Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

എഐ ക്യാമറ കരാറിൽ വൻഅഴിമതി; കരാറിനായി മത്സരിച്ചത് സാങ്കേതിക തികവില്ലാത്ത കണ്ണൂരിലെ മൂന്നുകറക്കു കമ്പനികൾ; ഒന്നാം സ്ഥാനത്ത് വന്ന സ്ലിറ്റും മറ്റുരണ്ടുകമ്പനികളും ചേർന്ന് കാർട്ടൽ രൂപീകരിച്ച് ടെൻഡർ അട്ടിമറിച്ചെന്ന് സംശയം; സ്രിറ്റിന് കിട്ടിയത് 9 കോടിയുടെ നോക്കുകൂലി; കൊള്ളയ്‌ക്കെതിരെ നിയമനടപടിയെന്ന് പ്രതിപക്ഷ നേതാവ്

എഐ ക്യാമറ കരാറിൽ വൻഅഴിമതി;  കരാറിനായി മത്സരിച്ചത് സാങ്കേതിക തികവില്ലാത്ത കണ്ണൂരിലെ മൂന്നുകറക്കു കമ്പനികൾ; ഒന്നാം സ്ഥാനത്ത് വന്ന  സ്ലിറ്റും മറ്റുരണ്ടുകമ്പനികളും ചേർന്ന് കാർട്ടൽ രൂപീകരിച്ച് ടെൻഡർ അട്ടിമറിച്ചെന്ന് സംശയം; സ്രിറ്റിന് കിട്ടിയത് 9 കോടിയുടെ നോക്കുകൂലി; കൊള്ളയ്‌ക്കെതിരെ നിയമനടപടിയെന്ന് പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിച്ചത് സംബന്ധിച്ച കരാറിൽ വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശൻ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടർ സുതാര്യമല്ല. ഇതുമായി ബന്ധപ്പെട്ട തെളുവുകൾ തന്റെ പക്കലുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ നൽകിയതെന്നും കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കമ്പനികളാണ് ഇതിന് പിന്നിലെന്നും സതീശൻ ആരോപിച്ചു.

കരാർ ടെണ്ടറിൽ നാല് കമ്പനികൾ പങ്കെടുത്തു. ടെക്‌നിക്കൽ യോഗ്യതയില്ലാത്തതിനാൽ ഇതിൽ ഒരു കമ്പനിയെ ആദ്യം തന്നെ പുറത്താക്കി. മറ്റ് മൂന്ന് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ ഒന്നാം സ്ഥാനത്ത് വന്ന കമ്പനി സ്രിറ്റിന് കരാർ നൽകി. രണ്ടാം സ്ഥാനത്ത് വന്ന അശോക ബിൽകോൾ സോഫ്‌റ്റ്‌വെയറുമായി ബന്ധമില്ലാത്ത പാലം, റോഡ് കോൺട്രാക്ടുകളേറ്റെടുത്ത് നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ്. ഒന്നാം സ്ഥാനത്ത് വന്ന സിർട്ടുമായി ഇവർക്ക് പക്ഷേ ബന്ധമുണ്ട്. കെ -ഫോൺ ഇടപാടിൽ സ്രിറ്റിന് ഉപകരാർ നൽകിയ കമ്പനിയാണ് അശോക. ഇവരുടെ സ്വന്തം കമ്പനി. മൂന്നാം കമ്പനിയായ അക്ഷര എന്റർപ്രൈസിനും സ്രിറ്റ് കമ്പനിയുമായി ബന്ധമുണ്ട്. ഈ കമ്പനികൾ കാർട്ടൽ ഉണ്ടാക്കിയാണ് കരാർ പിടിക്കുന്നത്. ഇതെല്ലാം അഴിമതിയാണ്.

സാങ്കേതിക പ്രാധാന്യമുള്ള കേസുകൾ സബ് കോൺട്രാക്ട് നൽകരുതെന്ന് നിർദ്ദേശമുണ്ട്. ഇവിടെ അത് പാലിക്കപ്പെട്ടില്ല. മൂന്ന് കമ്പനികൾ ചേർന്നു കാർട്ടൽ ഉണ്ടാക്കി. രണ്ടു കമ്പനികൾ സ്രിറ്റിന് കരാർ കിട്ടാൻ കൂടിയ തുക ക്വട്ട് ചെയ്തു. മത്സരത്തിൽ ഇല്ലാത്ത രണ്ട് ഐ.ടി കമ്പനികൾ സ്രിറ്റിനെ പിന്തുണച്ചു. സാങ്കേതിക തികവില്ലാത്ത കമ്പനിയാണ് സ്രിറ്റ്. അതുകൊണ്ടാണ് പുറത്തുള്ള രണ്ട് കമ്പനികൾ സാങ്കേതിക പിന്തുണ നൽകിയത്. സ്രിറ്റിന് ഒമ്പത് കോടിയാണ് നോക്കുകൂലി. എല്ലാത്തിന്റെയും കേന്ദ്രം പ്രസാദിയോ കമ്പനിയാണ്. അതാരുടേതാണെന്ന് വ്യക്തമാക്കണം. സാങ്കേതിക തികവില്ലാത്ത മൂന്ന് കമ്പനികളാണ് കരാറിനു വേണ്ടി മത്സരിച്ചത്. എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ. കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നിൽ. ഊരാളുങ്കലും സ്രിറ്റും ചേർന്നു കമ്പനി നിലവിലുണ്ട്. എഐ കമ്പനി വിഷയത്തിൽ നിയമ നടപടികളെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശൻ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ

232 കോടി രൂപയുടെ പദ്ധതി 151 കോടി രൂപയ്ക്ക് കരാർ നൽകാൻ കെൽട്രോൺ നടത്തിയ ടെൻഡർ നടപടികൾ പോലും സുതാര്യമല്ലായിരുന്നു എന്നാണ് രേഖകൾ തെളിയിക്കുന്നത്. ഇത് സംബന്ധിച്ചു കെൽട്രോണിൽ നിന്നും ലഭിച്ച വിവരാവകാശ രേഖകൾ പ്രകാരം എ ഐ ക്യാമറകൾ കെൽട്രോണാണ് നിർമ്മിക്കുന്നത്. അതിന്റെ നിർമ്മാണത്തിനാവശ്യമായ ഇലക്ട്രോണിക് മൊഡ്യൂളുകൾ വാങ്ങുന്നതിനു വേണ്ടിയാണ് കെൽട്രോൺ ടെൻഡർ വിളിച്ചിരുന്നത്. മേൽപ്പറഞ്ഞ ടെണ്ടറിൽ 4 പേർ പങ്കെടുത്തു. ഇതിൽ ഗുജറാത്ത് ഇൻഫോടെക് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു മതിയായ സാങ്കേതിക യോഗ്യത ഇല്ല എന്ന കാരണത്താൽ അയോഗ്യരാക്കപ്പെട്ടു. എസ് ആർ ഐ ടി അടക്കമുള്ള ബാക്കി മൂന്ന് പേർക്ക് സാങ്കേതിക യോഗ്യത നേടുകയും ചെയ്തു. ഇതിന്റെ പ്രീ ക്വാളിഫിക്കേഷൻ കണ്ടീഷൻ എന്തായിരുന്നു എന്ന് കാര്യം വ്യക്തമല്ല.

സാങ്കേതിക യോഗ്യത നേടിയത് എസ് ആർ ഐ ടി, അശോക ബിൽഡ്‌കോൺ ലിമിറ്റഡ്(Ashoka Buildcon ltd ), അക്ഷര എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ്.
സാങ്കേതിക യോഗ്യത നേടിയവരിൽ കുറഞ്ഞ തുക കോട്ട് ചെയ്ത എസ് ആർ ഐ ടി L1 ആവുകയും , അശോക ബിൽഡ്‌കോൺ ലിമിറ്റഡ്(Ashoka Buildcon ltd ) എന്ന കമ്പനി L2 ആവുകയും ചെയ്തു. എന്നാൽ ഏറ്റവും രസകരമായ കാര്യം അശോക ബിൽഡ്‌കോൺ ലിമിറ്റഡ്(Ashoka Buildcon ltd ) എന്ന കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിക്കുമ്പോൾ അവർ റോഡുകളും പാലങ്ങളും നിർമ്മിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് എന്ന് കാണാൻ സാധിക്കും. ഹൈവേകളും, പാലങ്ങളും, റെയിൽവേ, ബിൽഡിങ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, വാട്ടർ ഡിസ്ട്രിബ്യൂഷൻ അടക്കമുള്ള കാര്യങ്ങളാണ് അവർ ചെയ്യുന്നത് എന്ന് വെബ്‌സൈറ്റിൽ നിന്നും വ്യക്തമാണ്. ഇവർക്ക് എ ഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഉള്ളതായി അവരുടെ വെബ്‌സൈറ്റിൽ പറയുന്നില്ല.

എന്നാൽ ഈ സ്ഥാപനത്തിന് കെ-ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട എസ് ആർ ഐ ടി 314 കോടി രൂപയുടെ ഉപകരാർ നൽകിയിരുന്നു എന്നാണ് 2019 ൽ മാധ്യമങ്ങളിൽ അവരുടേതായി വന്ന വാർത്താകുറിപ്പിൽ പ്രതിപാദിക്കുന്നത്. അതായത്, ഈ ടെൻഡറിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ എസ് ആർ ഐ ടിയുടെ ഉപകരാറുകൾ അശോക ബിൽഡ്‌കോൺ ലിമിറ്റഡ്(Ashoka Buildcon ltd ) ഏറ്റെടുത്തിട്ടുണ്ട് എന്ന് വ്യക്തം. എ ഐ കാമറ നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലാത്തതും, എസ് ആർ ഐ ടി യുടെ കരാറുകൾ ഏറ്റെടുത്തു നടത്തുന്ന അശോക ബിൽഡ്‌കോൺ ലിമിറ്റഡ്(Ashoka Buildcon ltd ) 'Cartel formation' നടത്താനായിരുന്നോ ടെൻഡറിൽ പങ്കെടുത്തത് എന്ന സംശയമാണ് ഉയരുന്നത്.

അതോടൊപ്പം, ടെൻഡറിൽ പങ്കെടുത്ത മൂന്നാമത്തെ കമ്പനി കെ ഫോൺ പദ്ധതിയുടെ ഐ എസ് പി (Internet Service provider) Infrastructure ടെൻഡറിൽ പങ്കെടുത്ത കമ്പനിയാണ്. ഇവർക്കും എസ് ആർ ഐ ടി യുമായി അടുത്ത ബന്ധമുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. അങ്ങനെ എസ് ആർ ടി ഐ ടി 'cartel' രൂപീകരിച്ചുകൊണ്ടു ടെൻഡർ അട്ടിമറിക്കുകയായിരുന്നു എന്ന സംശയം ശക്തിപ്പെടുകയാണ്.

എസ് ആർ ഐ ടി എന്ന സ്ഥാപനം വളഞ്ഞ വഴിയിലൂടെ ടെൻഡർ നേടിയെടുത്തത്തിനു ശേഷം കേരളത്തിലെ രണ്ട് സ്ഥാപനങ്ങളുമായി വീണ്ടുമൊരു കൺസോർഷ്യം കരാർ ഉണ്ടാക്കുകയാണ് ചെയ്തത്. ഈ കൺസോർഷ്യം കരാർ പ്രകാരം മറ്റു രണ്ടു കമ്പനികൾ പദ്ധതിക്ക് ആവശ്യമായ മുതൽ മുടക്കും, ജോലികളും പൂർണമായി ഏറ്റെടുക്കണമെന്നും എന്നാൽ എസ് ആർ ഐ ടിക്ക് മൊത്തം തുകയുടെ 6%, അതായതു 9 കോടി സർവീസ് ഫീസിനത്തിൽ( കമ്മീഷൻ ) നൽകണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. അതായതു നോക്കുകൂലി. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഈ കരാറിൽ ഏർപ്പെട്ടിരിക്കുന്ന പ്രസാഡിയോ എന്ന സ്ഥാപനത്തിന്റെ രാഷ്ട്രീയ ബന്ധവും, ഭരണത്തിനുള്ള സ്വാധീനവും പരിശോധിക്കണം. എസ് ആർ ഐ ടി ഇവരുമായി നടത്തിയ മീറ്റിംഗിൽ വിദേശത്ത് നിന്നും ആരൊക്കെ പങ്കെടുത്തിരുന്നൂ എന്ന് അന്വേഷിക്കണം.

സർക്കാരുമായി അടുത്ത് നിൽക്കുന്ന എസ് ആർ ഐ ടി ടെൻഡർ നടപടികൾ അട്ടിമറിച്ചുകൊണ്ടു കരാർ നേടിക്കൊടുത്തു കൊണ്ട് കമ്മീഷൻ പറ്റുന്ന ഒരു ഇടനിലക്കാരൻ മാത്രമായിരുന്നു എന്ന് ഈ കരാറിൽ നിന്നും വ്യക്തം.പിനീട് ഈ കരാറിൽ ഒരു സ്ഥാപനം പിന്മാറി. നിലവിൽ മറ്റൊരു സ്ഥാപനമാണ് പണം മുടക്കിയിരിക്കുന്നത്. ആ സ്ഥാപനം ഏതാണ് എന്ന് വ്യക്തമാക്കണം.

ഇതോടൊപ്പം, കെൽട്രോൺ ടെൻഡറിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ് ആർ ഐ ടി ടെക്‌നോപാർക്കിലെയും, ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും രണ്ട് കമ്പനികൾ എസ് ആർ ഐ ടി യെ സാങ്കേതികമായി സഹായിച്ചുകൊള്ളാം എന്ന അണ്ടർടേക്കിങ് കെൽട്രോണിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കരാർ നേടിയെടുത്തത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഈ രണ്ട് കമ്പനികളുടെ പേരിലാണ് ഈ കരാർ നേടിയെടുത്തത് എന്ന് സാരം. ഇതിൽ ടെക്‌നോപാർക്കിലെ സ്ഥാപനത്തിലെ ഉന്നതർക്ക് പാർട്ടി നേതാക്കളുമായും ഭരണ സംവിധാനവുമായും അടുത്ത ബന്ധമുണ്ട്.ഇതും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP