Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

പന്തീരാങ്കാവിൽ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് ഓഫീസറുടെ മറുപടിയിൽ നിന്നു വ്യക്തം; ശാരീരിക പീഡനം നടത്താൻ ഭർത്താവിന് അവകാശമുണ്ട് എന്ന് കരുതുന്ന പൊലീസ് ഉദ്യോഗസ്ഥർ അപമാനമെന്നും വനിതാ കമ്മീഷൻ

പന്തീരാങ്കാവിൽ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് ഓഫീസറുടെ മറുപടിയിൽ നിന്നു വ്യക്തം; ശാരീരിക പീഡനം നടത്താൻ ഭർത്താവിന് അവകാശമുണ്ട് എന്ന് കരുതുന്ന പൊലീസ് ഉദ്യോഗസ്ഥർ അപമാനമെന്നും വനിതാ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പന്തീരാങ്കാവിൽ ഭർത്തൃഗൃഹത്തിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയിൽ നിന്നു വ്യക്തമായെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി. വനിതാ കമ്മിഷൻ ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.

പരാതി കിട്ടിയതിനെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് പെൺകുട്ടിയെ ഫോണിൽ വിളിച്ചു സംസാരിച്ചെന്നും നിയമപരവും ധാർമികവുമായ എല്ലാ പിന്തുണയും പെൺകുട്ടിക്ക് വനിതാ കമ്മിഷൻ നൽകുമെന്നും സതീദേവി അറിയിച്ചു. ഭർത്തൃഗൃഹത്തിൽ ഗുരുതരമായ പീഡനത്തിന് പെൺകുട്ടി ഇരയായിട്ടുണ്ടെന്ന് കമ്മിഷനു ലഭിച്ച പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോഴുള്ള എസ്എച്ച്ഒയുടെ സമീപനം സംബന്ധിച്ചും പരാതിയിലുണ്ട്. ലഭിച്ച പരാതി ചൊവ്വാഴ്ച തന്നെ കമ്മിഷൻ രജിസ്റ്റർ ചെയ്തു.

അന്നുതന്നെ എസ്എച്ച്ഒയെ ഫോണിൽ വിളിച്ചു സംസാരിച്ചു. ഗുരുതര പരാതി നൽകിയ പെൺകുട്ടിയോട് ഭർത്താവുമായി ഒത്തുപോകണം എന്ന് പൊലീസ് നിർദേശിച്ചതായി ആരോപണമുണ്ട്. പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തേണ്ടിയിരുന്നു. ശാരീരികമായ പീഡനം ഏൽപ്പിക്കാൻ ഭർത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥർ പൊലീസ് സേനയ്ക്ക് അപമാനമാണ്. ഈ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽനിന്നു മാറ്റിയതായി മനസിലാക്കുന്നു. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും കുറ്റമറ്റതും ചിട്ടയായ രീതിയിലുമുള്ള അന്വേഷണം നടക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

വിദ്യാസമ്പന്നരായ പെൺകുട്ടികൾക്ക് ഈ തരത്തിൽ പീഡനം ഏൽക്കേണ്ടി വരുന്നു എന്നുള്ളത് കേരളീയ സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്. കെട്ടുകണക്കിന് സ്വർണാഭരണങ്ങൾ അണിഞ്ഞു വേണം പെൺകുട്ടികൾ വിവാഹം കഴിഞ്ഞ് ഭർത്തൃഗൃഹത്തിലേക്ക് പ്രവേശിക്കാൻ എന്ന ധാരണ സമൂഹത്തിൽ ഉണ്ടാകുന്നത് വളരെ അപമാനകരമാണ്. ഇടത്തരം കുടുംബങ്ങളിലാണ് ഇത്തരത്തിൽ ഭാരിച്ച സ്വർണവും പണവും നൽകി വിവാഹങ്ങൾ നടക്കുന്നത്. സ്വർണവും പണവുമൊക്കെ കൊടുത്ത് വിവാഹം നടത്തിയ ശേഷം അടുക്കള കാണൽ ചടങ്ങിന്റെ ഭാഗമായി ഗൃഹോപകരണങ്ങൾ ഉൾപ്പെടെ കൊണ്ടുപോയി കൊടുക്കുന്ന സ്ഥിതിയുണ്ട്. ഇതൊക്കെ കേരളീയ സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യണം, സതീദേവി ആവശ്യപ്പെട്ടു.

സ്ത്രീധന സമ്പ്രദായത്തിന് എതിരായി 1961-ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നെങ്കിലും പാരിതോഷികമെന്ന പേരിൽ സ്ത്രീധനം ഇപ്പോഴും നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. സ്ത്രീധനം എന്ന പേരിൽ അല്ല, രക്ഷിതാവിന്റെ സ്നേഹവാത്സല്യമായി സമ്മാനമായാണ് പാരിതോഷികം നൽകുന്നത്. പാരിതോഷികങ്ങൾ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. നിയമം ഇതു വിവക്ഷിക്കുന്നുണ്ട്. ഇതുമൂലമാണ് നിയമം ദുർബലമായി പോകുന്നത്. ഈ സാഹചര്യത്തിൽ നിയമത്തിൽ തന്നെ ആവശ്യമായ ഭേദഗതി വരുത്തണം. കേന്ദ്ര സർക്കാരാണ് ഭേദഗതി നടപടി എടുക്കേണ്ടത്. ആവശ്യമായ ചട്ടങ്ങൾ സംസ്ഥാനത്ത് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് വനിതാ കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഭർത്തൃപീഡനത്തിന് ഇരയായ പെൺകുട്ടിയെ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP