Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

പവർ ഓഫ് അറ്റോർണി അറബിക്ക് നൽകും; അറബിയുടെ പാസ്‌പോർട്ട് കെട്ടിവച്ച് വക്കാലത്ത് അഭിഭാഷകനേയും ഏൽപ്പിക്കും; കൂടുതൽ ജാമ്യ തുക നൽകി യാത്രാ വിലക്ക് നീക്കാൻ ശ്രമം; അടയ്ക്കാനുള്ള തുക പ്രവാസി വ്യവസായി നൽകും; മകനെ നാട്ടിലെത്തിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ വിജയത്തിലേക്കോ? നാസിൽ അബ്ദുല്ലയുമായുള്ള ഒത്തുതീർപ്പ് സാധ്യത അടയുന്നുവെന്ന് തിരിച്ചറിഞ്ഞ് തുഷാർ വെള്ളാപ്പള്ളി; ഏത്രയും പെട്ടെന്ന് നാട്ടിലെത്താൻ പുതു നീക്കവുമായി തുഷാർ

പവർ ഓഫ് അറ്റോർണി അറബിക്ക് നൽകും; അറബിയുടെ പാസ്‌പോർട്ട് കെട്ടിവച്ച് വക്കാലത്ത് അഭിഭാഷകനേയും ഏൽപ്പിക്കും; കൂടുതൽ ജാമ്യ തുക നൽകി യാത്രാ വിലക്ക് നീക്കാൻ ശ്രമം; അടയ്ക്കാനുള്ള തുക പ്രവാസി വ്യവസായി നൽകും; മകനെ നാട്ടിലെത്തിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ വിജയത്തിലേക്കോ? നാസിൽ അബ്ദുല്ലയുമായുള്ള ഒത്തുതീർപ്പ് സാധ്യത അടയുന്നുവെന്ന് തിരിച്ചറിഞ്ഞ് തുഷാർ വെള്ളാപ്പള്ളി; ഏത്രയും പെട്ടെന്ന് നാട്ടിലെത്താൻ പുതു നീക്കവുമായി തുഷാർ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: എങ്ങനേയും മകനെ നാട്ടിലെത്തിക്കാനുള്ള എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കം ഫലം കാണുന്നുവെന്നാണ് സൂചന. യുഎഇയിലെ പ്രവാസി വ്യവസായികളെ വീണ്ടും തുഷാറിനൊപ്പം നിർത്താൻ വെള്ളാപ്പള്ളിക്കായി. ഇതോടെ അറബിക്ക് പവർ ഓഫ് അറ്റോർണി നൽകി നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. പണം കെട്ടിവച്ചാകും കേരളത്തിലേക്ക് മടങ്ങാനുള്ള അനുമതി നേടുക. ഒപ്പം കേസിന്റെ വക്കാലത്ത് അഭിഭാഷകനെ ഏൽപ്പിക്കുകയും ചെയ്യും. കെട്ടിവയ്ക്കാനുള്ള പണം പ്രവാസി വ്യവസായി നൽകും. തുഷാർ ഉൾപ്പെട്ട ചെക്ക് കേസിൽ ഒത്തുതീർപ്പ് സാധ്യത മങ്ങുന്ന സാഹചര്യത്തിലാണ് ഇത്.

കേസുമായി മുന്നോട്ടു പോകാനാണ് തുഷാറിന്റെ നീക്കമെന്നറിയുന്നു. ഇന്നലെ പ്രോസിക്യൂഷൻ മുമ്പാകെ ഹാജരായ ഇരുവിഭാഗവും രേഖകൾ കൈമാറിയിരുന്നു. തുഷാറിന് നാട്ടിലേക്ക് മടങ്ങാൻ പാസ്‌പോർട്ട് കോടതിയിൽ കെട്ടിവയ്ക്കുക ഉറ്റ സുഹൃത്തായ അറബിയാണ്. നിലവിൽ തുഷാറിന്റെ പാസ്‌പോർട്ട് കെട്ടിവച്ചാണ് ജാമ്യം നേടിയത്. അതുകൊണ്ടാണ് തുഷാറിന് നാട്ടിലേക്ക് മടങ്ങാനാവാത്തത്. അറബിയുടെ പാസ്‌പോർട്ട് ജാമ്യമായി കെട്ടി വയ്ക്കുമ്പോൾ തന്റെ പാസ്‌പോർട്ട് തുഷാറിന് കിട്ടും. അങ്ങനെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യാം. ഇവിടെ എത്തി നാസിലുമായി തുടർ ചർച്ചകളിൽ ഏർപ്പെടാനാണ് തുഷാറിന്റെ താൽപ്പര്യം. ഇതിലൂടെ സമ്മർദ്ദമില്ലാത്ത ഒത്തുതീർപ്പ് സാധ്യമാകുമെന്നാണ് പ്രതീക്ഷ.

12 വർഷം മുൻപ് പ്രവർത്തനം നിർത്തിയതാണു തന്റെ കമ്പനിയെന്നും ജീവനക്കാരിൽ ആരെങ്കിലും ചെക്ക് മോഷ്ടിച്ച് എതിർ ഭാഗത്തിനു നൽകിയതാകാമെന്നുമാണ് തുഷാറിന്റെ നിലപാട്. ഒത്തുതീർപ്പിന് എതിർഭാഗമാണ് തയാറാകേണ്ടതെന്നും നിരപരാധിത്വം തെളിയിക്കാൻ കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വ്യക്തമാക്കി. അതേസമയം, കേസ് നൽകിയ നാസിൽ അബ്ദുല്ല മുന്നോട്ടുവച്ച വ്യവസ്ഥകളാണ് ഒത്തുതീർപ്പിനു തടസ്സമായതെന്നാണു സൂചന. ചെക്ക് കേസിൽ അറസ്റ്റിലായ തുഷാർ വ്യാഴാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. 18 കോടിയുടെ കേസാണ് നാസിൽ നൽകിയത്. ഈ തുക കിട്ടിയാൽ ഒത്തുതീർപ്പ് എന്നതാണ് നാസിലിന്റെ നിലപാട്. എന്നാൽ ഇത്രയും തുക നൽകാനാകില്ലെന്നും പരമാവധി അഞ്ച് കോടി വരെ നൽകാമെന്നുമായിരുന്നു തുഷാർ പറഞ്ഞത്. എന്നാൽ തുഷാറിന്റെ കമ്പനി കാരണം കടം കയറിയ തനിക്ക് ഇത് അംഗീകരിക്കാനാകില്ലെന്നും മൊത്തം തുകയും കിട്ടണമെന്നും നാസിൽ നിലപാട് എടുത്തു. ഇതോടെയാണ് ഒത്തുതീർപ്പ് പൊളിഞ്ഞത്. പണം കൊടുക്കാതെ കേസ് നീട്ടിയാൽ നാസിൽ കിട്ടുന്ന തുകയ്ക്ക് ഒത്തുതീർപ്പിന് വരുമെന്നാണ് തുഷാറിന്റെ പ്രതീക്ഷ.

അതിനിടെ തുഷാറിനെതിരെ സിവിൽ കേസ് കൂടി നാസിൽ നൽകിയേക്കും. തുഷാറിന് ഗൾഫിൽ ഇപ്പോഴും വസ്തുവകകൾ ഉണ്ട്. ഈ വസ്തുക്കൾ ജ്പ്തി ചെയ്ത് നഷ്ടമായ തുക ഈടാക്കാനാണ് ഇത്. നാസിൽ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന നിലപാട് എടുത്തത് തുഷാറിനേയും വെട്ടിലാക്കുന്നുണ്ട്. ചെക്ക് കേസ് ഒത്തുതീർക്കാൻ അജ്മാൻ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിൽ നടന്ന ആദ്യ ഘട്ട ശ്രമം വിജയം കണ്ടിരുന്നില്ല. പരാതിക്കാരനായ നാസിൽ ആവശ്യപ്പെട്ട തുക സ്വീകാര്യമല്ലെന്ന് തുഷാറും തുഷാർ വാഗ്ദാനം ചെയ്ത തുക അപര്യാപ്തമാണെന്ന് നാസിലും വ്യക്തമാക്കിയതോടെ ഒത്തുതീർപ്പ് ചർച്ച വഴിമുട്ടുകയായിരുന്നു. തിങ്കളാഴ്ച അജ്മാൻ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയിരുന്നു തുഷാർ വെള്ളാപ്പള്ളിയും നാസിൽ അബ്ദുല്ലയും കോടതിയിൽ ഹാജരായി. വാദി, പ്രതി ഭാഗത്തു നിന്നും കാര്യങ്ങൾ പ്രോസിക്യൂട്ടർ ചോദിച്ചറിഞ്ഞു. തുഷാറിനെതിരെ കൂടുതൽ തെളിവുകൾ നാസിൽ കോടതിയിൽ ഹാജരാക്കിയതായാണ് വിവരം. തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാർ കോടതിയിൽ ആരോപിച്ചു. അങ്ങനെയെങ്കിൽ മോഷണം കഴിഞ്ഞ എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നു ചോദിച്ച കോടതി അക്കാര്യത്തിൽ പ്രത്യേക പരാതി നൽകാത്തതിനാൽ ആ വാദം ഇപ്പോൾ സ്വീകാര്യമല്ലെന്നും വ്യക്തമാക്കി.

ഒത്തുതീർപ്പിന് തയ്യാറുണ്ടോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് തയ്യാറെന്നായിരുന്നു ഇരുവരുടെയും മറുപടി. തുടർന്ന് പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിലായിരുന്നു ഒത്തു തീർപ്പ് ചർച്ച. എന്നാൽ നാസിലും തുഷാറും തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നതോടെ ചർച്ച നിർത്തിവെച്ചു. രണ്ടുദിവസം കഴിഞ്ഞ് രണ്ടുപേരെയും വീണ്ടും വിളിക്കാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചതായാണ് വിവരം. കോടതിക്ക് പുറത്ത് ഇരുവരുടെയും ബിസിനസ് സുഹൃത്തുക്കൾ ഒത്തുതീർപ്പ് ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്നുദിവസവും സുഹൃത്തുക്കൾ ഒത്തുതീർപ്പുചർച്ചകൾ നടത്തിയിരുന്നു. നാസിൽ ആവശ്യപ്പെട്ട പണം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലായിരുന്നു ചർച്ച. തുഷാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ തീരെ കുറവാണെന്ന നിലപാടിലാണ് നാസിൽ. കേസ് വിചാരണക്ക് എടുക്കുംമുൻപ് തിങ്കളാഴ്ച രാവിലെ കോടതിക്കുപുറത്ത് ധാരണയിൽ എത്താൻ ശ്രമം നടന്നിരുന്നു.

തന്റെ ചെക്ക് പരാതിക്കാരൻ മോഷ്ടിച്ചതാണെന്ന തുഷാർ വെള്ളാപ്പള്ളിയുടെ വാദം പൊളിഞ്ഞത് നാസിലിന് കരുത്ത് നൽകും. ചെക്ക് മോഷ്ടിച്ചതാണെങ്കിൽ അന്ന് എന്തുകൊണ്ടാണ് പരാതി നൽകാതിരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ഉപഭോക്താക്കളിൽനിന്ന് തനിക്ക് കാശ് ലഭിക്കാത്തുതൊണ്ടാണ് നാസിലിനു പണം കൊടുക്കാൻ കഴിയാതപോയതെന്ന തുഷാറിന്റെ വാദം ഇരുവരും തമ്മിലുള്ള ബിസിനസ് ഇടപാടുകൾ ശരിവെക്കുന്നതുമായി. പ്രോസിക്യൂഷന്റെ തെളിവ് ശേഖരണത്തിനിടയിലും ചെക്ക് മോഷ്ടിച്ചതാണെന്ന വാദം തുഷാർ ഉന്നയിച്ചു. പരാതി നൽകിയിരുന്നോ എന്ന് അന്വേഷിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. പ്രോസിക്യൂഷന്റെ സാന്നിദ്ധ്യത്തിലും ഇന്ന് ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നു. എന്നാൽ ഒത്തുതീർപ്പിനായി തുഷാർ മുന്നോട്ടുവെച്ച തുക അപര്യാപ്തമാണെന്ന നിലപാടാണ് നാസിൽ അബ്ദുല്ല സ്വീകരിച്ചത്.

കൊടുക്കാനില്ലാത്ത കാശ് എന്തിനു നൽകണമെന്ന നിലപാടിൽ തുഷാറും, നഷ്ടമായ തുക ലഭിക്കാതെ പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ നാസിലും ഉറച്ചു നിൽക്കുന്നതോടെ ഒത്തു തീർപ്പ് ശ്രമങ്ങൾ നീണ്ടുപോകാനാണ് സാധ്യത. വഞ്ചനാകുറ്റം തെളിയിക്കുന്നതിനായി കരാറുകൾ ഉൾപ്പെടെയുള്ള രേഖകൾ പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ പരാതിക്കാരൻ ഹാജരാക്കുകയും ചെയ്തു. പാസ്‌പോർട്ട് കോടതിയിൽ നൽകിയിരിക്കുന്നതിനാൽ കേസിൽ ഒത്തുതീർപ്പാകുന്നതുവരെ തുഷാറിന് യുഎഇ വിട്ടുപോകാനാവില്ല. ഒത്തുതീർപ്പാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ തുഷാർ നടത്തിയ ശ്രമങ്ങൾ ഫലം കാണാതെ അവസാനിക്കുകയായിരുന്നു. ഇതിന് ശേഷമാണ് അറബിക്ക് പവർ ഓഫ് അറ്റോർണി നൽകി രക്ഷപ്പെടാൻ തുഷാർ നീക്കം നടത്തുന്നത്. എങ്ങനേയും ഈ ആഴ്ചയിൽ തന്നെ നാട്ടിൽ മടങ്ങിയെത്താനാണ് നീക്കം.

തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരനാണ് നാസിൽ അബ്ദുല്ല. കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്ന് കാണിച്ച് അജ്മാൻ നുഐമി പൊലീസിൽ നാസിൽ ചെക്കുകൾ സഹിതം നൽകിയ പരാതിയിൽ തുഷാറിനെ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചിരുന്നു. വ്യാഴാഴ്ചയാണ് കേസിൽ തുഷാർ ജാമ്യത്തിലിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP