Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

അന്തർമുഖനായി ഒതുങ്ങിപ്പോയ പഠനകാലം; തിയേറ്ററുകളിലേക്കുള്ള പതിവ് സഞ്ചാരം അഭിനയ മോഹം വളർത്തി; ചുരുളിയിലെ ഡ്രൈവർ വേഷം ജീപ്പ് ഓടിച്ചു കയറ്റിയത് മികച്ച കഥാപാത്രങ്ങളിലേക്ക്; രംഗണ്ണയുടെ സ്വന്തം അമ്പാനായ മാസ്സായി; ആവേശം താരം സജിൻ ഗോപുവിന്റെ സിനിമ വഴികൾ

അന്തർമുഖനായി ഒതുങ്ങിപ്പോയ പഠനകാലം; തിയേറ്ററുകളിലേക്കുള്ള പതിവ് സഞ്ചാരം അഭിനയ മോഹം വളർത്തി; ചുരുളിയിലെ ഡ്രൈവർ വേഷം ജീപ്പ് ഓടിച്ചു കയറ്റിയത് മികച്ച കഥാപാത്രങ്ങളിലേക്ക്; രംഗണ്ണയുടെ സ്വന്തം അമ്പാനായ മാസ്സായി; ആവേശം താരം സജിൻ ഗോപുവിന്റെ സിനിമ വഴികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്യാരക്ടർ മീമുകളുടെ കാര്യത്തിൽ ക്ഷാമമില്ലാത്തതാണ് മലയാളം സിനിമ മേഖല. പുതിയ കാലത്തെ കഥാപാത്രങ്ങൾക്കപ്പുറം കാലത്തെ അതിജീവിച്ച മാമുക്കോയ, കുതിരവട്ടം പപ്പു, നെടുമുടി വേണു തുടങ്ങിയവരുടെ കഥാപാത്രങ്ങൾ മുതൽ സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമു ഉൾപ്പടെ എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ ഉണ്ട്. അക്കൂട്ടത്തിലേക്കാണ് ശരിക്കും പറഞ്ഞാൽ തന്റെ ഒറ്റ ചിത്രം കൊണ്ട് സജിൻ ഗോപു നടന്നു കയറുന്നത്. സജിൻ ഗോപു എന്നു പറഞ്ഞാൽ ഒരുപക്ഷെ രണ്ട് വട്ടം ചിന്തിക്കേണ്ടി വരും.. എന്നാൽ ആവേശത്തിലെ അമ്പാൻ എന്നു പറഞ്ഞാൽ ആ നടനെ തിരിച്ചറിയാൻ ഇനി പ്രത്യേക മേൽവിലാസം വേണ്ടി വരില്ല. അത്രയ്ക്ക് പൂർണ്ണതയോടെയാണ് ഒരു ക്യാരിക്കേച്ചർ സ്വഭാവമുള്ള അമ്പാനെ സജിൻ ഗോപു പകർന്നാടിയത്.

ആവേശം തിയേറ്ററിൽ തരംഗം ഉണ്ടാക്കിയപ്പോൾ ഫഹദിന്റെ രംഗണ്ണയായുള്ള വൺമാൻ ഷോയ്ക്കായിരുന്നു കയ്യടി. അതിന് തൊട്ടുപിന്നിലായിരുന്നു രംഗണ്ണയുടെ വിശ്വസ്തനായ അമ്പാന്റെ സ്ഥാനം. എന്നാൽ ദിവസങ്ങൾക്കു മുന്നെ ചിത്രം ഒടിടിയിൽ വന്നതോടെ സംഗതി മാറി. ആവേശത്തിലെ തന്നെ ഒരു രംഗത്തെ സൂചിപ്പിക്കുന്നത് പോലെ രംഗണ്ണയ്ക്ക് മുന്നിലേക്ക് അമ്പാൻ ഓടിക്കയറി. രംഗണ്ണ കരയുമ്പോൾ കൂടെ കരയുന്ന.. ക്ലൈമാക്സ് രംഗങ്ങളിൽ രംഗണ്ണയോട് പിണങ്ങി മാറി നിൽക്കുന്ന ഹൾക്കിന്റെത് പോലത്തെ ശരീരവും കുഞ്ഞുങ്ങളുടെ മനസ്സുമുള്ള അമ്പാനെ കുറിച്ചായി ചർച്ചകൾ മൊത്തം. ആവേശത്തിന് ഒരു രണ്ടാം ഭാഗം വരികയാണെങ്കിൽ അത് ചെയ്യാൻ താൻ ആഗ്രഹിക്കുന്നത് അമ്പാനെ അവതരിപ്പിച്ച സജിൻ ഗോപുവിനൊപ്പം കൂടുതൽ രംഗങ്ങൾ ചെയ്യാനാണെന്ന് സാക്ഷാൻ ഫഹദ് തന്നെ വെളിപ്പെടുത്തിയത് അ കഥാപാത്രത്തിനും അതുവഴി സജിൻ ഗോപുവിലെ നടനും ഉള്ള അംഗീകാരമായി.

ആവേശമാണ് സജിൻ ഗോപുവിന് കരിയർ ബ്രേക്ക് നൽകുന്നതെങ്കിലും ഒരു നടനെന്ന നിലയിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ നടത്തിയ കഥാപാത്രങ്ങൾ തന്നെയായിരുന്നു സജിൻ ഇതിനും മുൻപും അതരിപ്പിച്ചത്. കഥാപാത്രങ്ങളെക്കുറിച്ചറിയുമ്പോളായിരിക്കും ഇതൊക്കെ സജിനാണോ എന്നു പലരും സംശയിച്ച് പോവുക.കാരണം കഥാപാത്രത്തിന്റെ സ്വഭാവങ്ങളിൽ മാത്രമല്ല.. രൂപങ്ങളിൽ പോലും ഉണ്ട് ആ വ്യത്യാസം.ചുരുളിയിലെ ജീപ്പ് ഡ്രൈവറും, ജാനേ മന്നിലെ സജിയേട്ടനും രോമാഞ്ചത്തിലെ നിരൂപും ഒക്കെ സജിനിലെ അഭിനേതാവിനെ കാണിച്ചു തന്ന സിനിമകൾ തന്നെയായിരുന്നു. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ തന്റെതായ സ്ഥാനം നേടാൻ സജിനു കഴിഞ്ഞുവെന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം

അന്തർമുഖനിൽ നിന്ന് നാടക നടനിലേക്ക്.. പിന്നാലെ സിനിമയിലേക്കും

സാധാരണ സിനിമാ നടന്മാരുടെ കഥ പറയുന്നത് പോലെ ചെറുപ്രായം തൊട്ടേ അഭിനയമോഹവുമായി നടന്ന് സിനിമയിലെത്തിയ ആളല്ല സജിൻ. ഒരു അന്തർമുഖനായ ഒരാൾക്ക് തന്റെ അത്തരം പരിമിതികളെ എങ്ങിനെ മറികടക്കാനാകും എന്നതിന്റെ നല്ലൊരു മാതൃക കൂടിയാണ് ഇദ്ദേഹം. പഠനകാലത്ത് ഇൻട്രോവെർട്ടായായിരുന്നതു കൊണ്ട് ഇത്തരമൊരു മേഖലയിൽ എത്തിപ്പെടുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നാണ് തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് സജിൻ ആദ്യം തന്നെ പറയുന്നത്.

സിനിമാ പശ്ചാത്തലമോ, സിനിമയിൽ എത്തിപ്പെടാനുള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. ടിവിയിലും തിയറ്ററിലുമൊക്കെയായി സിനിമ കാണുന്നത് മാത്രമായിരുന്നു തനിക്ക് സിനിമയുമായുണ്ടായിരുന്ന ഏക ബന്ധം. ഈ സിനിമാ കാഴ്‌ച്ച കൂടിക്കൂടി വന്നതോടെ ഒരു ഡിഗ്രി പഠനകാലയളവൊക്കെ ആകുമ്പോഴാണ് സിനിമാമോഹം ഉള്ളിൽ ഉദിക്കുന്നത്. പിന്നെയത് വിടാൻ തേന്നിയുമില്ല. ഡിഗ്രി പഠനത്തിനു ശേഷം പൂർണമായും സിനിമയുടെ പുറകെത്തന്നെയായി. ഓഡിഷനു പോയും, അവസരങ്ങൾ ചോദിച്ചുമാണു സിനിമയിൽ മുഖം കാണിക്കുന്നത്.സജിനിലെ അന്തർമുഖനെ മാറ്റുന്നത് ഇത്തരം അനുഭവങ്ങളാണ്.

പിന്നീട് കുറച്ചുകാലം എറണാകുളം ആസ്ഥാനമായുള്ള ക്രിയേറ്റീവ് എഫർട്സ് നാടകസംഘത്തിന്റെ കൂടെ അമേച്വർ നാടക അവതരണങ്ങളും നടത്തിയിരുന്നു.എ പി അനിൽകുമാറിന്റെ നാടകങ്ങളാണ് അവതരിപ്പിച്ചിരുന്നത്. മുംബൈ ടാക്സി എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തുന്നത്. അത്തരം ചെറിയ വേഷങ്ങൾ പിന്നീട് തിലോത്തമ, ബിജുമേനോൻ നായകനായ മരുഭൂമിയിലെ ആന എന്നീ സിനിമകളിൽ തുടർന്നു.
2015- 16 വർഷത്തിലായിരുന്നു.പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷമാണ് ഒരു വേഷം സജിനെത്തേടിയെത്തുന്നത്. അത് ലിജോ ജോസ് പല്ലശ്ശേരിയുടെ ചുരുളിയായിരുന്നു.

ചുരുളിയിലെ ജീപ്പ് ഓടിച്ചുകയറിയത് ശ്രദ്ധേയ വേഷങ്ങളിലേക്ക്

യഥാർത്ഥ ലോകത്ത് നിന്നു ചുരുളിയുടെ മായിക ലോകത്തേക്ക് കഥാപാത്രങ്ങളെയും ഒപ്പം പ്രേക്ഷകനെയും ജീപ്പിൽ കയറ്റികൊണ്ടു പോകുന്നത് സജിൻ ഗോപുവിന്റെ കഥാപാത്രമാണ്. ആ ജീപ്പിൽ ചെമ്പന്റെയും വിനയ് ഫോർട്ടിന്റെയും കഥാപാത്രങ്ങൾ പാലം കടന്ന് സാങ്കൽപ്പിക ഗ്രാമത്തിൽ എത്തുന്നതോടെയാണ് ചുരുളി ശരിക്കും തുടങ്ങുന്നത് തന്നെ. അനുഭവത്തെക്കുറിച്ച് ഒരഭിമുഖത്തിൽ സജിൻ പറഞ്ഞത് ഇങ്ങനെയാണ്..

ചുരുളിയിൽ ജീപ്പ് ഓടിക്കുക എന്നതായിരുന്നു മെയിൻ പരിപാടി, അതും ഓഫ് റോഡ്. വലിയ ഓഫ് റോഡൊന്നും പോകാറില്ലെങ്കിലും സുഹൃത്തുക്കളുടെ വണ്ടിയെടുത്ത് ചെറിയ പരിപാടിയൊക്കെ നമ്മൾ നോക്കിയിട്ടുണ്ട്. അങ്ങനെയാണ് വണ്ടി ഞാൻ ഓടിക്കാമെന്ന കോൺഫിഡൻസ് വരുന്നത്. പിന്നെ ആ സിനിമയിലേക്ക് നമ്മൾ കയറിയപ്പോഴേക്കും ഇങ്ങനെയാണ് പരിപാടി ഡയലോഗുകൾ ഇങ്ങനെയാണ്, തെറിയാണ് എന്നുള്ളത് പിടികിട്ടി. അതുകൊണ്ട് ഇത് ആൾക്കാരിലേക്ക് എന്തായാലും എത്തുമെന്ന് മനസ്സിലായി. പിന്നെ ലിജോ ചേട്ടന്റെ പടമെന്നുള്ളതും ഒരു കാരണമാണ്. ലിജോ ചേട്ടന്റെ പടത്തിൽ ഒരു കഥാപാത്രം ചെയ്യാൻ അന്നും ഇന്നും ആഗ്രഹമുണ്ട്. സിനിമയിൽ എന്റെ ഡയലോഗിൽ മൊത്തം ഷിഫ്റ്റ് ആവണം എന്ന് ലിജോ ചേട്ടന് നല്ല ബോധ്യം ഉണ്ടായിരുന്നു. അതുവച്ചിട്ടാണ് അങ്ങ് ചെയ്തത് തെറിയാണെങ്കിൽ തെറി എന്തായാലും അത് നല്ല താളത്തിൽ ഈണത്തിൽ കാച്ചിക്കുറുക്കി പറയുക എന്നുള്ളതായിരുന്നു.

ആ കഥാപാത്രം ശരിക്കും സിനിമ പ്രവർത്തകർക്കിടയിൽ സജിനെ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കി. ജീപ്പ് ഓടിച്ചു കയറിയത് ചുരുളി എന്ന ഗ്രാമത്തിലേക്കാണെങ്കിലും സജിനിലെ അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അത് ഡ്രൈവ് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലേക്ക് കൂടിയായിരുന്നു. ജാനേ മൻ, രോമാഞ്ചാം, നെയ്മൻ, ചാവേർ ഒക്കെ അതിന് ശേഷം സംഭവിച്ചതാണ്.

ജാനേ മൻ വഴി രോമാഞ്ചത്തിലേക്ക്

കോവിഡിന് ശേഷം മലയാളത്തിലെ തിയേറ്ററുകളെ വീണ്ടും ഇളക്കി മറിച്ച ചിത്രമായിരുന്നു ചിദംബരത്തിന്റെ ജാനേ മൻ. ഒടിടി യൊക്കെ വന്നതോടെ ഇനിയൊരു ഹൗസ്ഫുൾ ബോർഡ് ഒക്കെ കാണാൻ പറ്റുമോ എന്നതുൾപ്പടെയുള്ള ആശങ്കകളെ അസ്ഥാനത്താക്കി തിയേറ്ററുകളെ വീണ്ടും ജീവൻ വെപ്പിച്ചത് ജാനേ മൻ ആയിരുന്നു. ആ ചിത്രത്തിലെ ഗുണ്ടാ എന്ന മേൽവിലാസത്തിൽ നിന്നു പുറത്ത് കടക്കാൻ ശ്രമിക്കുന്ന സജിയേട്ടൻ എന്ന കഥാപാത്രവും സജിന് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. പരുക്കൻ ശബ്ദത്തിലുള്ള ഗുണ്ടയുടെ നിസ്സാഹായവസ്ഥയും തമാശയുമൊക്കെ തിയേറ്ററുകളിൽ കൂട്ടച്ചിരിയുണർത്തി.

ചുരുളിയും ജാനേ മന്നും കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും സ്ഥിരം ഗുണ്ടാ വേഷങ്ങളിലേക്ക് ഒതുക്കപ്പെടുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു സജിന്. ആ ആശങ്ക അകറ്റിയതു രോമാഞ്ചത്തിലെ നിരൂപാണ്. ഈ കൺഫ്യൂഷനിൽ നിൽക്കുന്ന സമയത്താണ് ജോൺ പോൾ ജോർജ് രോമാഞ്ചത്തിലേക്ക് വിളിക്കുന്നത്. വ്യത്യസ്തമായൊരു കഥാപാത്രമാണെന്നു കഥ കേട്ടപ്പോൾ തന്നെ തോന്നി. അങ്ങനെ നിരൂപിലേക്ക് എത്തുകയായിരുന്നു. സംവിധായകൻ കഥാപാത്രത്തെക്കുറിച്ചു വ്യക്തമായ ധാരണ നൽകിയിരുന്നു.

പരുക്കനെന്ന വിശേഷണത്തിന്റെ പിൻബലത്തിൽ ജീവിതത്തിലുടനീളം ഒളിച്ചുകളി നടത്തുന്നവർ ഉണ്ട്.സ്വന്തം കണ്ണു നിറയുന്നത് ഒരിക്കൽ പോലും മറ്റുള്ളവർ കാണരുതെന്ന നിർബന്ധം പുലർത്തുന്നവർ. ഒരു സംഘത്തലവനായി പരുക്കനായി നിൽക്കുമ്പോഴും അമ്മയെ വിളിച്ചു കരയുന്ന രോമാഞ്ചത്തിലെ നിരൂപ് പ്രക്ഷകരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. സജിൻ ഗോപു എന്ന നടന്റെ അഭിനയത്തെ അടയാളപ്പെടുത്തുന്ന രംഗം കൂടിയായിരുന്നു അത്. സിനിമയെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ സംഭവം ക്ലിക്കായെന്നു ബോധ്യപ്പെട്ടു.

നിരൂപും നിന്നെ ഞാൻ പൊതപ്പിക്കും എന്ന സംഭാഷണവും ശ്രദ്ധിക്കപ്പെട്ടതോടൊ നിരവധി പേർ അഭിനന്ദനങ്ങളുമായി എത്തി. ചാക്കോച്ചൻ, ടൊവിനോ തോമസ് തുടങ്ങിയവരൊക്കെ അഭിനന്ദനങ്ങൾ അറിയിച്ചു. നാൽപതിലധികം ദിവസത്തെ വർക്കായിരുന്നു രോമാഞ്ചത്തിന്റേത്. ചെന്നൈയിൽ ഷൂട്ട് നടക്കുന്നയിടത്തിനു തൊട്ടടുത്തു തന്നെയായിരുന്നു താമസവും. ഒരു കൂട്ടായ്മ പോലെയാണു രോമാഞ്ചത്തിന്റെ വർക്കുകൾ നടന്നതെന്നും സജിൻ ഒരഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവിൽ തന്നെയാണ് നെയ്മറും ചാവേറും സംഭവിക്കുന്നത്.

ബാലരമയിലെ വിക്രമിനെപ്പോലൊരു അമ്പാൻ

ഒടിടിയിലെത്തിയെങ്കിലും തിയേറ്ററിൽ ഇപ്പോഴും പ്രേക്ഷകരെ കയറ്റുന്നുണ്ട് ആവേശം. തിയേറ്റർ കാഴ്‌ച്ച ആവശ്യപ്പെടുന്ന ചിത്രമാണെന്ന അഭിപ്രായങ്ങൾ തന്നെയാണ് അതിന്റെ പ്രധാന കാരണം. ഷഫദിനൊപ്പം നിന്ന് അഭിനിയച്ച സജിന്റെ അമ്പാൻ കയറി കൊളുത്തിയത് പെട്ടന്നായിരുന്നു. ജിത്തുവുമായുള്ള സൗഹൃദമാണ് ആവേശത്തിലേക്ക് സജിൻ എത്താൻ വഴിയൊരുക്കിയതും. ഇതേക്കുറിച്ച് സജിൻ പറയുന്നത് ഇങ്ങനെ:

ഫഹദ് ഫാസിലിനോട് കഥ പറയുമ്പോൾ അമ്പാൻ റെഡി ആയിരുന്നു. രോമാഞ്ചത്തിലെ നിരൂപിന്റെ ഒരു ഛായയും ആവേശത്തിലെ അമ്പാന് ഉണ്ടാകരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെന്നും സജിൻ ആവേശവുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഓരോ കഥാപാത്രവും വ്യത്യസ്തമായിരിക്കണം എന്നല്ലേ നമ്മൾ ആഗ്രഹിക്കൂ. കഥാപാത്രം എങ്ങനെയാണ് എന്ന് ജിത്തു പറഞ്ഞുതന്നിരുന്നു.പണ്ടത്തെ ബാലരമയിലെ മായാവിയുടെ കഥയിലെ വിക്രമിന്റെ ഒരു കാരിക്കേച്ചർ ചെയ്യാം എന്നൊരു ഐഡിയ ഉണ്ടായിരുന്നുവെന്നും സജിൻ പറയുന്നു.

തിയറ്ററുകളിൽ ചെല്ലുമ്പോൾ നല്ല പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. എന്റെ നാട്ടിലെ തിയറ്ററിൽ ചെന്നപ്പോൾ അവർ പറഞ്ഞു അകത്തോട്ട് കയറണ്ട കുറെ കസേര ഒക്കെ ഒടിഞ്ഞിട്ടുണ്ട്. പിള്ളേർ ഡാൻസും പാട്ടുമൊക്കെയായി ആഘോഷിക്കുകയാണ്. ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടത്. കോവിഡിന് ശേഷം തിയറ്റർ ഹിറ്റായ ജാനേ മൻ വമ്പൻ ഹിറ്റായിരുന്നു അതിനു ശേഷം വന്ന ജിത്തുവിന്റെ രോമാഞ്ചവും സൂപ്പർ ഹിറ്റ് ആയി. ചുരുളിയും ഹിറ്റ് പടമായിരുന്നു. ഇപ്പോൾ ആവേശവും ഹിറ്റായി.

നമ്മുടെ സിനിമകൾ തിയറ്ററിൽ ഹിറ്റ് ആകുന്നത് കാണുമ്പൊൾ ഒരു നടൻ എന്ന നിലയിൽ വലിയ സന്തോഷമുണ്ട്. 'രോമാഞ്ചം' കഴിഞ്ഞപ്പോൾ എന്നെ എല്ലാവരും നിരോധ് എന്നാണ് വിളിച്ചിരുന്നത് അതിലെ പേര് നിരൂപ് എന്നായിരുന്നു. പക്ഷേ ഇപ്പൊ ആ പേര് മാറി അമ്പാൻ എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു.അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണെന്നാണ് സജിന്റെ ഭാഷ്യം.

ഇനി സിനിമ തന്നെ ജീവിതം

ഇനിയും നല്ല സിനിമകളുടെ ഭാഗമാകണമെന്നുതന്നെയാണ് സജിന്റെ ആഗ്രഹം.അമ്പാൻ അതിന് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് താരം.ആവേശത്തിന് വേണ്ടി വണ്ണം കൂട്ടിയതിനു ശേഷം ഷൂട്ടിങ് കഴിഞ്ഞപ്പോൾ തടി കുറച്ച് പഴയപോലെ ആയിരുന്നു.അപ്പോഴാണ് മറ്റൊരു പടം വന്നത്.അതിനു വേണ്ടി വീണ്ടും തടി കൂട്ടണം.ബേസിൽ ജോസഫ് അഭിനയിക്കുന്ന ഒരു സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്യാനുള്ള അവസരമാണ് ലഭിച്ചത്. അതിനു വേണ്ടി ഞാൻ വീണ്ടും വണ്ണം കൂട്ടി. ഇപ്പോൾ വീണ്ടും തടി കുറച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പടത്തിനു ഇങ്ങനെ ഒരു ആവശ്യം പറഞ്ഞപ്പോൾ സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറായിരുന്നുവെന്നും സജിൻ പറയുന്നു.

ആലുവ യുസി കോളെജിനടുത്തു വെളിയത്തുനാട് മില്ലുംപടിയിലാണു സജിന്റെ വീട്. അച്ഛൻ ഗോപു.അമ്മ പ്രമീള. അനിയൻ ജിതിൻ. പഠനത്തിനു ശേഷം സിനിമയെന്ന മോഹവുമായി നടക്കുമ്പോൾ വീട്ടുകാർക്കും ആശങ്കയുണ്ടായിരുന്നു.എന്നാൽ ഓരോ സിനിമയും ആശങ്ക കുറച്ചു കൊണ്ടുവന്നു. ജാനേ മൻ എത്തുമ്പോഴേക്കും സിനിമയിൽ തന്നെ വേരുറയ്ക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. രോമാഞ്ചം സജിനിലെ നടനെ രേഖപ്പെടുത്തിയപ്പോൾ അമ്പാൻ സ്വീകാര്യത വർധിപ്പിക്കുകയാണ്.തുടർന്നും കൂടുതൽ വേഷങ്ങൾ തേടി വരുമെന്ന പ്രത്യാശയിലാണ് സജിൻ ഗോപു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP