Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ്

'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ നിയമനടപടിയുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ ഇ.പി. വക്കീൽ നോട്ടിസ് അയച്ചു. ആരോപണങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിച്ചില്ലെങ്കിൽ സിവിൽക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.

അഡ്വ. എം.രാജഗോപാലൻ നായർ മുഖേനയാണ് നോട്ടിസ് അയച്ചത്. ''വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിച്ചതിലൂടെ തന്നെ മാത്രമല്ല പാർട്ടിയെയും നേതാക്കളെയും അധിക്ഷേപിച്ചു. ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളമാണ്. കമ്യൂണിസ്റ്റ് പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള തന്റെ പാർട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവില്ല. മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്'' നോട്ടിസിൽ ഇ.പി പറയുന്നു.

ദല്ലാൾ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയാണ് എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ഇ പി ജയരാജന്റെ വക്കീൽ നോട്ടീസ്.

തന്നെയും പാർട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്നുമാണ് ആരോപണം. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവിൽ-ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

വിവിധ പത്രങ്ങളിലും വാർത്താ ചാനലുകളിലും നൽകിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ഇവർ ഇ പി ജയരാജനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ് ചെയ്തത്. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിക്കുക വഴി ഇ പി യെ മാത്രമല്ല പാർട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണ്.

ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ഇ പി. അദ്ദേഹത്തിന്റെ പാർട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്. 1995 ഏപ്രിലിൽ രണ്ട് ബിജെപി ക്കാരാണ് ട്രെയിൽ വച്ച് ഇ പി യെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്. ഒരു വർഷം മുൻപ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും നോട്ടീസിൽ പറയുന്നു.

പ്രകാശ് ജാവേദ്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന് ദല്ലാൾ നന്ദകുമാറാണ് വെളിപ്പെടുത്തുന്നത്. ഇ.പിയെയും തന്നെയും പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്നാണ് നന്ദകുമാർ പറഞ്ഞു. സംസ്ഥാനത്ത് ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് ലോക്‌സഭയിൽ അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ.പിയോട് പറഞ്ഞെന്നും, തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് സഹായിച്ചാൽ എസ്.എൻ.സി ലാവലിൻ കേസ്, നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസ് എന്നിവ അവസാനിപ്പിക്കാമെന്ന് ഉറപ്പ് കൊടുത്തെന്നും നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് ആക്കുളത്തുള്ള മകന്റെ ഫ്‌ളാറ്റിൽ പേരക്കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാൻ പോയപ്പോൾ ജാവേദ്കർ അവിടേക്ക് വന്ന് തന്നെ കണ്ടിരുന്നുവെന്നും രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നും ഇ.പി പിന്നീട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ്, ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച ഇ.പി.ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞത്. അഴിമതിയുടെ കൊട്ടാരത്തിന്റെ കാവൽക്കാരനാണ് ഇ.പി. ജയരാജനെന്നാണ് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇ.പിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മുഴുവൻ കത്തുമെന്നും പിണറായി വിജയനടക്കം അകത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP