Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം

സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള വാക്‌പോരിൽ കൂടുതൽ തെളിവുകൾക്കായി തർക്കമുണ്ടായ ബസിലെ സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ് നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിവിആർ കസ്റ്റഡിയിലെടുത്തു. എന്നാൽ ഇതിനുള്ളിൽ മെമ്മറി കാർഡില്ലെന്ന് വിശദ പരിശോധനയിൽ കണ്ടെത്തി. ഇതോടെ കേസിലെ നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി.

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. മെമ്മറി കാർഡ് കാണേണ്ടതാണെന്നും കാർഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെന്ന് എസ്എച്ച്ഒ ജയകൃഷ്ണൻ പറഞ്ഞു. അതേസമയം മെമ്മറി കാർഡിനെ കുറിച്ച് അറിയില്ലെന്ന് ഡ്രൈവർ യദു പ്രതികരിച്ചു. മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദു പറയുന്നത്. താൻ ബസോടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നതായും ഡ്രൈവർ യദു പറഞ്ഞു. ബസ് ഓടിക്കുമ്പോൾ റിക്കോർഡിങ് എന്ന് കാണിച്ചിരുന്നുവെന്ന് യദു പറയുന്നു. അതിനിടെ മെമ്മറി കാർഡ് ഇല്ലാത്തതിൽ അന്വേഷണത്തിന് ഗാതഗതമന്ത്രി കെബി ഗണേശ് കുമാർ നിർദ്ദേശിച്ചു. കെ എസ് ആർ ടി സി സിഎംഡി ഇത് പരിശോധിക്കും.

സീബ്രാലൈനിന് കുറകെ ബസിട്ട് ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനുള്ള തെളിവ് പുറത്തു വന്നു കഴിഞ്ഞു. എന്നാൽ മറ്റൊന്നിനും തെളിവുമില്ല. എന്നാൽ തെളിവുള്ള മേയർക്കെതിരായ ആരോപണത്തിന് പൊലീസ് കേസെടുക്കുന്നില്ല. തെളിവില്ലാത്ത വാമൊഴി ആരോപണത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയും മൗനത്തിലാണ്. കെ എസ് ആർ ടി സി കേസും കൊടുത്തില്ല. ഇതിനൊപ്പമാണ് മെമ്മറി കാർഡ് മോഷണവും. ഈ മെമ്മറി കാർഡ് നഷ്ടമായിട്ടും കെ എസ് ആർ ടി സി പൊലീസിനെ അറിയിച്ചതുമില്ല. ഇതിൽ ഗതാഗതമന്ത്രി പ്രതിഷേധത്തിലാണ്.

തമ്പാനൂരിൽ നാല് സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് സിസിടിവി ക്യാമറയും മെമ്മറി കാർഡുമുണ്ട്. ഇതിൽ ഒന്നിൽ മാത്രമാണ് മെമ്മറി കാർഡ് ഇല്ലാത്തത്. ഇത് വിവാദ ബസിലും. പാളയം സാഫല്യം കോംപ്ലക്‌സിനു സമീപം മേയറുടെ കാർ സീബ്രാ ലൈനിനു കുറുകെയിട്ട് ബസ് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങളും പട്ടം മുതൽ വിവിധ ഭാഗങ്ങളിൽ ബസിനെ കാർ ചേസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. ഡ്രൈവറുടെ മുന്നിലടക്കം 3 ക്യാമറകളാണു ബസിലുള്ളത്. എന്നാൽ മെമ്മറി കാർഡ് ഇല്ലാത്തതു കൊണ്ട് തന്നെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയില്ല.

വിവാദം തുടങ്ങിയപ്പോൾ തന്നെ സിസിടിവി ഇല്ലെന്ന തരത്തിലായിരുന്നു കെ എസ് ആർ ടി സിയിൽ നിന്ന് വന്ന അനൗദ്യോഗിക പ്രതികരണം. അതിനിടെ ഡ്രൈവറാകും മെമ്മറി കാർഡ് ഇളക്കി മാറ്റിയതെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു. ഏതായാലും ബസിൽ നിന്നും ചില ഉപകരണങ്ങൾ പൊലീസ് എടുത്തിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിൽ നിന്നും മെമ്മറി കാർഡ് ഊരിയെടുത്ത സമയം കണ്ടെത്താനാകും. എങ്കിലും മെമ്മറി കാർഡ് പോയത് ഈ കേസിനെ ബാധിക്കും. കെ എസ് ആർ ടി സിയും സിസിടിവിയിൽ വിശദീകരണം നൽകുന്നില്ല.

സിസിടിവി മെമ്മറി കാർഡ് കളവ് പോയതാണെങ്കിൽ കെ എസ് ആർ ടി സിക്ക് പൊലീസിൽ പരാതി നൽകാമായിരുന്നു. അതുണ്ടായിട്ടില്ല. ഏതായാലും സിസിടിവി ഉള്ള ബസിലെ മെമ്മറി കാർഡിൽ കെ എസ് ആർ ടി സി കൂടുതൽ ഗൗരവം കാണിക്കണമായിരുന്നു. പാളയത്ത് നിന്നു തന്നെ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിരുന്നു. അതിന് ശേഷം മറ്റാരോ ആണ് ബസ് സ്റ്റാൻഡിൽ എത്തിച്ചത്. ഏതായാലും പാളയത്ത് വച്ച് ആ മെമ്മറി കാർഡ് ആരെങ്കിലും ഊരിമാറ്റാൻ സാധ്യതയില്ല. സംഭവങ്ങൾ ബസിലെ ഒരാൾ മൊബൈലിൽ പകർത്തിയിരുന്നു. ഇയാളോട് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ മേയർ ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വന്നിരുന്നു.

ബസിനള്ളിൽ കയറി ആരോ യാത്രക്കാരെ ഇറക്കി വിട്ടുവെന്നും ആരോപണമുണ്ട്. ഈ ആക്ഷേപത്തിന്റെ തെളിവുകൾ എന്തായാലും ആ സിസിടിവി ക്യാമറയിൽ ഉണ്ടാകും. ഇതിനൊപ്പം അശ്ലീല ചേഷ്ടയും ചെയ്‌സിംഗിനും തെളിവ് കിട്ടുമായിരുന്നു. ഇതൊന്നും പരിശോധിച്ചുറപ്പിക്കാൻ പൊലീസിന് കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP