Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

പെർമിറ്റ് ഫീസ് എട്ടിരട്ടിയായി; അപേക്ഷാ ഫീസ് കുത്തനെ കൂട്ടി; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടാൻ പകൽക്കൊള്ള; സാധാരണക്കാരന്റെ പാർപ്പിടമെന്ന സ്വപ്നത്തിന് ഇരുട്ടടി

പെർമിറ്റ് ഫീസ് എട്ടിരട്ടിയായി; അപേക്ഷാ ഫീസ് കുത്തനെ കൂട്ടി; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടാൻ പകൽക്കൊള്ള; സാധാരണക്കാരന്റെ പാർപ്പിടമെന്ന സ്വപ്നത്തിന് ഇരുട്ടടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്നതിനായി കെട്ടിടനികുതി, പെർമിറ്റ് ഫീസ്, അപേക്ഷാ ഫീസ്, സൂക്ഷ്മഫീസ് എന്നിവയിൽ വരുത്തിയ കുത്തനെയുള്ള വർധന സാധാരണക്കാരന്റെ പാർപ്പിടമെന്ന സ്വപ്നത്തിന് ഇരുട്ടടിയായി മാറുന്നു. കെട്ടിടനികുതി വർഷംതോറും അഞ്ചുശതമാനം വീതമാണ് കൂട്ടുന്നതെങ്കിലും ഒറ്റത്തവണ നൽകേണ്ട പെർമിറ്റ് ഫീസ് എട്ടിരട്ടിയിലേറെ വർധിപ്പിച്ചത് അടക്കം സാധാരണക്കാർക്ക് കനത്ത ഭാരമായി. സോഫ്റ്റ്‌വേറിൽ മാറ്റം വരുത്തേണ്ടതിനാൽ ഏപ്രിൽ പത്തുമുതലേ നിരക്ക് വർധന നടപ്പാക്കൂ.

കെട്ടിടനിർമ്മാണ അപേക്ഷാഫീസ് ഗ്രാമപ്പഞ്ചായത്ത് ഈടാക്കിയിരുന്നത് 30 രൂപയായാണ്. ഇപ്പോഴത് 100 ചതുരശ്രമീറ്റർവരെ (1076 ചതുരശ്ര അടി) മുന്നൂറുരൂപയായാക്കി. വർധന പത്തിരട്ടി. 100 മുതൽ 101 ചതുരശ്രമീറ്റർ വരെ 1000 രൂപയും 300-ന് മുകളിൽ മൂവായിരം രൂപയും നൽകണം. മുനിസിപ്പാലിറ്റിയാകട്ടെ 30 രൂപയുടെ സ്ഥാനത്ത് 100 ചതുരശ്രമീറ്റർവരെ 300 രൂപ, 101 മുതൽ 300 വരെ 1000, മുന്നൂറിനുമുകളിൽ 4000 നിരക്കിലാകും വാങ്ങുക. കോർപ്പറേഷൻ 100 ചതുരശ്രമീറ്റർവരെ 300 രൂപയും, 101 മുതൽ മുതൽ 300 വരെ 1000 രൂപ, മുന്നൂറിനു മുകളിൽ 5000 നിരക്ക് ഈടാക്കം.

പഞ്ചായത്തിന് 80 ചതുരശ്ര മീറ്റർവരെ താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ് ഫീസ് ഒരു ചതുരശ്രമീറ്ററിന് ഏഴുരൂപ നൽകിയാൽ മതിയായിരുന്നു. ഇപ്പോൾ 81 മുതൽ 150 ചതുരശ്രമീറ്റർവരെ ഒരു ചതുരശ്രമീറ്ററിന് 50 രൂപ വീതവും 151 മുതൽ 300 വരെ 100 രൂപവീതവും അതിനുമുകളിൽ 150 രൂപ വീതവും നൽകണം. 1000 ചതുരശ്ര അടിയുള്ള വീടുനിർമ്മിക്കാൻ നേരത്തേ 330 രൂപ നൽകിയിരുന്നിടത്ത് ഇനിമുതൽ 5300 രൂപ ഒറ്റത്തവണയായി നൽകേണ്ടിവരും. വാണിജ്യാവശ്യങ്ങൾക്ക് ഒന്നാം സ്ലാബിൽ ഒരു ചതുരശ്രമീറ്ററിന് 70 രൂപയും രണ്ടാമത്തേതിൽ 150 രൂപയും മൂന്നാം സ്ലാബിൽ 200 രൂപയുമാണ് പുതിയ നിരക്ക്.

മുനിസിപ്പാലിറ്റി പെർമിറ്റ് ഫീസായി വീടുകൾക്ക് ആദ്യസ്ലാബിൽ 70 രൂപയാണ് ചതുരശ്ര അടിയുടെ പുതിയനിരക്ക്. നേരത്തേ 80 വരെ 10 രൂപമാത്രമായിരുന്നു. ചുരുക്കത്തിൽ മുനിസിപ്പൽ പ്രദേശത്ത് ആയിരം ചതുരശ്ര അടിയുള്ള വീടിന് പെർമിറ്റ് ഫീസായി 7000 രൂപ നൽകണം. രണ്ടാംസ്ലാബിൽ 120 രൂപ, മൂന്നാമത്തേതിൽ 200 രൂപ വീതം. വ്യവസായ ആവശ്യത്തിന് 70 രൂപ, 120 രൂപ, 200രൂപ എന്നിങ്ങനെയാണ് ഉയർത്തിയ നിരക്ക്. വാണിജ്യാവശ്യത്തിന് 90 രൂപ, 150 രൂപ, 250 രൂപ എന്നിങ്ങനെയും.

കോർപ്പറേഷൻ നേരത്തേ 80 ചതുരശ്ര അടി വരെ 15 രൂപമാത്രമായിരുന്നു പെർമിറ്റ് ഫീസ് ഈടാക്കിയിരുന്നത്. എന്നാൽ, പുതിയ നിരക്കുപ്രകാരം വീടിന് ചതുരശ്ര മീറ്ററിന് 100 രൂപ. അതായത് 1000 ചതുരശ്രയടിയുള്ള വീടിന് നൽകേണ്ടത് 10,000 രൂപ. രണ്ടാംസ്ലാബിൽ 150 രൂപ, മൂന്നാമത്തേതിൽ 200 രൂപ. വ്യവസായത്തിന് 120 രൂപ, 150 രൂപ, 200 രൂപ. വാണിജ്യത്തിന് 100രൂപ, 170 രൂപ, 300 രൂപ.

എന്നാൽ, ഇന്ത്യയിലെ ഏതാനും നഗരങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുന്ന സർക്കാർ കേരളത്തിലാണ് ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസ് ഈടാക്കുന്നതെന്നു പറയുന്നു. കാലാനുസൃതമായി മാറ്റം വരുത്തേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. അതാണിപ്പോൾ ഒറ്റയടിക്ക് കൂട്ടേണ്ടിവരുന്നത്.

മുംബൈയിൽ താമസാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് ചതുരശ്രമീറ്ററിന് 787 രൂപയും അല്ലാത്തവയ്ക്ക് 1286 രൂപയും വാങ്ങുന്നു. പുണെയിൽ ഈ നിരക്ക് 1243 രൂപ, 1300 രൂപ എന്നിങ്ങനെയാണ്. ചെന്നൈയിൽ 606 രൂപ, 1201 രൂപ, കോയമ്പത്തൂരിൽ 563 രൂപ, 712 രൂപ, ബെംഗളൂരുവിൽ 606 രൂപ, 486 രൂപ എന്നിങ്ങനെയാണ് നിരക്ക് -സർക്കാർ വാദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP