Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കെ സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കം; സുധാകരൻ നോട്ടീസ് അയച്ചത് ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി എംപിമാർ ഹൈക്കമാൻഡിന് മുന്നിൽ; പുനഃസംഘടന നിർത്തിവെയ്ക്കണമെന്നും ആവശ്യം; മുരളീധരൻ കോൺഗ്രസിന്റെ മുഖം, ജനങ്ങളുടെ ഇഷ്ട നേതാവ്; അനുനയ നീക്കവുമായി സതീശനും

കെ സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കം; സുധാകരൻ നോട്ടീസ് അയച്ചത് ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി എംപിമാർ ഹൈക്കമാൻഡിന് മുന്നിൽ; പുനഃസംഘടന നിർത്തിവെയ്ക്കണമെന്നും ആവശ്യം; മുരളീധരൻ കോൺഗ്രസിന്റെ മുഖം, ജനങ്ങളുടെ ഇഷ്ട നേതാവ്; അനുനയ നീക്കവുമായി സതീശനും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എംപിമാർ അടക്കമുള്ളവർക്കെതിരെ അച്ചടക്ക വാൾ എടുത്തതോടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പടയൊരക്കവുമായി കോൺഗ്രസിലെ ഒരു വിഭാഗം. എം കെ രാഘവനും കെ മുരളീധരനും എതിരായ കെപിസിസിയുടെ അച്ചടക്ക നടപടിയിൽ പരാതിയുമായി കോൺഗ്രസ് എംപിമാർ ഹൈക്കമാൻഡിനെ സമീപിച്ചു. പാർട്ടിയിലെ ഏഴ് എംപിമാരാണ് പരാതിയുമായി കെ സുധാകരനെതിരെ രംഗത്തുവന്നത്. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ടാണ് പരാതി നൽകിയത്. എം കെ രാഘവനും, കെ മുരളീധരനുമടക്കം കെ സി വേണുഗോപാലിനെ കണ്ട സംഘത്തിൽ ഉണ്ടായിരുന്നു.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച സംഭവത്തിലാണ് പരാതി. സുധാകരൻ നോട്ടീസ് അയച്ചത് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്നും എംപിമാർ കുറ്റപ്പെടുത്തി. കേരളത്തിലെ സംഘടന സംവിധാനം കുത്തഴിഞ്ഞുവെന്നും എംപിമാർ ആരോപണം ഉന്നയിച്ചു. ഏകപക്ഷീയമായ പാർട്ടി പുനഃസംഘടന നിർത്തിവയ്ക്കണമെന്നും എംപിമാർ അഭിപ്രായപ്പെട്ടു.എം കെ രാഘവനും കെ മുരളീധരനും എതിരായ അച്ചടക്ക നടപടിയിൽ കെപിസിസി നീക്കം തള്ളി രമേശ് ചെന്നിത്തലയും എം എം ഹസ്സനും രംഗത്തെത്തിയിരുന്നു.

രണ്ട് പേരും എം പിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ മുരളീധരൻ ഇനിയും മത്സരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡം പാലിച്ചല്ല നടപടിയെന്ന് എം എം ഹസനും പ്രതികരിച്ചു. വിമർശനങ്ങൾ പാർട്ടി വേദിയിലല്ലാതെ പരസ്യമായി പ്രതികരിച്ചുവെന്നാണ് എം കെ രാഘവനും കെ മുരളീധരനുമെതിരായ വിമർശനം. 'താൻ പ്രസിഡന്റ് ആയിരിക്കെ മുരളി വിരുദ്ധ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്ന് നേരിട്ട് വിളിച്ച് കാര്യം ബോധ്യപ്പെടുത്തി തിരുത്തിച്ചു. അതായിരുന്നു ചെയ്യേണ്ടീരുന്നത്', ഹസൻ അഭിപ്രായപ്പെട്ടു. എഐസിസി അംഗങ്ങളിൽ നിന്ന് കെപിസിസി വിശദീകരണം തേടാറില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

കെ മുരളീധരനെയും എം കെ രാഘവനെയും പിന്തുണച്ച് എ, ഐ ഗ്രൂപ്പുകളും മുന്നോട്ടുവന്നിരുന്നു. അച്ചടക്ക നടപടി ഉചിതമല്ലെന്നാണ് ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചത്. വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കാൻ മാത്രമുള്ള അച്ചടക്ക ലംഘനം നടന്നിട്ടില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ വിലയിരുത്തൽ.

അതേസമയം കെ മുരളീധരൻ നിലപാട് കടുപ്പിച്ചോടെ നേതൃത്വവും അനുനയ പാതയിലാണ്. മുരളീധരന് വിഷമമുള്ള എന്തെങ്കിലും കാര്യമുണ്ടെങ്കിൽ പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുരളീധരൻ കോൺഗ്രസിന്റെ മുഖമാണ്. അദ്ദേഹവുമായി നേതൃത്വം സംസാരിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.'മുരളീധരനുമായി പാർട്ടി നേതൃത്വം സംസാരിക്കും. അദ്ദേഹം തീരുമാനം മാറ്റും. പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും ഇഷ്ടമുള്ള നേതാവാണ് മുരളീധരൻ. മുരളീധരന് വിഷമമുള്ള എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് സതീശൻ പറഞ്ഞു.

കെപിസിസി നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കിയ കെ മുരളീധരൻ സേവനം വേണമെങ്കിൽ പാർട്ടി ആവശ്യപ്പെടട്ടെയെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിൽ വി ഡി സതീശൻ പാർട്ടി നിലപാട് വ്യക്തമാക്കിയത്.പാർട്ടിക്കെതിരെ പൊതുവേദിയിൽ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ കെ മുരളീധരനും എംകെ രാഘവൻ എംപിക്കും കെപിസിസി നേതൃത്വം കത്ത് നൽകിയിരുന്നു. പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകൾ പാടില്ലെന്ന് കർശന നിർദ്ദേശമാണ് എംകെ രാഘവന് നൽകിയിരിക്കുന്നത്. പ്രസ്താവനകൾ പാർട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജാഗ്രത പുലർത്തണമെന്നുമാണ് കെ മുരളീധരന് ലഭിച്ചിരിക്കുന്ന നോട്ടീസ്. പിന്നാലെ കെപിസിസിയുടെ നടപടി തന്നെ അപമാനിക്കാനാണെന്ന് നിലപാടിലാണ് മുരളീധരൻ.

'എന്റെ പ്രസ്താവനയിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റിന് എന്നെ നേരിട്ട് വിളിച്ചു പറയാവുന്നതേയുണ്ടായിരുന്നുള്ളൂ. നേരിട്ടും പറഞ്ഞിട്ടില്ല. ഫോണിലൂടേയും പറഞ്ഞിട്ടില്ല. എന്നെ ഇൻസൾട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കാം. അത്തരത്തിൽ ഒരു സംതൃപ്തി അദ്ദേഹത്തിന് കിട്ടിയെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ല.' എന്ന നിലപാടിലാണ് കെ മുരളീധരൻ.കഴിഞ്ഞ ദിവസവും കെ മുരളീധരൻ പാർട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. 'പാർട്ടി പ്രവർത്തനം നിർത്തണമെന്ന് പറയുകയാണെങ്കിൽ നിർത്താൻ തയ്യാറാണ്. പാർട്ടിക്കകത്ത് പ്രവർത്തിക്കുന്ന സമയത്ത് അഭിപ്രായം പറയും. അഭിപ്രായം പറയരുതെന്നാണെങ്കിൽ അത് അറിയിച്ചാൽ മതി. പിന്നെ വാ തുറക്കില്ല.' എന്നായിരുന്നു മുരളീധരൻ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP