Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

പള്ളിയിൽ പോകാത്ത ബ്രിട്ടനിലെ വില്യം രാജകുമാരൻ; ഭാവിയിൽ വില്യം രാജാവാകുമ്പോൾ അഞ്ഞൂറ് വർഷത്തെ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനാകുന്ന പാരമ്പര്യം തുടരുന്ന കാര്യത്തിൽ സംശയം; പുതിയ വിവരങ്ങൾ ചാൾസ് രാജാവിന്റെ ജീവചരിത്രത്തിൽ

പള്ളിയിൽ പോകാത്ത ബ്രിട്ടനിലെ വില്യം രാജകുമാരൻ; ഭാവിയിൽ വില്യം രാജാവാകുമ്പോൾ അഞ്ഞൂറ് വർഷത്തെ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനാകുന്ന പാരമ്പര്യം തുടരുന്ന കാര്യത്തിൽ സംശയം; പുതിയ വിവരങ്ങൾ ചാൾസ് രാജാവിന്റെ ജീവചരിത്രത്തിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടീഷ് സിംഹസനാധിപൻ തന്നെ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനാകുന്ന, അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള പാരമ്പര്യം ഇല്ലാതെയാകാൻ സാധ്യത. വില്യം രാജകുമാരൻ രാജാവാകുമ്പോൾ, സുപ്രീം ഗവർണർ ഓഫ് ദി ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന പദവി കൂടി ഏറ്റെടുക്കുമോ എന്ന കര്യത്തിൽ രാജകുടുംബത്തിനകത്ത് തന്നെ ആശങ്കയാണെന്നാണ് പറയുന്നത്. വില്യം രാജകുമാരൻ മറ്റു പല ബ്രിട്ടീഷുകരെയും പോലെ സ്ഥിരമായി പള്ളിയിൽ പോകാത്ത വ്യക്തിയാണ് എന്നതാണ് അതിന് കാരണം.

ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയോട് അതീവ ബഹുമാനം പുലർത്തുന്ന രാജകുമാരൻ പക്ഷെ ക്രിസ്ത്മസ്, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മാത്രമെ പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കാറുള്ളു. അതു തന്നെയാണ് ഹെന്റി എട്ടാമന്റെ കാലം മുതൽ പിന്തുടർന്നു വരുന്ന പാരമ്പര്യം വില്യം വേണ്ടെന്ന് വയ്ക്കുമോ എന്ന കാര്യത്തിൽ സംശയത്തിന് ഇടവരുത്തുന്നത് എന്ന് റോബർട്ട് ഹാർഡ്മാൻ എഴുതിയ ചാൾസ് രാജാവിന്റെ പുതിയ ജീവചരിത്രത്തിൽ പറയുന്നു.

ജീവചരിത്രത്തിലെ ചില ഭാഗങ്ങൾ ഡെയ്ലി മെയിൽ ഖണ്ഡശയായി പ്രസിദ്ധീകരിക്കുന്നുണ്ട്. നാളെ പ്രസിദ്ധീകരിക്കുന്ന അവസാന ഭാഗത്തിൽ രാജാവും, കിരീടാവകാശിയായ വില്യം രാജകുമാരനും തമ്മിലുള്ള ബന്ധത്തെ കുടിച്ചായിരിക്കും പറയുക. അതേസമയം, ഇരുവരുടെയും മതപരമായ കാഴ്‌ച്ചപ്പാടുകളെ കുറിച്ചുള്ള, ഇന്ന് പ്രസിദ്ധീകരിച്ച അദ്ധ്യായത്തിലാണ് വില്യമിന്റെ സഭാബന്ധം ചർച്ചയാക്കുന്നത്.

തന്റെ പിതാവിനെ പോലെ ആത്മീയ കാഴ്‌ച്ചപ്പാടുള്ള വ്യക്തിയല്ല വില്യം എന്ന് അതിൽ പറയുന്നു. എലിസബത്ത് രാജ്ഞിയും അതീവ ഭക്തയായ സഭാവിശ്വാസിയായിരുന്നു. ആ പാരമ്പര്യം തന്നെയാണ് ചാൾസും തുടരുന്നത് എന്ന് കൊട്ടാരം വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പുസ്തകത്തിൽ പറയുന്നു. അതിൽ നിന്നും തികച്ചും വിഭിന്നമാണ് വില്യം എന്നും അതിൽ പറയുന്നുണ്ട്.

സഭയേയും സഭാ നിയമങ്ങളേയും ഏറെ ബഹുമാനിക്കുന്ന വ്യക്തി തന്നെയാണ് വില്യം. പക്ഷെ ആത്മീയതയോട് ആഭിമുഖ്യം വേണ്ടത്രയില്ല എന്നാണ് പുസ്തകത്തിൽ പറയുന്നത്. 14 വയസ്സുള്ളപ്പോൾ 1997-ൽ ആയിരുന്നു ആംഗ്ലിക്കൻ സഭയിലേക്ക് ഔദ്യോഗികമായി വില്യമിനെ ചേർക്കുന്നത്. അതിന് ശേഷം പക്ഷെ, വിരലിലെണ്ണാവുന്ന സഭാ നടപടികളിൽ മാത്രമാണ് വില്യം പങ്കെടുത്തിട്ടുള്ളത്. താൻ വഹിക്കുന്ന ഔദ്യോഗിക പദവികൾ ആവശ്യപ്പെടുന്ന നേരങ്ങളിലും വിശേഷാവസരങ്ങളിലും മാത്രമായി വില്യം തന്റെ പള്ളി സന്ദർശനം ചുരുക്കിയിരിക്കുകയാണ്.

എന്നാൽ, കഴിയുന്നത്ര പ്രതിവാര സന്ദർശനം മുടക്കാത്ത വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. ചാൾസ് രാജാവിനും, മറ്റു മത തത്വങ്ങളിൽ ഏറെ താത്പര്യമുണ്ടെങ്കിലും സ്ഥിരമായി പ്ല്ലിയിൽ പോകുന്ന വ്യക്തിയാണ്. ബ്രിട്ടനിൽ പൊതുവെ, യുവാക്കൾക്കിടയിൽ പ്രത്യേകിച്ചും മതവിശ്വാസത്തിന് സ്വീകാര്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ പുറത്തു വരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

ആംഗ്ലിക്കൻ സഭയിലെ അംഗങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ തലമുറയിൽ ഉണ്ടായിരുന്നതിനേക്കാൾ 30 ശതമാനത്തിന്റെ കുറവ് ഉണ്ടെന്ന് അടുത്തിടെ പുറത്തിറങ്ങിയ കണക്കിൽ വ്യക്തമാക്കിയിരുന്നു. അടുത്ത വർഷമാകുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ 8.4 ശതമാനം പേർ മാത്രമായിരിക്കും സഭയിൽ അംഗങ്ങളായി ഉണ്ടാവുക എന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, സ്ഥിരമായി പള്ളിയിൽ പോകുന്നവരിൽ 36 ശതമാനത്തോളം പേർ 70 വയസ്സിന് മേൽ പ്രായമുള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അത്തരക്കാരിൽ വെറും 18 ശതമാനം മാത്രമാണ് 17 വയസ്സിൽ താഴെ പ്രായമുള്ളവർ.

അതേസമയം, ബ്രിട്ടീഷ് രാജകുടുംബവും ആംഗ്ലിക്കൻ സഭയുമായി പ്രത്യെക ബന്ധമാണുള്ളത്. വിശ്വാസത്തെ പ്രതിരോധിക്കുന്നവരായിട്ടാണ് രാജകുടുംബത്തെ കാണുന്നത്. അതുകൊണ്ടു തന്നെയാണ് അവരെ സഭയുടെ തലവന്മാരായി കണക്കാക്കി പോരുന്നതും. 1531-ൽ റോമൻ സഭയിൽ നിന്നും പിരിഞ്ഞ് സ്വതന്ത്ര നിലപാറ്റ് സ്വീകരിച്ച ഹെന്റി എട്ടാമന്റെ കാലം മുതൽ തുടർന്ന് വരുന്ന ഒരു പതിവാണിത്. രാജാവായാലും രാജ്ഞി ആയാലും അധികാരം ഏൽക്കുമ്പോൾ സഭയെ പരിപാലിച്ചു കൊള്ളാം എന്ന സത്യവാചകം കൂടി ചൊല്ലുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ച് രാജാവാണ് സഭയിലെ ബിഷപ്പുമാരെയും ആർച്ച് ബിഷപ്പുമാരെയും നിയമിക്കുന്നത്. ചർച്ച് കമ്മീഷൻ ശുപാർശ ചെയ്യുന്ന ലിസ്റ്റിൽ നിന്നായിരിക്കും പ്രധാനമന്ത്രി വ്യക്തികളെ തിരഞ്ഞെടുക്കുക. സഭയിൽ വിവിധ അധികാരസ്ഥാനങ്ങളിൽ എത്തുന്നവരും രാജകുടുംബത്തോടുള്ള വിധേയത്വം പ്രഖ്യാപിക്കേണ്ടതുണ്ട്. സഭ പുറപ്പെടുവിക്കുന്ന പുതിയ നിയമങ്ങൾക്കും രാജാവിന്റെ അനുമതി അത്യാവശ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP