Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

വിജയ് ഹസാരെ ട്രോഫി: കർണാടകയോട് 80 റൺസ് തോൽവി; കേരളം സെമി കാണാതെ പുറത്ത്; രോണിത്ത് മോറെയ്ക്ക് അഞ്ചു വിക്കറ്റ്; ആന്ധ്രപ്രദേശിനെ കീഴടക്കി ഗുജറാത്തും സെമിയിൽ

വിജയ് ഹസാരെ ട്രോഫി: കർണാടകയോട് 80 റൺസ് തോൽവി; കേരളം സെമി കാണാതെ പുറത്ത്; രോണിത്ത് മോറെയ്ക്ക് അഞ്ചു വിക്കറ്റ്; ആന്ധ്രപ്രദേശിനെ കീഴടക്കി ഗുജറാത്തും സെമിയിൽ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: വിജയ് ഹസാരെ ക്രിക്കറ്റ് ട്രോഫി ടൂർണമെന്റിൽ കേരളം സെമി കാണാതെ പുറത്ത്. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ കർണാടകയോട് 80 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയാണ് കേരളം ടൂർണമെന്റിൽനിന്ന് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത കർണാടക ഉയർത്തിയ 339 ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം 43.4 ഓവറിൽ 258 റൺസിന് ഓൾ ഔട്ടായി. അർധസെഞ്ചുറി തികച്ച വത്സൽ ഗോവിന്ദ് (96 പന്തിൽ 92), മുഹമ്മദ് അസഹ്‌റുദ്ദീൻ (34 പന്തിൽ 52) എന്നിവരുടെ ബാറ്റിങ്ങാണ് വലിയ നാണക്കേടിൽനിന്ന് കേരളത്തെ രക്ഷപ്പെടുത്തിയത്.

കർണാടകയ്ക്കായി റോണിത്ത് മോറെ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ശ്രേയാസ് ഗോപാൽ, കൃഷ്ണപ്പ ഗൗതം എന്നിവർ രണ്ടു വിക്കറ്റ് വീതവും എം. പ്രസീദ് ഒരു വിക്കറ്റും വീഴ്‌ത്തി. ഈ സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കേരളത്തിന് ആ മികവ് ക്വാർട്ടറിൽ പുറത്തെടുക്കാനായില്ല. സ്‌കോർ: കർണാടക 50 ഓവറിൽ മൂന്നുവിക്കറ്റിന് 338, കേരളം 43.4 ഓവറിൽ 258 ന് പുറത്ത്.

339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് നാലാം ഓവറിൽതന്നെ രണ്ടു റൺസെടുത്ത് റോബിൻ ഉത്തപ്പയെ നഷ്ടമായി. കേരളത്തിന്റെ സ്‌കോർ ബോർഡിൽ അപ്പോൾ വെറും 13 റൺസ് മാതം. പിന്നാലെ എത്തിയ റോഹൻ അഞ്ചാം ഓവറിൽ 'സംപൂജ്യനായി' മടങ്ങി. അധികം താമസിക്കാതെ ഓപ്പണർ വിഷ്ണു വിനോദിനെയും (34 പന്തിൽ 28) നഷ്ടമായി. നാലാം വിക്കറ്റിൽ വത്സലും ക്യപ്റ്റൻ സച്ചിൻ ബേബിയും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു.

24ാം ഓവറിൽ സച്ചിൻ പുറത്തായതിനു പിന്നാലെ എത്തിയ അസ്ഹറുദ്ദീനും വത്സലും ചേർന്ന് കേരളത്തിന് വിജയപ്രതീക്ഷ നൽകിയെങ്കിലും അതിനു സാധിച്ചില്ല. അഞ്ചാം വിക്കറ്റിൽ ഇരുവരും 92 റൺസ് കൂട്ടിച്ചേർത്തു. അക്ഷയ് ചന്ദ്രൻ (9), ജലജ് സക്‌സേന (24), ബേസിൽ തമ്പി (2), ശ്രീശാന്ത് (4) എന്നിവരുടേതാണ് കേരളത്തിന് നഷ്ടമായ മറ്റു വിക്കറ്റുകൾ. എൻ. ബേസിൽ 10 റൺസുമായി പുറത്താകാതെ നിന്നു.

ഓപ്പണിങ് വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രവികുമാർ സമർഥ് ദേവ്ദത്ത് പടിക്കൽ സഖ്യമാണ് കർണാടകയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. സമർഥ് 158 പന്തിൽ 22 ഫോറും മൂന്നു സിക്‌സും സഹിതം 192 റൺസുമായി പുറത്തായി. മലയാളി താരം ദേവ്ദത്ത് പടിക്കൽ 119 പന്തിൽ 10 ഫോറും രണ്ടു സിക്‌സും സഹിതം 101 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച മനീഷ് പാണ്ഡെ 20 പന്തിൽ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 34 റൺസുമായി പുറത്താകാതെ നിന്നു. കർണാടകയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റും എൻ.പി. ബേസിൽ സ്വന്തമാക്കി.

വിജയ് ഹസാരെ ട്രോഫിയിലെ ടോപ് സ്‌കോററായ ദേവ്ദത്തിന്റെ നാലാം സെഞ്ചുറിയാണിത്. ഇത്തവണ ദേവ്ദത്തിന്റെ സ്‌കോറുകൾ ഇങ്ങനെ: 52, 97, 152, 126*, 145*, 101.

കേരള ബോളർമാരെ തെല്ലും കൂസാതെ തകർത്തടിച്ച സമർഥും ദേവ്ദത്തും ക്രീസിൽനിന്നത് 42.4 ഓവറുകളാണ്. കൂട്ടിച്ചേർത്തത് 249 റൺസും. അതായത് 256 പന്തിൽ 249 റൺസ്! ശ്രീശാന്തും ബേസിൽ തമ്പിയും ജലജ് സക്‌സേനയും ഉൾപ്പെടുന്ന ബോളിങ് നിരയ്ക്കെതിരെയാണ് സമർഥ് ദേവ്ദത്ത് സഖ്യത്തിന്റെ തകർപ്പൻ പ്രകടനം.

തുടക്കം മുതലേ തകർത്തടിച്ച സമർഥും ദേവ്ദത്തും കേരളത്തിന് ഒരു അവസരം പോലും നൽകിയില്ല. 59 പന്തിൽനിന്ന് സമർഥാണ് ആദ്യം അർധസെഞ്ചുറി പിന്നിട്ടത്. പിന്നാലെ 65 പന്തിൽനിന്ന് ദേവ്ദത്തും അർധസെഞ്ചുറി കടന്നു. 22ാം ഓവറിൽ കർണാടക 100 പിന്നിട്ടു. 29ാം ഓവറിൽ 150 ഉം. 112 പന്തിൽനിന്ന് സമർഥ് സെഞ്ചുറി കടന്നു. 32ാം ഓവറിൽ കർണടക 200 കടന്നതിനു പിന്നാലെ ദേവ്ദത്തും സെഞ്ചുറിയിലെത്തി. 118 പന്തിൽനിന്നാണ് ദേവ്ദത്തിന്റെ സെഞ്ചുറി.

ടൂർണമെന്റിലെ നാലാം സെഞ്ചുറി പിന്നിട്ടതിനു പിന്നാലെ പടിക്കൽ പുറത്തായി. എൻ.പി. ബേസിലിന്റെ പന്തിൽ ക്ലീൻ ബൗൾഡായിട്ടാണ് പടിക്കൽ പുറത്തായത്. സമർഥിന് പക്ഷേ നിർത്താൻ പ്ലാനില്ലായിരുന്നു. മനീഷ് പാണ്ഡ!!െയെ ഒരറ്റത്ത് സാക്ഷിനിർത്തി സമർഥ് അടി തുടർന്നു. 43ാം ഓവറിൽ കർണാടക 250 കടന്നു. 142 പന്തിൽ സമർഥ് 150ഉം. സമർഥ് ഇരട്ടസെഞ്ചുറി കടക്കുമെന്ന് ഉറപ്പിച്ചിരിക്കെ വീണ്ടും എൻ.പി. ബേസിലിന്റെ പ്രഹരം. 158 പന്തിൽ 22 ഫോറും മൂന്നു സിക്‌സും സഹിതം 192 റൺസുമായി വിഷ്ണു വിനോദിന് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങി. അവസാന ഓവറുകളിൽ മനീഷ് പാണ്ഡെ (20 പന്തിൽ 34) തകർത്തടിച്ചതോടെ കർണാടക 338 റൺസിൽ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

എൻ.പി. ബേസിൽ എട്ട് ഓവറിൽ 57 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുത്തത്. ശ്രീശാന്ത് 10 ഓവറിൽ 73 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. സഞ്ജു സാംസണിനു പരുക്കേറ്റതോടെ ടീമിലെത്തിയ ബേസിൽ തമ്പി ഏഴ് ഓവറിൽ 67 റൺസ് വഴങ്ങി നിരാശപ്പെടുത്തി. ജലജ് സക്‌സേനയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ആകെ വഴങ്ങിയത് 34 റൺസ് മാത്രം.

മറ്റൈാരു മത്സരത്തിൽ ആന്ധ്രപ്രദേശിനെ കീഴടക്കി ഗുജറാത്ത് സെമിഫൈനലിൽ പ്രവേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP