Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കും; ഇരട്ട ക്ലച്ചിനും ഇളവ്; പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും രണ്ടാമത് റോഡ് ടെസ്റ്റും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ സർക്കാർ വിട്ടുവീഴ്ചകൾക്ക് തയ്യാറായതോടെ സമരം തീർന്നു

ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കും; ഇരട്ട ക്ലച്ചിനും ഇളവ്;  പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും രണ്ടാമത് റോഡ് ടെസ്റ്റും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ സർക്കാർ വിട്ടുവീഴ്ചകൾക്ക് തയ്യാറായതോടെ സമരം തീർന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസെടുക്കാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമായി. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. ഡ്രൈവിങ് പരിഷ്‌കരണത്തിൽ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും തയ്യാറായതോടെയാണ് ഇന്ന് വൈകിട്ട് നടന്ന ചർച്ചയിൽ സമരം പിൻവലിക്കാൻ ഡ്രൈവിങ് സ്‌കൂൾ യൂണിയൻ സമരസമിതി തീരുമാനിച്ചത്.

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് പ്രശ്‌ന പരിഹാരമായത്. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിൻവലിച്ചു. ചർച്ചക്കുശേഷം പുതിയ തീരുമാനങ്ങളും മന്ത്രി കെബി ഗണേശ് കുമാർ വിശദീകരിച്ചു.

ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ചർച്ച പോസിറ്റീവായിരുന്നു. ഡ്രൈവിങ് പരിഷ്‌കരണ സർക്കുലർ പിൻവലിക്കില്ല. എന്നാൽ, സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകൾ. ക്വാളിറ്റിയുള്ള ലൈസൻസ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോർ വാഹന വകുപ്പ് വെക്കും. ഇതിലെ ദൃശ്യങ്ങൾ 3 മാസം വരെ ആർടി ഓഫിസിലെ കംപ്യൂട്ടറിൽ സൂക്ഷിക്കും

പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിലും മാറ്റും വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തും. ഡ്രൈവിങ് സ്‌കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ് ടെസ്റ്റും നടത്തും. കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

എച്ച് ടെസ്റ്റിന് പകരമുള്ള മാതൃകകൾ പരിശോധിക്കും. പുതിയ മാതൃക കണ്ടെത്തും. ലൈസൻസ് അപേക്ഷ കെട്ടികിടക്കുന്ന ആർടിഒകൾ പരിശോധിച്ച് വേണ്ട നടപടിയുണ്ടാകും. ഈ സ്ഥലങ്ങളിൽ വേഗം ടെസ്റ്റുകൾ നടത്താൻ ക്രമീകരണം നടത്തും. കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്ന് ശമ്പളം കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ:

''ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ 40 ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നാണ് സർക്കുലറിൽ പറഞ്ഞിരുന്നത്. ഇതുപ്രകാരം രണ്ട് ഇൻസ്‌പെക്ടർമാരുള്ളിടത്ത് 80 ലൈസൻസ് ടെസ്റ്റ് നടത്തും. ഇത് പര്യാപ്തമല്ലെന്നായിരുന്നു പരാതി. ഏതാണ്ട് 10 ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നുവെന്നാണ് വാർത്തകൾ വന്നത്. എന്നാൽ പ്രാഥമിക പരിശോധനയിൽ 2.5 ലക്ഷം അപേക്ഷകളാണുള്ളതെന്നാണ് മനസ്സിലായത്. ഈ ബാക്ക്ലോഗ് പരിഹരിക്കും. ഓരോ ആർടി ഓഫിസിലും സബ് ആർടി ഓഫിസിലും എത്ര അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് അടുത്തദിവസങ്ങളിൽ പരിശോധിക്കും. കൂടുതൽ അപേക്ഷ ഉള്ള സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ നിയമിച്ചു ബാക്ക് ലോഗ് പരിഹരിക്കും.

''ലേണേഴ്‌സ് ലൈസൻസിന്റെ കാലാവധി തീരുമെന്ന ഭയം വേണ്ട. ആറു മാസം കഴിഞ്ഞാലും കാലാവധി നീട്ടിക്കിട്ടും. ചെറിയൊരു ഫീസ് അടച്ചാൽ മതി. ആ പരീക്ഷ ഇനി എഴുതേണ്ട. രണ്ട് വശത്തും ക്ലച്ചും ബ്രേക്കുമുള്ള വാഹനം ലോകത്ത് എവിടെയും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാറില്ല. സ്വന്തമായ വാഹനത്തിലേക്ക് സർക്കാരെത്തുകയോ വാഹനം വാടകയ്‌ക്കെടുകയോ ചെയ്യുന്ന സംവിധാനമാകുന്നതുവരെ രണ്ടുവശത്തും ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ തത്കാലം ടെസ്റ്റിന് അനുവദിക്കും. തീർച്ചയായും ഡ്രൈവിങ് ടെസ്റ്റിന്റെ ക്വാളിറ്റി ഉയരും. നന്നായി ഡ്രൈവിങ് അറിയുന്നവർ മാത്രം വണ്ടിയോടിച്ചാൽ മതിയെന്നാണ് സർക്കാർ തീരുമാനം. അതിനോട് ഡ്രൈവിങ് സ്‌കൂൾ പ്രതിനിധികളും യോജിച്ചിട്ടുണ്ട്.

''ടെസ്റ്റ് നടക്കുമ്പോൾ പീഡനങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ക്യാമറ സ്ഥാപിക്കണമെന്ന നിർദ്ദേശവും നേരത്തേ മുന്നോട്ടുവച്ചിരുന്നു. ഇതിനുവേണ്ടിയുള്ള ക്യാമറകൾ മോട്ടർ വെഹിക്കിൾ വിഭാഗം വാങ്ങാൻ തീരുമാനിച്ചു. ടെസ്റ്റിന്റെ സമയത്ത് ഉദ്യോഗസ്ഥൻ ക്യാമറ വാഹനത്തിന്റെ ഡാഷ് ബോർഡിൽ സ്ഥാപിക്കും. ടെസ്റ്റിനുശേഷം ക്യാമറ ദൃശ്യങ്ങൾ കംപ്യൂട്ടറിലേക്ക് മാറ്റും. മൂന്നുമാസം വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കും'' മന്ത്രി പറഞ്ഞു. സമരക്കാർ ആരോപിച്ചതുപോലെ ആരുടെയും തൊഴിൽ നഷ്ടമാകുന്ന അവസ്ഥയുണ്ടാകില്ലെന്നും ഡ്രൈവിങ് പഠിച്ച് അഞ്ചുവർഷം കഴിഞ്ഞവർക്ക് ഡ്രൈവിങ് പഠിപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP