Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202412Wednesday

നിറം 2 അടക്കം സിനിമകളിൽ നിക്ഷേപിച്ചാൽ വൻലാഭം വാഗ്ദാനം ചെയ്ത് കേരളത്തിലും തട്ടിപ്പ്; രണ്ടുകോടിയോളം രൂപ ജോണി സാഗരിക തട്ടി എടുത്തുവെന്ന് തൃശൂർ സ്വദേശി; കെ എസ് എഫ് ഇ ചിട്ടി കിട്ടാൻ സ്ഥലം ഈട് നൽകിയപ്പോഴും വഞ്ചന

നിറം 2 അടക്കം സിനിമകളിൽ നിക്ഷേപിച്ചാൽ വൻലാഭം വാഗ്ദാനം ചെയ്ത് കേരളത്തിലും തട്ടിപ്പ്; രണ്ടുകോടിയോളം രൂപ ജോണി സാഗരിക തട്ടി എടുത്തുവെന്ന് തൃശൂർ സ്വദേശി; കെ എസ് എഫ് ഇ ചിട്ടി കിട്ടാൻ സ്ഥലം ഈട് നൽകിയപ്പോഴും വഞ്ചന

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സിനിമകളിൽ നിക്ഷേപിച്ചാൽ, വൻലാഭം നേടി തരാമെന്ന് വാഗ്ദാനം ചെയ്ത് നിർമ്മാതാവ് ജോണി സാഗരിക കേരളത്തിലും തട്ടിപ്പ് നടത്തി. സിനിമ നിർമ്മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണു ജോണിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ പൊലീസ് മെയ് 14 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ജോണിയെ പിടികൂടിയത്.

കാനഡയിൽ താമസിക്കുന്ന വ്യവസായിയാണ് ദ്വാരക് ഉദയ്കുമാറിന്റെ കയ്യിൽ നിന്ന് 2.75 കോടിയുടെ പണം തട്ടിപ്പാണ് വിഷയമെങ്കിൽ തൃശൂർ വരാക്കര സ്വദേശിയായ ജിൻസ് തോമസിൽ നിന്ന് 2 കോടി രൂപയോളം തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട കേസ് തൃശൂർ സിജെഎം കോടതിയുടെ പരിഗണനയിലാണ്. ഇതിനു പുറമെ കെഎസ്എഫ്ഇയിൽനിന്ന് ചിട്ടി കിട്ടാനായി ഈടുവയ്ക്കാൻ താൻ നൽകിയ സ്ഥലത്തിന്റെ ആധാരവും ജോണി ഇതുവരെ എടുത്തു തന്നിട്ടില്ലെന്ന് ജിൻസ് പറയുന്നു. ദ്വാരക് ഉദയ്കുമാറിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് ജിൻസ്.

പൊലീസിനെ സമീപിച്ചിട്ടും ഫലമില്ലാതെ വന്നതോടെയാണ് ജിൻസ് കോടതിയെ സമീപിച്ചത്. വാങ്ങിയ പണത്തിന് ഈടായി നൽകിയ രണ്ടു കോടിയോളം രൂപയുടെ ചെക്കുകൾ മടങ്ങിയെന്നും പിൻവലിച്ച ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകൾ ഉപയോഗിച്ച് തന്നെ വഞ്ചിക്കുകയായിരുന്നു എന്നും കാണിച്ചാണ് ജിൻസ് കോടതിയെ സമീപിച്ചത്.

ഫെബ്രുവരിയിൽ തൃശൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്1 കോടതി, ജോണി ഇടക്കാല നഷ്ടപരിഹാര തുകയായ 40 ലക്ഷം രൂപ രണ്ടു മാസത്തിനകം കെട്ടി വയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുവരെ ആ പണം കെട്ടിവച്ചിട്ടില്ല. കേസ് കോടതി അടുത്തു തന്നെ വീണ്ടും പരിഗണിക്കുന്നുണ്ട്. കെഎസ്എഫ്ഇ ചിട്ടിയുമായി ബന്ധപ്പെട്ട് മൂന്നര ലക്ഷം രൂപയോളം ജോണി ഇനിയും അടച്ചു തീർക്കാനുണ്ടെന്നും അതുകൊണ്ടു തന്നെ സ്ഥലത്തിന്റെ ആധാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജിൻസ് പറഞ്ഞു.

'നിറം 2' ഉൾപ്പെടെയുള്ള സിനിമകൾ താൻ നിർമ്മിക്കുന്നുണ്ടെന്ന് പണം നിക്ഷേപിച്ച കാലത്ത് ജോണി സാഗരിക വിശ്വസിപ്പിച്ചതായി ജിൻസ് പറയുന്നു. പ്രശസ്ത സംഗീത സംവിധായകൻ കീരവാണി ചിത്രത്തിലെ ഗാനത്തിന്റെ കംപോസിങ് നടത്തുന്നു എന്നു പറഞ്ഞ് ജോണി വിഡിയോകൾ അയച്ചു തരുമായിരുന്നു.പണം തിരിച്ചുതരാതിരിക്കുമ്പോഴും ജോണി ആ സമയത്ത് പുതിയ കാറൊക്കെ വാങ്ങിയത് കണ്ടതോടെ തന്നെ ചതിച്ചതാണെന്ന് മനസ്സിലായെന്ന് ജിൻസ് പറഞ്ഞു.

2016ൽ ഖത്തറിൽ സിനിമാ നിർമ്മാതാവായിരിക്കെയാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർ വഴി ജോണി തന്നെ ബന്ധപ്പെട്ടതെന്നു ദ്വാരക് ഉദയകുമാർ പരാതിയിൽ പറഞ്ഞിരുന്നു. മലയാള സിനിമയിലേക്കു തിരികെ വരണമെന്നും നിറം2 ഉൾപ്പെടെ 5 ചിത്രങ്ങൾ ചെയ്യണമെന്നുമാണു ജോണി പറഞ്ഞത്. ഇതിന്റെ ഭാഗമായി ജോണിയും മകൻ റോൺ ജോണിയും നിരവധി തവണ ദോഹയിലെത്തി. ഈ സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടിത്തരാമെന്ന് ഇരുവരും പറഞ്ഞു.

ഫിലിം പ്രൊഡ്യൂസർ ചേംബറിലെയും ഡിസ്ട്രിബ്യൂട്ടർ അസോസിയേഷനിലെയും അംഗമാണു ജോണിയെന്നും പറഞ്ഞിരുന്നു. ഇവരുടെ വാക്കുകൾ വിശ്വസിച്ച് 75 ലക്ഷം രൂപ ബാങ്ക് വഴി അയച്ചു. സിനിമയുടെ പുരോഗതിയെ കുറിച്ച് ചോദിച്ചപ്പോൾ ജോണിയുടെ തിരിച്ചുവരവ് അറിയിക്കുന്ന ഒരു വീഡിയോ അയച്ചു നൽകി. സിനിമ ആരംഭിക്കുന്നുണ്ട് എന്നും അറിയിച്ചു. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചശേഷം 2 കോടി കൂടി വേണമെന്ന് ആവശ്യപ്പെട്ടു. 6 മാസത്തിനകം ആദ്യം മുടക്കിയ തുക തിരികെ നൽകാമെന്ന ഉറപ്പിൽ ഈ പണം നൽകി. എന്നാൽ ഇതിൽ 50 ലക്ഷം മാത്രമാണു തിരിച്ചു നൽകിയത്. ബാക്കി തുക കൊണ്ടു താനറിയാതെ സ്ഥലവും മറ്റും വാങ്ങിയെന്നും ദ്വാരക് പരാതിയിൽ പറയുന്നു.

സമാനരീതിയിലാണ് ജോണി സാഗരികയെ വിശ്വസിച്ച് 75 ലക്ഷം രൂപ നിക്ഷേപിച്ചതെന്നും 'നോൺസെൻസ്' എന്ന സിനിമയുടെ നിർമ്മാണത്തിനായിരുന്നു ഇതെന്നും 2021ൽ ഡിജിപിക്ക് നൽകിയ പരാതിയിൽ ജിൻസ് പറയുന്നു. 25% ലാഭം എന്നായിരുന്നു വാഗ്ദാനം. ഒരു വർഷം കഴിഞ്ഞാൽ മുടക്കുമുതൽ എപ്പോൾ വേണമെങ്കിലും മടക്കി നൽകാമെന്നും ജോണി പറഞ്ഞിരുന്നെന്ന് ജിൻസ് അവകാശപ്പെടുന്നു. ഇപ്രകാരം കരാർ എഴുതുകയും തീയതി വയ്ക്കാത്ത ചെക്ക് നൽകുകയും ചെയ്തു.

എന്നാൽ സിനിമ നിർമ്മാണം പൂർത്തിയായിട്ടും ലാഭവിഹിതം ഒന്നും നൽകിയില്ല. മുടക്കുമുതൽ തിരികെ ചോദിച്ചിട്ടും പല ഒഴിവുകഴിവുകൾ പറഞ്ഞ് ജോണി നീട്ടിക്കൊണ്ടു പോയി. ഇതിനിടെ, ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കൂടുതൽ പണം ആവശ്യമായിരുന്നു എന്നും അതിനാൽ വിതരണാവകാശം നൽകാമെന്ന് അറിയിച്ച് ചെന്നൈ കേന്ദ്രമായ 'സൂപ്പർ ഗുഡ് ഫിലിംസി'ൽ നിന്ന് ഒരു കോടി രൂപ താൻ കൈപ്പറ്റിയിരുന്നു എന്നും ജോണി തങ്ങളെ അറിയിച്ചു എന്ന് ജിൻസ് പറയുന്നു. ഈ പണവും പലിശയും തിരികെ നൽകിയാൽ ചിത്രത്തിന്റെ വിതരണാവകാശവും വാങ്ങിയ 75 ലക്ഷം രൂപയും തിരികെ നൽകാമെന്ന് ജോണി വാഗ്ദാനം ചെയ്തതായി ജിൻസ് പറയുന്നു.

തുടർന്ന് ജിൻസും ദ്വാരകും ചേർന്ന് നടത്തുന്ന 'ബാവഖ്' എന്ന സ്ഥാപനം വഴി സൂപ്പർഗുഡ് ഫിലിംസിന് തുകയും പലിശയും അടക്കം 1.16 കോടി രൂപ നൽകി. ഇതിന് പുതിയ കരാറും ഒപ്പുവച്ചു. അപ്പോഴേക്കും 2 കോടി രൂപയോളം തന്നിൽനിന്ന് ജോണി വാങ്ങിക്കഴിഞ്ഞു എന്ന് ജിൻസ് പറയുന്നു. എന്നാൽ സിനിമ പുറത്തിറങ്ങി കഴിഞ്ഞും മറുപടി ഒന്നുമില്ലാതെ വന്നതോടെ നിയമനടപടി സ്വീകരിക്കുമെന്ന് ജോണിയെ അറിയിച്ചു. തുടർന്ന് 1 കോടി രൂപ വീതമുള്ള രണ്ടു ചെക്കുകൾ നൽകി. 2021 ഫെബ്രുവരി 12നു ശേഷമേ ചെക്ക് നിക്ഷേപിക്കാവൂ എന്ന് ജോണി അറിയിച്ചിരുന്നു. അപ്രകാരം ചെക്ക് നിക്ഷേപിച്ചപ്പോൾ അത് മടങ്ങി. ജോണിയെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫോൺ വിളിച്ചാലും എടുക്കാതായി. ഇതോടെയാണ് കോടതിയെ സമീപിക്കാൻ താൻ തയാറായതെന്ന് ജിൻസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP