്ചിരുന്നുവെന്ന് തെളിയിക്കാൻ പേപ്പറുകളില്ലാത്ത, പുറത്താക്കപ്പെടലിന്റെ വക്കിലായ ഒരു വിധവയാണ് പാർവതി. കുടിയേറ്റവും ഇറക്കിവിടലും എന്ന മുംബൈ യാഥാർത്ഥ്യത്തെയും സിനിമ പ്രതിഫലിപ്പിക്കുന്നു.

വെള്ളിയാഴ്ച കാനിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. കാണികൾ എഴുന്നേറ്റുനിന്ന് എട്ടു മിനിറ്റോളമാണ് ചിത്രത്തിന് കൈയടിച്ചത്.'കാവ്യാത്മകം', 'ലോലം', 'ഹൃയദയാവർജകം' എന്നെല്ലാമാണ് കാനിലെ ആദ്യ പ്രദർശനത്തിനുശേഷം ചിത്രത്തിനു ലഭിച്ച വിശേഷണങ്ങൾ. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂർവ വിദ്യാർത്ഥിയായ പായൽ കപാഡിയയുടെ ഡോക്യുമെന്ററി 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങി'ന് 2021-ൽ കാനിലെ 'ഗോൾഡൻ ഐ' പുരസ്‌കാരം ലഭിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യതലമുറ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലനിയുടെ മകളാണ് പായൽ. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യൻ കമ്പനികളായ ചോക്ക് ആൻഡ് ചീസും അനദർ ബെർത്തും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.'ബാർബി' സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെർവിഗ് അധ്യക്ഷയായ ജൂറിയാണ് മത്സരവിഭാഗം ചിത്രങ്ങൾ വിലയിരുത്തിയത്.

പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം ആദ്യമായി നേടുന്ന ഏഷ്യക്കാരാനായി സന്തോഷ് ശിവൻ

ലോക സിനിമയിലെ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകി വരുന്ന ബഹുമതിയാണ് കാൻ ഫിലിംഫെസ്റ്റിവലിലെ പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം.സിനിമറ്റോഗ്രഫിയിൽ വിപ്ലവം കൊണ്ടുവന്ന സൂം ലെൻസ് വികസിപ്പിച്ച പ്രതിഭയായ പിയർ ആഞ്ജിനൊയുടെ പേരിലുള്ളതാണ് ഈ പുരസ്‌കാരം.ഛായാഗ്രഹണരംഗത്തെ അനുപമമായ സംഭാവനയ്ക്ക് 2013 മുതലാണ് ഈ പുരസ്‌കാരം നൽകി വരുന്നത്.സൂം ലെൻസുകളുടെ നിർമ്മാതാക്കളായ അജെന്യൂ കാൻ ചലച്ചിത്രോത്സവവുമായി സഹകരിച്ചാണ് പുരസ്‌കാരം നൽകുന്നത്.

ഛായാഗ്രഹണരംഗത്തെ ഇതിഹാസങ്ങളായ എഡ്വേഡ് ലാച്മാൻ, ആഗ്നസ് ഗൊദാർദ്, റോജർ ഡീകിൻസ് തുടങ്ങിയവർക്കാണ് മുമ്പ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ഈ പുരസ്‌കാരം ഇന്ത്യയിലേക്ക് എന്നതിന് പുറമെ ഏഷ്യയിലേക്ക് തന്നെ ആദ്യമായി എത്തുന്നത് സന്തോഷ് ശിവനിലൂടെയാണ് അതുകൊണ്ട് തന്നെ ഈ പുരസ്‌കാര ലബ്ദിക്ക് തിളക്കമേറുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ച സന്തോഷ് ശിവൻ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച അഭിമാന മുഹൂർത്തങ്ങൾ അനവധിയാണ്. 12 ദേശീയ പുരസ്‌കാരങ്ങളും നാലു കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്നു തമിഴ് നാട് സംസ്ഥാന പുരസ്‌കാരങ്ങളും സന്തോഷ് ശിവൻ നേടിയിട്ടുണ്ട്. മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലും ഹോളിവുഡ്ഡിലും താരശോഭയോടെ തിളങ്ങാൻ സന്തോഷിനു കഴിഞ്ഞിട്ടുണ്ട്.

ഏഷ്യാ പസഫിക് റീജിയണിൽ നിന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്‌സിൽ ആദ്യമായി അംഗത്വം ലഭിച്ചതും സന്തോഷിനായിരുന്നു. 1980കളിൽ ചലച്ചിത്ര രംഗത്തെത്തിയ അദ്ദേഹം 55 ഫീച്ചർ സിനിമകളുടെയുംം ഒട്ടേറെ ഡോക്യുമെന്ററികളുടെയും ഛായാഗ്രാഹകനാണ്. പ്രസ്സ് ഫോട്ടോഗ്രാഫിയിലെ കുലപതിയും ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റെ മകനായ സന്തോഷ് അച്ഛന്റെ പാതയിൽ തുടങ്ങി ഉജ്ജ്വലമായ ഈ നേട്ടത്തിലെത്തിയത് പ്രൊഫഷനോട് കാട്ടിയ അർപ്പണബോധവും ആത്മാർത്ഥതയുമാലാണ്.

കാൻ ചലച്ചിത്രോത്സവത്തിലെ തിളക്കമാർന്ന വേദിയിൽ സന്തോഷ് ശിവന്റെ പേര് ആലേഖനം ചെയ്തലെൻസുകളുടെ സെറ്റാണ് പിയർ ആഞ്ചനിയോ ബഹുമതിയായി നൽകിയത്.പിയർ ആഞ്ചനിയോ ബഹുമതി സ്വീകരിച്ച് സന്തോഷ് ശിവൻ നൽകിയ മറുപടി താൻ വന്ന വഴികളെ ഓർക്കുന്നതും വേരുകൾ മറക്കാത്തതുമായിരുന്നു..അടുത്തിടെ വിടപറഞ്ഞ ജ്യേഷ്ഠ സഹോദരൻ സംഗീത് ശിവനെയും പുരസ്‌കാര വേദിയിൽ സന്തോഷ് ശിവൻ അനുസ്മരിച്ചു.

' എന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമാണിത്. കാൻ ചലച്ചിത്രോത്സവത്തിൽ ഇങ്ങനെയൊരു വേദിയിൽ ആദരിക്കപ്പെടുന്നത് വിസ്മയകരമാണ്.എന്നെക്കുറിച്ച് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. എന്റെ അച്ഛനും അമ്മയും മുത്തശ്ശിയും അടുത്തിടെ വിടപറഞ്ഞ സഹോദരനും ഈ അഭിമാന നിമിഷത്തിൽ ചിരിതൂകുന്നുണ്ടാകാം.കേരളത്തിന്റെ പ്രകൃതിയും സംസ്‌ക്കാരവും മുത്തശ്ശിയിൽ നിന്നും അച്ഛനിൽ നിന്നും പകർന്നു കിട്ടി.അത് വലിയ ഊർജ്ജമായിരുന്നു. ഞാൻ ഒരു മോശം ഭർത്താവാണ്.കാരണം എപ്പോഴും സിനിമാ ചിത്രീകരണത്തിലാകും.എന്നാൽ എന്റെ ഭാര്യ ദീപയും മകൻ സർവ്വജിത്തും ഇവിടെ എത്തിയിട്ടുണ്ടെന്നത് ആനന്ദകരമാണ്. സിനിമയുടെ അടിസ്ഥാന പാഠങ്ങൾ പഠിക്കാൻ അവസരം നൽകിയ മലയാളം ഫിലിം ഇൻഡസ്ട്രിയെ ഓർക്കുന്നു.മലയാളത്തിൽ തുടങ്ങി തമിഴിലൂടെ ഹിന്ദിയിലും അവിടെ നിന്ന് ഹോളിവുഡ്ഢിലും എത്തി. ഈ അംഗീകാരം വലിയ ബഹുമതിയാണ്.ആഞ്ചനിയോ കുടുംബത്തിനും നന്ദി പറയുന്നു.'- സന്തോഷ് ശിവൻ പറഞ്ഞുവെക്കുന്നു.

അച്ഛൻ നൽകിയ ആത്മവിശ്വാസം എത്തിച്ചത് കാനിലെ മികച്ച നായിക പുരസ്‌കാരത്തിൽ

കാനിലെ അൺ സെർട്ടൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ഇന്ത്യയിലെത്തിച്ച് തന്റെ പേര് സുവർണ്ണലിപികളിൽ അടയാളപ്പെടുത്തുകയാണ് ഇന്ത്യൻ നടി അനസൂയ സെൻഗുപ്ത. ബൾഗേറിയൻ സംവിധായിക കോൺസ്റ്റാന്റിൻ ബൊജനോവിന്റെ 'ഷെയിംലെസ്സ്' ചിത്രത്തിലെ അഭിനയത്തിനാണ് അനസൂയ സെൻഗുപ്ത മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്.ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് അനസൂയ'

പ്രധാന മത്സരവിഭാഗത്തിലുൾപ്പെടെ ഇത്തവണത്തെ കാൻ മേളയിലെ ഗംഭീരപ്രാതിനിധ്യം കൊണ്ടു രാജ്യാന്തരശ്രദ്ധ കവർന്നി ഇന്ത്യയ്ക്ക് എടുത്തുപറയാവുന്ന നേട്ടമാണ് കൊൽക്കത്തക്കാരിയായ അനസൂയയുടേത്.ആഖ്യാനശൈലിയുടെ പുതുമയും വേറിട്ട വഴിയും കൊണ്ടു ശ്രദ്ധേയമാകുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള കാനിലെ സമാന്തര മത്സരവിഭാഗമാണ് 'അ സേറ്റെൻ റിഗാ'.

കൊൽക്കത്തയിൽ ജനിച്ചുവളർന്ന അനസൂയ ജാദവ്പുർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.2009-ൽ അഞ്ജൻ ദത്തയുടെ മാഡ്‌ലി ബാംഗ്ലീ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം അനസൂയയെ തേടിയെത്തി. ആ സിനിമയിൽ സഹനടിയായി വെള്ളിത്തിരയിൽ അരങ്ങേറി.ഇതോടെ തുടർ പഠനമോഹം ഉപേക്ഷിച്ച് സിനിമയുടെ പിറകെയായി മുംബൈയിലെത്തി.നടിയായാണ് അരങ്ങേറിയെതെങ്കിലും അവരുടെ താൽപ്പര്യം പ്രൊഡക്ഷൻ ഡിസൈനോടായിരുന്നു. 2016-ൽ പുറത്തിറങ്ങിയ സഞ്ജീവ് ശർമയുടെ സാത് ഉചാകെ,ശ്രീജിത് മുഖർജിയുടെ ഫോർഗെറ്റ് മി നോട്ട്, 2021-ൽ പുറത്തിറങ്ങിയ നെറ്റ്ഫിള്ക്‌സ് ആന്തോളജിയായ റേ എന്നിവയിലെല്ലാം പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തു.

എന്നാൽ ജോലിരംഗത്തുൾപ്പടെയുണ്ടായ പ്രതിസന്ധികൾ അനസൂയയെ തളർത്തി.മാനസികാരോഗ്യം പോലും നഷ്ടപ്പെട്ട് ആളുകളിൽ നിന്ന് അകന്ന് കഴിയുന്ന അവസ്ഥവരെ എത്തി.ഇതോടെ മുംബൈ വിട്ട് ഗോവയിലേക്ക് താമസം മാറാൻ തീരുമാനിച്ചുവെങ്കിലും കരിയറിനെക്കുറിച്ചുള്ള ആശങ്ക അവിടെയും അവരെ ആശയക്കുഴപ്പത്തിലാക്കി.അപ്പോൾ അച്ഛൻ നൽകിയ പിന്തുണയാണ് അനുസൂയയുടെ ജീവിതത്തിൽ നിർണ്ണായകമായത്.

അന്ന് അവരുടെ കൈ പിടിച്ച് അച്ഛൻ ചോദിച്ചത് ഇങ്ങനെയാണ് ' ഇതിൽ കൂടുതൽ ഇനി എന്ത് സംഭവിക്കാനാണ്?.ഈ ചോദ്യത്തോടെ എല്ലാം പരിഹരിക്കപ്പെട്ടുവെന്നും ഗോവയിലേക്ക് യാത്ര തിരിച്ചെന്നും അനസൂയ പറഞ്ഞിട്ടുണ്ട്.ഗോവയിൽ മറ്റൊരു ജീവിതമാണ്
അനസൂയയെ കാത്തിരുന്നത്.ജീവിക്കാനുള്ള വഴി കണ്ടെത്താൻ തന്റെ പെയ്ന്റിങ്ങുകൾ പ്രിന്റ് ചെയ്ത് അത് കലണ്ടർ രൂപത്തിലാക്കി അത് സോഷ്യൽ മീഡിയയിലൂടെ വിൽപനയ്ക്കുവെച്ചു.

കലണ്ടർ വാങ്ങാനെത്തിയ യഷ്ദീപ് എന്ന യുവാവ് അനസൂയയുടെ ജീവിത്തിൽ നിർണ്ണായക സ്വാധീനമാവുകയും അ ബന്ധം വിവാഹത്തോളം വളരുകയും ചെയ്തു.പിന്നാലെയാണ് ഫേസ്‌ബുക്ക് ഫ്രണ്ടുകൂടിയായിരുന്ന'ദി ഷെയിംലെസി'ന്റെ സംവിധായകനായ ബൾഗേറിയക്കാരൻ കോൺസ്റ്റന്റെയ്ൻ ബൊചനോവിന്റെ മെസ്സേജ് അനസൂയയെ തേടിയെത്തിയത്.താൻ ഒരു പുതിയ സിനിമയെടുക്കുന്നുണ്ടെന്നും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കണമെന്നുമായിരുന്നു മെസ്സേജിലുണ്ടായിരുന്നത്.ആദ്യം മടിച്ചെങ്കിലും യഷ്ദീപിന്റെ നിർബന്ധം കൂടിയായതോടെ അനസൂയ 'ദി ഷെയിംലെസ്സിൽ' രേണുകയായി.

ക്വീർ സമൂഹത്തെ പിന്തുണയ്ക്കുന്ന ചിത്രം രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് പറയുന്നത്. ഡൽഹിയിലെ ഒരു വേശ്യാലയത്തിൽ നിന്ന് ഒരു പൊലീസുകാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെടുന്ന രേണുക, ദേവിക എന്ന കൗമാരക്കാരിയെ കണ്ടുമുട്ടുന്നതാണ് ചിത്രം പറയുന്നത്. ഇരുവരും പിന്നീട് പ്രണയത്തിലാകുന്നു. ഒമാര ഷെട്ടിയാണ് ദേവികയായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ട് മാസം നേപ്പാളിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

ഇവിടെയും തീരുന്നില്ല കാനിലെ ഇത്തവണത്തെ ഇന്ത്യൻ സിനിമകളുടെ തേരോട്ടം.'ലാ സിനിഫ്' വിഭാഗത്തിൽ ചിദാനന്ദ എസ് നായിക്കിന്റെ 'സൺഫ്ലവേർസ് വേർ ദി ഫസ്റ്റ് ടോ നോ,' മാൻസി മഹേശ്വരിയുടെ 'ബണ്ണിഹുഡ്' എന്നീ ചിത്രങ്ങൾ ഒന്നും മൂന്നും സമ്മാനങ്ങൾ നേടി.

ലോകനിലവാരത്തിലുള്ള സിനിമകൾ ഇന്ത്യയിൽ നിന്നുണ്ടാകുന്നുണ്ടെങ്കിലും അവയൊന്നും തന്നെ ആഗോളതലത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ എത്തിപ്പെടുകയോ ചെയ്യുന്നില്ലെന്നതിന്റെ തെളിവാണ് കാൻ പോലുള്ള ഫെസ്റ്റിവലുകളിലേക്ക് ഒരു ഇന്ത്യൻ ചിത്രം എത്തിപ്പെടാൻ ഇത്രയേറെ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നത്. 77ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ തന്റെ ആദ്യ ഫീച്ചറായ 'ഓൾ വി ഇമാജിൻ അസ് ലൈറ്റി'ന്റെ അഭിമാനകരമായ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയതിനു ശേഷം സംവിധായിക പായൽ കപാഡിയയുടെ ''ഞങ്ങളുടെ സിനിമ ഇവിടെ എത്തിച്ചതിന് കാൻസ് ഫിലിം ഫെസ്റ്റിവലിന് വളരെ നന്ദി. മറ്റൊരു ഇന്ത്യൻ സിനിമ എത്തിക്കാൻ ദയവായി ഇനി അടുത്ത 30 വർഷം കാത്തിരിക്കരുത് എന്ന വാക്കുകൾ ശ്രദ്ധേയമാകുന്നതും ഇതുകൊണ്ട് കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP