Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

നോട്ടെണ്ണൽ യന്ത്രം മുഖ്യമന്ത്രിയുടെ വീട്ടിലോ എ.കെ.ജി സെന്ററിലോ? എം.ബി. രാജേഷ് അന്വേഷണം നേരിടണം; സർക്കാർ അറിവോടെ നടന്ന കോടികളുടെ അഴിമതി; അബ്കാരികളെ സഹായിക്കാനാണ് നിയമം മാറ്റിയത്; ബാർ കോഴ ആരോപണത്തിൽ സർക്കാരിനെതിരെ വി ഡി സതീശൻ

നോട്ടെണ്ണൽ യന്ത്രം മുഖ്യമന്ത്രിയുടെ വീട്ടിലോ എ.കെ.ജി സെന്ററിലോ? എം.ബി. രാജേഷ് അന്വേഷണം നേരിടണം; സർക്കാർ അറിവോടെ നടന്ന കോടികളുടെ അഴിമതി; അബ്കാരികളെ സഹായിക്കാനാണ് നിയമം മാറ്റിയത്; ബാർ കോഴ ആരോപണത്തിൽ സർക്കാരിനെതിരെ വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രണ്ടാം ബാർകോഴ ആരോപണത്തിൽ സർക്കാറിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാർ കോഴക്കുള്ള നീക്കം ഞെട്ടിക്കുന്നതെന്ന് സതീശൻ പ്രതികരിച്ചു. അബ്കാരികളെ സഹായിക്കാനാണ് നിയമത്തിൽ മാറ്റം വരുത്തിയത്. നോട്ടെണ്ണൽ യന്ത്രം ഇപ്പോൾ എവിടെയെന്നും മുഖ്യമന്ത്രിയുടെ വീട്ടിലോ എക്‌സൈസ് മന്ത്രിയുടെ വീട്ടിലോ അതോ എ.കെ.ജി സെന്ററിലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മന്ത്രിസ്ഥാനത്ത് നിന്ന് മാറി എം.ബി. രാജേഷ് അന്വേഷണം നേരിടണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇത് സർക്കാരിന്റെ അറിവോടെയാണ്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്ലാ സൗകര്യവും ചെയ്തുകൊടുക്കാമെന്ന് സർക്കാർ ബാറുടമകളെ അറിയിച്ചിരിക്കുകയാണ്. ഇനി നോട്ടെണ്ണൽ യന്ത്രം എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ കൈയിലാണോ, അതല്ല മുഖ്യമന്ത്രിയുടെ കൈയിലാണോ, എ.കെ.ജി സെന്ററിലാണോ എന്ന് മാത്രം അറിഞ്ഞാൽ മതിയെന്നും സതീശൻ പറഞ്ഞു.

അബ്കാരി നിയമത്തിൽ മാറ്റം വരുത്തുന്ന കാര്യം നിയമസഭ സമിതിയിൽ വന്നപ്പോൾ പ്രതിപക്ഷം ശക്തമായി എതിർത്തതാണ്. ഒന്നാം തീയതിയടക്കം മദ്യശാലകളും ബാറുകളും തുറക്കാനുള്ള സൗകര്യമാണ് ചെയ്തു കൊടുക്കുന്നത്. ഇത് ആളുകളുടെ ശമ്പള ദിവസത്തെ ലക്ഷ്യം വെച്ചുള്ളതാണ്. ഇതിനെല്ലാം ഒത്താശ ചെയ്യാനാണ് വൻ പണപ്പിരിവെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം പുതുതായി 130 ബാറുകൾക്കാണ് അനുമതി നൽകിയത്. സംസ്ഥാനത്ത് നിലവിൽ 801 ബാറുണ്ട്. ബാറുകളുടെ ടേൺ ഓവർ പിരിവ് പോലും നടത്തുന്നില്ല. ഇതുവഴി സർക്കാറിന് ജി.എസ്.ടി ഇനത്തിൽ കോടികളാണ് നഷ്ടം. ബാറുകളിൽ ഒരു പരിശോധനയുമില്ല. ഇതെല്ലാം ബാറുടമകളെ സഹായിക്കാനാണ്. 20 കോടിയുടെ അഴിമതിയാണ് പണപ്പിരിവ് വഴി നടന്നിരിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശം മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്.

വ്യാഴാഴ്ച എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. ''ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്‌സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്'' ശബ്ദ സന്ദേശത്തിൽ പറയുന്നത്.

ഒരു ബാർ ഹോട്ടലുകാരിൽ നിന്ന് രണ്ടര ലക്ഷം രൂപവീതം പിരിക്കാൻ അസോസിയേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, പല ബാർ ഉടമകളും പിരിവ് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങൾ പിരിവ് നൽകണമെന്ന സംഘടനയുടെ കർശനനിർദ്ദേശം സംസ്ഥാന ഭാരവാഹി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദ്ദേശം ഇതിനകം തന്നെ സംസ്ഥാന സർക്കാറിന് മുമ്പാകെ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നൽകിയ ശിപാർശകളിൽ ഒന്നാണിത്.

അതേസമയം മദ്യനയത്തിൽ ഇളവ് വരുത്താൻ പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവതരമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി പ്രതികരിച്ചു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരണം. പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എം ബി രാജേഷ് പറഞ്ഞു. 'സർക്കാർ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല. മദ്യ നയത്തിന്റെ പ്രാരംഭ ചർച്ചകൾ പോലുമായിട്ടില്ല. മദ്യ നയത്തിൽ ചില കാര്യങ്ങൾ നടപ്പിലാക്കാം എന്നുപറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. വളരെ ശക്തമായ നടപടി അത്തരക്കാർക്കെതിരെ എടുക്കും. വെച്ചുപൊറുപ്പിക്കില്ല. ചർച്ച നടക്കുന്നതിന് മുമ്പ് തന്നെ വാർത്തകൾ വരുന്നുണ്ട്. ആ വാർത്തകൾ ഉപയോഗിച്ച് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടിയെടുക്കും', മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായിട്ടുള്ളതാണ്. തെറ്റായ പ്രവണത പ്രോത്സാഹിപ്പില്ല. ആരായാലും കൈകാര്യം ചെയ്യാൻ സർക്കാരിന് അറിയാം. സാധാരണ ഫെബ്രുവരി-മാർച്ച് മാസത്തിൽ ചർച്ച നടത്താറുള്ളതാണ്. തിരഞ്ഞെടുപ്പ് ആയതിനാൽ അത്തരം ചർച്ചകളിലേക്ക് കടന്നിട്ടില്ല. വാർത്തകളുടെ ഉറവിടം അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP