Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

'വിസ്മയ, ഉത്ര കേസുകൾ റിപ്പോർട്ടർമാർ തള്ളി ഉണ്ടാക്കുന്നതാണ്, അതിൽ വലിയ കാര്യമില്ല; ഇതെല്ലാം ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിൽ നടക്കുന്നതല്ലേ, എല്ലാം മറന്നേക്കൂ': ഗാർഹിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പരാതി ഗൗരവമായി എടുത്തില്ല; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

'വിസ്മയ, ഉത്ര കേസുകൾ റിപ്പോർട്ടർമാർ തള്ളി ഉണ്ടാക്കുന്നതാണ്, അതിൽ വലിയ കാര്യമില്ല; ഇതെല്ലാം ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിൽ നടക്കുന്നതല്ലേ, എല്ലാം മറന്നേക്കൂ': ഗാർഹിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പരാതി ഗൗരവമായി എടുത്തില്ല; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ അന്വേഷണത്തിൽ അലംഭാവം കാട്ടിയ എസ്എച്ച് ഒയ്ക്ക് സസ്‌പെൻഷൻ. പന്തീരാങ്കാവ് എസ് എച്ച് ഒ എഎസ് സരിനെയാണ് സസ്‌പെൻഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ്എച്ച് ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും.

ഗാർഹിക പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തൽ. ഫറോക്ക് എസിപി സാജു കെ.എബ്രഹാം കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണു സസ്‌പെൻഡ് ചെയ്തത്. പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണു നടപടി.

പൊലീസിന്റെ വീഴ്ചകളെ കുറിച്ച് യുവതി പറഞ്ഞ പരാതികൾ ഇങ്ങനെ:

''എന്നെ ആശുപത്രിയിൽ കാണിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്കു പോയത്. ഞാൻ ഈ പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസിനു മുന്നിലും അതേപടി പറഞ്ഞതാണ്. പക്ഷേ, മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തു മുറുക്കി കൊല്ലാൻ ശ്രമിച്ചത് ഉൾപ്പെടെ ഞാൻ പറഞ്ഞ പ്രധാനപ്പെട്ട പല കാര്യങ്ങളും അവർ രേഖപ്പെടുത്തിയില്ല എന്നാണ് ഏറ്റവും ഒടുവിൽ അറിഞ്ഞത്. ഞങ്ങൾ അവിടെ എത്തുന്നതിനു മുൻപേ രാഹുൽ എത്തിയിരുന്നു. പൊലീസുകാരുടെ തോളിൽ സുഹൃത്തുക്കളേപ്പോലെ കയ്യിട്ടു നടക്കുന്നതാണ് ഞങ്ങൾ കണ്ടത്. ഒരു ഒത്തുതീർപ്പിനുള്ള ശ്രമമാണ് അവിടെ കണ്ടത്.'

'ഇതെല്ലാം സ്വാഭാവികമല്ലേ, ഭാര്യാഭർത്താക്കന്മാർക്കിടയിൽ നടക്കുന്നതല്ലേ, എല്ലാം മറന്നേക്കൂ എന്നൊക്കെയാണ് പൊലീസുകാർ പറഞ്ഞത്. സിഐയുടെ മുറിയിൽ ഞാനും അച്ഛനും രാഹുലുമാണ് ഉണ്ടായിരുന്നത്. ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എന്നെ ഇത്രയും മർദ്ദിച്ചയാളുടെ കൂടെ തുടരാൻ താൽപര്യമില്ലെന്ന് ഞാൻ പറയുകയും ചെയ്തു.

'വിസ്മയ, ഉത്ര തുടങ്ങിയവർക്ക് സംഭവിച്ച കാര്യങ്ങൾ അച്ഛൻ ചൂണ്ടിക്കാട്ടിയപ്പോൾ, അതെല്ലാം റിപ്പോർട്ടർമാർ തള്ളിയുണ്ടാക്കുന്നതാണ്, അതിൽ വലിയ കാര്യമില്ല എന്നാണ് പറഞ്ഞത്. എങ്കിലും കേസെടുക്കണമെന്ന് അച്ഛൻ പറഞ്ഞപ്പോൾ, ഇതിനൊക്കെ കേസുണ്ടോയെന്ന് ചോദിച്ച് പരിഹസിച്ചു. രാഹുലിന്റെ പക്ഷത്തുനിന്ന് സംസാരിക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്.'' യുവതി പറഞ്ഞു.

യുവതിയുടെ പരാതി ശരി വച്ച് വനിതാ കമ്മീഷനും

പന്തീരാങ്കാവിൽ ഭർത്തൃഗൃഹത്തിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയിൽ നിന്നു വ്യക്തമായെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി. വനിതാ കമ്മിഷൻ ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.

പരാതി കിട്ടിയതിനെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് പെൺകുട്ടിയെ ഫോണിൽ വിളിച്ചു സംസാരിച്ചെന്നും നിയമപരവും ധാർമികവുമായ എല്ലാ പിന്തുണയും പെൺകുട്ടിക്ക് വനിതാ കമ്മിഷൻ നൽകുമെന്നും സതീദേവി അറിയിച്ചു. ഭർത്തൃഗൃഹത്തിൽ ഗുരുതരമായ പീഡനത്തിന് പെൺകുട്ടി ഇരയായിട്ടുണ്ടെന്ന് കമ്മിഷനു ലഭിച്ച പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോഴുള്ള എസ്എച്ച്ഒയുടെ സമീപനം സംബന്ധിച്ചും പരാതിയിലുണ്ട്. ലഭിച്ച പരാതി ചൊവ്വാഴ്ച തന്നെ കമ്മിഷൻ രജിസ്റ്റർ ചെയ്തു.

അന്നുതന്നെ എസ്എച്ച്ഒയെ ഫോണിൽ വിളിച്ചു സംസാരിച്ചു. ഗുരുതര പരാതി നൽകിയ പെൺകുട്ടിയോട് ഭർത്താവുമായി ഒത്തുപോകണം എന്ന് പൊലീസ് നിർദ്ദേശിച്ചതായി ആരോപണമുണ്ട്. പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തേണ്ടിയിരുന്നു. ശാരീരികമായ പീഡനം ഏൽപ്പിക്കാൻ ഭർത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥർ പൊലീസ് സേനയ്ക്ക് അപമാനമാണ്. ഈ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽനിന്നു മാറ്റിയതായി മനസിലാക്കുന്നു. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും കുറ്റമറ്റതും ചിട്ടയായ രീതിയിലുമുള്ള അന്വേഷണം നടക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP