Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

പ്രജീഷിനെ കടുവ കൊലപ്പെടുത്തിയത് ജനവാസ മേഖലയിൽ വെച്ച്; പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചു പോയ സഹോദരൻ കണ്ടത് കടുവ പാതി ഭക്ഷിച്ച മൃതദേഹം; കടുത്ത ഭീതിയിൽ നാട്ടുകാർ

പ്രജീഷിനെ കടുവ കൊലപ്പെടുത്തിയത് ജനവാസ മേഖലയിൽ വെച്ച്; പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചു പോയ സഹോദരൻ കണ്ടത് കടുവ പാതി ഭക്ഷിച്ച മൃതദേഹം; കടുത്ത ഭീതിയിൽ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

 സുൽത്താൻ ബത്തേരി: വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയാണ് വാകേരി മൂടക്കൊല്ലി സ്വദേശിയായ പ്രജീഷിനെ കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് കടുവയെ കണ്ടിട്ടുള്ള പ്രദേശമാണെങ്കിലും മനുഷ്യർക്ക് നേരെ ആക്രമണം ഇവിടെ ഉണ്ടായിരുന്നില്ല. എന്നാൽ കടുവ ആക്രമിച്ചു മൃതദേഹം ഭക്ഷിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ പ്രദേശത്തെ നാട്ടുകാർ കടുത്ത ഭീതിയിലും രോഷത്തിലുമാണ്. നരഭോജിക്കടുവയെ എത്രയും വേഗം പിടികൂടണമെന്നാണ് നനാട്ടുകാർ ആവശ്യപ്പെടുന്നത്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശിയും മരോട്ടിത്തറപ്പിൽ കുട്ടപ്പന്റെ മകനുമായ പ്രജീഷ് ആണു മരിച്ചത്. മൂടക്കൊല്ലിയിലെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ജനവാസ മേഖലയായ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. രാവിലെ 11 മണിയോടെയാണ് പ്രജീഷ് പുല്ലരിയാൻ പോയത്. പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചു പോയ സഹോദരനാണ് പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടത്.

കാലിന്റെ ഭാഗം പൂർണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് പ്രജീഷ് പാടത്ത് പുല്ല് വെട്ടാൻ പോയത്. വൈകീട്ട് പാല് കൊടുക്കുന്ന സമയത്തും പ്രജീഷിനെ കണ്ടില്ല. പിന്നാലെ സഹോദരൻ അന്വേഷിച്ചിറങ്ങുകയായിരുന്നു. അപ്പോഴാണ് കടുവ പിടിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് 4.30 ഓടെ ആണ് മൃതദേഹം കണ്ടെത്തിയത്. ഇടതു കാലിന്റെ പകുതിയോളം ഭാഗം പൂർണമായും കടിച്ചുകൊണ്ടുപോയ നിലയിലാണുള്ളത്.

വനാതിർത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളിൽ പലപ്പോഴായി കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികൾക്കുനേരെ കടുവയുടെ ആക്രമണ ശ്രമം ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പ് ജനുവരിയിൽ വയനാട്ടിലെ മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടിരുന്നു. കർഷകനായ തോമസ് ആണ് അന്ന് മരിച്ചത്. തോമസിനെ ആക്രമിച്ച കടുവയെ പിന്നീട് പിടികൂടുകയായിരുന്നു. കടുവ ആക്രമണത്തിൽ പരിക്കേറ്റ തോമസിനെ ചികിത്സക്കായി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു മരണം.

നരഭോജിക്കടുവയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ക്ഷീരകർഷകനാണ് മരിച്ച പ്രജീഷ്. പശുവിനെ വളർത്തി കുടുംബം കഴിയുന്ന കർഷകനാണ് കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രദേശത്തു പ്രതിഷേധം ശക്തമായിട്ടുണ്ട്. കടുവയെ പിടികൂടാൻ നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

അടുത്തിടെ വയനാട്ടിൽ ജനവാസ മേഖലയിൽ കടുവാശല്യം രക്ഷമായിരുന്നു. മാനന്തവാടി പിലാക്കാവിലും കടുവയുടെ ആക്രമണമുണ്ടായയത് അടുത്തിടെയാണ്.മേയാൻവിട്ട പശുവിനെ കടുവ കൊന്നു. എസ്റ്റേറ്റിൽ മേയാൻവിട്ട രണ്ടു വയസുള്ള പശുക്കിടാവാണ് ചത്തത്. ചാടി വീണ കടുവ പശുവിനെ കടിക്കുകയും നാട്ടുകാർ ബഹളം വെച്ചപ്പോൾ ഓടിപ്പോവുകയുമായിരുന്നു. വനമേഖലയോട് ചേർന്നുള്ള ഈ എസ്റ്റേറ്റിൽ പല തവണ കടുവയെ നാട്ടുകാർ കണ്ടിരുന്നു.

വനത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് പിലാക്കാവ്. അതുകൊണ്ടുതന്നെ ഇടക്കിടക്ക് വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ കടുവയുടെ സാന്നധ്യം ജനങ്ങളെ ഭീതിയിലാഴ്‌ത്തി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് കീഴ്പ്പെടുത്തി. ആറ് തവണയാണ് മയക്കുവെടി വെച്ചത്. മയങ്ങിവീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലാക്കി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കർഷകനെ ആക്രമിച്ച കൊന്ന കടുവ തന്നെയാണ് ഇതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

സെപ്റ്റംബറിൽ സുൽത്താൻബത്തേരി വാകേരിയിൽ ഏദൻവാലി എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ കടുവ ചാടി. തോട്ടം തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ വർഷം എസ്റ്റേറ്റിൽ നിന്ന് വനംവകുപ്പ് ഒരു കടുവയെ പിടികൂടിയിരുന്നു.

ഫെബ്രുവരിയിൽ വയനാടിനോട് ചേർന്ന് കിടക്കുന്ന കർണാടകയുടെ അതിർത്തി ഗ്രാമമായ കുടകിൽ കടുവ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കടുവാ ആക്രമണം തുടർച്ചയായപ്പോൾ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിറങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP