Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു; അന്ത്യം തൃപ്പൂണുത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തി ഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീത പ്രതിഭ; നടൻ മനോജ് കെ ജയന്റെ പിതാവ്; അയ്യപ്പസ്വാമിക്ക് ഗാനാർച്ചന ഒരുക്കിയ സംഗീതജ്ഞൻ

സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു; അന്ത്യം തൃപ്പൂണുത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തി ഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീത പ്രതിഭ; നടൻ മനോജ് കെ ജയന്റെ പിതാവ്; അയ്യപ്പസ്വാമിക്ക് ഗാനാർച്ചന ഒരുക്കിയ സംഗീതജ്ഞൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (90) അന്തരിച്ചു. ജയവിജയ സഹോദരങ്ങളിലെ ജയനാണ് വിട വാങ്ങിയിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി 'ജയവിജയ' എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളിൽ അലയടിച്ചു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബം' ശബരിമല അയ്യപ്പനി'ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾക്കുന്ന 'ശ്രീകോവിൽ നടതുറന്നു' എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്.

ഈണം നൽകിയ 'ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ...' ആലപിച്ചത് പി. ലീല. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന ക്രെഡിറ്റ് ഈ ഗാനത്തിനുണ്ട്. ഇരുപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. 'നക്ഷത്രദീപങ്ങൾ തിളങ്ങി...', 'ഹൃദയം ദേവാലയം...' തുടങ്ങിയവ ഏറെ ഹിറ്റായി.

1988-ലായിരുന്നു കെ.ജി. വിജയന്റെ വിയോഗം. യേശുദാസ് ആലപിച്ച് കെ.ജി. ജയൻ ഈണമിട്ട മയിൽപ്പീലി എന്ന കൃഷ്ണഭക്തിഗാന ആൽബം ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗേപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം.

6ാം വയസ്സിൽ സംഗീത പഠനം തുടങ്ങിയ ജയൻ 10 ാം വയസ്സിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. എൻഎസ്എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭനും ആർ.ശങ്കറും ചേർന്നു പണ്ട് നടത്തിയ ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളിൽ ഈശ്വരപ്രാർത്ഥന പാടിയ ജയവിജയന്മാരുടെ കഴിവു തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്നു വീട്ടുകാരെ ഉപദേശിച്ചത്.

തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽനിന്നു ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സ് ഒന്നാം ക്ലാസോടെ വിജയിച്ചു. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ സ്‌കോളർഷിപ്പോടെയായിരുന്നു ഉപരിപഠനം. കാരാപ്പുഴ ഗവ.എൽപി സ്‌കൂളിലെ അദ്ധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂർണമായും ജയൻ ചുവടുവച്ചത്.

ശ്രീനാരായണ ഗുരുവിന്റെ നേർ ശിഷ്യനായിരുന്നു അച്ഛൻ ഗോപാലൻ തന്ത്രി. ഭാര്യ പരേതയായ സരോജിനി അദ്ധ്യാപികയായിരുന്നു. ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുൻ സ്‌കൂൾ അദ്ധ്യാപിക). മക്കൾ: ബിജു കെ.ജയൻ, നടൻ മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്. 2019-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ൽ സംഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP