Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

തെരഞ്ഞെടുപ്പ് കഴിയും വരെയാണ് എനിക്കു ചുമതല നൽകിയിരിക്കുന്നത്; കഴിയുന്നത് വരെ ചുമതല എന്നു പറഞ്ഞാൽ വോട്ടെണ്ണൽ വരെ എന്നാണ്; കെ സുധാകരന് വഴിമുടക്കി നിന്നിട്ടില്ല; എഐസിസി തീരുമാനം വന്നാൽ സ്ഥാനത്തു നിന്നും മാറുമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ

തെരഞ്ഞെടുപ്പ് കഴിയും വരെയാണ് എനിക്കു ചുമതല നൽകിയിരിക്കുന്നത്; കഴിയുന്നത് വരെ ചുമതല എന്നു പറഞ്ഞാൽ വോട്ടെണ്ണൽ വരെ എന്നാണ്; കെ സുധാകരന് വഴിമുടക്കി നിന്നിട്ടില്ല; എഐസിസി തീരുമാനം വന്നാൽ സ്ഥാനത്തു നിന്നും മാറുമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ സുധാകരന് ഇനി കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ കിട്ടുമോ എന്ന ആശങ്ക അദ്ദേഹത്തിന്റെ അണികളിൽ നിന്നും ശക്തമായി ഉയരുന്നുണ്ട്. ആക്ടിങ് പ്രസിഡന്റായി നിയമിച്ച എംഎം ഹസന് പകരം സുധാകരനെ ചുമതല ഏൽപ്പിച്ചിട്ടില്ല. ഇതോടെ യുഡിഎഫ് കൺവീനർ തുടർന്നങ്ങോട്ടും കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇത്തരം രാഷ്ട്രീയ ചർച്ചകൾക്കിടെ കെ സുധാകരന് വഴിമുടക്കിയിട്ടല്ലെന്ന് വ്യക്തമാക്കി എം എം ഹസൻ രംഗത്തെത്തി.

വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പ്രസിഡന്റ് കെ.സുധാകരന് വീണ്ടും ചുമതലകൾ കൈമാറാത്തത് ഹൈക്കമാൻഡ് തീമാനത്തെ തുടർന്നാണെന്നാണ ഹസൻ വ്യക്തമാക്കിയത്. ഇലക്ഷൻ കഴിയുന്നതു വരെ ചുമതല വഹിക്കൂവെന്നു പറയുമ്പോൾ വോട്ടെണ്ണൽ വരെ എന്നാണെ്ന്നും. മറിച്ചാണെങ്കിൽ തനിക്ക് നിർദ്ദേശം ലഭിക്കുമായിരുന്നു എന്നുമാണ് ഹസൻ പറയുന്നത്. എഐസിസിയുടെ നിർദ്ദേശം വന്നാൽ സുധാകരനു വേണ്ടി വഴിമാറുമെന്ന് അദ്ദേഹം പറഞ്ഞു. മനോരമയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വോട്ടെണ്ണുന്ന ജൂൺ നാലുവരെയാണ് ചുമതല നൽകിയിട്ടുള്ളതെന്നാണ് താൻ മനസ്സിലാക്കുന്നത്. ഇനി അതല്ല, ചുമതല ഏറ്റെടുക്കാൻ കെ.സുധാകരന് എപ്പോഴാണോ ഹൈക്കമാൻഡ് നിർദ്ദേശം നൽകുന്നത് അപ്പോൾ സ്വാഭാവികമായും താൻ ഒഴിവാകുമെന്നും ഹസൻ പറഞ്ഞു. തിരിച്ചുവരാൻ സുധാകരൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടും മാറിക്കൊടുക്കാതിരിക്കുകയും ചെയ്യുന്നു എന്ന പ്രചരണവും സുധാകരൻ തള്ളി. മാറിക്കൊടുക്കാതിരിക്കുക എന്ന നിലപാട് ഞാനെടുക്കുന്ന പ്രശ്‌നം തന്നെ ഉദിക്കുന്നുമില്ല. ഇതെല്ലാം തെറ്റായ പ്രചാരണങ്ങളാണെന്നും ഹസൻ പറഞ്ഞു.

വളരെ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും ഹസൻ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പ്രചാരണസമിതി ചെയർമാൻ രമേശ് ചെന്നിത്തലയുമായി എല്ലാ കാര്യങ്ങളും പരസ്പരം ചർച്ച ചെയ്തു. കെ.സി.വേണുഗോപാൽ സ്ഥാനാർത്ഥി ആയതിനാൽ ആലപ്പുഴയിൽ പോയി ചർച്ച നടത്തി. ആര് എപ്പോൾ പത്രസമ്മേളനം നടത്തണമെന്നതടക്കം കൂട്ടായി ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അപസ്വരങ്ങൾ ഇല്ലാത്ത ശാന്തമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നും ഹസൻ പറഞ്ഞു. കോൺഗ്രസ് നേതൃസമ്പത്തുകൊണ്ട് അനുഗ്രഹീതമാണ്. ആ നേതാക്കളെ വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ പാർട്ടിയെ തളയ്ക്കാൻ ആർക്കും കഴിയില്ലെന്നും ധദ്േഹം പറഞ്ഞു.

അതേസമയം കണ്ണൂരിലെ തെരഞ്ഞെടുപ്പു ഫലം കൂടി ആശ്രയിച്ചാകും കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് തിരികെ എത്തിക്കുന്നത് എന്ന സൂചനകളുണ്ട്. സാധാരണ നിലയിൽ താൽകാലിക പ്രസിഡന്റിന്റെ ജോലി യഥാർത്ഥ പ്രസിഡന്റ് വരുമ്പോൾ തീരും. ഇതാണ് കെപിസിസിയിലെ മുൻ പതിവ്. ഈ ശൈലി മാറ്റുന്നതിൽ കെ സി വേണുഗോപാലാണെന്ന വികാരം ശക്തമാണ്. തിരഞ്ഞെടുപ്പുഫലം വരുന്നതുവരെ ആക്ടിങ് പ്രസിഡന്റായി എം.എം.ഹസൻ തുടരട്ടെയെന്ന അഭിപ്രായത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി.

ഹസനു ചുമതല കൈമാറിയശേഷം സുധാകരൻ ആദ്യമായാണ് ഇന്നലെ ഇന്ദിരാഭവനിലെത്തിയത്. ഹസനിൽ നിന്ന് ചുമതല ഏറ്റെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടലെങ്കിലും എഐസിസിയുടെ അനുമതി ലഭിച്ചില്ല. പാർട്ടി നേതൃയോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകളോ അറിയിപ്പോ ഉണ്ടായില്ല. അതുകൊണ്ട് തന്നെ ഹസൻ കെപിസിസിയുടെ കസേരയിൽ തുടരുകയാണുണ്ടായത്.

കണ്ണൂർ ലോക്‌സഭയിൽ സുധാകരൻ മത്സരിച്ചതോടെയാണ് ചുമതല ഒഴിഞ്ഞ് താൽകാലികമായി കെപിസിസി അധ്യക്ഷനായി എംഎം ഹസനെ നിയോഗിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ വീണ്ടും കെപിസിസി അധ്യക്ഷനാകാൻ സുധാകരൻ സന്നദ്ധനായി കഴിഞ്ഞു. എന്നാൽ ഉടൻ അധികാരമാറ്റം വേണമോ എന്നതാണ് ഹസൻ ഉയർത്തുന്ന ചോദ്യം. കണ്ണൂരിൽ നിന്നും സുധാകരൻ ജയിച്ച് ലോക്‌സഭയിലേക്ക് പോയാൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് പ്രതിസന്ധിയാകുമെന്നാണ് ഹസൻ പറയുന്നത്. സുധാകരന്റെ ആരോഗ്യം അടക്കം ചർച്ചയാക്കിയാണ് ഇത്. കോൺഗ്രസിൽ എ ഗ്രൂപ്പിന് അർഹമായ പ്രാതിനിധ്യം ഇല്ലെന്ന ചർച്ചയും ഹസൻ സജീവമാക്കുന്നുണ്ട്.

എ ഗ്രൂപ്പിന് കടുത്ത അവഗണന നേരിടുന്നു. എന്നാൽ മറ്റു പല ഗ്രൂപ്പിലുള്ളവർക്കും ഇരട്ട പദവിയും. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹസന്റെ നിലപാട്. സുധാകരൻ എംപിയായി ജയിച്ചാൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കട്ടേ. അതുവരെ താൻ കസേരയിൽ തുടരാം എന്നാണ് ഹസന്റെ പക്ഷം. എന്നാൽ ഈ മാസം നാലിന് കോൺഗ്രസ് നേതൃയോഗമുണ്ട്. അന്ന് കെപിസിസി അധ്യക്ഷ പദം വീണ്ടും ഏറ്റെടുക്കാനാണ് സുധാകരന്റെ തീരുമാനം. പ്രത്യക്ഷത്തിൽ ആർക്കും ഇതിനെ എതിർക്കാൻ കഴിയില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനും സുധാകരനും തമ്മിൽ ചെറിയ അകൽച്ചയുണ്ട്. ഇത് കെപിസിസിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന ചർച്ചയും സജീവമാണ്. ഇതിനിടെയാണ് സുധാകരനെ താൽകാലികമായി വീണ്ടും മാറ്റി നിർത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ തലത്തിൽ കരുത്ത് കാട്ടിയാൽ കേരളത്തിലെ സംഘടനാ സംവിധാനത്തിലും അടിമുടി മാറ്റം വരുത്താനാണ് കെ സി വേണുഗോപാലിന്റെ തീരുമാനം. കെപിസിസി അധ്യക്ഷനായി തുടരാൻ അനുവദിക്കുമെന്ന ഉറപ്പ് വാങ്ങിയാണ് സുധാകരൻ കണ്ണൂരിൽ മത്സരത്തിനും ഇറങ്ങിയത്. അതുകൊണ്ട് തന്നെ ജയിച്ചാലും സുധാകരനെ മാറ്റിയാൽ അത് വലിയ പൊട്ടിത്തെറിയായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP