Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

'ഓറഞ്ച് ക്യാപ് നേടിയാലും ഐപിഎൽ കിരീടം കിട്ടില്ല; ടീമിന്റെ ഒരുമിച്ചുള്ള പ്രകടനമാണ് കിരീടത്തിലേക്കു നയിക്കുന്നത്'; കൊൽക്കത്തയെ അഭിനന്ദിച്ചതിന് പിന്നാലെ ആർസിബിയെയും കോലിയെയും ചൊറിഞ്ഞ് അംബാട്ടി റായുഡു

'ഓറഞ്ച് ക്യാപ് നേടിയാലും ഐപിഎൽ കിരീടം കിട്ടില്ല; ടീമിന്റെ ഒരുമിച്ചുള്ള പ്രകടനമാണ് കിരീടത്തിലേക്കു നയിക്കുന്നത്'; കൊൽക്കത്തയെ അഭിനന്ദിച്ചതിന് പിന്നാലെ ആർസിബിയെയും കോലിയെയും ചൊറിഞ്ഞ് അംബാട്ടി റായുഡു

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഐപിഎൽ ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്തുകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയതിന് പിന്നാലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ആർസിബി താരം വിരാട് കോലിക്കും റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനുമെതിരെ ഒളിയമ്പെയ്ത് മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു.

മത്സരശേഷം സ്റ്റാർ സ്‌പോർട്‌സിലെ ടോക് ഷോയിലാണ് റായുഡു കോലിക്കെതിരെ പരോക്ഷ പരാമർശം നടത്തിയത്. ടീമിന്റെ ഒരുമിച്ചുള്ള പ്രകടനമാണ് കിരീടത്തിലേക്കു നയിക്കുന്നതെന്നും ഓറഞ്ച് ക്യാപ് കിട്ടിയെന്നുവച്ച് കപ്പ് ലഭിക്കില്ലെന്നുമായിരുന്നു റായുഡുവിന്റെ പ്രതികരണം.

എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോടു തോറ്റ് ബെംഗളൂരു പുറത്തായെങ്കിലും, സീസണിൽ 700 ൽ അധികം റൺസ് നേടിയ വിരാട് കോലി റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. ''കൊൽക്കത്തയ്ക്ക് അഭിനന്ദനങ്ങൾ. സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, മിച്ചൽ സ്റ്റാർക്ക് എന്നിവരെല്ലാം മികച്ച പ്രകടനങ്ങളിലൂടെ കിരീടനേട്ടത്തിൽ പങ്കാളികളായി. ഇങ്ങനെയാണ് ഐപിഎൽ വിജയിക്കേണ്ടത്. ഇതു നമ്മൾ വർഷങ്ങളായി കാണുന്നതാണ്. അല്ലാതെ ഓറഞ്ച് ക്യാപ് കൊണ്ട് ആർക്കും ഐപിഎൽ കിട്ടില്ല. പ്രധാന താരങ്ങളെല്ലാം 300 റൺസൊക്കെ നേടി സംഭാവനകൾ നൽകുമ്പോഴാണു ടീമുകൾ വിജയിക്കുന്നത്.''

''കോലി ആർസിബിയുടെ ഇതിഹാസ താരമാണ്. കോലിയുടെ പ്രകടനത്തിലെ നിലവാരം, യുവതാരങ്ങളെ സമ്മർദത്തിലാക്കുന്നു.'' റായുഡു വ്യക്തമാക്കി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മോശം ഫോമിനു കാരണം മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണെന്ന് റായുഡു കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ആർസിബി മാനേജ്‌മെന്റ് വ്യക്തിപരമായ നേട്ടങ്ങൾക്കാണു പ്രാധാന്യം നൽകുന്നതെന്നും അതുകൊണ്ടാണു ടീം 17 സീസൺ ആയിട്ടും കിരീടം നേടാത്തതെന്നും റായുഡു തുറന്നടിച്ചു.

അടുത്ത മെഗാലേലത്തിലെങ്കിലും ടീമിനു പ്രാധാന്യം നൽകുന്ന താരങ്ങളെ എടുക്കാൻ ആർസിബി ശ്രമിക്കണമെന്നാണ് റായുഡുവിന്റെ ഉപദേശം. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ മാത്രമാണു വിരാട് കോലി കളിച്ചിട്ടുള്ളത്. തുടക്കം മുതൽ കോലി ടീമിനൊപ്പം ഉണ്ടായിട്ടും ഐപിഎൽ കിരീടം വിജയിക്കാൻ ആർസിബിക്കു സാധിച്ചിട്ടില്ല. ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ വമ്പന്മാർ ടീമിനൊപ്പമുണ്ടായിരുന്ന സീസണുകളിലും നിർണായക പോരാട്ടങ്ങളിൽ ആർസിബിക്കു കാലിടറി.

ഐപിഎല്ലിൽ 15 മത്സരങ്ങളിൽ 741 റൺസുമായി വിരാട് കോലി റൺവേട്ടയിൽ മുന്നിലെത്തിയെങ്കിലും ആർസിബി എലിമിനേറ്ററിൽ പുറത്തായിരുന്നു. അതേസമയം, റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഒമ്പതാം സ്ഥാനത്തുള്ള സുനിൽ നരെയ്ൻ മാത്രമാണുള്ളത്. 14 മത്സരങ്ങളിൽ നിന്ന് 488 റൺസും 17 വിക്കറ്റും വീഴ്‌ത്തിയ നരെയ്‌നും 12 കളികളിൽ 435 റൺസടിച്ച് പതിനഞ്ചാം സ്ഥാനത്തുള്ള ഫിൽ സാൾട്ടും നൽകിയ തുടക്കങ്ങളായിരുന്നു സീസണിൽ കൊൽക്കത്തയുടെ കുതിപ്പിന് ഊർജ്ജമായത്.

15 മത്സരങ്ങളിൽ 370 റൺസടിച്ച വെങ്കടേഷ് അയ്യർ, 15 കളികളിൽ 351 റൺസടിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ 15 കളികളിൽ 185 സ്‌ട്രൈക്ക് റേറ്റിൽ 222 റൺസും 19 വിക്കറ്റുമെടുത്ത ആന്ദ്രെ റസൽ എന്നിവരും കൊൽക്കത്തയുടെ വിജയങ്ങളിൽ നിർണായകമായി. ബൗളർമാരിൽ 21 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ രണ്ടാമത് എത്തിയ വരുൺ ചക്രവർത്തിയും 19 വിക്കറ്റെടുത്ത ഹർഷിത് റാണയും 17 വിക്കറ്റെടുത്ക് ക്വാളിഫയറിലും ഫൈനലിലും നിർണായക പ്രകടനം കാഴ്ചവെച്ച മിച്ചൽ സ്റ്റാർക്കും തിളങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP