Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

ഇനി നെൽവയൽ നികത്തി വീട് പണിതാൽ പണികിട്ടും; 2008ന് നെൽവയൽ വാങ്ങി നികത്തിയവർക്ക് തടസമുണ്ടാകില്ല; തണ്ണീർതട സംരക്ഷണ നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ; റവന്യു വകുപ്പിന്റെ പുതിയ ഉത്തരവിറങ്ങി

മറുനാടൻ ഡെസ്‌ക്‌

പെരിന്തൽമണ്ണ: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം വയൽ വാങ്ങിയവർക്ക്, അതിൽ മാറ്റംവരുത്തി വീട് വെക്കാൻ ഇനി അനുമതിയില്ല. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. 2008 ഓഗസ്റ്റ് 12നാണ് നെൽവയൽ തണ്ണീർത്തട സംരക്ഷണം നിയമം നിലവിൽ വന്നത്.

ആറുമാസത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ഭൂമിയും പരിശോധിച്ച് വയലും തണ്ണീർത്തടവും ചേർത്ത് ഡാറ്റാബാങ്ക് പുറത്തിറക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നെയും മൂന്നുവർഷം വരെ നീണ്ടു. നിയമത്തിൽ ഭേദഗതിയും ഇളവും വരുത്തിയതിനാൽ ഭൂരഹിത കുടുംബങ്ങൾക്ക് പഞ്ചായത്തുകളിൽ പത്ത് സെന്റ് വരെ വയൽ നികത്താൻ വില്ലേജ്, കൃഷി ഓഫിസർമാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങിയ സമിതിക്ക് അനുമതി നൽകാമായിരുന്നു. പുതിയ ഉത്തരവോടെ അതിന് അവസരമില്ലാതായി.

നെൽവയലും നിലവും മുറിച്ചു വിൽപന നടത്തി നികത്താനുള്ള അനുമതി സമ്പാദിക്കുന്നുണ്ടെന്ന് കണ്ടെത്തിയാണ് 2017ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

2008ന് മുമ്പ് വാങ്ങി നികത്തിയ വയലിന്റെ കാര്യം ഉത്തരവിൽ വ്യക്തമാക്കുന്നില്ലെങ്കിലും വീട് വെക്കാൻ തടസ്സമുണ്ടാവില്ല. അതേസമയം, പ്രാദേശികസമിതിയുടെ അനുമതി പ്രതീക്ഷിച്ച് വയൽ നികത്തി വീടുനിർമ്മാണം തുടങ്ങിയവർക്ക് പുതിയ ഉത്തരവ് ഇരുട്ടടിയാവും.

ഡാറ്റാബാങ്കിൽനിന്ന് ഒഴിവാക്കപ്പെട്ട ഭൂമിയിൽ നിർമ്മാണാനുമതി തേടി ആർ.ഡി.ഒ, കലക്ടർ എന്നിവർ മുമ്പാകെ നിരവധി അപേക്ഷ കെട്ടിക്കിടക്കുന്നുണ്ട്. വയൽ നികത്തി വീടുവെച്ച് നമ്പർ ലഭിക്കാൻ റവന്യൂ-പഞ്ചായത്ത് ഓഫിസുകൾ കയറിയിറങ്ങുന്ന കുടുംബങ്ങളെയും ഉത്തരവ് ബാധിക്കും. ഇതിനകം വീടുവെച്ചവർ നമ്പർ കിട്ടാനും വലയും. 2008ന് മുമ്പ് നികത്തിയതാണെന്ന് തെളിയിക്കൽ ദുഷ്‌കരമാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP