Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

തിരുവനന്തപുരം എസ് എ ടി ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം; ലക്ഷ്യ അംഗീകാരം നേടുന്ന പതിനൊന്നാമത്തെ ആശുപത്രി

തിരുവനന്തപുരം എസ് എ ടി ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം; ലക്ഷ്യ അംഗീകാരം നേടുന്ന പതിനൊന്നാമത്തെ ആശുപത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്‌കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലേബർ റൂം 97.5%, മറ്റേർണിറ്റി ഒ.ടി 98.5% എന്നീ സ്‌കോറുകളോടെയാണ് അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. കേരളത്തിൽ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. കൂടുതൽ ആശുപത്രികളെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

മാതൃശിശു മരണ നിരക്ക് കുറയ്ക്കുക, ഗർഭിണികളായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതനുസരിച്ചാണ് സംസ്ഥാന സർക്കാർ ലക്ഷ്യ അക്രഡിറ്റേഷൻ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തരമുള്ള ശൂശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷൻ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

എസ്.എ.ടി. ആശുപത്രിയുടെ വികസനത്തിനായി ഈ സർക്കാർ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എസ്.എ.ടി. ആശുപത്രിയെ സെന്റർ ഓഫ് എക്സലൻസായി അടുത്തിടെ കേന്ദ്രം ഉയർത്തിയിരുന്നു. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. അതിസങ്കീർണമായ ഹൃദയ ശസ്ത്രക്രിയകൾ നടത്തി വരുന്നു. റീപ്രൊഡക്ടീവ് മെഡിസിൻ ശക്തിപ്പെടുത്തുന്നതിന് അടുത്തിടെ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു. ജനിതക വൈകല്യം കണ്ടെത്തി ചികിത്സിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി ജനറ്റിക്സ് വിഭാഗം എസ്.എ.ടി.യിൽ ആരംഭിക്കാനുള്ള തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി എസ്.എ.ടി.യ്ക്കായുള്ള പ്രത്യേക ബ്ലോക്ക് നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി എസ്.എ.ടി. ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളാണൊരുക്കിയത്. പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണിക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന 'അമ്മയ്ക്കൊരു കൂട്ട്' പദ്ധതി നടപ്പിലാക്കി വരുന്നു. ലേബർ റൂമും മെറ്റേണിറ്റി ഓപ്പറേഷൻ തീയറ്ററും അനുബന്ധ സംവിധാനങ്ങളും നവീകരിച്ചു. ഹൈ ഡെപ്പന്റൻസി യൂണിറ്റ്, മെറ്റേണൽ ഐസിയു, വിപുലമായ ഒപി എന്നിവയും സജ്ജമാക്കി. പ്രസവം കഴിഞ്ഞ് അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും നടപ്പിലാക്കി വരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP