Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

സോജനും ബിബിനും മിന്നും വിജയം; രണ്ടു ഡസൻ മലയാളികൾ മത്സരത്തിന് ഇറങ്ങിയപ്പോൾ വിജയം ഉറപ്പിച്ചത് ലേബർ സ്ഥാനാർത്ഥികൾ മാത്രം; ആഷ്ഫോഡിൽ റീന മാത്യു പരാജയപ്പെട്ടത് വെറും പത്തു വോട്ടിന്; ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റും കരുത്തു കാട്ടിയപ്പോൾ ടോറികളെ വിശ്വസിച്ച മലയാളി സ്ഥാനാർത്ഥികൾക്കു തിരിച്ചടി

സോജനും ബിബിനും മിന്നും വിജയം; രണ്ടു ഡസൻ മലയാളികൾ മത്സരത്തിന് ഇറങ്ങിയപ്പോൾ വിജയം ഉറപ്പിച്ചത് ലേബർ സ്ഥാനാർത്ഥികൾ മാത്രം; ആഷ്ഫോഡിൽ റീന മാത്യു പരാജയപ്പെട്ടത് വെറും പത്തു വോട്ടിന്; ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റും കരുത്തു കാട്ടിയപ്പോൾ ടോറികളെ വിശ്വസിച്ച മലയാളി സ്ഥാനാർത്ഥികൾക്കു തിരിച്ചടി

പ്രത്യേക ലേഖകൻ

ലണ്ടൻ: അടുത്ത വർഷം നടക്കുന്ന ജനറൽ ഇലക്ഷനിൽ ആരായിരിക്കും ജയിച്ചു കയറുക എന്നതിന്റെ പ്രാഥമിക സൂചനകൾ വ്യക്തമാക്കിയ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കും ലിബറൽ ഡെമോക്രാറ്റുകൾക്കും മിന്നും വിജയം. കൺസർവേറ്റീവുകൾ ഏറെക്കുറെ തകർന്നടിയുന്ന കാഴ്ചയാണ് മിക്ക കൗൺസിലുകളിലും കാണാനാകുന്നത്. ഗ്രീൻ പാർട്ടി അപ്രതീക്ഷിതമായി പലയിടത്തും ജയിച്ചു കയറിയതും പ്രത്യേകതയായി.

അതിനിടെ ഇത്തവണ ഏറ്റവും കൂടുതൽ മലയാളികൾ മത്സരിക്കാൻ കളത്തിൽ ഇറങ്ങിയിട്ടും വിജയം ചൂണ്ടയിട്ട് പിടിച്ചത് രണ്ടു പ്രധാന സ്ഥാനാർത്ഥികളെ മാത്രമാണ്. ആഷ്ഫോർഡ് ബറോയിൽ മത്സരിക്കാൻ ഇറങ്ങിയ സ്ഥലത്തെ പ്രധാന മലയാളി പയ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന സോജൻ ജോസഫും നീണ്ട കാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന നോർഫോൾകിലെ ബിബിൻ ബേബിയുമാണ് ജയിച്ചു കയറിയത്. എന്നാൽ മലയാളികൾക്കിടയിൽ പൊടുന്നനെ സ്ഥാനാർത്ഥി കുപ്പായം തയ്‌പ്പിച്ചു എത്തിയ പലർക്കും നല്ല പ്രകടനം പോലും കാഴ്ചവയ്ക്കാൻ ആയില്ലെന്നു പോളിങ് കണക്കുകൾ വ്യക്തമാക്കുന്നത്.

സോജൻ ജയിച്ചു കയറിയ സീറ്റ് കൺസർവേറ്റീവിൽ നിന്നും പിടിച്ചെടുക്കുക ആയിരുന്നു. ഈ പ്രദേശത്തു ജയിച്ചു കയറിയ ബ്രിട്ടീഷ് വംശജൻ അല്ലാത്ത ഏക വ്യക്തിയാണ് സോജനെന്നു പ്രാഥമിക വിലയിരുത്തലിൽ തെളിയുന്നത്. മുൻപും 2021ലെ തിരഞ്ഞെടുപ്പിൽ സോജൻ മത്സരിച്ചിട്ടുണ്ടെങ്കിലും അന്ന് ഭാഗ്യം തുണയ്ക്കാഞ്ഞതിനു മറുപടിയായി ഇന്നലെ തിളക്കമാർന്ന വിജയം. ഈ വിജയത്തിൽ ദേശീയ രാഷ്ട്രീയത്തിൽ പടരുന്ന ടോറികളോടുള്ള എതിർപ്പ് വ്യക്തമാണ്.

സോജൻ മത്സരിച്ച അയേഴ്സ്ഫോർഡ് ആൻഡ് ഈസ്റ്റ് സ്റ്റെയർ സീറ്റിൽ വ്യക്തിപരമായ വോട്ടുകളാണ് കൂടുതലും വീണത്. ഇതോടെ സോജനൊപ്പം ഗ്രീൻ പാർട്ടിയിലെ അർണോൾഡ് ആൽബർട്ടാണ് വിജയിച്ചത്. ഇതോടെ പാനൽ വോട്ടുകളല്ല ഈ സീറ്റിൽ വിജയികളെ നിർണയിച്ചത് എന്നാണ് വ്യക്തമാക്കുന്നത്. ഗുരുതരമായ രോഗത്തെ കീഴടക്കാൻ ആരോഗ്യം വീണ്ടെടുക്കാൻ ഓടിത്തുടങ്ങിയ സോജൻ ആ ഓട്ടം എത്തിച്ചത് നിരവധി ദേശീയ, അന്താരാഷ്ട്ര മാരത്തോൺ വേദികളാണ്. ഇതോടെ പ്രദേശത്തെ മലയാളികളുടെ ഹീറോയുമാണ് സോജൻ. കഴിഞ്ഞ പത്തു വർഷത്തിലേറെ ആയി നിരവധി വാർത്തകളിലൂടെ സോജൻ ബ്രിട്ടീഷ് മലയാളി വായനക്കാർക്ക് ചിരപരിചിതനുമാണ്.

സോജനൊപ്പം മത്സര രംഗത്ത് അതെ വാർഡിൽ ലേബർ സ്ഥാനാർത്ഥി ആയി രംഗത്ത് വന്ന റീന മാത്യു വെറും പത്തു വോട്ടിനാണ് പരാജയപ്പെട്ടത്. ഒന്നാമനായി ജയിച്ചു കയറിയ സോജൻ 332 വോട്ട് കരസ്ഥമാക്കിയപ്പോൾ രണ്ടാമനായി ജയിച്ച ഗ്രീൻ പാർട്ടിയിലെ അർണോൾഡിനു 297 വോട്ടും ലഭിച്ചു. എന്നാൽ 287 വോട്ടോടെ റീനക്ക് മൂന്നാം സ്ഥാനം പിടിക്കാനേ കഴിഞ്ഞുള്ളു. ആകെ എട്ടു സ്ഥാനാർത്ഥികളാണ് ഈ സീറ്റിൽ മത്സരിക്കാൻ ഉണ്ടായിരുന്നത്. നാലാം സ്ഥാനത്തു ഗ്രീൻ പാർട്ടിയിലെ പിസി തോമസ് എത്തിയപ്പോൾ അഞ്ചും ആറും സ്ഥാനം പിടിച്ചത് ആഷ്ഫോർഡ് ഇൻഡിപെൻഡന്റ് പാർട്ടി സ്ഥാനാർത്ഥികളാണ്. ഇവർക്കും ഒടുവിലായി അവസാന നിരയിൽ മാത്രമാണ് കൺസർവേറ്റീവുകൾ എത്തിയത്. മുൻപ് കൺസർവേറ്റീവ് ജയിച്ച സീറ്റിൽ എത്ര പരിതാപകരമായാണ് അവർ എത്തിയത് എന്നും ഈ വോട്ടുനില സൂചിപ്പിക്കുന്നു.

കഴിഞ്ഞ തവണത്തെ തിരിച്ചടിക്ക് ബിബിന്റെ മധുര പ്രതികാരം

കഴിഞ്ഞ തവണ 2021 ൽ നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടത്തിയ മലയാളി സ്ഥാനാർത്ഥി ആയിരുന്നു ഇപ്പോൾ നോർഫോക്കിൽ ജില്ലാ സീറ്റിൽ ജയിച്ചു കയറിയ ബിബിൻ. ലേബർ പാർട്ടി സ്ഥാനാർത്ഥി ആയി നോർഫോൾകിലെ ബ്രോഡ്ലാൻഡ് സീറ്റിലാണ് ബിബിൻ ജയിച്ചു കയറിയത്. ഇത്തവണ കൂടുതൽ ജയസാധ്യതയുള്ള സീറ്റ് ലഭിച്ചതോടെ പ്രചാരണ ഘട്ടത്തിൽ തന്നെ ഏകദേശം വിജയം ഉറപ്പിച്ചാണ് ബിബിൻ മുന്നേറിയത്. ലേബർ പാർട്ടിയുടെ പാനൽ വോട്ടുകളുടെ കരുത്തും ബിബിന് തുണയായതായി വിലയിരുത്തപ്പെടുകയാണ്. ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ എതിരാളികളായ ടോറികളേക്കാൾ നൂറുകണക്കിന് വോട്ടിൽ മുന്നേറാനും ഇവിടെ ലേബറിന് കഴിഞ്ഞു.

ലേബർ പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ വരെ സ്വാധീനം ഉറപ്പിക്കാനായതും വിജയം ഉറപ്പുള്ള സീറ്റ് ലഭിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. ആദ്യ കാലങ്ങളിൽ ഒഐസിസി യുകെയുടെ പ്രവർത്തനം സംഘടിപ്പിക്കുന്നതിൽ മികവ് കാട്ടിയാണ് ബിബിൻ യുകെ മലയാളികൾക്കിടയിൽ അറിയപ്പെട്ടു തുടങ്ങിയത്. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് ബിബിൻ.

എൻഎച്ച്എസ് ജീവനക്കാരനായ നോർവിച്ചിലെ ബിപിൻ കുഴിവേലി കോവിഡ് കാലത്തേ സർക്കാർ പരാജയം എടുത്തുകാട്ടിയാണ് 2021ൽ മത്സരിക്കാൻ ഇറങ്ങിയത്. താൻ വിജയിച്ചാൽ കൂടുതൽ ഫണ്ടിങ്ങിനു വേണ്ടി പോരാടും എന്ന മട്ടിൽ സജീവമായി പ്രചാരണവും നടത്തിയിരുന്നു. സ്വാഭാവികമായും മലയാളികളുടെ കൂടി പിന്തുണയോടെ വീട് കയറിയിറങ്ങി പ്രചാരണം നടത്താനും ബിപിനായി. ചില സാധ്യതകൾ ഉണ്ടെന്നു കരുതിയ സീറ്റും ആയിരുന്നു. കൗണ്ടി സീറ്റിനൊപ്പം പാരിഷ് കൗൺസിലേക്കും ബിപിൻ മത്സരിച്ചിരുന്നു. കന്നിയങ്കം പൊളിഞ്ഞെങ്കിലും അതിൽ നിന്നും ഊർജം കണ്ടെത്തിയാണ് നോർവിച്ചിൽ മലയാളി സമൂഹത്തിനു ബിബിൻ അഭിമാനമായി മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP