Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

സോണിയ വരട്ടേ.. എന്ന് ജനാർദ്ദനൻ പറഞ്ഞപ്പോൾ ഹരിശ്രീ അശോകന്റെ മനസിൽ കുളിര് കോരിയിട്ട മുഖം; മർച്ചന്റ് നേവിക്കാരനായ ഭർത്താവിനൊപ്പം ലോകംകപ്പലിൽ ചുറ്റി കണ്ട പരിചയം; ലക്ഷോപലക്ഷം പേർ തിങ്ങി ഞെരുങ്ങി പോകുമ്പോൾ ഭക്തരുടെ മനസ്സിൽ കളങ്കം ഉണ്ടാകാൻ യുവതികൾ വേണ്ടെന്ന് വിശ്വസിക്കുന്ന അയ്യപ്പഭക്ത; വാ മൂടികെട്ടി സന്നിധാനത്ത് എത്തിയത് ജയലളിതയ്ക്കായി വോട്ട് പിടിച്ച പ്രിയപ്പെട്ട നേതാവ്; സിനിമയും രാഷ്ട്രീയവും ഭക്തിയും ജീവിതത്തിൽ നിറയ്ക്കുന്ന ഉഷാ മാത്യൂസെന്ന ടിടി ഉഷയുടെ കഥ

സോണിയ വരട്ടേ.. എന്ന് ജനാർദ്ദനൻ പറഞ്ഞപ്പോൾ ഹരിശ്രീ അശോകന്റെ മനസിൽ കുളിര് കോരിയിട്ട മുഖം; മർച്ചന്റ് നേവിക്കാരനായ ഭർത്താവിനൊപ്പം ലോകംകപ്പലിൽ ചുറ്റി കണ്ട പരിചയം; ലക്ഷോപലക്ഷം പേർ തിങ്ങി ഞെരുങ്ങി പോകുമ്പോൾ ഭക്തരുടെ മനസ്സിൽ കളങ്കം ഉണ്ടാകാൻ യുവതികൾ വേണ്ടെന്ന് വിശ്വസിക്കുന്ന അയ്യപ്പഭക്ത; വാ മൂടികെട്ടി സന്നിധാനത്ത് എത്തിയത് ജയലളിതയ്ക്കായി വോട്ട് പിടിച്ച പ്രിയപ്പെട്ട നേതാവ്; സിനിമയും രാഷ്ട്രീയവും ഭക്തിയും ജീവിതത്തിൽ നിറയ്ക്കുന്ന ഉഷാ മാത്യൂസെന്ന ടിടി ഉഷയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പഞ്ചാബി ഹൗസിലെ തമാശ കഥാപാത്രം......സോണിയ വരട്ടേ എന്ന് ജനാർദ്ദൻ പറയുമ്പോഴെത്തുന്ന ചിരിച്ച മുഖം. പിന്നെ ശ്രദ്ധേയമായ ഒരു പിടി കഥാപാത്രങ്ങൾ. സീരിയലിലും സജീവം. ഇതിനെല്ലാം ഉഷ തെങ്ങിൻതൊടിയിലിന് കരുത്താകുന്നത് ഭക്തിയാണ്. ഒപ്പം കുടുംബത്തിന്റെ പിന്തുണയും. ശബരിമലയിൽ വായ് മൂടികെട്ടി എത്തിയതും ഇത്തരത്തിലെ നിലപാട് വിശദീകരണത്തിനാണ്. ആർക്കെതിരെയെന്ന് പറയാതെ ഉഷ നടത്തിയ പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിട്ടുണ്ട്. ഏതായാലും സന്നിധാനത്തെ നാമജപ യജ്ഞത്തിലും പൊലീസുകാർക്കിടയിൽ നിന്ന് ഉഷ പങ്കെടുത്തു. നാമം ജപിച്ചും കൈകൊട്ടിയും അയ്യപ്പമന്ത്രങ്ങൾ ചൊല്ലിയ ഉഷയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.

ലോകം മുഴുവൻ ചുറ്റി സഞ്ചിരിക്കാൻ അവസരം കിട്ടിയ വ്യക്തികൂടിയാണ് ഉഷ. തൊണ്ണൂറുകളിലാണ് ഉഷ സിനിമയിൽ സജീവമാകുന്നത്. പഞ്ചാബി ഹൗസെന്ന ഹിറ്റ് ചിത്രത്തിന് ശേഷം നീണ്ടൊരു അവധിക്കാലം. മർച്ചന്റെ നേവിക്കാരനായ ഭർത്താവിനൊപ്പം ചുറ്റാത്ത നാടൊന്നുമില്ല. സൂയസ് കനാലും പനാമ കനാലും പഞ്ചാര മണലുള്ള ബീച്ചും കണ്ടു കറങ്ങുമ്പോഴും സ്വന്തം നാട്ടിനോടായിരുന്നു സ്‌നേഹമത്രയും. കണ്ണൂരുകാരിയായ ഉഷ തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തു. മകൻ രഞ്ജിത്തും സീരിയൽ അഭിനേതാവാണ്. അങ്ങനെ തിരുവനന്തപുരത്ത് സെറ്റിൽ ചെയ്ത ഉഷയ്ക്ക് രാഷ്ട്രീയ ബന്ധങ്ങളും ഉണ്ട്. എല്ലാത്തിനും മുകളിൽ ഭക്തിയെയാണ് ഉഷ നിർത്തുന്നത്. വേണ്ടെടുത്തെല്ലാം പ്രതികരിക്കാൻ മടിക്കാത്ത മനസ്സ് തന്നെയാണ് ഉഷയെ ശബരിമലയിലും എത്തിച്ചത്. അയ്യപ്പനോടുള്ള അചഞ്ചല ഭക്തിക്ക് പിന്നിൽ പറയാനും കഥയുണ്ട്.

ഭർത്താവിന് അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നു. ഇനി ഭർത്താവിന് എഴുന്നേറ്റ് നടക്കാനാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെ അയ്യപ്പനിൽ ശരണം പ്രാപിക്കുകയായിരുന്നു ഉഷ. 41 ദിവസം വൃതമെടുത്ത് 47 കിലോമീറ്റർ നടന്ന് സന്നിധാനത്ത് ഉഷയെത്തി. കഠിന വൃതമെടുത്തുള്ള അയ്യപ്പ ദർശനത്തിന് ശേഷം തന്റെ മനസ്സ് ഭഗവാൻ കണ്ടുവെന്ന് ഉഷയ്ക്ക് മനസ്സിലായി. എല്ലാ പരിക്കും ഭേദമായി ഭർത്താവ് വീണ്ടും നടക്കാൻ തുടങ്ങി. ആറ്റുകാൽ ക്ഷേത്രത്തിൽ സ്ഥിരമായി പൊങ്കാലയിടാനെത്തുന്ന ഉഷയ്ക്ക് ഭക്തിയെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. ആറ്റുകാൽ പൊങ്കാലുമായി ബന്ധപ്പെട്ട് ഉഷ പറഞ്ഞ പലതും സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയ്ക്കിടെ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും മനസ്സ് തുറന്നിരുന്നു ഉഷ. ശബരിമലയിൽ സ്ത്രീകൾ പോകുന്നുണ്ട്. നൂറ്റാണ്ടുകളായി കുട്ടികളും അമ്മയും പോകാറുണ്ട്. 41 ദിവസത്തെ വൃതം യുവതിക്ക് എടുക്കാൻ പറ്റില്ല. ലക്ഷോപലക്ഷം ഞെങ്ങി നെരുങ്ങി പോകുമ്പോൾ ഭക്തരുടെ മനസ്സിൽ കളങ്കം ഉണ്ടാകാൻ പാടില്ല. അതിനെ എതിർത്തത് ആരാണ്. ഹിന്ദുവെന്നത് മതമല്ല. സംസ്‌കാരമാണ്. അത് എല്ലാവരേയും ഉൾക്കൊള്ളുന്നതാണെന്നായിരുന്നു അവരുടെ പോസ്റ്റ്.

ഫെയ്‌സ് ബുക്കിൽ ഉഷാ മാത്യൂസ് എന്നാണ് പ്രൊഫൈൽ പേര്. ഞാൻ ഹിന്ദു: പേര് T T USHAനിങ്ങൾ ,എന്താണോ എന്നെ പറ്റി വിചാരിക്കുന്നത് അത് തന്നെയാണ് ഞാൻ-ഇങ്ങനെയാണ് സ്വന്തംകാര്യം കുറിച്ചിരിക്കുന്നത്. താര സംഘടനയായ അമ്മയിൽ അംഗമാണ് ഇവർ.

രാഷ്ട്രീയം ജയലളിതയുടേത്

സിനിമയിലും സീരിയലിലും താരമായി തിളങ്ങുമ്പോഴും ഉഷയ്ക്ക് രാഷ്ട്രീയമുണ്ട്. അത് പക്ഷേ കേരളത്തിലെ രാഷ്ട്രീയവുമില്ല. ജയലളിതയുടെ എഐഎഡിഎംകെയുടെ പാർട്ടിയോടാണ് അടുപ്പം. ജയലളിതയുടെ പാർട്ടിയുടെ ദേശീയ ജനറൽ കൗൺസിൽ അംഗമായിരുന്നു അവർ. ജയലളിതയുടെ ആദ്യ ഇലക്ഷനിൽ തുടങ്ങിയ അടുപ്പം. ആദ്യമായി ജയലളിത തെരഞ്ഞെടുപ്പ് മത്സരത്തിന് എത്തിയപ്പോൾ അതിനായി ഒരു പാട്ട് തയ്യാറാക്കി. തലൈവി വന്നിട്ടാൾ.. എന്ന് തുടങ്ങുന്ന പാർട്ടി ഗാനം ആലപിച്ചത് ഉഷയായിരുന്നു. അന്ന് മുതൽ ജയലളിതയുമായി അടുപ്പം ഉണ്ടായിരുന്നു. അങ്ങനെ ദേശീയ ജനറൽ കൗൺസിലിലും എത്തി. കേരളത്തിലെ രാഷ്ട്രീയത്തെ പറ്റിചോദിച്ചാൽ തമിഴ്‌നാട്ടിൽ അമ്മ ചെയ്തത് കാണൂ എന്ന മറുപടിയായിരുന്നു ചാനൽ ഇന്റർവ്യൂവിലും മറ്റും നൽകിയിരുന്നത്.

ജയലളിതയുടെ രാഷ്ട്രീയം കഴിഞ്ഞാൽ യാത്രകളോടാണ് താൽപ്പര്യം. ഭർത്താവ് മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായിരുന്നതിനാൽ ലോകം മുഴുവൻ ചുറ്റി. ക്രോസ് സ്റ്റിച്ച് ചെയ്താണ് കപ്പൽ യാത്രയിൽ സമയം നീക്കിയത്. സിനിമയെ വിട്ട് യാത്രയ്ക്കിറങ്ങിയപ്പോൾ വേദനയൊന്നും തോന്നിയില്ല. മകന് സിനിമയോടാണ് താൽപ്പര്യമെന്ന് അറിഞ്ഞപ്പോൾ ടെലിഫിലിം സ്വന്തമായി നിർമ്മിക്കുകയും ചെയ്തു ഉഷ. അതിന് ശേഷമാണ് മകന് സിനിമയിൽ സജീവമാകാൻ അനുമതി കൊടുത്തത്.

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് സീരിയലിൽ നായകനുമായി. ഏഷ്യാനെറ്റിൽ കസ്തൂരിമാനിലും ഇപ്പോൾ സജീവം. ജീവിതമാണ് പ്രധാനം. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് മുന്നോട്ട് പോകുന്ന രീതിയാണ് ഉഷയുടേത്.

ശബരിമലയിൽ പ്രധാനം വിശ്വാസം

ശബരിമലയിൽ യുവതീപ്രവേശനത്തിൽ വിശ്വാസത്തിനൊപ്പമാണ് ഉഷ. വിശ്വാസ സംരക്ഷണത്തിന് വേണ്ടി എഐഡിഎംകെയ്‌ക്കൊപ്പമുള്ള ഉഷ നേരത്തേയും ശബരിമലയിലെത്തി. ചിത്തിര ആട്ട ഉത്സവ സമയത്തും സന്നിധാനത്ത് ഉഷ എത്തിയിരുന്നുവെന്നാണ് സൂചന. സുപ്രീംകോടതി വിധിയായതു കൊണ്ട് തന്നെ പരസ്യ പ്രതികരണം ഒഴിവാക്കുന്നു. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയ്ക്ക് എത്തുമ്പോഴും വിശ്വാസപരമായ വെളിപ്പെടുത്തലുകൾ അവർ നടത്തിയിരുന്നു.

തെങ്ങിൻതൊടിയിൽ വായ് മൂടിക്കെട്ടി ശബരിമലദർശനം നടത്തിയതോടെയാണ് ശബരിമല തീർത്ഥാടനത്തിനിടെ ഉഷ ഇത്തവണ ശ്രദ്ധേയായത്. ശബരിമലയിലെ നാമജപ യജ്ഞത്തിലും അവർ പങ്കെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇരുമുടിക്കെട്ടുമായി ഇവർ വായ് മൂടിക്കെട്ടി യാത്ര തുടങ്ങിയത്. ബസിൽ പമ്പവരെ വന്നു. സന്നിധാനത്തെത്തി ദർശനം നടത്തുംവരെ മൗനവ്രതത്തിലും ഉണ്ണാവ്രതത്തിലും ആയിരുന്നു. അയ്യപ്പ സന്നിധിയിൽ വച്ചാണ് മൂടിക്കെട്ടിയ തുണി മാറ്റിയത്. അതിന് ശേഷമാണ് നാമജപത്തിൽ പങ്കെടുത്തത്.

ഇങ്ങനെ ശബരിമല ദർശനം നടത്താനുള്ള കൃത്യമായ കാരണം പറഞ്ഞില്ല. ഇവിടെയൊരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു. അതു നഷ്ടപ്പെടാൻ പാടില്ല. അതു നമുക്ക് ഏറെ ദോഷം ചെയ്യുമെന്ന് മാത്രമാണ് മറുപടിയായി ഉഷ പറഞ്ഞത്. മൂന്നാം തവണയാണ് ശബരിമലയിൽ വരുന്നതെന്നും അവർ പറഞ്ഞു. മറ്റ് പ്രതികരണങ്ങൾക്ക് അവർ തയ്യാറായില്ല. വടക്കേ നടയിൽ രാത്രിയിൽ നടന്ന നാമ ജപത്തിലും അവർ സജീവമായിരുന്നു. ഇതോടെ സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിലും യുവതീ പ്രവേശന വിധിയിലും ഉള്ള പ്രതിഷേധമാണ് ഉഷാ തങ്ങിൻതൊടിയിൽ നടത്തിയതെന്ന് വ്യക്തമായി.

മഹാലക്ഷ്മിക്ക് വേണ്ടിയുള്ള പ്രതിരോധം

കേരള സർവകലാശാല കലോൽസവത്തെ പിടിച്ചുകുലുക്കിയ കലാതിലകപ്പട്ട വിവാദത്തിന് പുതിയ മാനങ്ങൾ നൽകി കലാകാരിയായ മഹാലക്ഷ്മി ആരോപണങ്ങളെ പ്രതിരോധിക്കാൻ രംഗത്തെത്തിയതും ലക്ഷ്മിയായിരുന്നു. താൻ ആർക്കും കോഴ കൊടുത്ത് ഫലം അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നുമാണ് സീരിയൽ താരം കൂടിയായ മഹാലക്ഷ്മി ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞത്. മാധ്യമങ്ങൾ നിജസ്ഥിതി അറിയാതെ വാർത്ത വളച്ചൊടിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.മഹാലക്ഷ്മിയുടെ ഗുരുവായ ഉഷ തെങ്ങിൻതൊടിയിലും ലൈവിൽ പങ്കെടുത്തു.

'കലാകുടുംബത്തിൽ നിന്ന് വന്ന കഴിവുള്ള കലാകാരിക്ക് ഇത്രയും അധിക്ഷേപം നേരിടേണ്ടി വരിക സങ്കടകരമാണ്.കേരള സർവകലാശാല കലോൽസവത്തിൽ ജഡ്ജിമാരെ സ്വാധീനിച്ചും പണം ഒഴുക്കിയുമാണ് കലാതിലക പട്ടം നേടാൻ ശ്രമിച്ചതെന്നും മറ്റും കാമ്പില്ലാത്ത ആരോപണങ്ങൾ ചൊരിഞ്ഞു.എന്താണ് സംഭവിച്ചതെന്ന് മഹാലക്ഷ്മിയോട് ആരാഞ്ഞതിന് ശേഷമാണ് മാധ്യമങ്ങൾ വാർത്ത കൊടുക്കേണ്ടിയിരുന്നത്. സെലിബ്രിറ്റിയായിട്ടുള്ള, ലോകമറിയുന്ന കുഞ്ഞിനെ താറടിച്ച് കാണിക്കുകയാണ്.കിട്ടിയ അവസരം എല്ലാവരും മുതലാക്കിയെന്നതാണ്.ഒരുനാണയമുണ്ടെങ്കിൽ അതിന് രണ്ടുവശങ്ങൾ ഉണ്ട്.കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നുള്ളതല്ല. ആ കുട്ടിയോട് കൂടു ചോദിക്കാമായിരുന്നു.. എന്താണ് അവിടെ സംഭവിച്ചത്.അവൾ ഏഴെണ്ണത്തിൽ മാറ്റുരച്ചതാണ്.അങ്ങനെ കലാതിലകം കിട്ടണമെന്ന കുട്ടിയാണെങ്കിൽ അവൾക്ക് രണ്ടെണ്ണത്തിൽ അവൾക്ക് ഒരു മാർക്കും കൊടുത്തിട്ടില്ലായിരുന്നു.അങ്ങനെയാണെങ്കിൽ അതിനൊക്കെ അപ്പീൽ പോവില്ലേ?ഒന്നിനും പോയിട്ടില്ല. പക്ഷേ, ഏതോ രണ്ടെണ്ണത്തിന് അപ്പീൽ പോയി ..ആ കുട്ടിക്ക് അതിന് മാർക്ക് കിട്ടി.ഒരു പ്രൈസ് പോലും ഇല്ലാത്ത ഈ പറയുന്ന കുട്ടികൾ അപ്പീലിന് പോയപ്പോൾ,അവർക്ക് തേഡും അതൊക്കെ കിട്ടിയപ്പോൾ,സെക്കൻഡ് സ്ഥാനത്തുള്ള കുട്ടി അപ്പീലിന് പോയി. അതിലെന്താ തെറ്റ്?-ഇതായിരുന്നു ലക്ഷ്മി ചോദിച്ചത്.

എല്ലാവരും അപ്പീലിന് പോയിട്ടാണ് അവരുടേതായ മാർക്കുകൾ നേടിയെടുക്കുന്നത്.ജഡ്ജിമാർ പറയുന്നതല്ല. സർക്കാർ തന്നെ ഇരുത്തിയിരിക്കുന്നതാണ് പരാതികൾ കേൾക്കാനുള്ള സമിതി.എന്നിട്ട് ആ കുട്ടി അത് തിരുത്തി ഇതു തിരുത്തി.. അങ്ങനെ തേജോവധം ചെയ്യുകയാണ് ആ കുട്ടിയെ.ഈ കുട്ടിക്ക് ഇനിയൊരു കലാതിലക പട്ടം കിട്ടിയിട്ട് വേണോ സ്റ്റാറാകാൻ?ചില ചാനലുകൾ കാട്ടിയത് ഒരു സ്ഥാനത്തുമില്ലാതെയാണ് ഈ കുട്ടി അപ്പീലിന് പോയതെന്നാണ്.അതൊന്നും ശരിയല്ല. നവിജ സ്ഥിതി അറിഞ്ഞിട്ട് മാത്രം വാർത്തകൾ കൊടുക്കുക. അഞ്ച് പോയിന്റിൽ നിന്നാണ് മഹാലക്ഷ്മി ഇത്രയും പോയിന്റുകൾ നേടിയെടുത്തതെന്നും പറഞ്ഞു.അതുതന്നെ തെറ്റാണ്. 15 പോയിന്റ് നേടിയ കുട്ടിയാണ് മൽസരത്തിന് നിൽക്കുന്ന്ത്.പിന്നെ ആ കുട്ടി ആരെ സ്വാധീനിച്ചുവെന്നതിന് തെളിവുണ്ടോ?-ലക്ഷ്മി അന്ന് ചോദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP