Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

എന്തുകൊണ്ടാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേയ്ക്ക് ഇന്ത്യ ചന്ദ്രയാനെ അയച്ചത്? ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും റഷ്യയും ദക്ഷിണധ്രുവത്തിൽ എത്തുന്നതിന്റെ ഉദ്ദേശം എന്ത്? ചന്ദ്രനെ കീഴടക്കാനുള്ള മത്സരത്തിന്റെ പിന്നാമ്പുറ കഥകൾ

എന്തുകൊണ്ടാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേയ്ക്ക് ഇന്ത്യ ചന്ദ്രയാനെ അയച്ചത്? ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും റഷ്യയും ദക്ഷിണധ്രുവത്തിൽ എത്തുന്നതിന്റെ ഉദ്ദേശം എന്ത്? ചന്ദ്രനെ കീഴടക്കാനുള്ള മത്സരത്തിന്റെ പിന്നാമ്പുറ കഥകൾ

മറുനാടൻ ഡെസ്‌ക്‌

ന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകാതെ റഷ്യയുടെ ലൂണ -25ദൗത്യം പരാജയപ്പെട്ടതോടെ ലോക ശ്രദ്ധ മുഴുവൻ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ റഷ്യൻ ബഹിരാകാശ കേന്ദ്രമായ റോസ്‌കോസ്മോസ് വിക്ഷേപിച്ച 1,750 ഗ്രാം ഭാരം വരുന്ന ലാൻഡർ ആയിരിക്കും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ മനുഷ്യ നിർമ്മിത വസ്തു എന്നാണ് കരുതിയിരുന്നത്.

ലോകം ഉറ്റുനോക്കുന്ന ചന്ദ്രായൻ 3

രണ്ടാഴ്‌ച്ചയിൽ അധികമായി ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഇന്ത്യയുടെ ചന്ദ്രായൻ 3 ലാൻഡറിലാണ് ഇപ്പോൾ ലോകം പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. ഇന്ന് വിജയകരമായി ലാൻഡിങ് പൂർത്തിയാക്കിയാൽ, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ മനുഷ്യ നിർമ്മിത വസ്തുവായി അത് മാറും. ഈ സാഹചര്യത്തിലാണ്, ലോക ശക്തികൾ കൈയെത്തി തൊടാൻ ശ്രമിക്കുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ പ്രത്യേകത എന്താണെന്ന് അറീയേണ്ടത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ ആദ്യമായി സ്പർശിക്കാനുള്ള റഷ്യൻ സ്വപ്നം കരിഞ്ഞുപോയി. അവർ വീണ്ടും അതിനായി ശ്രമിക്കുമെങ്കിലും, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അത് നടക്കാൻ ഇടയില്ല. ഇപ്പോൾ വിദേശത്ത് ജീവിക്കുന്ന റഷ്യയുടെ ഒരു മുൻ ബഹിരാകാശ ഗവേഷകനായ വലേരി യെഗോറോവ് പറയുന്നത് ലൂണ 25 ന്റെ പരാജയം റോസ്‌കോസ്മോസിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കും എന്നാണ്. 2028 വരെയെങ്കിലും ഇനിയൊരു ദൗത്യം ആസൂത്രണം ചെയ്യാനാവില്ല എന്നും അദ്ദേഹം പറയുന്നു.

സോവിയറ്റ് യൂണിയനിൽ നിന്നും മാറിയിട്ട്, റഷ്യ ചന്ദ്രനിലെക്ക് അയയ്ക്കുന്ന ആദ്യ ലാൻഡർ കൂടി ആയിരുന്നു ഇതെന്ന് ഓർക്കണം. അതായത്,1967 ന് ശേഷമുള്ള ആദ്യ റഷ്യൻ ശ്രമം. ഇത് ഒരു ചരിത്രം സൃഷ്ടിക്കാൻ ഇന്ത്യക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മാത്രമല്ല, അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് പിന്നാലെ ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യം കൂടിയാകും ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാൻസിയസ് , ബോഗുസ്ലാവ്സ്‌കി ഗർത്തങ്ങൾക്കിടയിൽ ഇന്ന് (ഓഗസ്റ്റ് 23) ആണ് ചന്ദ്രായൻ സോഫ്റ്റ് ലാൻഡിങ് നടത്താനിരിക്കുന്നത്.

വിജയകരമായി ലാൻഡിങ് കഴിഞ്ഞാൽ രണ്ടാഴ്‌ച്ച കാലം ആ മേഖലയുടെ പ്രതലത്തെ കുറിച്ച് രണ്ടാഴ്‌ച്ചയോളം വിവിധ പഠനങ്ങൾ നടത്തും. പിന്നീട് ദൗത്യം നിഷ്‌ക്രീയമാകും. 2019-ൽ ഇന്ത്യയുടെ ചന്ദ്രായൻ 2 സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുന്നതിനിടയിൽ ചന്ദ്രോപരിതലത്തിൽ തകർന്ന് വീണിരുന്നു. എന്നാൽ, ഇപ്പോഴത്തെ ശ്രമത്തിൽ എല്ലാം പ്രതീക്ഷിച്ച രീതിയിൽ തന്നെയാണ് മുൻപോട്ട് പോകുന്നത്. അതേസമയം, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് മനുഷ്യരെ അയയ്ക്കുവനാണ് അമേരിക്ക പദ്ധതി തയ്യാറാക്കുന്നത്.

എന്തുകൊണ്ട് ദക്ഷിണ ധ്രുവം ?

ലോകത്തെ, ശക്തരായ എല്ലാ രാജ്യങ്ങളിലേയും ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങൾക്കും ശാസ്ത്രജ്ഞർക്കും ഏറെ താത്പര്യമുള്ള ഒന്നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ജലവും ഘനീഭവിച്ച ഐസും ഏറെയുണ്ട് ഇവിടെ എന്നതാണ് പ്രധാനമായും ആ താത്പര്യത്തിനു കാരണം. ശൈത്യ കെണികൾ (കോൾഡ് ട്രാപ്സ്) എന്നറിയപ്പെടുന്ന, ജലത്തിന്റെയും ഐസിന്റെയും ചെറു സംഭരണികൾ, അന്തരീക്ഷമില്ലാത്ത ചന്ദ്രനിൽ ആയിരക്കണക്കിന് വർഷങ്ങളായി നിലകൊള്ളുന്നു.

അതുകൊണ്ടു തന്നെ അവയ്ക്ക് ചാന്ദ്ര അഗ്‌നിശൈലങ്ങളെ കുറിച്ചും വാൽനക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും ഭൂമിയിലെത്തിക്കുന്ന പദാർത്ഥങ്ങളെ കുറിച്ചും എന്തിനധികം സമുദ്രങ്ങളുടെ ഉത്പത്തിയെ കുറിച്ചു വരെ കൂടുതൽ വിവരങ്ങൾ നൽകാനാകും എന്നാണ് വിദഗ്ദ്ധർ ചിന്തിക്കുന്നത്. മാത്രമല്ല, ഇവിടെയുള്ള ജല സാന്നിദ്ധ്യം, ഭാവിയിൽ മനുഷ്യന്റെ ആവാസകേന്ദ്രമായി ഇവിടം മാറിയേക്കാം എന്നുള്ളതിന്റെ സൂചനയായി കൂടി ശാസ്ത്രലോകം കാണുന്നു.

മറ്റൊന്ന്, ആവശ്യത്തിന് ജലവും ഐസും ലഭ്യമാണെങ്കിൽ, ചന്ദ്രനിൽ പര്യവേഷണം നടത്തുന്നവർക്കുള്ള കുടിവെള്ള സ്രോതസ്സായി ഈ മേഖലയെ മാറ്റാൻ കഴിയും എന്നതാണ്. മാത്രമല്ല, പല ഉപകരണങ്ങളും തണുപ്പിക്കാനും അതുപോലെ ജലത്തെ വിഘടിപ്പിച്ച് ഇന്ധനത്തിനുള്ള ഹൈഡ്രജനും ശ്വസിക്കാനുള്ള ഓക്സിജനും ലഭ്യമാക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനൊക്കെ പുറമെ, ബഹിരാകാശ ദൗത്യങ്ങളിൽ ഏതൊരു രാജ്യവും ആഗ്രഹിക്കുന്ന, ആദ്യത്തേത് എന്ന നാഴികക്കല്ല് നേടുക എന്നതും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ ലക്ഷ്യം വയ്ക്കാൻ ഒരു കാരണമായിട്ടുണ്ട്.

ചന്ദ്രനിൽ ജലം കണ്ടെത്തിയതെങ്ങനെ ?

ആദ്യ അപ്പോളോ മിഷൻ ചന്ദ്രനിൽ ഇറങ്ങുന്നതിനും മുൻപ് 1960 കളിൽ തന്നെ ചന്ദ്രനിൽ ജലത്തിന്റെ സാന്നിദ്ധ്യം ഉണ്ടായേക്കാം എന്ന് ശാസ്ത്രജ്ഞർ അനുമാനിച്ചിരുന്നു. എന്നാൽ, 1960 കളുടെ അവസാനത്തിലും 1970 കളുടെ ആരംഭത്തിലുമായി, അപ്പോളോ സഞ്ചാരികൾ കൊണ്ടുവന്ന സാമ്പിളുകളുടെ വിശകലനത്തിൽ അവ എല്ലാം വരണ്ടതായിരുന്നു എന്നാണ് കണ്ടെത്തിയത്. എന്നാൽ, 2008 ൽ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ആ സാമ്പിളുകൾ വീണ്ടും പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഹൈഡ്രജന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.

പിന്നീട് 2009-ൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചന്ദ്രായൻ 1 ൽ സ്ഥാപിച്ചിരുന്ന നാസായുടെ ഉപകരണങ്ങൾ ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. അതേ വർഷം തന്നെ നാസയുടെ മറ്റൊരു ദൗത്യത്തിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഉപരിതലത്തിന് താഴെയായി ജലവും ഐസും ഉണ്ടെന്ന് തെളിയുകയും ചെയ്തു.

ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നത് ക്ലേശകരമാകുന്നത് എന്തുകൊണ്ട് ?

ഭൂമദ്ധ്യ രേഖയിൽ നിന്നും ഏറെ അകലെയായി സ്ഥിതി ചെയ്യുന്ന ദക്ഷിണ ധ്രുവം ഏറെ ഗർത്തങ്ങളും ആഗാധമായ കിടങ്ങുകളും നിറഞ്ഞതാണ്. മാത്രമല്ല, ധ്രുവ പ്രദേശങ്ങളിൽ പ്രകാശം വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഇറങ്ങുമ്പോൾ ഉപരിതലം തിരിച്ചറിയാൻ സെൻസറുകൾക്ക് പകരം സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതായി വരും.

മറ്റൊന്ന് അതി കഠിനമായ തണുപ്പാണ്. നാസയു്യൂടെ ലൂണാർ ഓർബിറ്റർ കണ്ടെത്തിയത് ഇവിടെ താപനില മൈനസ് 246 ഡിഗ്രി സെന്റിഗ്രേഡ് വരെ ആണെന്നാണ്. ഇത് ലാൻഡറിന്റെ പവർ സിസ്റ്റങ്ങളിൽ സമ്മർദ്ദം വർദ്ധിക്കാൻ ഇടയാക്കുന്നു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഏതെങ്കിലും രാജ്യങ്ങൾക്ക് അവകാശമുണ്ടോ ?

ഐക്യരാഷ്ട്ര സഭ 1967 ൽ തയ്യാറാക്കിയ ഉടമ്പടി, ഏതെങ്കിലും രാജ്യങ്ങൾക്ക് ചന്ദ്രനിൽ അവകാശം ഉന്നയിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഏതെങ്കിലും രാജ്യത്തിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലും അവകാശം ഉന്നയിക്കാൻ കഴിയില്ല. അതിനൊപ്പം അമേരിക്ക മുൻകൈ എടുത്ത് ചാന്ദ്ര പര്യവേഷണത്തിനും ചന്ദ്രനിലെ സ്രോതസ്സുകളുടെ ഉപയോഗത്തിനുമായി ചില തത്വങ്ങൾ രൂപീകരിച്ചിട്ടുണ്ട്. 27 രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, രണ്ട് പ്രധാന ബഹിരാകാശ ശക്തികളായ റഷ്യയും ചൈനയും ഇതിൽ ഒപ്പിട്ടിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP