Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

പരമ്പരാഗത കാഴ്‌ച്ചപാടുകളെ കേരളം വീണ്ടും കാറ്റിൽ പറത്തിയപ്പോൾ ഹൃതിക് വരണമാല്യം ചാർത്തിയത് തൃപ്തി ഷെട്ടിക്ക്; സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ ശേഷം കണ്ടുമുട്ടിയ ട്രാൻസ്‌ജെൻഡറുകൾക്കിത് പ്രണയസാഫല്യം; വിവാഹത്തിന് വേദിയായത് ആലുവ പെരുമ്പിള്ളി ഭഗവതി ക്ഷേത്രം

പരമ്പരാഗത കാഴ്‌ച്ചപാടുകളെ കേരളം വീണ്ടും കാറ്റിൽ പറത്തിയപ്പോൾ ഹൃതിക് വരണമാല്യം ചാർത്തിയത് തൃപ്തി ഷെട്ടിക്ക്; സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ ശേഷം കണ്ടുമുട്ടിയ ട്രാൻസ്‌ജെൻഡറുകൾക്കിത് പ്രണയസാഫല്യം; വിവാഹത്തിന് വേദിയായത് ആലുവ പെരുമ്പിള്ളി ഭഗവതി ക്ഷേത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരമ്പരാഗത കാഴ്‌ച്ചപ്പാടുകളെയാകെ മാറ്റി വീണ്ടും കേരളം ട്രാൻസ്‌ജെൻഡർ വിവാഹത്തിന് വേദിയായി. ട്രാൻസ് വനിതയും സംരംഭകയുമായ തൃപ്തിഷെട്ടിയും ട്രാൻസ്മെൻ ഹൃതിക്കും ആണ് ഇന്ന് വിവാഹിതരായത്. ഇന്ന് രാവിലെ 9:25 നുള്ള മുഹൂർത്തത്തിൽ ആലുവ പെരുമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ വച്ച് ആയിരുന്നു വിവാഹം.

ഭാവിജീവിതത്തെ കുറിച്ച് നിറമുള്ള സ്വപ്നങ്ങളുമായി ഇരുവരും പുതുജീവിതത്തിലേക്കു കാൽവെക്കുമ്പോൾ സമൂഹം ഉയർത്തുന്ന എല്ലാ ചോദ്യങ്ങൾക്കും ഇവരുടെ കയ്യിൽ ഉത്തരവുമുണ്ട്. രണ്ടു പേരും സ്വത്വം വെളിപ്പെടുത്തി ജീവിതം തുടങ്ങിയതിന് ശേഷമാണ് കണ്ടുമുട്ടുന്നത്. ആദ്യത്തെ പരിചയം സൗഹൃദമായും പിന്നീട് പ്രണയമായും വഴിമാറി. ഒടുവിൽ ഇന്ന് പ്രണയ സാക്ഷാത്ക്കാരവും.

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ സംരംഭകയാണ് തൃപ്തി. മഞ്ചേശ്വരം സ്വദേശിനിയായ തൃപ്തി കൊച്ചിയിലാണ് താമസം. കേരള ഹാൻഡിക്രാഫ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ ആദ്യമായി രജിസ്റ്റർ ചെയ്ത ട്രാൻസ്ജെൻഡറാണ് തൃപ്തി. കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെ ആർട്ടിസാൻ തിരിച്ചറിയൽ കാർഡും തൃപ്തി സ്വന്തമാക്കിയിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ ഹൃതിക്ക് ഓൺലൈൻ പരിഭാഷരംഗത്താണ് പ്രവർത്തിക്കുന്നത്. ബിസിഎ കഴിഞ്ഞ ഹൃദിക് കണ്ടന്റ് റൈറ്ററാണ്.

കേരളത്തിൽ നിന്നുള്ള ആദ്യ ട്രാൻസ്‌ജെൻഡർ സംരംഭക എന്ന് പേര് തൃപ്തി നേടിയെടുക്കാൻ ഏറെ കഷ്ടപ്പെട്ടു. അതികഠിനമായ വഴികളിലൂടെ തൃപ്തി സഞ്ചരിച്ചെത്തുമ്പോൾ അതേ വേദനകൾ താണ്ടിയാണ് ഹൃദികും എത്തുന്നത്. എട്ടാം ക്ലാസിൽ പഠനം നിർത്തി നാടുവിട്ട തൃപ്തിയുടെ കഥ കരളിൽ തറക്കും. ജീവിതത്തിൽ സിനിമാ നടിയാകണമെന്നായിരുന്നു ആദ്യത്തെ ആഗ്രഹം എങ്കിലും ഇപ്പോൾ ജീവിതം തന്നെ സിനിമയാകാൻ പോവുകയാണ്. അനുശീലൻ എന്ന സംവിധായകൻ തൃപ്തിയുടെ ജീവിതം സ്‌ക്രീനിലേക്ക് പകർത്താൻ തീരുമാനിച്ചതും വാർത്തയായിരുന്നു.

വിഷമങ്ങളെ അതിജീവിച്ച് കര കയറിയ ഇരുവർക്കും തമ്മിൽ ഇഷ്ടം അവരറിയാതെ തന്നെ ഉടലെടുത്തു. രണ്ട് ട്രാൻസ്ജെൻഡറുകൾ തമ്മിലുള്ള ആദ്യ വിവാഹം നടന്നത് കഴിഞ്ഞ വർഷമായിരുന്നു. ഇഷാനും സൂര്യയും തമ്മിൽ. തങ്ങൾ വിവാഹം കഴിക്കുമ്പോൾ പൊതു സമൂഹത്തിന് നിരവധി ചോദ്യങ്ങളാണുണ്ടാവുകയെന്ന് ഹൃദിക് പറയുന്നു. കുട്ടികളുണ്ടാകുമോ എന്നതാണ് ഞങ്ങൾക്കുണ്ടാകുന്ന ആദ്യ ചോദ്യം. അത്തരം ചോദ്യങ്ങളെ നേരിട്ടു കൊണ്ട് ഞങ്ങളെ അച്ഛാന്നും അമ്മേന്നും വിളിക്കാൻ രണ്ട് കുട്ടികളെ ദത്തെടുക്കുമെന്ന് ഇരുവരും തുറന്നു പറയുന്നു. ഞങ്ങളും സാധാരണ മനുഷ്യരാണ്. വിവാഹത്തിന് ശേഷം തൃപ്തിയുടെ ബിസിനസ് കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ ഒപ്പമുണ്ടാകുമെന്ന് ഹൃദിക് പറയുന്നു.

സ്വന്തമായി കരകൗശല വസ്തുക്കളും ആഭരണങ്ങളും നിർമ്മിച്ച് അത് എക്സിബിഷനിലൂടെ വിതരണം ചെയ്യുകയായിരുന്നു നേരത്തെ ചെയ്തിരുന്നത്. ഇപ്പോൾ തൃപ്തിയുടെ കരവിരുതിലുള്ള വസ്തുക്കൾ ആമസോണിലൂടെയും തൃപ്തി ഹാൻഡിക്രാഫ്റ്റ് എന്ന ഓൺലൈൻ വിപണന സൈറ്റിലൂടെയും വിൽപ്പന നടത്തുകയാണ്. സ്വന്തം വിഭാഗത്തിലുള്ളവരുടേയും മറ്റുള്ളവരുടേയും ഉൽപ്പന്നങ്ങളും തൃപ്തി ഹാൻഡിക്രാഫ്റ്റിലുണ്ട്. ഇനിയങ്ങോട്ട് തൃപ്തിയുടെ കൈകൾക്ക് കരുത്തായി ഹൃദികും ഉണ്ടാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP