Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

വ്യാജ ഏജൻസിക്കാരെയും പണം വാങ്ങി കെയർമാരെ എത്തിച്ച ആർത്തിക്കാരെയും കുടുക്കാം; ജോലിക്കായി പത്തു ലക്ഷം നൽകിയവർക്ക് ഹോം ഓഫിസിൽ പരാതി നല്കാൻ അവസരം; ഭാവിയോർത്ത് പ്രയാസപ്പെടാതെ പരാതിക്ക് അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ

വ്യാജ ഏജൻസിക്കാരെയും പണം വാങ്ങി കെയർമാരെ എത്തിച്ച ആർത്തിക്കാരെയും കുടുക്കാം; ജോലിക്കായി പത്തു ലക്ഷം നൽകിയവർക്ക് ഹോം ഓഫിസിൽ പരാതി നല്കാൻ അവസരം; ഭാവിയോർത്ത് പ്രയാസപ്പെടാതെ പരാതിക്ക് അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: അർഹതയില്ലാത്ത മില്യൺ കണക്കിന് പൗണ്ട് തിന്നു കൊഴുത്തു വീർത്ത യുകെയിലെയും കേരളത്തിലെയും മലയാളികൾ ഉൾപ്പെടെയുള്ള റിക്രൂട്ടിങ് മാഫിയ കോവിഡ് കാലത്തിനു മുൻപ് മുതൽ നടത്തിയ കൊള്ള ഒടുവിൽ അവസാനിക്കുകയാണോ? യുകെയിൽ ഒരു ജോലിക്കും തൊഴിൽ ഉടമക്കോ എജൻസികൾക്കോ പണം നൽകേണ്ടതില്ല എന്ന നിയമപരമായ വസ്തുത മുന്നിൽ നിൽക്കെ യുകെയിലെ ഏറ്റവും ശമ്പളം കുറഞ്ഞ കെയർ അസിസ്റ്റന്റ് ജോലിക്ക് പോലും 18 ലക്ഷം രൂപ വരെ മുടക്കി കഴിഞ്ഞ ഏതാനും വർഷമായി എത്തിയ മലയാളികൾക്ക് ആ പണത്തിൽ നല്ല ശതമാനവും തിരികെ പിടക്കാൻ അവസരം. പണം നൽകിയത് യുകെയിലെ ഇടനിലക്കാർക്ക് ആണെങ്കിൽ മാത്രമാണ് നിയമ നടപടിക്ക് അവസരം.

ഒരാൾക്കും പരാതിപ്പെട്ടതിനെ പേരിൽ ജോലി നഷ്ടമാകില്ല, കെയർ ഹോം ഉടമകളുടെ വിരട്ടലും റിപ്പോർട്ട് ചെയ്യാം

ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന് എതിരെയും പരാതിയുടെ മുന നീളും എന്നതിനാൽ പണം നൽകിയവർ ഉള്ള കഞ്ഞിയിൽ പാറ്റ വീഴേണ്ട എന്ന നിലപാടിലേക്ക് നീങ്ങുക ആയിരുന്നു. എന്നാൽ കെയർ ഹോം ഉടമ നേരിട്ട് പണം വാങ്ങാത്ത സംഭവങ്ങളിൽ ഇടനിലക്കാരായി വന്നു പത്തും പതിനഞ്ചും ലക്ഷം രൂപ സാധാരണക്കാരായ ആളുകളിൽ നിന്നും ജോലിക്ക് എന്ന പേരിൽ വാങ്ങിയവർക്ക് എതിരെ പരാതിപ്പെടാൻ ഉള്ള അവസരം തുറന്നിടുന്നത് സിംബാംബ്വേക്കാരിയായ യുവതിയാണ്. നിയമപരമായ കാരണങ്ങളാൽ ഹോം ഓഫിസ് ഇവരുടെ പേര് പുറത്തു വിടുന്നില്ല. മാത്രമല്ല മോഡേൺ സ്‌ളേവറി വിക്ടിം എന്ന നിലയിൽ നിലവിലെ ജോലിക്കു ഒരു തടസവും ഉണ്ടാകില്ലെന്ന ഉറപ്പുമാണ് ഹോം ഓഫിസ് നൽകുന്നത്. പണം നൽകി ജോലി വാങ്ങുന്നത് തെറ്റാണെങ്കിലും തങ്ങൾ ഇരകൾ ആണ് എന്ന് വെളിപ്പെടുത്താൻ തയ്യാറുള്ളവർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് ഹോം ഓഫിസ് രംഗത്ത് വന്നിരിക്കുന്നത്.

ഹോം ഓഫിസിനു വിവരങ്ങൾ ചോർന്നു കിട്ടിയത് വിദ്യാർത്ഥി റെയ്ഡിലൂടെ

കെയർ ഹോം ജോലിക്കായുള്ള റിക്രൂട്ടിങ് രംഗത്തെ ചൂഷണം നിരന്തരം വാർത്ത ആയതോടെയാണ് ഹോം ഓഫിസ് സഹായവാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ആയിരക്കണക്കിന് മലയാളികൾ ഈ ചൂഷണത്തിന് ഇരയായതായി ഇതിനകം ഹോം ഓഫിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് ജിഎൽഎഎ , നാഷണൽ ക്രൈം ഏജൻസി എന്നിവയടക്കം ഈ രംഗത്തെ ആറോളം സംഘങ്ങൾ ചേർന്നാണ് ഇരകളെ കണ്ടെത്താൻ ശ്രമം നടത്തുന്നത്. ഇതോടെ ചൂഷകരായി നിന്ന ഇടനിലക്കാരിലേക്ക് വേഗത്തിൽ എത്താനാകും എന്നതാണ് ഹോം ഓഫിസ് ഉദ്ദേശിക്കുന്നത്. അടുത്തിടെ മലയാളി വിദ്യാർത്ഥികൾക്കിടയിൽ നടന്ന റെയ്ഡിലും കെയർ ഹോം ജോലി പണം കൊടുത്തു വാങ്ങാനാണ് പഠന സമയത്തു അധിക മണിക്കൂർ ജോലി ചെയ്തത് എന്നത് ഞെട്ടലോടെയാണ് ഉദ്യോഗസ്ഥർ റെക്കോർഡ് ചെയ്തിരിക്കുന്നത്. ഇതോടെ ചൂഷണത്തിന്റെ വല രാജ്യമെങ്ങും വിരിക്കപ്പെട്ടിരിക്കുകയാണ് എന്ന് മനസിലാക്കിയ ഇമ്മിഗ്രെഷൻ ഉദ്യോഗസ്ഥർ കുടിയേറ്റ സമൂഹത്തിലെ പൊതു പ്രവർത്തകരെ കണ്ടെത്തി വിവര ശേഖരണത്തിന് തയ്യാറെടുക്കുകയാണ്.

സൗജന്യ സിഓഎസിനു കഴുത്തറുത്തു വാങ്ങിയത് 3500 പൗണ്ട് വരെ

കെയർ ഹോം ജോലിക്കു മലയാളി ഉദ്യോഗാർത്ഥികളിൽ നിന്നും സർട്ടിഫിക്കറ്റ് ഓഫ് സ്‌പോൺസർഷിപ് എന്നറിയപ്പെടുന്ന സി ഓ എസ് ലഭിക്കാൻ പണം വേണമെന്നും അപേക്ഷ ഫീസും സോളിസിറ്ററുടെ ഫീസും അടക്കം 3500 പൗണ്ട് വരെ ചിലവുണ്ട് എന്നുമാണ് ആർത്തി പൂണ്ട വ്യാജ എജൻസികൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ അതിന്റെ പത്തിൽ ഒന്ന് പോലും ചെലവില്ലാത്ത ഫീസ് അടയ്‌ക്കേണ്ടത് ഉദ്യോഗാർത്ഥിയല്ല, ജോലി നൽകുന്ന കെയർ ഹോം ഉടമ തന്നെയാണ് എന്ന വ്യക്തതയാണ് ഇപ്പോൾ ഹോം ഓഫിസ് നൽകുന്നത് .ഇക്കാര്യം പൊതുജന അറിവിലേക്കായി അവർ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതടക്കം പെരുംനുണകൾ വേവിച്ചെടുത്താണ് വ്യാജ ഏജൻസികളും ആർത്തി പിടിച്ച കെയർ ഹോം ഉടമകളും മലയാളി ഉദ്യോഗാർത്ഥികളിൽ നിന്നും ദശ ലക്ഷങ്ങൾ പിഴിഞ്ഞെടുത്തത്. ഒരു കെയർ ഹോം വാങ്ങുന്ന ആൾ ഒരു വർഷത്തിനകം അടുത്ത കെയർ ഹോം വാങ്ങാനുള്ള ഡെപ്പോസിറ്റ് പണം കണ്ടെത്തിയത് ഇത്തരത്തിൽ നിസഹായരായ മലയാളി ഉദ്യോഗാർത്ഥികളിൽ നിന്നും പിഴിഞ്ഞെടുത്ത പണം ഉപയോഗിച്ചാണ്.

ചതിക്കാൻ മുന്നിൽ നിന്നതു ഏഷ്യൻ ഉടമകളായ കെയർ ഹോമുകൾ

ബ്രിട്ടീഷ് ഉടമസ്ഥതയിൽ ഉള്ള കെയർ ഹോമുകളിൽ ഒരാളിൽ നിന്നും നേരിട്ട് പണം വാങ്ങിയതായി പരാതിയില്ല. എന്നാൽ ഇവിടെയും ആളുകളെ എത്തിച്ചു കൊടുത്ത ഇടനിലക്കാർ ദശ കോടികൾ കൈക്കലാക്കിയിട്ടുണ്ട്. ഇത്തരം കേസുകളിൽ കെയർ ഹോമുകൾക്ക് എതിരെ ഒരു നടപടിയും ഉണ്ടാകില്ല. എന്നാൽ ഏഷ്യൻ ( ഭൂരിഭാഗവും ഇന്ത്യൻ, ശ്രീലങ്കൻ , മലേഷ്യൻ , ഫിലിപ്പീൻസ് , ഉടമസ്ഥതയിൽ ഉള്ളവ ) , മറ്റു വിദേശ ഉടമസ്ഥതകളിൽ ഉള്ള കെയർ ഹോമുകളിൽ ഉടമകൾ തന്നെ നേരിട്ട് പണം കൈപ്പറ്റിയതായി പരാതിയുണ്ട്. ഇത്തരം ഹോമുകളിൽ വീണ്ടും വീണ്ടും ആളെ നിയമിക്കാനായി ഒരിക്കൽ വന്നവരെ ആറു മാസത്തെ പ്രൊബേഷൻ സമയത്തിനകം പിരിച്ചു വിടുക എന്ന ഗൂഢ തന്ത്രം നടപ്പാക്കി തുടങ്ങിയത് കഴിഞ്ഞ രണ്ടു വർഷത്തിനിടയിലാണ്.

രണ്ടു ആഴ്ച മുൻപും സൗത്താംപ്ടണിലെ ഒരു കെയർ ഹോമിൽ അങ്കമാലി സ്വദേശിനിയായ യുവതി ഈ ചതിക്ക് ഇരയായിട്ടുണ്ട്. ഈ ഹോമിൽ നിലവിൽ നാലു മലയാളികൾ ഉടൻ പ്രൊബേഷൻ തീരാൻ കാത്തിരിപ്പുണ്ട്. മൂന്നു പേർ ഉടൻ നാട്ടിൽ നിന്നും ഇവിടേക്ക് പറക്കാനായും കാത്തിരിക്കുന്നു. ഇപ്പോൾ ജോലി നഷ്ടമായ യുവതി നാട്ടിൽ നിന്നും പുറപ്പെടാൻ ഇരിക്കുന്നവരെ കണ്ണീരുമായി തന്റെ അവസ്ഥ വിവരിച്ചെങ്കിലും നാട്ടിൽ നിൽക്കുന്നവർ അത് വിശ്വസിക്കാനും തയാറല്ല. ഇത്തരം ചൂഷണം തുറന്നു കാട്ടാനോ ചതിയിൽ പെട്ടവരെ സഹായിക്കുവാനോ കാര്യമായ സഹായം എവിടെയും ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരം. കഴിഞ്ഞ രണ്ടു വർഷത്തിലേറെ ആയി ബ്രിട്ടീഷ് മലയാളി ഏറ്റെടുത്ത ചൂഷണത്തിന് എതിരെ ഉള്ള പ്രചാരണത്തിൽ രണ്ടു ഡസനിൽ അധികം മലയാളികൾക്ക് സഹായ മനസ്ഥിതിയുമായി എത്തിയ അഭിഭാഷകരുടെ സഹായത്തോടെ നീതി ഉറപ്പാക്കാനും നഷ്ടമായ ജോലി തിരികെ ലഭിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

പണം തിരികെ വാങ്ങാൻ പ്രയാസം നേരിട്ട പല സന്ദർഭങ്ങളിലും ബ്രിട്ടീഷ് മലയാളി വാർത്തകളാണ് ചതിക്കപ്പെട്ടവർക്ക് സഹായമായത്. എന്നാൽ നിയമപരമായി പോലും സഹായിക്കാൻ കെൽപ്പുള്ള മലയാളി സംഘടനകൾ എല്ലാം തന്നെ ഈ ചതിക്ക് മുൻപിൽ വാ തുറക്കാതെ വേട്ടക്കാർക്കൊപ്പം എന്ന നിലപാടിൽ ഇന്നും തുടരുകയാണ്. ഒരു സംഘടനക്ക് പോലും ചതിക്കപ്പെട്ട ഒരാളെയെങ്കിലും സഹായിച്ചതായി പരസ്യമായി വെളിപ്പെടുത്താനും സാധിക്കുന്നില്ല. യുകെയിൽ ജോലി തേടിയെത്തി ചതിക്കപ്പെടുന്നവർക്ക് നിയമ സഹായവും പരസ്യമായി ചതിക്ക് എതിരെ സംസാരിക്കാൻ പൊതു സമൂഹത്തിന്റെ പിന്തുണയും ആവശ്യമുണ്ട്. ഇക്കാര്യത്തിൽ സഹായിക്കാൻ പ്രാപ്തരായ ഒട്ടേറെ മലയാളികളും യുകെയിലുണ്ട്. ചതിക്കപ്പെടുന്നവർക്ക് അത്തരക്കാരുടെ സഹായം ഉറപ്പാക്കാൻ ഉള്ള ശ്രമങ്ങളാണ് നിരന്തരമായ ക്യാംപെയ്നിലൂടെ ബ്രിട്ടീഷ് മലയാളി ഏറ്റെടുക്കുന്നത്.

ഏജൻസിക്കെണിയിൽ കുടുങ്ങാതെ സൗജന്യമായി എത്താൻ ഇപ്പോഴും അവസരം

ഏജൻസികളുടെ ചതിക്കുഴിയിൽ വീഴരുത് എന്ന് നിരന്തരം പ്രചാരണം നടത്തുന്ന കേംബ്രിജിലെയും സോമർസെറ്റിലെയും രണ്ടു മലയാളികൾ വഴി ഇതിനകം 650 മലയാളികൾ എങ്കിലും സൗജന്യമായി യുകെയിൽ എത്തിയിട്ടുണ്ട് എന്നവർ അവകാശപ്പെടുന്നു. കേംബ്രിജ് നിവാസിയായ മലയാളി 25 ഓളം വാട്സാപ്പ് ഗ്രൂപ്പുകൾ തയാറാക്കിയും ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയും നൽകുന്ന സേവനത്തിലൂടെയാണ് അഞ്ഞൂറിലേറെ മലയാളികൾ സൗജന്യമായി യുകെയിൽ എത്തിയത്. ഇദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച ഒരു നിമിത്തമാണ് ഈ സേവനത്തിനു ഇറങ്ങാൻ പ്രേരണ ആയതെന്നു അദ്ദേഹത്തെ അടുത്തറിയുന്ന സുഹൃത്തുക്കൾ പറയുന്നു.

പത്തു ലക്ഷം രൂപ മാഞ്ചസ്റ്ററിലെ ഏജൻസിക്കാരന് നൽകി യുകെയിൽ എത്തുകയും ആഴ്ചകൾക്കകം മരണത്തിനു കീഴടങ്ങുകയും ചെയ്ത സ്ട്രാഫോഡിലെ ബിജുവിന്റെ ദുരനുഭവവും കുടുംബത്തെ സഹായിക്കാൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ അപ്പീലുമാണ് സോമർസെറ്റിലെ മലയാളിയെ ഈ രംഗത്തെ ചൂഷണത്തിന് എതിരെ രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്. തുടർന്ന് നിരവധി എജൻസികളുമായി ബന്ധപ്പെട്ട അദ്ദേഹം 150 ഓളം പേരെ സൗജന്യ നിരക്കിൽ യുകെയിൽ എത്തിച്ചെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇവർ തീർത്തും സൗജന്യമായി എത്തി എന്ന് പറയാൻ ഇദ്ദേഹം തയാറല്ല.

ചെറിയ തോതിൽ ഉള്ള ഫീസ് ഏജൻസികൾ വാങ്ങിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്നു പറയുന്നു. പക്ഷെ കഴുത്തറപ്പൻ നിരക്കിൽ നിന്നും അനേകം പേരെ രക്ഷിക്കാനായി എന്നതാണ് അദ്ദേഹം പങ്കിടുന്ന നിശ്വാസം. മാഫിയ സംസ്‌കാരത്തിൽ പ്രവർത്തിക്കുന്ന ഇരുവർക്കും ഇക്കാര്യത്തിൽ പലവട്ടം ഭീക്ഷണി അടക്കമുള്ള സന്ദേശങ്ങൾ നേരിടേണ്ടി വന്നതുകൊണ്ടാണ് ഇവരുടെ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്താത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP