Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

പാണ്ടിയുടെയും പഞ്ചാരിയുടെയും ക്ലാസിക് ശൈലി; മേള പ്രമാണിമാർക്ക് വലത്തും ഇടത്തും നിന്നു സൃഷ്ടിച്ചത് അത്ഭുതം; ചിരിച്ചുകൊണ്ടു എല്ലാ ഭാഗത്തേക്കും കണ്ണോടിക്കുന്ന മാരാർ പൂര മേളത്തിന്റെ ബലം; 45 വർഷം തൃശൂരിനെ ത്രസ്സിപ്പിച്ച കലാകാരൻ വിടവാങ്ങി; കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു

പാണ്ടിയുടെയും പഞ്ചാരിയുടെയും ക്ലാസിക് ശൈലി; മേള പ്രമാണിമാർക്ക് വലത്തും ഇടത്തും നിന്നു സൃഷ്ടിച്ചത് അത്ഭുതം; ചിരിച്ചുകൊണ്ടു എല്ലാ ഭാഗത്തേക്കും കണ്ണോടിക്കുന്ന മാരാർ പൂര മേളത്തിന്റെ ബലം; 45 വർഷം തൃശൂരിനെ ത്രസ്സിപ്പിച്ച കലാകാരൻ വിടവാങ്ങി; കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ പൂരത്തിലെ മേള രാജാവ് കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു. നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാർ തൊണ്ണൂറാം വയസ്സിലാണ് മടങ്ങുന്നത്. വാർദ്ധക്യ സഹജമായ അസുഖങ്ങളായിരുന്നു മരണ കാരണം.

മേള പ്രമാണിമാർക്കും വലത്തും ഇടത്തും നിന്നു അദ്ദേഹം സൃഷ്ടിച്ചത് അത്ഭുതമായിരുന്നു. മറ്റൊരു വാദ്യക്കാരനും ഇത്രയേറെ കൊലകൊമ്പന്മാരുടെ കൂടെ കൊട്ടിയതായി അവകാശപ്പെടാനാകില്ല. 45 വർഷം പൂരത്തിനു മാത്രം കൊട്ടി. രണ്ടു കൊല്ലം മുമ്പ് പൂരത്തിൽ പങ്കെടുക്കുന്നത് മതിയാക്കി. 90 വയസ്സായിരുന്നു. പത്താം വയസ്സിലാണ് അരവിന്ദാക്ഷ മാരാർ ശരിക്കും കൊട്ടിത്തുടങ്ങിയത്. അതിനു മുൻപുതന്നെ അടിയന്തരത്തിനു ക്ഷേത്രങ്ങളിൽ കൊട്ടാറുണ്ടായിരുന്നു. കേളത്തെന്നും അരവിന്ദേട്ടനെന്നുമെല്ലാം ആരാധകർ വിളിക്കുന്ന മാരാർക്ക് അമ്പരപ്പിക്കുന്ന ആരാധക വൃന്ദമുണ്ടായിരുന്നു. ഏതു പ്രമാണിക്കും വിശ്വസിക്കാവുന്ന കരുത്താണ് അദ്ദേഹം. മുഴുവൻ സമയവും ചിരിച്ചുകൊണ്ടു എല്ലാ ഭാഗത്തേക്കും കണ്ണോടിക്കുന്ന അരവിന്ദാക്ഷ മാരാർ പൂര മേളത്തിന്റെ ബലമായിരുന്നു.

പാറമേക്കാവിൽ ആദ്യം 13 വർഷവും ഇടവേളയ്ക്കു ശേഷം തുടർച്ചയായി 23 വർഷവും കൊട്ടിയ മേളാചാര്യനാണ് കേളത്ത് അരവിന്ദാക്ഷ മാരാർ. തിരുവമ്പാടിക്കു വേണ്ടി 9 വർഷവും അരവിന്ദാക്ഷ മാരാർ കൊട്ടി. ഇതിനിടയിൽ 18 വർഷം പൂരത്തിൽ നിന്നു വിട്ടു നിൽക്കുകയും ചെയ്തു. അച്ഛൻ കൊടികെട്ടിയ കൊട്ടുകാരനായ മാക്കോത്ത് ശങ്കരൻകുട്ടിമാരാരാണ്. മേളത്തിലും പഞ്ചവാദ്യത്തിലും അസാമാന്യ പ്രതിഭ. ആ വഴിയേ മകനും എത്തി. അവിവാഹിതനായിരുന്നു. എല്ലാ അർത്ഥത്തിലും മേളത്തിനായി മാറ്റി വച്ച വ്യക്തി. കേളത്തിന്റെ അച്ഛൻ പൂരത്തിനൊഴിച്ച് എല്ലായിടത്തും പ്രമാണിയായി. മകൻ പ്രമാണിയാകാനുള്ള ക്ഷണം നിരസിച്ചു സ്വന്തം വഴിയേ നടന്നു. പാണ്ടി ചക്രവർത്തി എന്നറിയിപ്പെടുന്ന പരിയാരത്ത് കുഞ്ഞന്മാരാരാണു പതിമൂന്നാം വയസ്സിൽ അരവിന്ദാക്ഷനെ പൂരത്തിനു കൊണ്ടുപോയത്.

കിഴക്കൂട്ട് അനിയന്മാരാർ തുടങ്ങിയ എല്ലാ മേള രാജാക്കന്മാർക്കുമൊപ്പം അരവിന്ദാക്ഷൻ കൊട്ടി. പലരും അരവിന്ദാക്ഷനെ തൊട്ടടുത്തു പിടിച്ചു നിർത്തി. കാരണം ഏതു കാറ്റും താങ്ങാൻ കെൽപ്പുള്ള മരമായിരുന്നു അരവിന്ദാക്ഷൻ. ഒരാൾ വിചാരിച്ചാൽ പോലും മേളം തകർക്കാനാകും. അതുണ്ടായിട്ടുമുണ്ട്. പ്രമാണിക്കൊന്നു പിഴച്ചാൽ എല്ലാം തീർന്നു. ആ സമയത്തു ആരും പറയാതെ നിയന്ത്രിക്കേണ്ടതു വലത്തു നിൽക്കുന്നയാളാണ്. ഏതു സമയത്തും അതിനുള്ള കരുത്ത് അരവിന്ദാക്ഷ മാരാർക്കുണ്ട്. പാണ്ടിയുടെയും പഞ്ചാരിയുടെയും ക്ലാസിക് ശൈലിയിലായിരുന്നു ആ കൊട്ട്. പതിയെ, പതിയെ പെരുക്കി വരുന്ന ശൈലി. പ്രമാണി പറയുന്നതു കൊട്ടുക എന്നാണ് അരവിന്ദാക്ഷമാരാർ കൂടെയുള്ളവരെ എന്നും പഠിപ്പിച്ചത്.

പൂര പ്രമാണിയാകാൻ വിളിച്ചിട്ടും വേണ്ടെന്ന് പറഞ്ഞ അരവിന്ദാക്ഷൻ എടക്കുന്നി ഭഗവതിയുടെ ആറാട്ടിനു 45 വർഷമായി പ്രമാണം വഹിച്ചു. പെരുവനത്തും ഇരിങ്ങാലക്കുടയിലും ഗുരുവായൂരിലുമെല്ലാം അപൂർവമായി അദ്ദേഹം പ്രമാണിയായിട്ടുണ്ട്. പെരുവനം കുട്ടൻ മാരാർ ഒരു തവണ ഇലഞ്ഞിച്ചോട്ടിൽ നിന്നു കുറച്ചു സമയം മാറിനിന്നപ്പോൾ മേളം നടത്തിയതു അരവിന്ദാക്ഷനാണ്. ഇലഞ്ഞിത്തറയിലെ ഏക അർധ പ്രമാണിയെന്നു വേണമെങ്കിൽ പറയാം. പെരുവനം കുട്ടൻ മാരാർക്കൊപ്പം 23 വർഷം കൊട്ടിയാണ് അരവിന്ദാക്ഷൻ ഇലിഞ്ഞിത്തറയോടു യാത്ര പറഞ്ഞത്. കുട്ടന്മാരാർ അരവിന്ദാക്ഷന്റെ ബന്ധു കൂടിയാണ്.

പതിയാരത്ത് കുഞ്ഞൻ മാരാർ പാറമേക്കാവിന്റെ മേളപ്രമാണി ആയിരിക്കുമ്പോഴാണ് കേളത്ത് അരവിന്ദാക്ഷൻ മാരാർ തൃശൂർ പൂരത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 13 വർഷക്കാലം കൊട്ടിയശേഷം പൂരത്തിലെ കൊട്ടുനിറുത്തി. പിന്നീട് തൃപ്പേക്കുളം അച്യുതമാരാർ തിരുമ്പാടിയുടെ പ്രമാണിയായപ്പോൾ ഒമ്പത് വർഷക്കാലം വീണ്ടും കൊട്ടിത്തിമർത്തു. എന്നാൽ പെരുവനം കുട്ടൻ മാരാർ പാറമേക്കാവിൽ മേളത്തിന്റെ നായകത്വം ഏറ്റെടുത്തതോടെ തിരിച്ചെത്തി. പിന്നീട് കൊട്ട് നിർത്തി. പുരസ്‌കാരങ്ങളുടെ പിന്നാലെ പോകാതെ വാദ്യകലയിലെ സമർപ്പിത രൂപമാണ് അദ്ദേഹം.

തൃശൂർ പൂരത്തിന് ആദ്യമെത്തുമ്പോൾ പ്രതിഫലം പത്തുരൂപയാണെന്ന് അരവിന്ദാക്ഷൻ മാരാർ പറഞ്ഞിരുന്നു. മേളത്തിന് പുറമേ തായമ്പകയിലും തിമിലയിലും തന്റെ വൈദഗ്ദ്ധ്യം തെളിയിച്ച അപൂർവ പ്രതിഭ കൂടിയാണ് കേളത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP