Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

കേരളത്തിലെ  'മദ്യനിരോധനം’ – എന്തിനീ ആശങ്കകൾ?

കേരളത്തിലെ  'മദ്യനിരോധനം’ – എന്തിനീ ആശങ്കകൾ?

കേരളത്തിലെ 'മദ്യനിരോധനത്തെ' പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉരുത്തിരിയുന്നു.  എന്നാൽ യീയുള്ളവൻ ഓഗസ്റ്റ്‌ മാസത്തിൽ ഒറ്റപ്പാലത്ത് അവധിക്കാലം പിന്നിടുമ്പോൾ പലപ്പോഴും കണ്ടുവന്ന ചില കാഴ്ചകൾ ഇവിടെ പറഞ്ഞോട്ടെ...

എന്റെ വീടിനു തൊട്ടപ്പുറത്താണ് ടൗണിൽ ആ സമയത്ത് ആകെ ഒരു 'ബാർ' ഉള്ളത്. വേറൊന്നുണ്ടായിരുന്നത് ആദ്യത്തെ നിരോധനത്തിൽ അടച്ചുപൂട്ടിയിരുന്നു.

യീ ബാറിലേക്ക് രാവിലെ ഏഴു മണിയാകുമ്പോഴേക്കും തൊഴിലാളികൾ സേവിക്കാൻ ചെല്ലുന്നു; അവർക്ക് അതു അകത്തക്കാതെ പണിയെടുക്കാൻ കഴിയുന്നില്ലാ..അതിനു അടിമപ്പെട്ടുപോയിരിക്കുന്നു അവർ!  അങ്ങിനെ മദ്യപിച്ചു പണിക്കുവന്ന ഒരാളെ മാന്യമായി അന്ന് പണിക്കു വരേണ്ടെന്നു പറഞ്ഞു ഞാൻ തിരികെ വിട്ടു...കാരണം 'തിത്തക-തിമിർതക' എന്ന് പറഞ്ഞുള്ള ആ നടപ്പ്, അതു വച്ചുകൊണ്ടുള്ള പണി എനിക്കു സഹിക്കാന്മേലായിരുന്നു.

അങ്ങിനെ അതിരാവിലെ തന്നെ മദ്യം സേവിച്ചു ടൗണിൽ കടകളുടെ പല ഒഴിഞ്ഞ വരാന്തകളിലും നിരത്തിൻ ഒരത്തും, അടിവസ്ത്രം പോലും പുറത്തു പ്രദർശിപ്പിച്ചുകൊണ്ടു പാമ്പ്‌ ഇരപിടിച്ചുമയങ്ങി കിടക്കുംപോലെ ഒട്ടും ബോധം ഇല്ലാതെ കിടക്കുന്ന പലരെയും പലപ്പോഴും കാണാൻ കഴിഞ്ഞു.  യീ വഴികളിലൂടെ ത്തന്നെ വേണം സ്ത്രീ ജനങ്ങൾക്കും സ്കൂൾകുട്ടികൾക്കും വഴി നടക്കാൻ! അങ്ങിനെ മയങ്ങി കിടക്കുന്ന ചിലർ അതുമിതും സഭ്യമല്ലാത്ത ഭാഷയിൽ കിടന്നു പലതും പുലമ്പുന്നതും കേൾക്കാം... ഇതൊക്കെ കാരണം സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാൻ പോലും മടിയാണ്; പക്ഷെ ഒഴിച്ചുകൂടാൻ പറ്റില്ലല്ലോ.  ഇത്തരം പാമ്പുകൾ നശിക്കട്ടെ...കാരണം "യീ മങ്ങിയ കാഴ്ചകൾ" എന്നും കണ്ടു മടുത്തു....ഒരു മാറ്റം (അതും സമൂഹത്തിനു) തീർച്ചയായും വേണം.

പിന്നെ വൈകീട്ട് അഞ്ചുമണിയോടെ, യീ ബാറുകളിലേക്കു ജനപ്രവാഹമാണ്; കണ്ടാൽ തോന്നും ആ പോകുന്നവരുടെയൊക്കെ അന്നന്നത്തെ ദിവസക്കൂലി ആ ബാറിൽ നിന്നാണ് വിതരണം ചെയ്യപ്പെടുന്നത് എന്ന്. മദ്യം സേവിച്ചു വേച്ചു  വേച്ചു  നടന്നുനീങ്ങുന്നവർ അവരവരുടെ സെൽഫോണിലൂടെയോ ഒന്നുമില്ലെങ്കിൽ മറ്റെങ്ങോ നോക്കി പുലഭ്യം പറഞ്ഞു പോവുന്നതും സമീപവാസികൾക്ക് കാണാം, കേൾക്കാം!  അതിനാൽ വൈകീട്ട് അഞ്ചുമണിയായാൽ വീടുകളിൽ ഉള്ളവർ, പ്രത്യേഗിച്ചും സ്ത്രീ ജനങ്ങൾ അവരവരുടെ വീട്ടിനുള്ളിൽ തന്നെ കഴിയാനാണ് വിധി!   ഇനി അഥവാ സ്ത്രീ ജനങ്ങളെ കണ്ടെങ്കിൽ, പിന്നെ അസഭ്യവർഷങ്ങൾക്കു ശക്തി കൂടും!

ഞാൻ വളരെ അടുത്തറിയുന്ന ഗൾഫിലെ തന്നെ ഒരു സുഹൃത്തിനെയും ഇങ്ങിനെ പാമ്പായി, ഒരു ദിവസം വഴിയിൽ, എന്റെ വീടിന്റെ ഗേറ്റിനു മുൻവശത്തു വച്ചുതന്നെ കാണാനിടയായി!  അദ്ദേഹം പറഞ്ഞു കൂടെ കൊണ്ടുവന്ന രണ്ടു കുപ്പി മദ്യം യെന്നോ തീർന്നു; പിന്നെ ഇതൊക്കെ യല്ലേ ശരണം എന്ന്!  കൂട്ടത്തിൽ ഒരു സ്നേഹ നിർദേശവും, ബാറിലേക്ക് വേറെ ഒരു വഴി ഉണ്ടാക്കാൻ ബാറുകാരോട് പറയണം എന്നും.  അപ്പോൾ ഇങ്ങിനെയുള്ള കണ്ടുമുട്ടൽ ഒഴിവാക്കാമല്ലോ!

സർക്കാർ ചെയ്യുന്നത് നല്ല കാര്യം തന്നെ ആണെന്നാണ് ഞാൻ കരുതുന്നത്.  ബാറുകൾ അടച്ചുപൂട്ടുമ്പോൾ,അതിലെ തൊഴിലാളികൾക്ക് വേറെ ജോലി കണ്ടെത്തി അവരെ ജോലിയിൽ സർക്കാർ നിയമിക്കേണ്ടതുണ്ട്. 

ബാറുകൾ അടക്കുകയാണെന്നു നോട്ടീസ് നൽകിയ സർക്കാർ, ബാക്കി വരുന്ന അവരുടെ സ്റ്റോക്ക്‌ ഏറ്റെടുക്കാം എന്ന നിർദ്ദേശം വെക്കുകയുണ്ടായി.  പകരം ബാർ ഉടമകൾ ആ ഉള്ള സ്റ്റോക്ക്‌ പകുതിവിലക്ക് പൊതുജനത്തിനു കൊടുക്കുകയാണുണ്ടായത്.  സർക്കാരിന് കൊടുക്കുകയില്ലാ യെന്ന വാശിയോടെ!  പകുതിവിലയ്ക്ക് മദ്യം വിറ്റപ്പോഴും അവർക്കു നഷ്ട്ടം വന്നു കാണാൻ ഇടയില്ല. അപ്പോൾ, അവർ യീ കച്ചവടത്തിൽ നിന്നുണ്ടാക്കിയിരുന്ന ലാഭത്തെ കുറിച്ചോന്നാലോചിക്കുക - എത്ര ലാഭത്തിലാണ് അവർ മദ്യം വിറ്റിരുന്നത്? 

നിരോധിക്കപ്പെടേണ്ടവ നിരോധിക്കപ്പെടുക തന്നെ വേണം. പുകവലിയുടെ കാര്യം തന്നെ ഒന്നെടുത്തുനോക്കൂ...കേരളത്തിൽ പുകവലിക്കുന്നവർ ഇപ്പോൾ തുലോം കുറവ്.  കാരണം?  അതിന്റെ ഭവിഷ്യത്തുകൾ ജനം മനസ്സിലാക്കി; അവർ സ്വയം തിരസ്ക്കരിച്ചു.  നല്ലത് തിരിച്ചറിയാൻ കേരളീയർ പ്രഭുദ്ധരാണ്. ആധ്യമൊക്കെ അല്ലറ ചില്ലറ തടസ്സങ്ങൾ കാണുമെങ്കിലും.

കേന്ദ്രസർക്കാർ ഈ മദ്യവിമുക്ത-കേരളത്തിനു സർവ്വ പിന്തുണയും നൽകുന്നതായാണ് കാണുന്നത്‌. അവർ കാര്യമായി ഇതിനെ സഹായിക്കുകയും കേരള സർക്കാരിനെ രാഷ്ട്രീയമുഖം നോക്കാതെ അകമഴിഞ്ഞു സഹായിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.  കേരള സർക്കാരും ഈ നയം നടപ്പാക്കുന്നതോടെ നഷ്ട്ടപ്പെടുന്ന വരുമാനത്തിന് പകരം കണ്ടെത്താനുള്ള കഠിനാദ്വാനത്തിലുമാണ്. ഇന്നു കൂടുന്ന മന്ത്രിസഭാ യോഗത്തിന്റെയും മുന്നണിയോഗത്തിന്റെയും മുഖ്യ അജണ്ടയും ഇതാണ്. സർക്കാർ ഇക്കാര്യത്തിൽ ശക്തമായി മുന്നോട്ടു പോവട്ടെ എന്ന് പ്രത്യാശിക്കാം.. കോടതികളും തുറന്ന കണ്ണോടെ ഇതിന്റെ ഭവിഷ്യത്തുകൾ മനസ്സിലാക്കി നിയമം നടപ്പാക്കുമാറാകട്ടെ. 

മദ്യനിരോധനം ഇന്ത്യയിൽ നാലിടങ്ങളിലെ നിലനിൽക്കുന്നുള്ളൂ... ഗുജറാത്ത്, നാഗാലാൻന്റ്,  ഭാഗികമായി മണിപ്പൂർ, പിന്നെ യുണിയൻ ടെറിട്ടറിയായ ലക്ഷദ്വീപ്.  കേരളവും ഘട്ടം ഘട്ടമായി അടുത്ത പത്തു വർഷങ്ങങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് പരിപൂർണ മദ്യനിരോധനം നടപ്പാക്കുന്നു.  ഇതു നല്ല കാര്യമല്ലേ? 

നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി പറഞ്ഞിട്ടുള്ളതല്ലേ മദ്ധ്യം ജീവിതത്തിനു ഒരു വലിയ ദുരന്തം ആണെന്ന്; അതുകൊണ്ട് മദ്യം വർജിക്കണമെന്ന്.  പിന്നീടുവന്ന കോണ്ഗ്രസ് സർക്കാരും ഇതേ ആശയത്തിൽ ഉറച്ചുനിന്നിരുന്നു.  ഇപ്പോഴിതാ മോദി സർക്കാരും അതു തന്നെ നടപ്പാക്കിക്കിട്ടാൻ ആഗ്രഹിക്കുന്നു.

കേരളത്തിൽ ഇന്ന് കൂലിപ്പണിക്കാരുടെ തന്നെ ശരാശരി വേദനം ഒന്ന് കണക്കാക്കി നോക്കുക, അവർ കിട്ടുന്നതെല്ലാം കുടിച്ചു നശിപ്പിച്ചുകളയാതെ, കുടുംബം നല്ലപോലെ പരിപോഷിപ്പിച്ചു ജീവിക്കുകയാണെങ്കിൽ നമ്മുടെ കേരളം എന്നേമുൻപന്തിയിൽ വന്നേനെ. വല്ലപ്പോഴും അതൊക്കെ ആവാം...എന്നും വേണ്ട.  അതിനായി ഇപ്പോഴത്തെ കേരള സർക്കാർ ശ്രമിക്കുന്നു;  നാം ഏവർക്കും ഒരു നല്ല പിന്തുണ അതിനു നല്കിക്കൂടെ?

വരാനിരിക്കുന്ന സുപ്രീം കോടതി വിധിയെന്തുതന്നെയായാലും കേരള സർക്കാർ അവരുടെ നിലപാടുകളുമായി സധൈര്യം മുന്നോട്ടു തന്നെ പോകട്ടെ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP