Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

34 പേരെ കയറ്റുമ്പോൾ കൊടുക്കുന്ന നിരക്ക് 48 പേരെ കയറ്റുമ്പോഴും ഈടാക്കിയിട്ട് എന്തിനാണ് 50 ശതമാനം നിരക്ക് കൂടുതൽ? ബിജെപിക്കാരനായ ഒരാൾ മുതലാളിമാർക്ക് വേണ്ടി ഉണ്ടാക്കുന്ന നിരക്കിനോട് എന്താണ് കമ്മ്യൂണിസ്റ്റ് സർക്കാരിന് ഇത്ര ഇഷ്ടം? കോടതിയെ ചാരി ബസ് മുതലാളിമാരുടെ കീശ വീർപ്പിക്കാൻ പാവങ്ങളുടെ തലയ്ക്ക് ഇരുമ്പ് വടികൊണ്ടടിച്ച പിണറായിയോട്

മറുനാടൻ ഡെസ്‌ക്‌

പാവപ്പെട്ടവരുടെ യാത്രാമാധ്യമമായ റൂട്ടുബസുകളുടെ ബസുകൂലി കൊറോണയുടെ പേരിൽ 50% കൂട്ടിയ രാജ്യത്തെ ഏക 'ജനകീയ' സർക്കാരാണ് പിണറായിയുടേത്. പ്രമാദമായ ബസ് ചാർജ് കേസിൽ അഡ്വക്കേറ്റ് ജനറലിനെ പോലും നിയോഗിക്കാതിരുന്നത് പിണറായി സർക്കാരും ബസുടമകളും തമ്മിലുള്ള രഹസ്യ ധാരണയെന്നു വ്യക്തമാണ്.

അഡ്വക്കേറ്റ് ജനറൽ ഹാജരായിരുന്നെങ്കിൽ അഡ്‌മിഷൻ പോലും കിട്ടാതെ തുടങ്ങേണ്ട കേസിലാണ് തെറ്റായ വാദങ്ങളുടെ അടിസ്ഥാനത്തിൽ കോടതി കൂട്ടിയ ബസ് ചാർജ് നിലനിർത്താൻ ഇപ്പോൾ ഉത്തരവിട്ടത്.അഡ്വക്കേറ്റ് ജനറൽ വേണ്ട, കേസ് നടത്തി പരിചയമുള്ള ഒരു സാദാ വക്കീൽ കേസ് പഠിക്കേണ്ട, ഒന്നു വായിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു ഉത്തരവിടില്ലായിരുന്നു എന്നത് തീർച്ചയാണ്. ഈ കേസിൽ മൗനം പാലിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു തന്നെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലേയ്ക്ക് രഹസ്യ നിർദ്ദേശമുണ്ടായിരുന്നതായി പറയപ്പെടുന്നു.

അങ്ങനെയെങ്കിൽ, നിയമം അറിയാത്ത ഒരു സാധാരണ യാത്രക്കാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കേസ് നൽകിയ ബസുടമകൾക്കും കേസിൽ മൗനം പാലിച്ച സംസ്ഥാന സർക്കാരിനും, എന്താണ് കേസിനാസ്പദമായ വിഷയമെന്ന് പഠിക്കാത്ത കോടതിക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്.

എന്തുകൊണ്ടായിരുന്നു കോവിഡ് കാലത്ത് ബസുകൂലി 50% കൂട്ടിയത്? 48 ഇരുന്നു യാത്രക്കാരെയും 12 നിന്നു യാത്രക്കാരെയും ഓർഡിനറി ബസിലും 36 ഇരുന്നു യാത്രക്കാരെയും 18 നിന്നു യാത്രക്കാരെയും അനുവദിക്കുന്ന സിറ്റി/ടൗൺ ബസിലും സാമൂഹിക അകലം പാലിക്കാനായി ഒരു ബസിലെ യാത്രക്കാരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തി. അതിനാൽ യാത്രാക്കൂലി 50% കൂട്ടി. എന്നാൽ തൊട്ടയൽ സംസ്ഥാനങ്ങളൊന്നും യാത്രാക്കൂലി കൂട്ടിയില്ല.കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങളനുസരിച്ച് ബസുകളിലെ സാമൂഹിക അകലം ജൂൺ 1 മുതൽ സംസ്ഥാന സർക്കാർ പിൻവലിച്ചു. ഇരുത്തി യാത്രക്കാരെ സംസ്ഥാന സർക്കാർ അനുവദിച്ചു. അതായത് ഓർഡിനറി ബസിൽ 48 പേരും സിറ്റി ബസിൽ 36 പേരും. അതുകൊണ്ട് കൂട്ടിയ 50%പിൻവലിച്ചു. അതിലെന്താണ് തെറ്റ്? എവിടെയാണ് നിയമലംഘനം?

1988 മുതൽ കേരള ഹൈക്കോടതിയിലെയും സുപ്രീം കോടതിയലെയും ആയിരക്കണക്കിന് വിധിന്യായങ്ങൾ ചാർജ് വർദ്ധനവും ചാർജ് കുറയ്ക്കലും സർക്കാരിന്റെ നയപരമായ കാര്യമാണെന്നും അതിൽ കോടതികൾക്കിടപെടാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. അത്തരം വിധിന്യായങ്ങൾ നിലനിൽക്കെ എങ്ങനെ ഇന്നലെ മറിച്ചൊരു വിധിന്യായം വന്നു? എന്തേ സർക്കാർ വക്കീൽ ഇതൊന്നും കോടതിയിൽ ചൂണ്ടിക്കാട്ടിയില്ല.

യാത്രക്കാർ കുറവായതിനാൽ 3 മാസത്തെ വാഹന നികുതി 40,000 രൂപാ സർക്കാർ വേണ്ടെന്നുവച്ചതല്ലെ? ആ കുറവിന്റെ ആനുകൂല്യം യാത്രക്കാർക്ക് കിട്ടേണ്ടതല്ലേ? വിവാദ കേസുകളിൽ രാത്രിയിൽ തന്നെ അപ്പീൽ തയ്യാറാക്കുന്ന സംസ്ഥാന സർക്കാർ എന്തേ ഇരുട്ടിൽ തപ്പുന്നു? എന്തേ ഒരു അപ്പീലിന് പോലും ശ്രമിക്കുന്നില്ല?

സാമൂഹിക അകലം പാലിക്കാതെ 20 പേരെ കയറ്റാൻ അനുവദിച്ച സ്വകാര്യ ബസുകളിൽ 60 ഉം 80 ഉം പേരെ കയറ്റിയതായി പൊലീസ് കണ്ടെത്തിയിട്ടും എന്തേ ഒരു നിയമനടപടിയും സ്വീകരിച്ചു കണ്ടില്ല. 5 പേരെ അനുവദിച്ച കുർബാനക്ക് ഒരാൾ കൂടിയതിന്റെ പേരിൽ വൈദികനെ വരെ അറസ്റ്റു ചെയ്ത പിണറായി 20 പേരെ കയറ്റേണ്ടിടത്ത് 50 പേരെ കയറ്റിയത് കണ്ടില്ലെന്നു നടിച്ചു. ഏത് കേസിന്റെ വിധിന്യായവും പ്രതികൂലമായി ബാധിക്കുന്നവരെ കേൾക്കാതെ തീരുമാനമെടുക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ യാത്രക്കാരെ കേൾക്കാതെ എന്തിനായിരുന്നു കോടതി അടിയന്തിര സ്റ്റേ നൽകിയത്.

ചാർജ് വർധനവ് നയതീരുമാനമാണെങ്കിൽ എന്തിനായിരുന്നു ഹൈക്കോടതി മറ്റൊരു റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് രാമചന്ദ്രനോട് 2 ആഴ്ചയ്ക്കുള്ളിൽ ചാർജ് വർധിപ്പിക്കാനുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിക്കാൻ ഉത്തരവിട്ടത്? കേസിന്റെ വിധിയെ സംബന്ധിച്ചു നടത്തിയ മാധ്യമ വിചാരണയിൽ പങ്കെടുത്ത പെയർ റിവിഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റീസ് രാമചന്ദ്രൻ ബസ് ചാർജ് വർദ്ധനവ് അനിവാര്യമാണെന്നും അടുത്ത ദിവസം തന്നെ ബസ് ചാർജ് വർദ്ധനവ് നിർദ്ദേശം സർക്കാരിന് സമർപ്പിക്കും എന്നും പ്രഖ്യാപിച്ചപ്പോൾ റിവിഷൻ കമ്മിറ്റിയുടെ നിഷ്പക്ഷതയും സുതാര്യതയും.

ബസ് ചാർജ് അടക്കമുള്ള ചാർജ് വർദ്ധനവുകൾ കണക്കുകളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട തീരുമാനമാണെന്നിരിക്കെ ബസ് ചാർജ് സംബന്ധമായ കണക്കുകളൊന്നും പഠനവിധേയമാക്കാതെ ബസ് ഉടമകൾ നൽകുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ചാർജ് വർദ്ധിപ്പിക്കാൻ മാത്രം താരുമാനിക്കുന്ന ജസ്റ്റീസ് രാമചന്ദ്രനെ എന്തിന് മാസം രണ്ട് ലക്ഷം രൂപാ ശമ്പളം കൊടുത്ത് സർക്കാർ തീറ്റിപ്പോറ്റുന്നു? ഇതിന് സർക്കാർ ഉത്തരം പറയണം.

ഇനിയുള്ള ചോദ്യം ഫെയർ റിവിഷൻ കമ്മിറ്റി ചെയർമാനായിരിക്കാൻ ജസ്റ്റീസ് രാമചന്ദ്രനെന്തു യോഗ്യത. 2006-11 കാലഘട്ടത്തിലെ വി എസ് അച്ച്യൂതാനന്ദായിരുന്നു ആർഎസ്എസിന്റെ മുഖപത്രമായ ഹിന്ദുവിശ്വ മാസികയുടെ പത്രാധിപ സമിതി ചെയർമാനായ ജസ്റ്റീസ് എം രാമചന്ദ്രനെ ഫെയർ റിവിഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തത്. റിട്ടയർമെന്റിന് ശേഷം രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ജഡ്ജിക്കെങ്ങനെ സ്വതന്ത്രമായ തീരമാനങ്ങളെടുക്കാനാവും.

ബസ് ചാർജ് ശാസ്ത്രീയമായി കണക്കാക്കാൻ ഹൈക്കോടതി വിധിയെ തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച സർക്കാർ സ്ഥാപനമായ നാറ്റ്പാക്കിന്റെ പിസ്‌ക്കോ ( PISCO- Price Index For Stage Carriage Operations) രാമചന്ദ്രൻ പരിഗണിച്ചിട്ടില്ല എന്നതുതന്നെ രാമചന്ദ്രൻ സുതാര്യമായിട്ടല്ല ചാർജ് വർദ്ധനവും റിപ്പോർട്ടുകൾ തയ്യാറാക്കിയതെന്നു വ്യക്തം.ബസ് ചാർജ് വർദ്ധനവിന് ഇന്നും അടിസ്ഥാനമാകുന്ന 2010 ലെ നാറ്റ്പാക്കിന്റെ പഠനത്തിൽ ഒരു സ്വകാര്യ ബസിൽ ശരാശരി 34 യാത്രക്കാരാണുള്ളതെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് കാലാകാലങ്ങലായി ബസുകൂലി വർദ്ധിപ്പിക്കുന്നത്. 60 യാത്രക്കാരെ കയറ്റാവുന്നിടത്ത് 34 യാത്രാക്കാരെ ഉള്ളു എന്ന കണക്കിൽ ബസ് ചാർജ് നിശ്ചയിച്ചിട്ട് അതിൽ 100 പേരെ കയറ്റിയകാലത്തെ ലാഭം ഊഹിക്കാവുന്നതേയുള്ളു.

34 യാത്രക്കാരെ കണക്കാക്കി നിശ്ചയിച്ച നിലവിലെ പഴയ ബസുകൂലിയിൽ 48 യാത്രക്കാരെ കയറ്റാൻ അനുവദിക്കുമ്പോൾ എന്തിനാണ് ചാർജ് കൂട്ടണമെന്ന് കോടതി ആവശ്യപ്പെടുന്നത്?ഉത്തരവാദിത്തമില്ലാത്ത ചോദ്യങ്ങൾ? പിണറായി സർക്കാരിൽ സ്വാധിനം ബസുടുമകൾക്ക് മാത്രമോ?
ആരാണ് ഓർഡിനറി ബസിൽ യാത്ര ചെയ്യുന്നതെന്ന് പറയണം. വീട്ടുപണിക്കാർ കൂലിപ്പണിക്കാർ കടകളിലെ എടുത്തുകൊടുപ്പുകാർ ഇവർക്കൊക്കെ കിട്ടിയിരുന്ന ശമ്പളം 50% ആയി കുറഞ്ഞു.50% കൂലി കുറഞ്ഞപ്പോൾ 50% ബസ് കൂലി കൂട്ടിയ പിണറായി തന്നെ പാവപ്പെട്ടവരുടെ സർക്കാർ.പാവപ്പെട്ടവന്റെ തലക്കടിക്കുന്ന ഒരു കേസ് വന്നപ്പോൾ എവിടെ പോയി പിണറായിയുടെ 50 ലക്ഷം ഒരു കോടി എടുത്തുനൽകുന്ന പ്രഗത്ഭ വക്കീലന്മാർ.എവിടെ പോയി അപ്ലീൽ!മറുപടി പറയണം സർക്കാർ ഇതിനെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP