Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

37ാം വയസ്സിൽ ജില്ലാ സെക്രട്ടറി; 42ൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ; ഏഴ് കൊല്ലം പിന്നിട്ടപ്പോൾ പിബിയിലും എത്തി; എകെജി സെന്ററിലെ കസേരയിൽ പാർട്ടിയെ നയിച്ചത് മൂന്ന് തവണ; വിഭാഗീയതയുടെ കാലത്തും പാർട്ടിയെ ഒന്നിപ്പിച്ച കരുത്തൻ; വിടവാങ്ങിയത് സിപിഎമ്മിലെ അതികായൻ

37ാം വയസ്സിൽ ജില്ലാ സെക്രട്ടറി; 42ൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ; ഏഴ് കൊല്ലം പിന്നിട്ടപ്പോൾ പിബിയിലും എത്തി; എകെജി സെന്ററിലെ കസേരയിൽ പാർട്ടിയെ നയിച്ചത് മൂന്ന് തവണ; വിഭാഗീയതയുടെ കാലത്തും പാർട്ടിയെ ഒന്നിപ്പിച്ച കരുത്തൻ; വിടവാങ്ങിയത് സിപിഎമ്മിലെ അതികായൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎമ്മിൽ വിഭാഗീയത ഏറ്റവും ശക്തമായിരുന്ന കാലത്തും പാർട്ടിയെ ഒന്നിപ്പിച്ചു നിർത്തിയ അതികായനാണ് വിടവാങ്ങിയ മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ കേരളത്തിലെ പാർട്ടി നേതൃനിരയിൽ രണ്ടാം സ്ഥാനക്കാരനായി കോടിയേരി ദീർഘകാലം പാർട്ടിയെ മുന്നോട്ട് നയിച്ചു.

പ്രതിസന്ധികളെ, അത് രാഷ്ട്രീയപരമാണെങ്കിലും വ്യക്തിപരമാണെങ്കിലും കയ്യടക്കത്തോടെയുള്ള കൈകാര്യംചെയ്യൽ. പിണറായി വിജയനു ശേഷം ഒരു പക്ഷേ കേരള മുഖ്യമന്ത്രിപദത്തിലേക്കു പോലും എത്തിച്ചേരുമായിരുന്ന സിപിഎമ്മിന്റെ കരുത്തൻ. കോടിയേരി ബാലകൃഷ്ണൻ എന്ന വ്യക്തിയും നേതാവും കേരള രാഷ്ട്രീയത്തിൽ അടയാളങ്ങൾ സൃഷ്ടിക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടുകൂടിയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സജീവരാഷ്ട്രീയത്തിലെത്തിയ കോടിയേരി, പിന്നീട് പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളിലും പാർലമെന്ററിപദങ്ങളിലും എത്തിച്ചേർന്നു.

പാർട്ടിയിലെ വിഭാഗീയത തകർത്തെറിയാൻ പിണറായിക്ക് കരുത്തായതും കോടിയേരിയുടെ നയതന്ത്ര മനോഭാവമാണ്. ഈ രണ്ട് നേതാക്കൾ ഒരുമിച്ച് നിൽക്കുന്നിടത്തായിരുന്നു സിപിഎമ്മിന് തുടർഭരണവും കിട്ടിയത്. അതുകൊണ്ട് കൂടി സിപിഎമ്മിനെ ഹാട്രിക് ഭരണ നേട്ടത്തിലെത്തിക്കാൻ ലക്ഷ്യമിട്ട് കോടിയേരിയെ വീണ്ടും പാർട്ടി സെക്രട്ടറി സ്ഥാനം ഏൽപ്പിച്ചു നൽകിയത്. എന്നാൽ അർബുദ രോഗത്തിന്റെ കാഠിന്യം ഏറിയതോടെയാണ് സ്ഥാനം ഒഴിഞ്ഞതും എംവി ഗോവിന്ദനെ പാർട്ടി ചുമതല ഏൽപ്പിച്ചതും.

വൈദഗ്ധ്യമുള്ള ക്രൈസിസ് മാനേജർ ആയിരുന്നു കോടിയേരി. സംസ്ഥാന സെക്രട്ടറിസ്ഥാനം വഹിച്ചിരുന്ന സമയത്ത്, പാർട്ടിക്കുള്ളിലും മുന്നണിയിലുമുണ്ടായ തർക്കങ്ങളും അസ്വസ്ഥതകളും പരിഹരിക്കാൻ അദ്ദേഹത്തിനായി. രാഷ്ട്രീയത്തിന്റെ കരുവറിഞ്ഞുള്ള കളിയിൽ നഷ്ടംവരുത്താതെ ജയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2021-ൽ ഭരണത്തുടർച്ച എന്ന ചരിത്രനേട്ടം കൈവരിക്കാൻ സിപിഎമ്മിനെ പ്രാപ്തമാക്കുന്നതിൽ കോടിയേരി വഹിച്ച പങ്ക് ചെറുതല്ല. മുന്നണി വിപുലീകരണമാകട്ടേ ഒപ്പം നിന്നവർ കലാപക്കൊടി വീശാനായട്ടേ, അപ്പോഴെല്ലാം ഇടപെടാനും പരാതികൾ പരിഹരിക്കാനും കോടിയേരിക്ക് കഴിഞ്ഞു.

കൊച്ചിയിലെ സമ്മേളനത്തിൽ കോടിയേരിയെ പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് ഏകകണ്ഠമായായിരുന്നു. പാർലമെന്ററി രംഗത്തും പാർട്ടിയിലും വിജയങ്ങളും ഉയർച്ചകളും മാത്രം താണ്ടിയ കോടിയേരി. എന്നാൽ കുടുംബ പ്രശ്നങ്ങൾ രണ്ടു കൊല്ലത്തിനിടെ ഉണ്ടാക്കിയ തലവേദന ഏറെയാണ്. സാധാരണ കമ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയം പോലും അവസാനിപ്പിക്കേണ്ടി വരുന്ന തരത്തിലെ വിവാദങ്ങൾ ചർച്ചയായി.

എസ്എഫ്ഐ നേതാവായത് മുതൽ മുതൽ 2018-ൽ രണ്ടാമതും പാർട്ടി സെക്രട്ടറിയാകും വരെയും പിണറായി അദ്ദേഹത്തെ ഒപ്പം ചേർത്തുനിർത്തി. 2019ൽ ബാധിച്ച അർബുദം ശരീരത്തെ തളർത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സെക്രട്ടറി തകർന്നില്ല. രണ്ട് നിർണ്ണായക തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെയാണ് കോടിയേരി ആദ്യം പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സ്ഥാനമൊഴിയാൻ കാരണം കോടിയേരിയുടെ ആരോഗ്യപ്രശ്നങ്ങളെന്നായിരുന്നു പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം.

തലശ്ശേരി മണ്ഡലത്തിൽനിന്ന് 1982, 1987, 2001, 2006, 2011 എന്നിങ്ങനെ അഞ്ചുവട്ടം നിയമസഭയിലെത്തിയിട്ടുണ്ട് കോടിയേരി. 2006-ൽ വി എസ്. അച്യുതാനന്ദൻ സർക്കാരിൽ മന്ത്രിയായി. ആദ്യമായി മന്ത്രിയായപ്പോൾ ആഭ്യന്തരം-ടൂറിസം വകുപ്പുകളായിരുന്നു കോടിയേരിക്ക് ലഭിച്ചത്. മുഖ്യമന്ത്രിയായ വി.എസിന് ആഭ്യന്തരം നൽകാതിരിക്കുകയും പകരം കോടിയേരിക്ക് നൽകുകയും ചെയ്തതിന് പിന്നിലെ ചേതോവികാരം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിണറായി പക്ഷക്കാരനായ കോടിയേരി പക്ഷേ, പ്രകടമായ തലത്തിൽ വി.എസിനെതിരേ ചാടിവീണിട്ടില്ല, ആക്രമിച്ചിട്ടില്ല.

സിപിഎമ്മിൽ സൗമ്യനും, സംഘാടകനുമായിരുന്നു കോടിയേരി. തലശ്ശേരി ഗവൺമെന്റ് ഓണിയൻ ഹൈസ്‌കൂളിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതൽ രാഷ്ട്രീയത്തിൽ കോടിയേരി ബാലകൃഷ്ണന്റെ നേതാവ് പിണറായി വിജയനാണ്. 37ാം വയസിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നതിലും നാൽപത്തിരണ്ടാം വയസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും നാൽപത്തിയൊൻപതാം വയസിൽ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും, പിണറായിക്കാരൻ വിജയന്റെ പിൻഗാമിയായി കോടിയേരി. 2020 നവംബറിൽ എകെജി സെന്ററിലെ ചുമതലയിൽ നിന്ന് മാറുമ്പോഴും രാജിയല്ല അവധിയാണെന്ന് പാർട്ടി ഉറപ്പിച്ച് പറഞ്ഞതും പിണറായി ആയിരുന്നു.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ലറ തലായി എൽ.പി. സ്‌കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി ജനിച്ച കോടിയേരി മികച്ചൊരു സംഘാടകനായിരുന്നു വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ച് പാർട്ടി സെക്രട്ടറിയായ നേതാവ്. കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് കോടിയേരിയിൽ പരേതരായ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും പുത്രനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണൻ ജനിച്ചത്. സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളായ എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്, ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP