Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202422Wednesday

ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം

ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം

എം റിജു

കഴിഞ്ഞ ദിവസം ലോക വ്യാപകമായി വൈറലായ വാർത്തയായിരുന്നു, കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ പാർശ്വഫലം ഉണ്ടാകുമെന്ന് നിർമ്മാതാക്കളായ അസ്ട്രസെനക്ക കമ്പനി സമ്മതിച്ചുവെന്ന വാർത്ത. നമ്മുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ പലവിധ വ്യാഖ്യാനങ്ങളിലുടെ വാർത്ത വൈറൽ ആയി. അതോടെ കോവിഡിനുശേഷമുള്ള സകല രോഗങ്ങൾക്കും മരണങ്ങൾക്കും ഉത്തരവാദി കോവിഷീൽഡ് വാക്സിനാണ് എന്ന അവസ്ഥ വന്നു. ബ്രിട്ടനിലെ ഹൈക്കോടതിയിൽ ഒരു കേസിന്റെ ഭാഗമായാണ്, അസ്ട്രസെനക്ക ഇങ്ങനെ സമ്മതിച്ചത്.

വാർത്ത ഇങ്ങനെയാണ്-''അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന്, കോവിഷീൽഡ് നിർമ്മാതാക്കളായ അസ്ട്രസെനക്ക കമ്പനി സമ്മതിച്ചു. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത് എന്നും വാർത്തയിൽ പറയുന്നു. കോവിഷീൽഡ്, വാക്‌സ്സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ ഉപയോഗിച്ച വാക്സിനാണിത്. ഓക്‌സ്ഫഡ് സർവകലാശാലയുമായിച്ചേർന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്.

വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയർന്നിരുന്നു. ഒട്ടേറെ കുടുംബങ്ങൾ അസ്ട്രസെനക്കയ്ക്കെതിരേ കോടതിയിലും പോയി. വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ അസ്ട്രസെനക്ക സമ്മതിച്ചു.സുരക്ഷാ ആശങ്കയെത്തുടർന്ന് അസ്ട്രസെനക്ക-ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.''- ഇങ്ങനെയുള്ള കണ്ടന്റിലാണ് വാർത്ത പുറത്തുവന്നത്. എന്നാൽ ഇത്തരം വാർത്തകൾ പെരുപ്പിച്ചതാണെന്നും കോവിഷീൽഡ് വാക്സിൻ പൂർണ്ണമായും സുരക്ഷിതമാണെന്നുമാണ് ശാസ്ത്ര പ്രചാരകർ പറയുന്നത്.

എല്ലാം തീർത്തും അടിസ്ഥാനരഹിതം

ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല വിതരണക്കാർ മാത്രമാണെന്നും ഡോ ബി ഇക്‌ബാലിനെപ്പോലുള്ള ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ഡോ ബി ഇക്‌ബാൽ ഇതു സംബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ മാധ്യമമായ ലൂക്കയിൽ എഴുതിയ ലേഖനവും വാട്സാപ്പ് ഗ്രൂപ്പുകളിൽ വൈറൽ ആവുന്നുണ്ട്. അത് ഇങ്ങനെയാണ്.-''ആസ്ട്രസെനെക്ക മരുന്നു കമ്പനി വിപണനം ചെയ്യുന്ന കോവിഡ് വാക്സിൻ കോവിഷീൽഡ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്തതാണ്. ഫീൽഡ് ട്രയലിനായി ഫണ്ടിങ് നടത്തുക മാത്രമാണ് ആസ്ട്രാസെനെക്ക ചെയ്തിട്ടുള്ളത്.

ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്‌സിനോളജി പ്രൊഫസർ സാറാ കാതറിൻ ഗിൽബെർട്ടിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് വാക്‌സിന്റെ അടിസ്ഥാന ഗവേഷണം നടത്തിയത്. ഇവരാണ് വാക്‌സിനായി വൈറൽ വെക്റ്റർ വാക്‌സിൻ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. ദശലക്ഷക്കണക്കിന് ആളുകൾ ഗുരുതരമായ പാർശ്വഫലങ്ങളില്ലാതെ വാക്സിൻ എടുത്തിട്ടുണ്ട്.

വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജൻസിയല്ല. മരുന്നിന്റെ പേറ്റന്റ് കൈവശമുള്ളതിനാൽ ആസ്ട്രസെനെക്ക കോടതിയിൽ മൊഴികൊടുത്തതാവാം.
വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ നേട്ട കോട്ട വിശകലനം നടത്തി, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങൾ കോവിഷീൽഡിന്റെ അപകടസാധ്യതകൾ, നേട്ടങ്ങൾ പരിഗണിക്കുമ്പോൾ വളരെ അപൂർവ്വമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം.മാത്രമല്ല കോവിഡാനന്തര അവസ്ഥ/സിൻഡ്രോമിന്റെ ഭാഗമായി രക്തകട്ടകൾ ഉണ്ടാകാം (ത്രോംബോ എംബോളിസം), പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരിലും എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. വാക്സിൻ സ്വീകരിച്ച പലർക്കും നേരത്തെ കോവിഡ് വന്നിരിക്കാൻ സാധ്യതയുണ്ട്. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ് ബാധിക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ അത് വാക്സിൻ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്

നിർഭാഗ്യവശാൽ , 1796-ൽ വസൂരിക്കുള്ള ഫലവത്തായ വാക്സിൻ അവതരിപ്പിച്ച എഡ്വേർഡ് ജെന്നറുടെ കാലം മുതൽ, വാക്സിനുകൾ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കപ്പെട്ടിട്ടും, ആന്റി വാക്സേഴ്സ് (അിശേ ഢമഃഃലൃ)െ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വാക്സിൻ വിരുദ്ധർ ഇപ്പോഴും സജീവമായി പ്രവർത്തിക്കയും ഇടക്കിടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിവാദങ്ങൾ സ്രഷ്ടിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കയും ചെയ്ത് വരുന്നുണ്ട്. . ഇവരെ പിന്തുണക്കുന്നവരാണു പുതുമയൊന്നുമില്ലാത ആസ്ട്രസെനെക്കെയുടെ കോടതി പരാമർശം ഇപ്പോൾ വിവാദമാക്കിയിട്ടുള്ളത്.

ആധുനിക ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആധുനിക വാക്സിനുകൾ വളരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടവയാണ്. ചില അർബുദങ്ങളെപ്പോലും പ്രതിരോധിക്കുന്നതിനും വാക്സിനുകൾ പ്രയോഗിച്ച് വരുന്നു. ഉദാഹരണമായി ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സീൻ എച്ച് പി വി (ഗർഭാശയ കാൻസർ),ഹെപ്പറ്റെറ്റിസ് ബി വാക്സിൻ (കരൾ കാൻസർ) തുടങ്ങിയവ.. എച്ച്ഐവി/എയ്ഡ്‌സ് പോലുള്ള മറ്റ് പകർച്ചവ്യാധികൾക്കുള്ള വാക്‌സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.''- ഡോ ബി ഇക്‌ബാൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP