Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

പേരിൽ മാത്രം കുസൃതി, നിലപാടിൽ കാർക്കശ്യം; കാസ്റ്റിങ് കൗച്ച് തുറന്നടിച്ച തന്റേടി; സദാചാരവാദികളുടെ നോട്ടപ്പുള്ളി; തണ്ണിമത്തന്റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായി കാൻ ഫെസ്റ്റിവലിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; കനി കുസൃതി വ്യത്യസ്തയാകുന്നത് ഇങ്ങനെ

പേരിൽ മാത്രം കുസൃതി, നിലപാടിൽ കാർക്കശ്യം; കാസ്റ്റിങ് കൗച്ച് തുറന്നടിച്ച തന്റേടി; സദാചാരവാദികളുടെ നോട്ടപ്പുള്ളി; തണ്ണിമത്തന്റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായി കാൻ ഫെസ്റ്റിവലിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; കനി കുസൃതി വ്യത്യസ്തയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: 2019 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങ്..മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ആ പുരസ്‌കാരം താൻ സമർപ്പിക്കുന്നത് പി കെ റോസിക്കാണ് എന്നു പറഞ്ഞ കനി കുസൃതിയുടെ പ്രസംഗം മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. പാർട്ടി രാഷ്ട്രീയത്തിനപ്പുറം തന്റെ നിലപാടുകൾ ആരുടെ മുന്നിലും സധൈര്യം പ്രകടിപ്പിക്കുന്നതും തുറന്ന് പറയുന്നതുമാണ് കനിയുടെ പ്രകൃതം. സിനിമ എപ്പോഴും രാഷ്ട്രീയ സംബന്ധിയാണെന്ന് പറയുമ്പോഴും നിലനിൽപ്പിന് വേണ്ടി വിട്ടുവീഴ്‌ച്ചകൾ ചെയ്യേണ്ടി വരുന്നവരുടെ കൂട്ടത്തിൽ കനി വ്യത്യസ്തയാകുന്നതും അതുകൊണ്ട് തന്നെ.

മുപ്പത് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആ വേദിയിലും തന്റെ രാഷ്ട്രീയം പറഞ്ഞാണ് കനി കഴിഞ്ഞ ദിവസം ഏവരുടെയും ശ്രദ്ധ നേടിയത്. ജാതിഭ്രാന്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ച റോസിയെ മനസ്സിൽ സൂക്ഷിക്കുന്ന കനി ഫലസ്തീന്റെ രാഷ്ട്രീയം സംസാരിച്ചത് സ്വാഭാവികമാണ്. തണ്ണീർമത്തൻ ബാഗുമായി റെഡ് കാർപ്പറ്റിൽ എത്തിയാണ് കനി കുസൃതി ഫലസ്തീനോടുള്ള തന്റെ ഐക്യദാർഢ്യം പ്രകടമാക്കിയത്. ഇതിനും മുൻപും ശക്തമായ തന്റെ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ കനി വീണ്ടും വാർത്തകളിൽ നിറയുകയാണ്.

കൈയടി നേടി കാൻ ഫെസ്റ്റിവലിലെ രാഷ്ട്രീയ നിലപാട്

1994 ലെ ഷാജി എൻ കരുണിന്റെ സ്വം നു ശേഷം മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത്. അതും കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമം(പാം ദോർ) വിഭാഗത്തിലേക്ക്.പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ വേൾഡ് പ്രീമിയറിന്റെ ഭാഗമായാണ് ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച കനി കുസൃതി വെള്ളിയാഴ്ച ഫെസ്റ്റിവൽ വേദിയിലെത്തിയത്.

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായെത്തിയതാണ് താരത്തെ ഫെസ്റ്റിവലിൽ ശ്രദ്ധേയയാക്കിയത്.കനിയുടെ ഫോട്ടോകൾ ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ.പാതിമുറിച്ച തണ്ണിമത്തന്റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായാണ് കനി ഫെസ്റ്റിന് എത്തിയത്. ഗസ്സയിൽ ഇസ്രയേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ ഫലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നതിന്റെ ശക്തമായ ചിഹ്നമാണ് തണ്ണിമത്തൻ.കനി തണ്ണിമത്തൻ ബാഗും പിടിച്ച് നിൽക്കുന്ന ചിത്രം വിവിധ സോഷ്യൽ മീഡിയ പേജുകളിൽ നിറയുകയാണ്.ഒപ്പം ഒട്ടനവധി പേർ കനിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തുന്നുമുണ്ട്.

നിരവധി ഫാൻ പേജുകളിലും അഭിമാനകരമായി കനിയുടെ ഫോട്ടോകളും വീഡിയോകളും പ്രത്യക്ഷപ്പെടുന്നുമുണ്ട്.ഒരായിരം പോസ്റ്റുകളേക്കാൾ, ഒരായിരം ലൈക്കുകളേക്കാൾ, ഒച്ചയും മൂർച്ചയും മുഴക്കവും ഉള്ള ഒരു ബാഗാണ് കനി കൈയിൽ പിടിച്ചിരിക്കുന്നതെന്നാണ് ഫേസ്‌ബുക്ക് കുറിപ്പിൽ ഒരാൾ പങ്കുവെച്ചത്.മലയാളം എന്ന ലോകത്തിലെ ചെറിയ ഒരു ഭൂപ്രദേശത്തു നിന്നും, ലോകത്തെ ഉറ്റുനോക്കുകയും മനുഷ്യർക്കൊപ്പം വേദനിക്കുകയും നിലവിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ കൂട്ടത്തിൽ നിന്നും ഒരാൾ, ചുവന്ന പരവതാനിയുടെയും നിറഞ്ഞ കൈയടിയുടെയും ഇടയിലൂടെ നടക്കുമ്പോഴും കൈവിട്ടുകളയാതെ ഇങ്ങനെയൊരു മുറിഞ്ഞ തണ്ണിമത്തൻ തുണ്ടിനെ മുറുകെ പിടിക്കുന്നതിന്റെ പേരാണ് രാഷ്ട്രീയമെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ പ്രമേയം.കനി കുസൃതിക്ക് ഒപ്പംദിവ്യ പ്രഭ, അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.ആദ്യ പ്രദർശനത്തിന് ശേഷം എട്ട് മിനിട്ടോളം നീണ്ടുനിന്ന നിറഞ്ഞ കയ്യടികളോടെയാണ് ചിത്രത്തെയും അഭിനേതാക്കളെയും പിന്നണി പ്രവർത്തകരെയും പ്രേക്ഷകർ സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.

എന്താണ് തണ്ണിമത്തൻ ഐക്യദാർഢ്യത്തിന് പിന്നിൽ

സാമ്രാജിത്വ അധിനിവേശത്തിനെതിരെയും വംശഹത്യക്കെതിരെയും പോരാടുന്ന ഫലസ്തീൻ ജനതയുടെ പ്രതിരോധ ചിഹ്നങ്ങളിലൊന്നാണ് പാതിമുറിച്ച തണ്ണിമത്തൻ.ഇത് ഫലസ്തീന്റെ പതാകയിലെ പച്ച, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളെ പ്രതിനിധീകരിക്കുന്നു.കൂടാതെ ഫലസ്തീന്റെ സംസ്‌കാരത്തെയും വ്യക്തിത്വത്തെയും തണ്ണിമത്തൻ പ്രതീകപ്പെടുത്തുന്നുണ്ട്.അറബ്-ഇസ്രയേൽ യുദ്ധത്തിന് ശേഷം 1967 മുതൽ ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഫലസ്തീൻ പതാകയ്ക്ക് നിരോധനമേർപ്പെടുത്തി. പതാകയോ അതിലെ നിറങ്ങൾക്ക് സമാനമായോ വസ്തുക്കളോ പ്രദർശിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്.

25 വർഷം നിലനിന്ന ആ ഉത്തരവ് 1993 ലാണ് പിൻവലിച്ചത്.എന്നാൽ പോയവർഷം വീണ്ടും പൊതുവിടങ്ങളിൽ ഫലസ്തീൻ പതാകകൾക്ക് നിരോധനമേർപ്പെടുത്തികൊണ്ട് ഇസ്രയേൽ ഭരണകൂടം ഉത്തരവ് പ്രഖ്യാപിച്ചു.1980 കളിൽ തന്റെ ആർട്ട് ഗാലറിയിൽ സെൻസർഷിപ്പിനെത്തിയ ഇസ്രയേൽ പട്ടാളക്കാരാണ് തണ്ണിമത്തൻ പ്രതിരോധ അടയാളമായി മാറ്റിയതെന്നാണ് ഫലസ്തീൻ ചിത്രകാരനായ സ്ലിമൻ മൻസൂർ ഒരിക്കൽ പറഞ്ഞത്.

ഒരിക്കൽ സ്ലിമന്റെ ആർട്ട് ഗാലറി പരിശോധിക്കാൻ ഇസ്രയേൽ പട്ടാളക്കാർ എത്തി. ഫലസ്തീനികളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ ഗാലറിയിൽ നിന്ന് പട്ടാളക്കാർ പിടിച്ചെടുത്തു. ശേഷം ഭംഗിയുള്ള പൂക്കളുടെയും പ്രകൃതിദൃശ്യങ്ങളുടെയും ചിത്രം മാത്രം താങ്കൾ വരച്ചാൽ മതിയെന്നും അത്തരം ചിത്രങ്ങൾ നല്ല വില നൽകി ഞങ്ങൾ വാങ്ങിക്കാം എന്നും പട്ടാളക്കാർ ഉപദേശിക്കുന്നു. അനുമതി നേടാതെ ഇനി ഒരിക്കലും സ്ലിമാന് ചിത്രപ്രദർശനം നടത്താനാകില്ലെന്നും പട്ടാളക്കാർ പറഞ്ഞു. ഫലസ്തീൻ പതാകയിൽ ഉപയോഗിച്ചിരിക്കുന്ന ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങൾ പെയിന്റിങ്ങിനായി ഒരിക്കലും ഉപയോഗിക്കരുതെന്ന് ആജ്ഞാപിച്ചു.

അന്ന് സ്ലിമാനൊപ്പം അവിടെയുണ്ടായിരുന്നു ഇസാം ബദർ എന്ന ചിത്രകാരൻ അപ്പോൾ പട്ടാളക്കാരോട് ഇങ്ങനെ ചോദിച്ചു ' ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങൾ ഉപയോഗിച്ച് ഞാൻ പൂക്കളെ വരച്ചാൽ നിങ്ങളെന്ത് ചെയ്യും..?..''' ആ നിറങ്ങൾ ഉപയോഗിച്ച് നിങ്ങൾ എന്ത് വരച്ചാലും ഞങ്ങളത് കണ്ടുകെട്ടും. അത് തണ്ണീർമത്തന്റെ ചിത്രമായാൽ പോലും..'പട്ടാളസംഘത്തലവന്റെ മറുപടി ഇപ്രകാരമായിരുന്നു.ഈ സംഭവം പുറംലോകത്തെത്തിയതോടെ സ്ലിമാന് പിന്തുണയുമായി നിരവധി ചിത്രകാരന്മാർ രംഗത്തെത്തി.

നിരോധിത നിറങ്ങൾ ഉപയോഗിച്ച് മാത്രം അവർ ചിത്രങ്ങൾ വരച്ചു. തണ്ണിമത്തൻ ചിത്രങ്ങൾ ലോകമെങ്ങും നിറഞ്ഞു. ഈ സംഭവത്തിന് ഒരുവർഷത്തിന് ശേഷം പട്ടാളക്കാർ സ്ലിമാനെ അറസ്റ്റ് ചെയ്തു. ഭക്ഷണവും വെള്ളവും പോലും നൽകാതെ അദ്ദേഹത്തെ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് സ്ലിമാൻ തണ്ണിമത്തന്റെ ചിത്രങ്ങളും മറ്റ് രാഷ്ട്രീയ ചിത്രങ്ങളും വരയ്ക്കാൻ ആരംഭിച്ചത്. സ്ലിമാന്റെ കഥ അറിഞ്ഞ ലോകത്തെ പ്രമുഖ ചിത്രകാരമാർ ഫലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ചിത്രങ്ങൾ വരച്ചു. അതൊരു തരംഗവും പ്രതിരോധവും അടയാളവുമായി മാറി. അങ്ങനെയാണ് തണ്ണിമത്തൻ ഫലസ്തീനുമായി ബന്ധപ്പെട്ട് കിടക്കുന്നതിന്റെ ചരിത്രം.

പേരിൽ മാത്രം കുസൃതി.. നിലപാടിൽ കാർക്കശ്യം

ജാതിപ്പേരും, പിതാവിന്റെ പേരും, തറവാട്ടുപേരുമൊക്കെ സ്വന്തം പേരിന്റെ വാലായി ഇടുന്ന കലാകാരന്മാർ ഏറെയുള്ള ഇക്കാലത്ത് ഒരു നടിക്ക് 'കുസൃതി' എന്ന പേര് എങ്ങനെ വന്നു എന്ന് പലരും അമ്പരന്നേക്കാം.കനി കുസൃതിക്ക് ഈ വാൽ വെറും തമാശ ആയിരുന്നില്ല. പുരുഷാധിപത്യ സമൂഹത്തോടുള്ള ഒരു പ്രതിഷേധം തന്നെയായിരുന്നു അത്.സ്വതന്ത്രചിന്തകരും മനുഷ്യാവകാശ പ്രവർത്തകരുമായ ഡോ. എ.കെ. ജയശ്രീയുടെയും,മൈത്രേയൻെയും മകളായി 1985 സെപ്റ്റംബർ 12ന് തിരുവനന്തപുരത്താണ് കനി ജനിച്ചത്. കോ ഹാബിറ്റേഷനെ കുറിച്ചൊക്കെ മലയാളി കേട്ടിട്ടില്ലാത്ത കാലത്ത്, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ചു വിപ്ലവം സൃഷ്ടിച്ചവരാണ് മൈത്രേയനും ജയശ്രീയും. സ്ത്രീകളെ അടിമകളാക്കി വെക്കുന്ന പരമ്പരാഗത വിവാഹ രീതിയോട് യാതൊരു യോജിപ്പും ഇല്ലാത്തതുകൊണ്ടുതന്നെ മകളെ ആധുനിക പൗര ബോധത്തോടെയാണ് അവർ വളർത്തിയത്.

തന്നെ എന്ന് പേര് വിളിച്ചാൽ മതിയെന്നും സുഹൃത്തായാണ് കാണേണ്ടതെന്നും കനിയെ പഠിപ്പിച്ചത് പിതാവ് മൈത്രേയൻ തന്നെയാണ്. അച്ഛനെയും അമ്മയെ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്ന മകൾ ആദ്യ കാലത്ത് സൗഹൃദ സദസ്സുകളിലൊക്കെ വലിയ ചർച്ചയായിരുന്നു. എന്നാൽ രക്ഷിതാക്കൾ അവരുടെ ഇഷ്ടത്തിനുസരിച്ച് തല്ലിപ്പഴുപ്പിക്കേണ്ടതല്ല കുട്ടികളുടെ ജീവിതം എന്നായിരുന്നു മൈത്രേയന്റെയും നിലപാട്. അച്ഛനും മകളും തമ്മിൽ വേണ്ടത് ആരോഗ്യകരമായ സൗഹൃദവും സ്നേഹവും ആണെന്നും, വ്യക്തി ജീവിതത്തിൽ പകർത്താൻ കഴിയാത്ത ആശയങ്ങൾ പ്രസംഗിക്കരുത് എന്നുമായിരുന്നു മൈത്രേയന്റെ എക്കാലത്തെും ഉറച്ച നിലപാട്.

ഇന്ത്യയിലും കേരളത്തിലും പൊതുവെയുള്ള, തങ്ങളുടെ പേരുകൾ കുട്ടികളുടെ പേരിന്റെ വാലാക്കുന്ന സാമൂഹ്യ അധികാര ശ്രേണിയുടെ ഭാഗമായ രീതി ഇല്ലാതാക്കാൻ അവർ തീരുമാനിച്ചു.അങ്ങനെയാണ് 15 വയസ്സിൽ കനി പത്താം ക്ലാസ് പരീക്ഷയുടെ അപേക്ഷയിൽ 'കുസ്രുതി' എന്ന് ചേർത്തത്. തിരുവനന്തപുരത്താണ് കനി വളർന്നത്. ചെറുപ്പത്തിലേ നാടകത്തിലും അഭിനയത്തിലും തന്നെയായിരുന്നു കനിയുടെ കമ്പം. അവിടെ അഭിനയ തിയേറ്റർ റിസേർച്ച് സെന്റർ, എന്ന നാടക പ്രവർത്തകർക്ക് വേണ്ടിയുള്ള ഒരു പൊതുവേദിയായി മാറി. പിന്നീട് തൃശ്ശൂരിലേക്ക് താമസം മാറി. തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ 2005 നും 2007 നും ഇടയിൽ നാടക പരിപാടികളിൽ ഉണ്ടായിരുന്നു. ലാഗോൺസ് ഇന്റർനാഷണൽ ഡി റ്റെറ്റേ ജാക്വസ് ലെക്കോകിൽ നാടക പഠനം പൂർത്തിയാക്കി . അവിടെ രണ്ടു വർഷം ഫിസിക്കൽ തിയേറ്ററിൽ പഠനം നടത്തി.

ബൗധയനയുടെ ക്ലാസിക്ക് പ്രഹസനമായ ഭാഗവദജ്ജുകത്തിലൂടെ അഭിനയത്തിൽ കുസൃതി തന്റെ തിയേറ്റർ അരങ്ങേറ്റം കുറിച്ചു. 2000 മുതൽ 2006 വരെ വാസന്തസേനയുടെ പ്രധാന വേഷത്തിൽ അഭിനയിച്ചു. ഭാരതരംഗ മഹോത്സവവും കേരളത്തിലെ അന്താരാഷ്ട്ര തിയേറ്റർ ഉത്സവവും ഉൾപ്പെടെയുള്ള നാടക വേദിയിലൂടെ ഈ നാടകം പര്യടനം നടത്തി. ഹെർമൻ ഹെസ്സേയുടെ സിദ്ധാർഥ എം.ജി.ജ്യോതിഷ് രംഗവതരണത്തിന് സജ്ജമാക്കിയപ്പോൾ കമലയുടെ ഭാഗം അവതരിപ്പിച്ചു.അങ്ങനെ നിരവധി നാടകങ്ങളിലൂടെയും ഹസ്ര ചിത്രങ്ങളിലൂടെയും കനി തന്റെ സാന്നിധ്യം അറിയിച്ചു.

മലയാള സിനിമലോകത്തെ ഞെട്ടിച്ച കാസ്റ്റിങ്ങ് കൗച്ച് വെളിപ്പെടുത്തൽ

കനിയെ എന്നും വ്യത്യസ്തയാക്കിയിരുന്നത് അവർ എടുത്തിരുന്ന പൊളിറ്റിക്കൽ നിലപാടുകൾ തന്നെയാണ്. ബോളിവുഡിൽ ഒരു മോഡലായും കനി ജോലിനോക്കിയിരുന്നു. എന്റെ ശരീരം എന്റെ അവകാശം എന്ന വിശാലമായ ബോഡി പൊളിറ്റിക്സിന്റെ ഭാഗമായിരുന്നു അവർ എന്നും. അതുകൊണ്ടുതന്നെ ശരാശരി മലയാളിക്ക് സങ്കൽപ്പിക്കാൻ പറ്റുന്നതായിരുന്നില്ല കനിയുടെ വ്യവഹാരങ്ങൾ. ഒരു വിദേശ മാഗസിനിൽ അവൾ പൂർണ നഗ്നയായി പോസ് ചെയ്തതായിരുന്നു ഒരു കാലത്തെ സോഷ്യൽ മീഡയയിൽ ഉയർന്ന വലിയ വിവാദം. അതുപോലെ ആദ്യത്തെ ലൈംഗികാനുഭവം പറയുന്ന, അവരുടെ ഒരു ടെലിഫിലിമും , സദാചാരവാദികളുടെ പഴി കേട്ടു. ഇക്കാരണത്താലൊക്കെ സോഷ്യൽ മീഡിയയിൽ നിരവധി തവണ സൈബർ ലിഞ്ചിങ്ങിന് കനി ഇരയായിട്ടുണ്ട്.

ഒരു മലയാള ചലച്ചിത്രത്തിൽ കരാർ ഏറ്റശേഷം അതിന്റെ ഒരു അണിയറ പ്രവർത്തകൻ തന്നെ രാത്രി ഫോൺ ചെയ്തിരുന്നെന്നും അതിൽ പ്രതിഷേധിച്ചതോടെ ചിത്രത്തിൽനിന്ന് ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം.എന്നാൽ എല്ലാ സിനിമക്കാരും ഇങ്ങനെയാണെന്ന് ധരിക്കരുതെന്നും നല്ലവരെ നോക്കി തെരഞ്ഞെടുക്കണമെന്നും അവർ പറയുന്നു.കൊച്ചി ബിനാലെ വേദിയിൽ ഡബ്ല്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനവേദിയിൽ കനി കുസൃതി നടത്തിയ വെളിപ്പെടുത്തൽ കേരളം ഏറെ ചർച്ച ചെയ്തതാണ്. 'സിനിമയിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നല്ല വേഷങ്ങൾ ലഭിക്കുവാനായി ചില സംവിധായകർക്ക് വിട്ടുവീഴ്ച ചെയ്യണമായിരുന്നു.അവർക്ക് അത് നിർബന്ധമായിരുന്നു. അവരിൽ നിന്നും രക്ഷപ്പെടാനായി അഭിനയം നിർത്തിയാലോ എന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നു.

പെൺശബ്ദങ്ങൾ ഉയർന്നുതന്നെ കേൾക്കണം. മീടൂ മൂവ്മെന്റുകൾ സജീവമായതും ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകളുടെ ശക്തമായ ഇടപെടലുകളും സിനിമാമേഖലകൾ അടക്കമുള്ള പല സ്ഥലങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമായി. സിനിമയിൽ അഭിനയിക്കണമെന്ന അതിയായ ആഗ്രഹവുമായാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നത്.എന്നാൽ, നല്ല വേഷങ്ങൾ ലഭിക്കണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയ്യാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം തന്നെ നിർത്തിയാലോ എന്നുവരെ ആലോചിച്ചുപോയിട്ടുണ്ടെന്നും കനി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

ബിരിയാണിയിലൂടെ അന്താരാഷ്ട്ര അവാർഡുകൾ ഇപ്പോൾ കാനിലും

ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് രണ്ട് അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു.സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരമാണ് ആദ്യം ലഭിച്ചത്.പിന്നാലെ മാസ്‌കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു.1935-ൽ തുടങ്ങിയതും, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നുമായ മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള സിനിമക്ക് ആദ്യമായാണ് അവാർഡ് ലഭിച്ചത്.

ബ്രിക്സ് വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ബിരിയാണി. മികച്ച നടൻ, നടി, സിനിമ, സംവിധാനം, ജൂറി പ്രൈസ് എന്നീ അവാർഡുകളാണ് ജൂറി പ്രഖ്യാപിച്ചത്.ഇറ്റലിയിലെ റോമിലെ ഏഷ്യാറ്റിക്ക് ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും ഈ ചിത്രം ചെയ്തിരുന്നു.ബാഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്‌ക്കാരം, അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവയും ചിത്രത്തിന് നേട്ടമായി.

ഇതിന് പിന്നാലെയാണ് ഇപ്പോൾ മുപ്പത് വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ ചിത്രം കാൻ ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് എത്തുമ്പോൾ അതിന്റെ ഭാഗമാകാനും കനിക്ക് കഴിയുന്നത്.പ്രധാന തിയേറ്റർ ആയ ഗ്രാൻഡ് തിയേറ്റർ ലൂമിയറിലാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് സ്‌ക്രീനിങ് നടന്നത്. മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും മണിക്കൂറുകൾക്കുള്ളിൽ പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വെ ഇമേജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിനെ തേടിയെത്തുകയാണ്. മത്സരവിഭാഗത്തിൽ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചിത്രം കണ്ട മാധ്യമ പ്രവർത്തകരും നിരൂപകരും ട്വീറ്റ് ചെയ്തു.

മലയാള സിനിമയിൽ നടിമാർക്ക് പ്രധാന്യമില്ലെന്ന മുറവിളി ഉയരുന്നതിനിടെയാണ് കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റിൽ രണ്ട് മലയാള നായികമാരുടെ സാന്നിദ്ധ്യം സുന്ദരക്കാഴ്‌ച്ചയാകുന്നത്. അതിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും അവയൊന്നും വകവെക്കാതെ തന്റെ രാഷ്ട്രീയം കനി കുസൃതി ഉറക്കെ പറയുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP