Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

അരി പത്തിരി വിറ്റതിന് കിട്ടാനുള്ള 300 രൂപ ഗുഗിൾ പേ വഴി വാങ്ങി; വ്യാപാരിയുടെ അമ്പലപ്പുഴ ശാഖയിലെ അക്കൗണ്ട് തന്നെ മരവിപ്പിച്ച് ഫെഡറൽ ബാങ്ക്; കാരണം പറഞ്ഞത് തുക അക്കൗണ്ടിൽ ഇട്ട അയൽവാസിയായ യുവതിക്ക് ഗുജറാത്തിൽ കേസുണ്ടെന്ന്; വ്യാപാരി നിയമപോരാട്ടത്തിന്

അരി പത്തിരി വിറ്റതിന് കിട്ടാനുള്ള 300 രൂപ ഗുഗിൾ പേ വഴി വാങ്ങി; വ്യാപാരിയുടെ അമ്പലപ്പുഴ ശാഖയിലെ അക്കൗണ്ട് തന്നെ മരവിപ്പിച്ച് ഫെഡറൽ ബാങ്ക്; കാരണം പറഞ്ഞത് തുക അക്കൗണ്ടിൽ ഇട്ട അയൽവാസിയായ യുവതിക്ക് ഗുജറാത്തിൽ കേസുണ്ടെന്ന്; വ്യാപാരി നിയമപോരാട്ടത്തിന്

സി ആർ ശ്യാം

 ആലപ്പുഴ: ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടാലുള്ള തലവേദന ചില്ലറയല്ല. അക്കൗണ്ട് ഫ്രീസായാൽ, എല്ലാ ഇടപാടുകളും ബാങ്ക് നിർത്തി വയ്ക്കുകയാണ് ചെയ്യുക. ചെക്ക് പോലും ഉപയോഗിക്കുവാൻ സാധിക്കുകയില്ല. അക്കൗണ്ട് ഫ്രീസ് ചെയ്യാൻ പല കാരണങ്ങൾ ഉണ്ടാവാം.

അസ്വഭാവികമായ എന്തെങ്കിലും ഇടപാട് അക്കൗണ്ടിലൂടെ നടന്നാൽ സംശയാസ്പദമായി ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യും. നിയമ വിരുദ്ധമായ പ്രവർത്തനങ്ങളോ, കള്ളപ്പണ ഇടപാടോ ഭീകരവാദ സാമ്പത്തിക സഹായം നൽകിയാലോ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടും. എന്നാൽ, തന്റേതല്ലാത്ത കുറ്റത്തിന് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടതിനെ തുടർന്ന് ദുരിതമനുഭവിക്കുകയാണ് ഒരു അരിപ്പത്തിരി വ്യാപാരി.

അരി പത്തിരി  വിറ്റ വകയിൽ കിട്ടാനുള്ള 300 രൂപ ഗൂഗിൾ പേ വഴി വാങ്ങിയതാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിൽ ഇബ്രാഹിംകുട്ടിയെ വെട്ടിലാക്കിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ആറുമാസമായി മരവിപ്പിച്ചിരിക്കുകയാണ്. പണം അയച്ചയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ കേസുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

പത്തിരി വാങ്ങിയ അയൽവാസിയായ യുവതി 300 രൂപയാണ് ഗൂഗിൾ പേ വഴി ഇസ്മായിലിനു നൽകിയത്. ഇതോടെ ഇസ്മായിലിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ട് തന്നെ മരവിപ്പിച്ചു. അമ്പലപ്പുഴ ശാഖയിലാണ് അക്കൗണ്ട്. വീടുപണി നടക്കുന്നതിനാൽ 4 ലക്ഷം രൂപ എസ്. ബി. ഐയിൽ നിന്നും മാറ്റി ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. അക്കൗണ്ട് മരവിപ്പിച്ചതോടെ വീട് പണി നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ ആറിനാണ് സംഭവം. കെട്ടിട നിർമ്മാണ കരാറുകാരന് പണം നൽകാൻ പറ്റാതെ വന്നതോടെ കടത്തിലുമായി.

'ഫെഡറൽ ബാങ്കിൽ എനിക്ക് അഞ്ചുവർഷമായിട്ട് അക്കൗണ്ടുണ്ടായിരുന്നു. ഞാനൊരു വീട് പണിയാൻ വേണ്ടി ഒരു കോൺട്രാക്ടറെ ഏർപ്പാടാക്കി. അദ്ദേഹത്തിന്റെ അക്കൗണ്ട് ഫെഡറൽ ബാങ്കിലാണ്. എന്റെ എസ്‌ബിഐയിൽ കിടന്ന പൈസ ഞാനങ്ങോട്ട് ട്രാൻസ്ഫർ ചെയ്തു. ട്രാൻസ്ഫർ ചെയ്ത് കഴിഞ്ഞ് പുള്ളിക്കാരന് ഈ ചെക്ക് കൊടുത്തുവിട്ടു. ചെക്ക് കൊണ്ട് ചെന്നപ്പോൾ, അക്കൗണ്ട് ഉടമ തന്നെ വരണമെന്ന് പറഞ്ഞു. അവര് പരിശോധിച്ച് പറഞ്ഞു, അക്കൗണ്ട് ഫ്രീസാക്കി വച്ചിരിക്കുകയാണ്, അതുകൊണ്ട് പൈസ തരാൻ പറ്റില്ലെന്ന്.'

ബാങ്ക് അധികൃതരെ പലതവണ സമീപിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. ഇതോടെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് ഇസ്മായിൽ. തൃക്കുന്നപ്പുഴ പാനൂർ സ്വദേശിനിയായ യുവതിയുടെ പേരിൽ ഹരിപ്പാട് ബാങ്കിലുള്ള അക്കൗണ്ടിൽ ഗുജറാത്തിൽ കേസ് ഉണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. സൈബർ സെൽ അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നും ബാങ്ക് അധികൃതർ പറയുന്നു.

'300 രൂപ ഞാൻ ഈ മൊബൈലിൽ ഫെഡറൽ ബാങ്കിന്റെ ആപ്പുണ്ട്..300 രൂപ വന്നിരിക്കുന്നത്, പരിസരവാസിയായ ലോക്കൽ ലേഡിയുടെ അക്കൗണ്ടിൽ നിന്നാണ്. ആ ഒരുഒറ്റകാരണത്താലാണ് ഫ്രീസ് ചെയ്ത് വച്ചിരിക്കുന്നത്. ഗുജറാത്ത് സൈബർ സെൽ പറഞ്ഞത് അനുസരിച്ചാണ് ഫ്രീസ് ചെയ്തിരിക്കുന്നത്.'

'ബാങ്കുമായി പലവട്ടം ബന്ധപ്പെട്ടെങ്കിലും, ഉദ്യോഗസ്ഥർ പറയുന്നത് അവർക്കൊന്നും ചെയ്യാനില്ലെന്നാണ്. സൈബർ സെല്ലുകാര് നമ്മളോട് ഫ്രീസ് ചെയ്യാൻ പറഞ്ഞു. ഹെഡ് ഓഫീസിൽ ചെന്നപ്പോൾ മാനേജർ സംസാരിക്കാൻ പോലും തയ്യാറായില്ല. കാണാൻ പോലും തയ്യാറായില്ല. ഗുജറാത്തിലെ ഹൽവാദ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും, നോക്കീട്ട് പറയാം, എന്ന മറുപടി മാത്രമേ കിട്ടിയുള്ളു. പിന്നെ അവസാനം, എന്റെ എല്ലാ രേഖകളും, വാട്‌സാപ്പിലൂടെ പൊലീസിന് അയച്ചുകൊടുത്തു'. പണം അയച്ച യുവതിയെ സമീപിച്ചെങ്കിലും അവരും കൈ മലർത്തി.ആറ് മാസമായി നിയമപോരാട്ടത്തിലാണ് ഇസ്മയിൽ ഇബ്രാഹിം കുട്ടി.

മേഖലയിൽ സമാന രീതിയിൽ ഈ സ്ത്രീയുടെ അക്കൗണ്ടിൽ നിന്നും പണമയച്ച ആറു പേരുടെ അക്കൗണ്ടുകളും ഇത്തരത്തിൽ മരവിപ്പിച്ചിട്ടുണ്ട്. ഏന്തായാലും ഇങ്ങനെയൊരു പുലിവാല് പിടിച്ചതിന്റെ ഷോക്കിലാണ് ഇസ്മായിൽ ഇബ്രാഹിംകുട്ടി ഇപ്പോഴും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP