Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്നത് അല്ല ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം എന്ന് അടൂർ; സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങൾ 'സ്വഭാവഗുണമില്ലായ്മ' അല്ല മനുഷ്യത്വമില്ലായ്മ ആണെന്ന് കെ.ആർ.മീര; വൈരമുത്തു പുരസ്‌കാര വിവാദം കൊഴുക്കുന്നു

ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്നത് അല്ല ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം എന്ന് അടൂർ; സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങൾ 'സ്വഭാവഗുണമില്ലായ്മ' അല്ല മനുഷ്യത്വമില്ലായ്മ ആണെന്ന് കെ.ആർ.മീര;  വൈരമുത്തു പുരസ്‌കാര വിവാദം കൊഴുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തമിഴ് എഴുത്തുകാരൻ വൈരമുത്തുവിന് ഒ.എൻ.വി.സാഹിത്യപുരസ്‌കാരം നൽകിയതിനെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുകയാണ്. ഒ.എൻ.വി. കൾച്ചറൽ അക്കാദമി ചെയർമാൻ ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ '' ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാർഡ് അല്ല ഒ. എൻ. വി. സാഹിത്യ പുരസ്‌കാരം' എന്ന പ്രതികരണത്തിൽ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരി കെ.ആർ.മീര രംഗത്തെത്തി. സ്ത്രീകൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ അടൂർ പറയുന്നതുപോലെ 'സ്വഭാവഗുണമില്ലായ്മ' അല്ല. മനുഷ്യത്വമില്ലായ്മയാണെന്നും മീര ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കെ.ആർ.മീരയുടെ ഫേസബുക്ക് പോസ്റ്റ്

പതിനേഴോളം സ്ത്രീകളുടെ #Metoo ആരോപണങ്ങൾക്കു വിധേയനായ തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ അഭിമാനവും വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എൻ.വി. കുറുപ്പിന്റെ പേരിലുള്ള പുരസ്‌കാരം നൽകിയതിലുള്ള വിമർശനങ്ങളോട് ഒ.എൻ.വി. കൾച്ചറൽ അക്കാദമി ചെയർമാൻ ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ '' ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാർഡ് അല്ല ഒ. എൻ. വി. സാഹിത്യ പുരസ്‌കാരം' എന്ന പ്രതികരണത്തോടു ഞാൻ കഠിനമായി പ്രതിഷേധിക്കുന്നു.
കാരണം, ഞാനറിയുന്ന ഒ.എൻ.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എൻ.വി.

കവിതയെന്നാൽ കവിയുടെ ജീവിതം കൂടി ചേർന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്‌കർഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ചു ശത്രുക്കൾ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങൾക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.

ഒ.എൻ.വി. സാറിന്റെ പേരിലുള്ള അവാർഡുകൾ ഇതിനു മുമ്പു കിട്ടിയത് ആർക്കൊക്കെയാണ്? ആദ്യ അവാർഡ് സരസ്വതി സമ്മാൻ ജേതാവായ സുഗതകുമാരി ടീച്ചർക്ക്. പിന്നീട് ജ്ഞാനപീഠ ജേതാക്കളായ എം ടി. വാസുദേവൻ നായരും അക്കിത്തവും തുടർന്ന് മലയാള നിരൂപണത്തിലെ ദീപസ്തംഭമായ എം. ലീലാവതി ടീച്ചറും. മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാർ.

''അല്ലെങ്കിൽപ്പിന്നെ സ്വഭാവഗുണത്തിനു പ്രത്യേക അവാർഡ് കൊടുക്കണം.'' എന്നു കൂടി ശ്രീ അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവിച്ചിട്ടുണ്ട്. ശ്രീ അടൂർ ഗോപാലകൃഷ്ണനെ തിരുത്താൻ ഞാൻ ആരുമല്ല. പക്ഷേ, സ്ത്രീകൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ അദ്ദേഹം പറയുന്നതുപോലെ 'സ്വഭാവഗുണമില്ലായ്മ' അല്ല. മനുഷ്യത്വമില്ലായ്മയാണ്. കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാർഡ് പരിഗണിക്കാൻ അപേക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP