Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്

ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കം രാഷ്ട്രീയമായും പ്രകമ്പനം സൃഷ്ടിക്കുന്ന വിവാദമായി മാറുകയാണ്. ഈ വിഷയത്തിന്റെ പേരിൽ പ്രതിപക്ഷത്തു നിന്നും വിമർശനം കേൾക്കേണ്ടി വന്നപ്പോൾ അതിനെ വൈകാരികമായി നേരിടാനാണ് മേയർ ഇന്ന് ശ്രമിച്ചത്. മേയറുടെ തർക്കം തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലും വാക്കേറ്റത്തിനാണ് കാരണമായത്.

ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് കൗൺസിൽ യോഗത്തിൽ ഉണ്ടായത്. യോഗത്തിൽ വൈകാരികമായി മറുപടി നൽകിയ മേയർ ആര്യ രാജേന്ദ്രൻ, ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇനിയും പ്രതികരിക്കുമെന്ന് വ്യക്തമാക്കി. പതിവ് കൗൺസിൽ യോഗത്തിൽ ബിജെപി അംഗങ്ങളാണ് വിഷയം ഉന്നയിച്ചത്. മേയർക്കെതിരായ മുൻകാല ആരോപണങ്ങളും ബിജെപി കൗൺസിലർമാർ ഉയർത്തി. പ്രതിരോധവുമായി ഭരണപക്ഷം കൂടി രംഗത്ത് എത്തിയതോടെ ചേരി തിരിഞ്ഞുള്ള വാക്കേറ്റമായി. വാക്‌പോരിനിടെ ആര്യയും പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞു.

കൗൺസിൽ ഹാളിലെ മൈക്ക് ഓഫ് ചെയ്തതോടെ ബിജെപി അംഗങ്ങൾ, യോഗം ബഹിഷ്‌കരിച്ചു. എങ്കിലും മേയർ യോഗ നടപടികളുമായി മുന്നോട്ട് പോയി. വിവാദങ്ങളിൽ മേയർ നിലപാട് വിശദീകരിക്കുകയും ചെയ്തു. വികാരനിർഭരമായിരുന്നു മേയറുടെ പ്രതികരണം. ഒരു സ്ത്രീയെന്ന നിലയിൽ വസ്തുത അറിയാൻ പ്രതിപക്ഷ അംഗങ്ങൾ ഒന്നു ഫോൺ വിളിക്കുക പോലും ചെയ്തില്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. എന്നാൽ, മേയർ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ മറുപടി നൽകി.

താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണ്. വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് താനും കുടുംബവും നേരിടുന്നത്. ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ല. മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മേയർ വിതുമ്പിക്കൊണ്ട് പറഞ്ഞു. സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചത്. നിയമനടപടി തുടരും. സത്യാവസ്ഥ പുറത്തു വരും. പ്രതികരിക്കുന്നതിന് മുമ്പേ മന്ത്രിയെയും പൊലീസിനെയും വിവരം അറിയിച്ചുവെന്നും മേയർ പറഞ്ഞു.

അതിനിടെ തർക്കത്തിന്റെ നിജസ്ഥിതി അറിയാൻ കെ.എസ്. ആർ.ടി.സി സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ബസിലെ ഡിജിറ്റൽ വീഡിയോ റിക്കോർഡിങിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കാൻ അനുമതി തേടി കന്റോൺമെന്റ് പൊലീസ് തമ്പാനൂർ യൂണിറ്റ് ഓഫീസർക്ക് കത്ത് നൽകി.

നിലവിൽ സർവീസിലുള്ള വാഹനം ചൊവ്വാഴ്ച രാത്രി 10.30-ന് തമ്പാനൂരിലെത്തും. പിന്നീട്, കെ.എസ്.ആർ.ടി.സി സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ പൊലീസ് ദൃശ്യങ്ങൾ ശേഖരിക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് തൃശ്ശൂരിൽ വെച്ച് ബസിലെ ക്യാമറ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അടുത്തിടെയാണ് കെ.എസ്.ആർ.ടി.സിയിൽ ക്യാമറകൾ ഘടിപ്പിച്ചത്. ഡ്രൈവർ ക്യാബിനിൽ നിന്ന് മുന്നിലേക്കും യാത്രക്കാരുടെ ഭാഗത്തേയ്ക്കും ബസിന് പിന്നിലുമായി മൂന്ന് ക്യാമറകളുണ്ട്. ബസും മേയറുടെ കാറും തമ്മിൽ മത്സരിച്ച് ഓടിയെന്ന് പറയപ്പെടുന്ന പട്ടം മുതൽ പാളയം വരെയുള്ള ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് നീക്കം.

ഓവർടേക്ക് ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബസ് കടത്തിവിടാൻ അനുവദിക്കാതെ കാർ മുന്നിൽ ഓടിച്ചിരുന്നതായും ബസ് ഡ്രൈവർ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലെ തെളിവ് ബസിലെ ക്യാമറയിൽനിന്ന് ലഭ്യമാകും. വഴിയരികിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും നിർണായകമാകും.

ആധുനിക നിരീക്ഷണ ക്യാമറകളിൽ ദൃശ്യത്തിനൊപ്പം ശബ്ദം റെക്കോഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ശബ്ദരേഖ കൂടി ലഭിച്ചാൽ ഇവർ തമ്മിലുള്ള തർക്കത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് പ്രതീക്ഷ. ബസിനുള്ളിൽനിന്ന് സംഭവം ചിത്രീകരിച്ച സ്വിഫ്റ്റ് ജീവനക്കാരന്റെ മൊബൈൽ ഫോണിൽനിന്ന് വീഡിയോ ഡിലീറ്റ് ചെയ്യാൻ മേയർ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ബസ് ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു, ബസ് ഇടിപ്പിക്കാൻ ശ്രമിച്ചു എന്നിവയാണ് മേയർ ആര്യാ രാജേന്ദ്രന്റെ പരാതി. ഇതിനുള്ള തെളിവും ദൃശ്യങ്ങളിലുണ്ടാകും. യാത്രക്കാരെ ഇറക്കിവിട്ടതാരാണെന്നും ദൃശ്യങ്ങളിൽനിന്ന് അറിയാൻ കഴിയും. മേയറുടെ ഭർത്താവ് സച്ചിൻ ദേവ് എംഎ‍ൽഎ ബസിനുള്ളിൽ കയറിയത് വലിയ ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, എംഎ‍ൽഎ യാത്രക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കണ്ടക്ടർ മൊഴി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP