Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

മുണ്ടുടുത്ത് റെഡ് കാർപ്പറ്റിലെത്തിയ ഷാജി എൻ കരുൺ; തണ്ണിമത്തൻ പ്രതിരോധത്തിലൂടെ താരമായ കനി കുസൃതി; ഹിറ്റ്ലറുടെ അനീതിക്കെതിരെ പ്രതികരിച്ച് തുടങ്ങിയ മേള; സെക്സ് ടൂറിസത്തിന്റെയും കള്ളപ്പണത്തിന്റെയും പേരിൽ കുപ്രസിദ്ധി; വിവാദമൊഴിയാത്ത കാൻ ഫെസ്റ്റിവലിന്റെ കഥ

മുണ്ടുടുത്ത് റെഡ് കാർപ്പറ്റിലെത്തിയ ഷാജി എൻ കരുൺ; തണ്ണിമത്തൻ പ്രതിരോധത്തിലൂടെ താരമായ കനി കുസൃതി; ഹിറ്റ്ലറുടെ അനീതിക്കെതിരെ പ്രതികരിച്ച് തുടങ്ങിയ മേള; സെക്സ് ടൂറിസത്തിന്റെയും കള്ളപ്പണത്തിന്റെയും പേരിൽ കുപ്രസിദ്ധി; വിവാദമൊഴിയാത്ത കാൻ ഫെസ്റ്റിവലിന്റെ കഥ

എം റിജു

ലോകവ്യാപകമായി കലാമുല്യമുള്ള സിനിമകളെ സ്നേഹിക്കുന്നവർ, ഒരു ദിവസമെങ്കിലും എത്താൻ കൊതിക്കുന്ന ഒരു ചലച്ചിത്രമേളയുണ്ട്. വേൾഡ് ക്യാപിറ്റൽ ഓഫ് ആർട്ട്ഫുൾ മൂവീസ് എന്ന പേര് ഒരേ ഒരു ഫിലിം ഫെസ്റ്റിവലിനെയുള്ളൂ. കൊമേർഷ്യൽ സിനിമക്കാർക്ക് ഓസ്‌ക്കാറിന് സമാനമാണ്, കലാമൂല്യമുള്ള സിനിമകൾ എടുക്കുന്നവർക്ക് ഈ മേളയിലേക്കുള്ള ക്ഷണം. അതാണ് ഫ്രാൻസിലെ കാൻ നഗരത്തിലെ ഫിലിംഫെസ്റ്റിവൽ!

1939-ൽ ആരംഭിച്ച, കാൻ ചലച്ചിത്രോത്സവം ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണ്്. നിരവധി സിനിമാ മുന്നേറ്റങ്ങൾ ഏറെ നടന്നിട്ടുള്ള ഫ്രാൻസിലെ കാൻ എന്ന കടലോര പട്ടണത്തിൽ, എല്ലാ വർഷവും മെയ്‌ മാസമാണ് മേള നടക്കുക. ലോകമെമ്പാടും നിന്നുള്ള മികച്ച സിനിമകളും സിനിമാ പ്രവർത്തകരും പങ്കെടുക്കുന്ന ഈ മേള, മത്സര വിഭാഗം, ഡയറക്ടർസ് ഫോർട്ട്‌നൈറ്റ്, ക്രിട്ടിക്സ് വീക്ക് എന്നീ മൂന്നു പ്രധാന വിഭാഗങ്ങൾ ചേർന്നതാണ്. മൂന്നിനും ഔദ്യോഗിക തെരഞ്ഞെടുപ്പുകളും പുരസ്‌കാരങ്ങളുമുണ്ട്.

ഒരു വർഷത്തെ സിനിമാ മികവുകൾ മാറ്റുരയ്ക്കുന്ന വേദിയായ കാൻ പല ചലച്ചിത്രോത്സവങ്ങളുടെയും റഫറൻസ് പോയിന്റ് ആവുക വഴി അന്താരാഷ്ട്ര സിനിമാ വിപണിയേയും വലിയ രീതിയിൽ സ്വാധീനിക്കുന്നു. എല്ലാ കൊല്ലവും കാൻ മേളയിൽനിന്ന് അവാർഡ് ലഭിച്ചതിന് പോവട്ടെ പ്രദർശിപ്പിച്ച സിനിമക്കായി ലോകം കാത്തിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ താരങ്ങൾക്ക് വലിയ പ്രാതിനിധ്യമാണ് കാൻ ഫിലിം ഫെസ്റ്റ്ിവലിൽ ലഭിക്കുന്നത്. നിരവധി ബോളിവുഡ് താരങ്ങളുടെ റെഡ് കാർപ്പറ്റ് ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി വൈറലാകുന്നത്. ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ പല തവണയായി കാൻ ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ ഇടം പിടിച്ചിരുന്നു. രണ്ടുവർഷം മുമ്പ്, മേളയുടെ ജൂറി അംഗമായി നടി ദീപിക പദുക്കോൺ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണയിതാ കാൻ മേളയിൽ മലയാളത്തിത്തിളക്കവുമുണ്ട്. ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മുപ്പത് വർഷങ്ങൾക്ക് മുൻപാണ് ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'സ്വം' തെരെഞ്ഞെടുക്കപ്പെടുന്നത്. അതിനു അതിനു ശേഷം ഇപ്പോൾ ഒരു ഇന്ത്യൻ ചിത്രം കോമ്പപറ്റീഷൻ വിഭാഗത്തിലെത്തിയിരിക്കയാണ്. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രമാണിത്. അതിന്റെ പ്രമോഷനായി, തണ്ണിമത്തൻ ക്ലച്ചുമായി, കാനിന്റെ വിഖ്യാതമായ റെഡ് കാർപ്പറ്റിലെത്തിയ നമ്മുടെ നടി കനി കുസൃതി ആഗോള മാധ്യമങ്ങളിലും വാർത്തയായി.

പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി കാൻ ഫെസ്റ്റിവൽ നിരന്തമായ വിമർശനത്തിനും വിധേയമായിട്ടുണ്ട്. സിനിമയെ പിന്തള്ളി ടൂറിസവും ഗ്ലാമറും ബിസിനസുമാണ് ഇവിടെ നടക്കുന്നത് എന്നാണ് പ്രധാന വിമർശനം. ഗ്ലാമർ പാർട്ടികളുടെയും, ആഡംബര നൗകകളുടെയും കൊണ്ടാട്ടമാണ് കാൻ എന്ന് ഒരിക്കൽ ബിബിസി പോലും വിമർശിക്കയുണ്ടായി. ധനിക ധാരാളത്തം എന്നപേരിൽ വന്ന ലേഖനം കാനിന്റെ മാറുന്ന മുഖമാണ് പറയുന്നത്. ഇത്തവണ, കാൻ ഫെസ്റ്റിവലിന്റെ മറവിൽ നടക്കുന്ന സെക്സ് ടൂറിസത്തെക്കുറിച്ചും, കള്ളപ്പണ ഇടപാടിനെക്കുറിച്ചും, പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിൽ പുറത്തുവിട്ട റിപ്പോർട്ടും വിവാദമായി. അല്ലെങ്കിലും എന്നും വിവാദത്തിലൂടെ തന്നെയായിരുന്നു ഈ ചലച്ചിത്രോത്സവത്തിന്റെ യാത്ര.


ഹിറ്റലറെ വെട്ടിച്ച് തുടങ്ങിയ മേള

യുദ്ധത്തിന്റെയും, പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും, വലിയ കഥകൾ പറയാനുള്ള വേദിയാണ് കാൻ. 1939ലാണ് ഈ ഫെസ്റ്റിവലിന്റെ ചരിത്രം തുടങ്ങുന്നത്. അതുവരെ ഇറ്റലിയിലെ വെനീസായിരുന്നു, ലോക ചലച്ചിത്രോത്സവങ്ങളുടെ തലസ്ഥാനം. 1938-ൽ, യൂറോപ്പിൽ യുദ്ധം ആരംഭിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ്, വെനീസ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ചില രാജ്യങ്ങൾ ഇറ്റലിയിൽ ഒത്തുകൂടി. അക്കാലത്ത് അമേരിക്കയും യൂറോപ്പിൽ നിന്നുള്ള ഏതാനും ചില രാജ്യങ്ങളും പങ്കെടുത്ത, ലോകത്തിലെ വളരെ കുറച്ച് മത്സര ചലച്ചിത്രമേളകളിൽ ഒന്നായിരുന്നു അത്. ആ സമയത്ത് ഇറ്റലിയും ജർമ്മനിയും, ബെനിറ്റോ മുസ്സോളിനിയുടെയും, അഡോൾഫ് ഹിറ്റ്ലറുടെയും കീഴിൽ ഫാസിസ്റ്റ് പാർട്ടികളായിരുന്നു ഭരിച്ചിരുന്നത്.

1932-ൽ നാസി പാർട്ടി തുടങ്ങിയതാണ് വെനീസ് മേള. ചലച്ചിത്രത്തിന്റെ പ്രശസ്തിയുടെ മറവിൽ തന്റെ കീർത്തി ലോകം മുഴവൻ എത്തിക്കാനുള്ള, ബെനിറ്റോ മുസോളിനിയുടെ പദ്ധതി കൂടിയായിരുന്നു ഈ മേള. മികച്ച ചിത്രത്തിന് കൊടുത്തിരിക്കുന്ന പുരസ്‌ക്കാരം 'കോപ മുസോളിനി ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നു. 43-ൽ പുതിയ ഗവൺമെന്റ് അധികാരമേറിയപ്പോൾ ഈ പുരസ്‌ക്കാരം റദ്ദാക്കുകയായിരുന്നു.

38ലെ വെനീസ് മേളയിൽ, മികച്ച ചിത്രത്തിനുള്ള അവാർഡ് നൽകേണ്ട സമയമായപ്പോൾ, ഒരു അമേരിക്കൻ ചിത്രത്തിന് നൽകാനുള്ള തീരുമാനത്തിലേക്ക് ജൂറി ഒറ്റക്കെട്ടായി എത്തി. എന്നാൽ ഹിറ്റ്ലറുടെ സമ്മർദത്തെത്തുടർന്ന്, സംവിധായകൻ ലെനി റൈഫെൻസ്റ്റാലിന്റെ നാസി പ്രചാരണ ചിത്രമായ ഒളിമ്പിയക്കാണ് അവാർഡ് കൊടുത്തത്. ഇത് കലാകാരന്മാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. പല ജൂറി അംഗങ്ങളും രാജിവെച്ചു. യു കെ, യു എസ് എ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മേളയിനിന്ന് പിന്മാറി. ഫ്രഞ്ച് പ്രതിനിധി ഫിലിപ്പ് എർലാംഗർ പിന്നീട് ഒരു ഫ്രാൻസിൽ ഒരു പരിപാടി സ്ഥാപിക്കാൻ പദ്ധതിയിട്ടു. അങ്ങനെ, 1939 മെയ് 31-ന്, ബിയാരിറ്റ്സിലെ ഫെസ്റ്റിവലിനുള്ള ലൊക്കേഷനായി കാൻ നഗരം തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് സർക്കാരും നഗര ഭരണാധികാരികളും പിന്തുണ നൽകിയതോടെ ഒരു പുതിയ ചലച്ചിത്ര നഗരം പിറന്നു.

ഓഗസ്റ്റ് 31-ന്, ചാൾസ് ലോട്ടണും മൗറീൻ ഒഹാരയും അഭിനയിച്ച് സംവിധാനം ചെയ്ത അമേരിക്കൻ ചലച്ചിത്രമായ 'ദി ഹഞ്ച്ബാക്ക് ഓഫ് നോട്ടർ ഡാമിന്റെ' സ്വകാര്യ പ്രദർശനത്തോടെയാണ് ഉദ്ഘാടനം. എന്നാൽ അടുത്ത ദിവസം, സെപ്റ്റംബർ 1 ന്, ജർമ്മൻ സൈന്യം പോളണ്ട് ആക്രമിച്ചു. ഇതേത്തുടർന്ന് 10 ദിവസത്തേക്ക് മാറ്റിവച്ചു. എന്നാൽ പിന്നീട് സ്ഥിതി കൂടുതൽ വഷളാവുകയും സെപ്റ്റംബർ 3-ന് ഫ്രാൻസും യുണൈറ്റഡ് കിങ്ഡവും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു, ഇത് രണ്ടാം ലോക മഹായുദ്ധത്തിന് കാരണമായി. അതോടെ മേള മുടങ്ങി.

പക്ഷേ യുദ്ധം അവസാനിച്ചപ്പോൾ 1946-ൽ കാൻ മേള പുനർജ്ജനിച്ചു. 50കളിലും 60കളിലും അത് പടർന്ന് പന്തലിച്ച് ആഗോള ഉത്സവമായി. ചലച്ചിത്ര പ്രതിഭകളും കാലകാരന്മാരും ബുദ്ധിജീവികളുടെയും ബിസിനസുകാരുടെയും ഈ സംഗമ കേന്ദ്രമായി ഇവിടം മാറി.

30 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ ചിത്രം

കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തിന് ശേഷം മത്സരിക്കാൻ ഒരു ഇന്ത്യൻ ചിത്രം ഉണ്ടെന്നത് ഇത്തവണത്തെ സന്തോഷമാണ്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (എഫ്ടിഐഐ) പൂർവവിദ്യാർത്ഥിയായ പായൽ കപാഡിയയുടെ ആദ്യ ഫീച്ചർ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ആണ് കാൻ ഫിലിം ഫെസ്റ്റിവലിലെ ശ്രദ്ധാകേന്ദ്രമായ മത്സരവിഭാഗത്തിൽ മത്സരിക്കുന്നത്. ചിത്രത്തിന്റെ ഭാഷ ഏറെയും മലയാളത്തിലാണ്. 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ എ നൈറ്റ് ഓഫ് നോയിങ് നതിങ് എന്ന ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ അവാർഡ് പായൽ കപാഡിയ സ്വന്തമാക്കിയിരുന്നു.

മുംബൈയിലെ തിരക്കേറിയ ജീവിതത്തെക്കുറിച്ച് വിവരിക്കുന്ന 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' അതിയായ ആഗ്രഹത്തിന്റെയും വിമോചനത്തിന്റെയും, ആത്മസ്വത്വത്തെക്കുറിച്ചുള്ള അന്വേഷണവുമയാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ നിന്നുള്ള രണ്ട് നഴ്‌സുമാരായ പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ ) എന്നിവരുടെ കഥയാണ് ഈ ചിത്രത്തിലൂടെ വിവരിക്കുന്നത്. നഗരത്തിലെ ഒരു നഴ്‌സിങ് ഹോമിലെത്തിപ്പെട്ട അവർ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ കടന്നുപോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വേർപിരിഞ്ഞ പങ്കാളിയിൽ നിന്ന് അപ്രതീക്ഷമായ സമ്മാനം ലഭിച്ച പ്രഭയുടെയുടെയും രഹസ്യപ്രണയത്തിൽ ആശ്വാസം കണ്ടെത്തുന്ന അനുവിന്റെയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. .ഇറാനിയൻ സംവിധായകൻ അലി അബ്ബിസിയുടെ ദ അപ്രന്റൈറ്റിസ്, ഫ്രാൻസിസ് ഫോർ കൊപ്പോളയുടെ മെഗാലോപോളിസ്, യോർഗോസ് താന്തിമോസിന്റെ കൈൻഡ് ഓഫ് കൈൻഡ്‌നെസ് എന്നീ ചിത്രങ്ങൾക്ക് ഒപ്പമാണ് ഇത് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുക.

കാൻ ഫിലിം ഫെസ്റ്റിവലിൽ അഭിമാനകരമായ പിയറി ആഞ്ചെനിയക്‌സ് ട്രിബ്യൂട്ടിലേക്ക് പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ തിരഞ്ഞെടുക്കപ്പെട്ടതും മലയാള സിനിമക്ക് അഭിമാനമാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ 'കരിയറിലെ നേട്ടങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തിന് അന്താരാഷ്ട്ര ബഹുമതി നൽകുന്നത്. രാജ്യാന്തര തലത്തിൽ പ്രശസ്തനായ ഛായാഗ്രാഹകനായ സന്തോഷ് ശിവൻ 'ദിൽ സേ', 'രാജ', 'ഇരുവർ', 'കാലാപാനി' തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതലാണ് ഛായാഗ്രാഹകർക്ക് കാൻസ് പിയറി ആൻജെനിയക്‌സ് ട്രിബ്യൂട്ട് നൽകാൻ തുടങ്ങിയത്.


താരമായി കനി കുസുതി

സാധാരണ കാനിലെ വിഖ്യതമായ റെഡ് കാർപ്പെറ്റിൽ താരമാകാറുള്ളത്, ഐശ്വര്യ റായിയെപ്പോലുള്ള നടിമാരാണ്. പക്ഷേ ഇത്തവണ എല്ലാവരെയും കടത്തിവെട്ടി തരാമായത് മലയാളി നടി കനി കുസൃതിയാണ്. സാമുഹിക പ്രവർത്തകരായ മൈത്രേയന്റെയും, ഡോ ജയശ്രീയുടെയും മകളായ ഈ നടി, ലോകസിനിമയുടെ ആഘോഷതീരമായ കാനിലേക്ക് കയ്യിലൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റും തൂക്കിയാണ് നടന്നുകയറിയത്. സാധാരണ നടിമാരുടെ വസ്ത്രത്തെക്കുറിച്ചും, ഫാഷനെക്കുറിച്ചുമൊക്കെ എഴുതുന്ന മാധ്യമങ്ങൾ ഇത്തവണ കനി ഉയർത്തിയ ഫലസ്തീൻ രാഷ്ട്രീയം ചർച്ചചെയ്യേണ്ടിവന്നു. 30 വർഷത്തിനുശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു എന്ന അഭിമാനത്തോടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ചിത്രവുമായെത്തിയ സംവിധായിക പായൽ കപാഡിയക്കൊപ്പമാണ് കനി കാനിലെ റെഡ് കാർപ്പറ്റിലെത്തിയത് തണ്ണിമത്തൻ ക്ലച്ചുമായിട്ടായിരുന്നു.

ഫലസ്തീൻ പതാകയുടെ നിറങ്ങളുള്ള തണ്ണിമത്തൻ രാജ്യാന്തരവേദികളിൽ ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായാണ് ഉപയോഗിക്കുന്നത്. കാനിന്റെ അൾത്താരയിൽ ഇത്തവണ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സംഘാടകർ ആഗ്രഹിച്ചിരുന്നെങ്കിലും ഓസ്ട്രേലിയൻ നടി കേറ്റ് ബ്ലാച്ചറ്റും ഡിസൈനർ ഗൗണിലൂടെ ഫലസ്തീൻ പിന്തുണ റെഡ് കാർപറ്റിലെത്തിച്ചിരുന്നു.
ഫാഷന്റെ പ്രധാന അരങ്ങു കൂടിയായ കാനിലേക്കുള്ള വസ്ത്രം ഒരുക്കുമ്പോൾ അതിലൽപം രാഷ്ട്രീയച്ചേരുവ കൂടി മനസ്സിൽ കണ്ടിരുന്നു കനി. അതിനുവേണ്ടതെല്ലാം ഒരുക്കിയത് സുഹൃത്തും സ്റ്റൈലിസ്റ്റുമായ ദിയ ജോൺ. കൊച്ചി പനമ്പിള്ളിനഗറിലെ സാൾട്ട് സ്റ്റുഡിയോയിൽ ദിയയും കനിയും ചേർന്നിരുന്ന് ബ്രെയിൻ സ്റ്റോമിങ് നടത്തിയതിന്റെ അവസാന ഘട്ടമാണ് തണ്ണിമത്തൻ ക്ലച്ച് തിരഞ്ഞെടുത്തത്.

തണ്ണിമത്തൻ ഫലസ്തീൻ പ്രതിരോധത്തിന്റെ അടയാളമായി സ്വീകരിക്കാൻ തുടങ്ങിയത് എപ്പോഴാണ് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ലെങ്കിലും അതിന്റെ പിന്നിൽ പറയുന്ന ചരിത്രം ഇപ്രകാരമാണ്. അറബ്-ഇസ്രയേൽ യുദ്ധത്തിന് ശേഷം 1967 മുതൽ ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഫലസ്തീൻ പതാകയ്ക്ക് നിരോധനമേർപ്പെടുത്തി. പതാകയോ അതിലെ നിറങ്ങൾക്ക് സമാനമായോ വസ്തുക്കളോ പ്രദർശിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. 25 വർഷം നിലനിന്ന ആ ഉത്തരവ് 1993 ലാണ് പിൻവലിച്ചത്. എന്നാൽ പോയവർഷം വീണ്ടും പൊതുവിടങ്ങളിൽ ഫലസ്തീൻ പതാകകൾക്ക് നിരോധനമേർപ്പെടുത്തികൊണ്ട് ഇസ്രയേൽ ഭരണകൂടം ഉത്തരവ് പ്രഖ്യാപിച്ചു. 1980 കളിൽ തന്റെ ആർട്ട് ഗാലറിയിൽ സെൻസർഷിപ്പിനെത്തിയ ഇസ്രയേൽ പട്ടാളക്കാരാണ് തണ്ണിമത്തൻ പ്രതിരോധ അടയാളമായിമാറ്റിയതെന്നാണ് ഫലസ്തീൻ ചിത്രകാരനായ സ്ലിമൻ മൻസൂർ പറയുന്നത്.

ഒരിക്കൽ സ്ലിമന്റെ ആർട്ട് ഗാലറി പരിശോധിക്കാൻ ഇസ്രയേൽ പട്ടാളക്കാർ എത്തി. ഫലസ്തീനികളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ ഗാലറിയിൽ നിന്ന് പട്ടാളക്കാർ പിടിച്ചെടുത്തു. ശേഷം ഭംഗിയുള്ള പൂക്കളുടെയും പ്രകൃതിദൃശ്യങ്ങളുടെയും ചിത്രം മാത്രം താങ്കൾ വരച്ചാൽ മതിയെന്നും അത്തരം ചിത്രങ്ങൾ നല്ല വില നൽകി ഞങ്ങൾ വാങ്ങിക്കാം എന്നും പട്ടാളക്കാർ ഉപദേശിക്കുന്നു. അനുമതി നേടാതെ ഇനി ഒരിക്കലും സ്ലിമാന് ചിത്രപ്രദർശനം നടത്താനാകില്ലെന്നും പട്ടാളക്കാർ പറഞ്ഞു. ഫലസ്തീൻ പതാകയിൽ ഉപയോഗിച്ചിരിക്കുന്ന ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങൾ പെയിന്റിങ്ങിനായി ഒരിക്കലും ഉപയോഗിക്കരുതെന്ന് ആജ്ഞാപിച്ചു. അന്ന് സ്ലിമാനൊപ്പം അവിടെയുണ്ടായിരുന്നു ഇസാം ബദർ എന്ന ചിത്രകാരൻ അപ്പോൾ പട്ടാളക്കാരോട് ഇങ്ങനെ ചോദിച്ചു ' ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങൾ ഉപയോഗിച്ച് ഞാൻ പൂക്കളെ വരച്ചാൽ നിങ്ങളെന്ത് ചെയ്യും..?..''-'ആ നിറങ്ങൾ ഉപയോഗിച്ച് നിങ്ങൾ എന്ത് വരച്ചാലും ഞങ്ങളത് കണ്ടുകെട്ടും. അത് തണ്ണീർമത്തന്റെ ചിത്രമായാൽ പോലും..'പട്ടാളസംഘത്തലവന്റെ മറുപടി ഇപ്രകാരമായിരുന്നു.

ഈ സംഭവം പുറംലോകത്തെത്തിയതോടെ സ്ലിമാന് പിന്തുണയുമായി നിരവധി ചിത്രകാരന്മാർ രംഗത്തെത്തി. നിരോധിത നിറങ്ങൾ ഉപയോഗിച്ച് മാത്രം അവർ ചിത്രങ്ങൾ വരച്ചു. തണ്ണിമത്തൻ ചിത്രങ്ങൾ ലോകമെങ്ങും നിറഞ്ഞു. ഈ സംഭവത്തിന് ഒരുവർഷത്തിന് ശേഷം പട്ടാളക്കാർ സ്ലിമാനെ അറസ്റ്റ് ചെയ്തു. ഭക്ഷണവും വെള്ളവും പോലും നൽകാതെ അദ്ദേഹത്തെ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് സ്ലിമാൻ തണ്ണിമത്തന്റെ ചിത്രങ്ങളും മറ്റ് രാഷ്ട്രീയ ചിത്രങ്ങളും വരയ്ക്കാൻ ആരംഭിച്ചത്. സ്ലിമാന്റെ കഥ അറിഞ്ഞ ലോകത്തെ പ്രമുഖ ചിത്രകാരമാർ ഫലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ചിത്രങ്ങൾ വരച്ചു. അതൊരു തരംഗവും പ്രതിരോധവും അടയാളവുമായി മാറി.

മുണ്ടുടുത്ത് റെഡ്കാർപ്പിലെത്തിയ ഷാജി

വളരെ ചുരുക്കം മലയാളചിത്രങ്ങൾക്ക് മാത്രമേ, കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനുള്ള അവസരം കിട്ടിയിട്ടുള്ളൂ. കാനിൽ മലയാള സിനിമയെ പ്രതിനിധീകരിച്ച ചിത്രങ്ങൾ 'ചെമ്മീൻ' (രാമു കാര്യാട്ട്), 'പിറവി', 'സ്വം', 'വാനപ്രസ്ഥം' (മൂന്നും ഷാജി എൻ കരുൺ), 'മരണ സിംഹാസനം' (മുരളി നായർ), 'എലിപ്പത്തായം' (അടൂർ ഗോപാലകൃഷ്ണൻ) എന്നിവയാണ്. ക്യാമറയിൽ നിന്നും സംവിധാനത്തിലേക്ക് ചുവടു മാറ്റിയ ഷാജി എൻ കരുണിന്റെ ആദ്യചിത്രമായിരുന്നു പിറവി. അതിന് കാനിലെ 'ക്യാമറ ദി ഓർ' പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ 'സ്വം' ആണ് കാൻ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ/മലയാള ചലച്ചിത്രം. അദ്ദേഹത്തിന്റെ 'വാനപ്രസ്ഥം' 'അൺ സെർട്ടൈൻ റിഗാർഡ്' സെക്ഷനിലും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ സ്വം പ്രദർശിപ്പിച്ച് 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം മത്സരവിഭാഗത്തിലെത്തുന്നത്.

അന്നത്തെ കാലം ഷാജി ഇങ്ങനെ ഓർക്കുന്നു. -''സാമ്പത്തിക പ്രതിസന്ധികൾ ഏറെ കടന്നാണ് 'സ്വം' പൂർത്തിയാക്കുന്നത്. ഫ്രാൻസിലേക്കുള്ള ടിക്കറ്റ് എടുത്തു കൊടുത്തത് കൂട്ടുകാരൻ ജി രാജമോഹനാണ്. കാനിലെത്തി ആദ്യ ദിനങ്ങളിൽ ഒരു ചെറു ഹോട്ടലിൽ താമസിച്ചത്. കാനിന്റെ പേര് കേട്ട റെഡ് കാർപ്പറ്റിൽ വെള്ള മുണ്ടും ഷർട്ടും ധരിച്ചാണ് എത്തിയത്.അവിടെ വച്ച് ഇറാനിയൻ ചലച്ചിത്രകാരൻ അബ്ബാസ് കിരസ്തമി, അമേരിക്കൻ ചലച്ചിത്രകാരൻ ടരന്റിനോ, മെക്സികൻ ചലച്ചിത്രകാരൻ ആർതുറോ റിപ്സ്ടീൻ എന്നിവരെ പരിചയപ്പെടാൻ ഇടയായി. 'സ്വം' മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനു മുമ്പ് ഇന്ത്യയുടെ ദേശീയ ഗാനം കേൾപ്പിച്ചത് കേട്ട് വികാരാധീനനായിരുന്നു''- 'ദി ഇക്കണോമിക് ടൈംസിന്' നൽകിയ അഭിമുഖത്തിൽ ഷാജി ഓർക്കുന്നു.

ലോകശ്രദ്ധ നേടിയ ഇന്ത്യൻ സിനിമയ്ക്ക് എന്തു കൊണ്ടാണ് കാൻ ഫെസ്റ്റിവൽ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ എത്തിച്ചേരാൻ കഴിയാത്തത്? കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് ചരിത്രങ്ങളുടെയും ബ്രഹ്മാണ്ഡ ചിത്രങ്ങളുടെയും പേരിൽ ശ്രദ്ധ നേടുമ്പോഴും ലോകസിനിമയുമായി മാറ്റുരയ്ക്കാൻ ഇന്ത്യൻ സിനിമയ്ക്ക് കഴിയാതെ പോവുന്നത് എന്തുകൊണ്ടാണ് എന്നത്് ഇപ്പോഴും ചോദ്യമാണ്. അതിനും ഷാജി എൻ കരുൺ ഇങ്ങനെ മറുപടി
പറയുന്നു. ''സിനിമയെ ലിറ്ററേച്ചറിന്റെ കൾച്ചറൽ ഫോമിലേക്ക് വളരാൻ നമ്മൾ അനുവദിക്കുന്നില്ല എന്നു പറയേണ്ടി വരും. വിയറ്റ്നാം, കമ്പോഡിയ, മലേഷ്യ, ജപ്പാൻ ഒക്കെ സിനിമയെ 'ഒരു വർക്ക് ഓഫ് ആർട്ടാ'യിട്ടാണ് കാണുന്നത്. ആ സിനിമകൾ അതാത് രാജ്യങ്ങളുടെ കോൺട്രിബ്യൂഷനോടു കൂടിയാണ് അവതരിപ്പിക്കപ്പെടുന്നത്. ആ രാജ്യത്തിന്റെ കൾച്ചർ കൂടിയുണ്ട് അതിൽ''- ഷാജി എൻ കരുൺ പറയുന്നു.

താൻ അടക്കമുള്ളവർ കാൻ ഫെസ്റ്റവലിൽ പോയി കണ്ടതിന്റെ ഊർജത്തിൽനിന്നാണ് കേരളത്തിൽ ചലച്ചിത്ര അക്കാദമിയൊക്കെ വരുന്നത് എന്നും ഷാജി എൻ കരുൺ പറയുന്നു. ''കാനിലൊക്കെ പോയതിന്റെ ഒരു പ്രചോദനം ഉൾകൊണ്ടാണ് ഇവിടെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്കെ ഉണ്ടാക്കുന്നത്. ഒരു കൾച്ചറൽ സൈഡ് എന്ന രീതിയിലാണ് അതിനെ രൂപീകരിച്ചത്. പക്ഷേ ഇപ്പോൾ അക്കാദമിയുടെ ആക്റ്റിവിറ്റികളും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും 'ചലച്ചിത്രോത്സവം' എന്നതിൽ കവിഞ്ഞ് ഒരു അക്കാദമിക് ആക്റ്റിവിറ്റികളിലേക്ക് ഉയരുന്നില്ല. അന്താരാഷ്ട്രതലത്തിൽ വരെ സംഭാവനകൾ നൽകാൻ കഴിയുന്ന രീതിയിലുള്ള അക്കാദമിക് ആക്റ്റിവിറ്റികളാണ് ഉണ്ടാവേണ്ടത്''- അദ്ദേഹം കൂട്ടിച്ചേർത്തു.

''കാനിൽ റിജക്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങളാണ് പലപ്പോഴും ഇവിടെ വന്ന് നാഷണൽ അവാർഡ് വാങ്ങിക്കുന്നത്. അപ്പോൾ ഇവിടുത്തെ ആളുകൾ ബെസ്റ്റ് എന്ന് തെരെഞ്ഞെടുത്തതിനെ എങ്ങനെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്? ഇന്നത്തെ സിനിമകൾക്ക് ലെയേഴ്സ് കുറവാണ്, വെറുമൊരു കൺസ്യൂമർ പ്രൊഡക്റ്റായാണ് നമ്മൾ അതിനെ കൺസീവ് ചെയ്യുന്നുള്ളൂ. ആ മൊമന്റ്, ഫീൽ ഗുഡ് എന്ന ആശയം, അതൊക്കെയാണ് പ്രധാനമാവുന്നത്. കാണുക, അതു കഴിഞ്ഞാൽ മറക്കുക. അതിനപ്പുറം സിനിമയ്ക്ക് ലൈഫ് ഇല്ലാതെ ആവുന്നു. ഓസ്‌കാർ കിട്ടുന്നതൊന്നും വേൾഡ് സിനിമകളല്ല, അവിടെ മാർക്കറ്റിങ് മാത്രമാണ് ഉദ്ദേശം. ഒരു കൊല്ലമേയയുള്ളൂ പലപ്പോഴും അവയുടെ ആയുസ്സ്. അതു കഴിഞ്ഞ് നിലനിൽക്കുന്നില്ല''- ഷാജി ചൂണ്ടിക്കാട്ടി.

''സിനിമയെ കൃത്യമായ രീതിയിൽ ജഡ്ജ് ചെയ്യാനോ പ്രമോട്ട് ചെയ്യാനോ മനസ്സിലാക്കാനോ കഴിവുള്ള, ദീർഘവീക്ഷണമുള്ള ക്രിട്ടിക്കുകൾ നമുക്കില്ല. അക്കാദമികളും അതു കൊണ്ട് നടക്കുന്ന ആൾക്കാരും തീർത്തും സാമാന്യബുദ്ധിയിൽ ചിന്തിക്കുന്ന ആളുകളാണ്. അവരുടെ തീരുമാനങ്ങളൊക്കെയാണ് പലപ്പോഴും മറ്റൊരു തലത്തിലേക്കുള്ള വളർച്ചയ്ക്ക് തടസ്സമാകുന്നത്.അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരെ കാണാനും സംസാരിക്കാനും സിനിമയുടെ വളർച്ചയെ അടുത്തറിയാനും അപ്ഡേറ്റ് ചെയ്യാനുമുള്ള ഒരു അവസരമായാണ് കാൻ. എന്നെ സംബന്ധിച്ച് ആ അറിവുകളും അനുഭവങ്ങളും അടുത്തറിഞ്ഞ് മനസ്സിലാക്കുന്നത് ഒരനുഗ്രഹമായാണ് കാണുന്നത്''- ഷാജി എൻ കരുൺ പറയുന്നു.

സെക്സ് ടൂറിസത്തിനുള്ള വേദിയോ?

അതിസമ്പന്നരുടെ മേളയായി മാറിയെന്ന നിശിതമായ വിമർശനങ്ങളും കഴിഞ്ഞ കുറേക്കാലമായി കാൻ ഫെസ്റ്റിവലിനുനേരെ ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞവർഷത്തെ ഫെസ്റ്റിവലിൽ, യൂറോപ്പിലെ നൂറുകണക്കിന് ലൈംഗിക തൊഴിലാളികളും, ഹോട്ടൽ മുറിയിലും ആഡംബര നൗകകളിലും തങ്ങളുടെ ശരീരം വിൽക്കാനായി എത്തിയിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു.

എന്നാൽ ഇത്തവണ ഡെയിലി മെയിൽ എന്ന വിഖ്യതമായ ബ്രിട്ടീഷ് മാധ്യമം, കാൻ ഫെസ്റ്റിവലിനു പിന്നിലുള്ള സെക്സ് ടൂറിസത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവിട്ടിരിക്കുന്നത്. വാട്ട്‌സ്അപ് ഗ്രൂപ്പുകളിലൂടെ വനിത എസ്‌കോർട്ടുകളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് കാനിൽ സർവസാധാരമാണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ധനികരായ അറബികളും, അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അതി സമ്പന്നരുമാണ് ആവശ്യക്കാരിൽ ഏറെയും. സിനിമയുമായി യാതൊരു ബന്ധുമില്ലാത്ത ശതകോടീശ്വരന്മാർ എന്തിന് കാനിൽ തമ്പടിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്.

അതി സമ്പന്നരായ തങ്ങളുടെ കക്ഷികൾക്കായി മോഡലുകളെ റിക്രൂട്ട് ചെയ്യാൻ ഏജന്റുമാർ മെസേജിങ് സർവ്വീസുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് ഒരു രാത്രിക്ക് 50,000 യൂറോ വരെ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പോസ്റ്റ് ചെയ്ത ഒരു വാട്ട്‌സ്അപ് ഗ്രൂപ്പിൽ കയറിയാണ് വിവരങ്ങൾ ശേഖരിച്ചത്. ഗ്രൂപ്പിൽ വന്ന പരസ്യങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു എന്ന് റിപ്പോർട്ടിലുണ്ട്. ' 'പ്രമുഖ മോഡലുകൾ, അമേച്ചർ മോഡലുകൾ, സുന്ദരികളായ യുവതികൾ എന്നിവരെ തേടുന്നു. ഏത് ദേശക്കാരായാലും പ്രശ്നമില്ല, ലാറ്റിൻ അമേരിക്കക്കാരക്ക് മുൻഗണന'. മറ്റൊരു പരസ്യത്തിൽ, മൊണാക്കോയിലേക്കുള്ള ഒരു പകൽ നേരത്തെ യാത്രയ്ക്ക് വാഗ്ദാനം നൽകുന്നത് 10,000 യൂറോ ആണ്. മറ്റൊന്നിൽ, ഒരാഴ്ച ആഡംബര നൗകയിൽ ഒരുമിച്ച് ചെലവഴിക്കാൻ സുന്ദരികൾക്ക് 10,000 യൂറോ വാഗ്ദാനം നൽകുന്നു. ഫോട്ടോയോടൊപ്പം, ഉയരം, ശരീര ഭാരം തുടങ്ങിയ വിശദാംശങ്ങളുമായി ബന്ധപ്പെടാനാണ് ഈ പരസ്യങ്ങൾ ആവശ്യപ്പെടുന്നത്.

ഈ ഗ്രൂപ്പുകളിൽ ധനികരിൽ നിന്നെത്തിയ ആവശ്യങ്ങളിൽ പലതും, പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അത്താഴ വിരുന്നുകൾക്കും ആഡംബര വിരുന്നുകൾക്കും അനുഗമിക്കണം എന്നതാണ്. ഇവർ, താരങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന ഒത്തുചേരലുകളിൽ സ്ത്രീകൾക്കായി പണം ചെലവഴിക്കാൻ തയ്യാറുള്ളവരുമാണ്. ഇത്തരത്തിൽ കൂടെ പോകുന്ന സ്ത്രീകൾ, ലൈംഗിക ബന്ധത്തിന് തയ്യാറായാൽ അവർക്ക് ബോണസും ലഭിക്കും.
പലപ്പോഴും, ഇത്തരത്തിൽ അകമ്പടി സേവിക്കാൻ തയ്യാറാകുന്ന സ്ത്രീകളുടെ പാസ്സ്‌പോർട്ട് പിടിച്ചു വയ്ക്കുകയും ഫോൺ ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്യാറുണ്ട്. അതിസമ്പന്നർ ആരെന്ന കാര്യം പുറത്ത് വെളിപ്പെടാതിരിക്കാനുള്ള ഓരു മുൻകരുതലാണിത്.

ഉയർന്ന് വരുന്ന നടിമാർ, മോഡലുകൾ എന്നിവർക്കൊപ്പം, ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസേഴ്സ് ആയ യുവതികൾക്കും ആഡംബര നൗകയിലെ അത്താഴ വിരുന്നുകളിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കാറുണ്ട്. എന്നാൽ, ഇതിനുള്ള കൃതജ്ഞതയായി അവർ അവരുടെ അതിഥേയരുമായിട്ടോ അവരുടെ മറ്റ് അതിഥികളുമായിട്ടോ ശരീരം പങ്കുവയ്ക്കണം എന്നത് അലിഖിത നിയമമാണ്. വിരുന്നിൽ പങ്കെടുക്കുന്നതിനു പുറമെ ഇവർക്ക് വൻ തുകയും പ്രതിഫലമായി ലഭിക്കും.

പണം നൽകി സെക്സിൽ ഏർപ്പെടുത്തുന്നത് ഒരു കുറ്റമായി യൂറോപ്യൻ രാജ്യങ്ങൾ കാണുന്നില്ല. പക്ഷേ ഇത് കേവലം ആധുനിക വേശ്യാവൃത്തി മാത്രമല്ല. ധാരാളം കള്ളപ്പണം ഉൾപ്പെട്ട ഇടപാട് കൂടിയാണെന്ന് ഈ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ ഡെയിലിമെയിലിനോട് പറയുന്നുണ്ട്. ഇവിടെ ഒരു സേവനവും ബിൽ ചെയ്യപ്പെടുന്നില്ല. അതിനാൽ ഫിലിം ഫെസ്റ്റിവലിന്റെയും മറവിൽ ഒരു വലിയ സാമ്പത്തിക റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം.

വാൽക്കഷ്ണം: ഗോവയിൽ ഐഎഫ്എഫ്ഐയിലും പങ്കെടുക്കുന്നപോലെയൊന്നും എളുപ്പത്തിൽ ചലച്ചിത്രപ്രേമികൾക്ക് എത്തിപ്പെടാൻ കഴിയുന്ന സ്ഥലമല്ല ഇത്. ഡെലിഗേറ്റ്സിസ്, മാധ്യമപ്രവർത്തകർ, ഫിലിം ക്രിട്ടിക്സ് എന്നിവർക്കും മേളയിൽ പങ്കെടുക്കാമെന്നാണ് പറയുക. പക്ഷേ അഞ്ചുലക്ഷം മുതൽ 20 ലക്ഷം വരെയാണ് മേളക്കുള്ള ഫീസ് നിരക്ക്! ഇതിന്റെ കുടി അടിസ്ഥാനത്തിലാണ് ഈ മേള സമ്പന്നരുടേത് മാത്രമായിപ്പോയി എന്ന് വിമർശനം വരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP